ലങ്കാസ്റ്റർ കൗണ്ടിയിലെ പെൻസിൽവാനിയ ടെൺപൈക്കിൽ മെയ് 10നാണ് അപകടമുണ്ടായത്

വാഷ്ങ്ടൺ: അമേരിക്കയിൽ വാഹനാപകടം. സംഭവത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. സൗരവ് പ്രഭാകർ (23), മാനവ് പട്ടേൽ (20) എന്നിവരാണ് മരിച്ചത്. ലങ്കാസ്റ്റർ കൗണ്ടിയിലെ പെൻസിൽവാനിയ ടെൺപൈക്കിൽ മെയ് 10നാണ് അപകടമുണ്ടായത്. പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് പറയുന്നതനുസരിച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിൽ നിന്ന് തെന്നിമാറി ഒരു മരത്തിൽ ഇടിക്കുകയും പിന്നീട് പാലത്തിൽ ഇടിക്കുകയുമായിരുന്നു. ഗുരുതരമായ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിൽ ഉണ്ടായിരുന്ന ആളെ ​ഗുരുതരമായി പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

ദാരുണമായ സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അ​ഗാധമായ ദു:ഖം രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലീവ് ലാൻഡ് സ്റ്റേറ്റ് സർവ്വകലാശാലയിൽ പഠിക്കുന്നവരാണ് മരിച്ച രണ്ട് വിദ്യാർത്ഥികളും. ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകിയതായും കോൺസുലേറ്റ് അധികൃതർ ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം