ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് യുഎഇ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി

അബുദാബി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. `അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നു. യുഎഇ ജനതയുടെ മനസ്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും കുറിച്ചുള്ള ചിന്തകളും നിങ്ങൾക്കായുള്ള പ്രാർത്ഥനകളും ഉണ്ടാകും. ഒപ്പം ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഹൃദയം​ഗമമായ അനുശോചനം അറിയിക്കുന്നു'- ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

അതേസമയം, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയോട് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് യുഎഇ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. അഹമ്മദാബാദ് എയർപോർട്ടിന് സമീപം ഉണ്ടായ എയർഇന്ത്യ വിമാന അപകടത്തിൽ അനുശോചനം അറിയിക്കുന്നു. ഒപ്പം ഇന്ത്യയിലെ ജനങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും ദു:ഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഈ ദുരന്ത സാഹചര്യം മറികടക്കുന്നതിൽ യുഎഇ ഇന്ത്യയോടൊപ്പം നിൽക്കുന്നുവെന്നും എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

അഹമ്മദാബാദിൽ ഇന്നലെയുണ്ടായ വിമാന ദുരന്തത്തിൽ 294 പേര്‍ മരിച്ചതായി വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ക്ക് പുറമെ പ്രദേശവാസികളും മരിച്ചവരിൽ ഉള്‍പ്പെടുന്നു. കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമുണ്ട്. 5 വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.