കുവൈത്തിലെ അൽ-നുസ്ഹയിൽ ഒരു യുവതിയെ ചൊല്ലിയുണ്ടായ തർക്കം സ്വദേശി യുവാക്കൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിച്ചു. സംഘർഷത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-നുസ്ഹ പ്രദേശത്ത് ഒരു സംഘം സ്വദേശി യുവാക്കൾ തമ്മിലുണ്ടായ വൻ സംഘർഷത്തിൽ നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. ഒരു യുവതി സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു കൂട്ടം യുവാക്കൾ കാറിൽ പിന്തുടർന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ഒടുവിൽ കൂട്ടത്തല്ലിൽ കലാശിച്ചത്. യുവതിയുടെ കാറിനെ പിന്തുടർന്ന് അമിതവേഗതയിൽ പാഞ്ഞ ഒരു വാഹനത്തിന്‍റെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ തൊട്ടുപിന്നാലെ വന്ന മറ്റൊരു വാഹനം ഇതിൽ ഇടിക്കുന്ന സാഹചര്യമുണ്ടായി.
തുടർന്ന് ഇരു വാഹനങ്ങളിലെയും യാത്രക്കാർ തമ്മിൽ റോഡിൽ വെച്ച് രൂക്ഷമായ തർക്കം ആരംഭിക്കുകയും മിനിറ്റുകൾക്കകം ഇരുകൂട്ടരുടെയും സുഹൃത്തുക്കൾ കൂടി സ്ഥലത്തേക്ക് എത്തിയതോടെ തർക്കം അക്രമാസക്തമായ കൂട്ടത്തല്ലായി മാറുകയായിരുന്നു. പരസ്പരമുള്ള ആക്രമണത്തിൽ സംഘർഷത്തിൽ ഏർപ്പെട്ട പലർക്കും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ അടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് ഉടൻ തന്നെ സുരക്ഷാ അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് പൊലീസിന്‍റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയതും അക്രമികളെ പിടിച്ചുമാറ്റിയതും.
പരിക്കേറ്റവരെ ആംബുലൻസുകളിൽ ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.


