യുഎഇയിലെ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ച 300 കിലോഗ്രാമിലധികം ലഹരിമരുന്നുകൾ അധികൃതർ പിടികൂടി. അത്യാധുനിക സാങ്കേതികവിദ്യയുടെയും ഇന്റലിജൻസിന്റെയും സഹായത്തോടെയാണ് ഈ വൻ ലഹരിവേട്ട നടത്തിയത്. യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതികൾ അറസ്റ്റിലായിട്ടുണ്ട്.

അബുദാബി: രണ്ട് മാസത്തിൽ താഴെ സമയത്തിനുള്ളിൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി 300 കിലോഗ്രാമിലധികം ലഹരിമരുന്ന് കടത്താനുള്ള 14 ശ്രമങ്ങൾ യുഎഇ പരാജയപ്പെടുത്തി. നാഷണൽ ആന്റി നാർക്കോട്ടിക്സ് ഏജൻസി, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് വൻ ലഹരി ശേഖരം പിടിച്ചെടുക്കുകയും നിരവധി ലഹരിമരുന്ന് കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതികളാണ് അറസ്റ്റിലായത്. സുരക്ഷാ ഏജൻസികൾ തമ്മിലുള്ള പരസ്പര സഹകരണമാണ് ഈ വലിയ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് നാഷണൽ ആന്റി നാർക്കോട്ടിക്സ് ഏജൻസിയും യുഎഇ കസ്റ്റംസും പുറത്തുവിട്ട സംയുക്ത റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലഹരിമരുന്ന് അടങ്ങിയ കാർഗോകൾ യുഎഇ വിമാനത്താവളങ്ങളിൽ എത്തുന്നതിന് മുമ്പ് തന്നെ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിരുന്നു. വിമാന സർവീസുകൾ, യാത്രക്കാരുടെ വിവരങ്ങൾ, ട്രാൻസിറ്റ് കാർഗോ സർവീസുകൾ എന്നിവ കേന്ദ്രീകരിച്ച് ആധുനിക ഡാറ്റാ അനാലിസിസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംശയാസ്പദമായ നീക്കങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞത്.

സൂക്ഷ്മമായി പരിശോധന നടത്താൻ സാധിക്കുന്ന അത്യാധുനിക സ്മാർട്ട് ഉപകരണങ്ങളും സെൻസറുകളും കസ്റ്റംസ് വിഭാഗം വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ലഗേജുകൾ തുറക്കാതെ തന്നെ അതിനുള്ളിലെ നിരോധിത വസ്തുക്കൾ വേഗത്തിലും കൃത്യതയോടെയും കണ്ടെക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ലഹരി കടത്തിനെതിരെ ശക്തമായ മുൻകരുതലുകളും കർശന നടപടികളും തുടരുമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.