ശനിയാഴ്ച വൈകുന്നേരം വരെ മഴയ്ക്ക് സാധ്യത. ഇന്ന് ഉച്ചകഴിഞ്ഞ് മഴയുടെ തീവ്രത വർധിക്കും

കുവൈത്ത് സിറ്റി: രാജ്യത്ത് ന്യൂനമർദ്ദം ക്രമേണ ശക്തി പ്രാപിക്കുന്നതായും മേഘങ്ങൾ വർധിക്കുകയും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ശനിയാഴ്ച വൈകുന്നേരം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മഴയുടെ തീവ്രത നേരിയത് മുതൽ മിതമായത് വരെ വ്യത്യാസപ്പെടാമെന്നും ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴയുടെ തീവ്രത വർധിക്കുകയും ശനിയാഴ്ച വരെ തുടരുകയും ചെയ്യും. വ്യാഴാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും തെക്കൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയുന്നതിനും കാരണമാകും. പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിൽ ജാഗ്രത വേണം. ശനിയാഴ്ച അർദ്ധരാത്രി മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടാൻ തുടങ്ങും. മേഘങ്ങൾ കുറയുകയും മഴയുടെ സാധ്യത കുറയുകയും ചെയ്യും. ഞായറാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തീരദേശ മേഖലകളിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് വ്യാഴാഴ്ച കാലാവസ്ഥ ചൂടുള്ളതായിരിക്കുമെന്നും ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും തെക്കുകിഴക്ക് മുതൽ തെക്ക് വരെ മണിക്കൂറിൽ 20-55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ഇത് പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. രാത്രിയിൽ കാലാവസ്ഥ മിതമായിരിക്കും, നേരിയതോ മിതമായതോ ആയ കാറ്റും ചിലപ്പോൾ ഇടിമിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥ പ്രവചിക്കുന്നു. ചിലപ്പോൾ മണിക്കൂറിൽ 12-55 കിലോമീറ്റർ വേഗതയിൽ കാറ്റും സജീവമായിരിക്കും. ഇടയ്ക്കിടെ മഴ പെയ്യാനും ചിലപ്പോൾ ഇടിമിന്നലുണ്ടാകാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. പരമാവധി താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

read more: യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി; പ്രവാസികൾക്ക് സന്തോഷം, ചെറിയ പെരുന്നാൾ ആഘോഷമാക്കാം