Asianet News MalayalamAsianet News Malayalam

51 സ്ത്രീകൾ മലചവിട്ടിയെന്ന സർക്കാർ നിലപാട് ശബരിമല പുനഃപരിശോധനാ ഹർജിയെ എങ്ങനെ ബാധിക്കും?

എല്ലാ പ്രതിഷേധങ്ങൾക്കും ഇടയിലും 51 സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചു എന്ന വിവരം സ്ത്രീപ്രവേശനത്തിനായി വാദിക്കുന്നവർക്ക് ബലമായി മാറും. കൂടുതൽ സ്ത്രീകൾ മലകയറാൻ എത്തുന്നു എന്ന് സുപ്രീം കോടതിക്കു മുമ്പിൽ സ്ഥാപിക്കാൻ അവർക്കാകും. 

kerala government declares 51 young women entered sabarimala shrine. how will this reflect in review petitions
Author
Thiruvananthapuram, First Published Jan 18, 2019, 5:23 PM IST

തിരുവന്തപുരം: വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 51 യുവതികൾ ഈ മണ്ഡലക്കാലത്ത് ശബരിമലയിൽ പ്രവേശിച്ചു എന്നുള്ളത് ഇതുവരെ പുറത്തുവരാത്ത വിവരമായിരുന്നു. ഇത്രയും യുവതികൾ ശബരിമല കയറിയതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നു. ദേവസ്വം ബോർഡ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്യുന്നു. 51 സ്ത്രീകൾ ശബരിമല കയറിയെന്ന വിവരം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന പുനഃപരിശോധനാ ഹർജിയെ എങ്ങനെ സ്വാധീനിക്കും?

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സെപ്റ്റംബർ 28ന് സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രവിധിക്ക് ശേഷം നിരവധി സ്ത്രീകൾ ശബരിമലയിലേക്ക് പ്രവേശിക്കാൻ തയ്യാറായി എത്തിയിരുന്നു. ഇവരിൽ ചിലർ പുറപ്പെട്ടപ്പോൾ തന്നെ പ്രതിഷേധം കാരണം യാത്ര ഉപേക്ഷിച്ചു. ചിലരെ വഴിയിൽ തടഞ്ഞു, ചിലർ നിലയ്ക്കൽ വരെയെത്തിയെങ്കിലും പ്രതിഷേധം കനത്തപ്പോൾ മടങ്ങി. മറ്റു ചിലർക്ക് പമ്പയിൽ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. കാനനപാതയിൽ കടക്കാനായവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചതിന് ശേഷം തിരിച്ചിറക്കി. മറ്റുചിലർക്ക് നടപ്പന്തൽ വരെ എത്താനായെങ്കിലും ദ‍ർശനം നടത്താനായില്ല.

ആദ്യഘട്ടത്തിൽ മല ചവിട്ടാനെത്തുന്ന യുവതികൾക്ക് പൊലീസ് ശക്തമായ സുരക്ഷയൊരുക്കിയിരുന്നു. പ്രതിഷേധം കൈവിട്ടതോടെ സുരക്ഷാ പ്രശ്നം പറഞ്ഞ് പിന്നീടെത്തിയ നിരവധി സ്ത്രീകളെ പൊലീസ് തന്നെ പിന്തിരിപ്പിച്ചു. 'മനിതി', 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' തുടങ്ങിയ കൂട്ടായ്മകളുടെ നേതൃത്വത്തിൽ യുവതീപ്രവേശനത്തിനുള്ള സംഘടിത ശ്രമങ്ങളും പലവട്ടം നടന്നു. ഇടയ്ക്കൊക്കെ ഭക്തരുടേയും പ്രതിഷേധക്കാരുടേയും കണ്ണിൽപ്പെടാതെ യുവതികളെ സുരക്ഷിതമായി ശബരിമലയിൽ എത്തിക്കാനുള്ള ചില ശ്രമങ്ങൾ പൊലീസും നടത്തി. ഇതിനിടെ ശബരിമല യാത്രയ്ക്ക് ശ്രമിച്ചവരും താൽപ്പര്യം പ്രകടിപ്പിച്ചവരുമായ യുവതികളിൽ പലർക്കും ആക്രമണഭീഷണി കാരണം പലർക്കും പുറത്തിറങ്ങാൻ കഴിയാതെയായി. പലരുടേയും വീടുകൾ ആക്രമിക്കപ്പെട്ടു. സർക്കാരിന്‍റെ നേതൃത്വത്തിൽ വനിതാ മതിലും ശബരിമല ക‍ർമ്മ സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പജ്യോതിയും നടന്നു. ഇരുപക്ഷത്തും ആയിരക്കണക്കിനാളുകൾ അണിനിരന്നു. സുപ്രീം കോടതി വിധിയെ എതിർത്തും അനുകൂലിച്ചും ആശയപ്രചാരണവും വാഗ്വാദങ്ങളും തുടർന്നു.

ഇതിനിടെയാണ് ബിന്ദുവിന്‍റേയും കനകദുർഗ്ഗയുടേയും ശബരിമല പ്രവേശനം. പ്രതിഷേധക്കാരുടെ കണ്ണിൽപ്പെടാതെ ഇരുവരേയും ജനുവരി രണ്ടാം തീയതി പുല‍ർച്ചെ പൊലീസ് ശബരിമലയിൽ എത്തിച്ചു. ജനുവരി മൂന്നിന് ശ്രീലങ്കൻ സ്വദേശി ശശികല ശബരിമല ചവിട്ടി ദ‍ർശനം നടത്തിയെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒമ്പതിന് വൃദ്ധയുടെ വേഷത്തിൽ കൊല്ലം സ്വദേശി മഞ്ജു പൊലീസും പ്രതിഷേധക്കാരും അറിയാതെ ശബരിമല ദ‍ർശനം നടത്തി മടങ്ങി. ഇതനിടെ ഹ‍ർത്താലുകൾ, അക്രമപരമ്പരകൾ, ചേരിതിരിഞ്ഞുള്ള ആക്രമണങ്ങൾ, കല്ലേറ്, കൊള്ളിവയ്പ്പ്, കൊലപാതകം, കോടതി ഇടപെടലുകൾ...   ശബരിമലയിലെ സ്ത്രീപ്രവേശനം കേരളത്തിന്‍റെ പൊതുസമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും ചേരിതിരിവും അസ്വാരസ്യങ്ങളും ചെറുതല്ല. 

ജീവന് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് ബിന്ദുവും കനകദുർഗ്ഗയും നൽകിയ ഹർജിയിൽ സ്ത്രീ പ്രവേശനത്തെത്തുടർന്ന് സന്നിധാനത്ത് ശുദ്ധിക്രിയ നടത്തുന്നത് തടയണം എന്നതുൾപ്പെടെ  മറ്റ് നിരവധി ആവശ്യങ്ങളും ഉണ്ടായിരുന്നു. ഇവയൊന്നും പരിഗണിക്കാതെയാണ് യുവതികൾക്ക് സംരക്ഷണം നൽകണം എന്നുത്തരവിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഹ‍ർജി തീര്‍പ്പാക്കിയത്. ബിന്ദുവിന്‍റേയും കനകദു‍ഗ്ഗയുടേയും ഹർജി അടിയന്തരമായി പരിഗണിക്കേണ്ടതില്ല എന്ന് അയ്യപ്പഭക്തരുടെ ദേശീയ കൂട്ടായ്മ ആവശ്യപ്പെട്ടതാണ്. എന്നാൽ സുരക്ഷയുടെ വിഷയമായതുകൊണ്ട് ചീഫ് ജസ്റ്റിസ് ഹർജി അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് പരിഗണിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ഈ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇതുവരെ 51 യുവതികൾ ഓൺലൈൻ രജിസ്റ്റർ ചെയ്ത് ശബരിമല ദർശനം നടത്തിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കുന്നത്.

സുപ്രീം കോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന്  ഭരണഘടനാ ബഞ്ച് തുറന്ന കോടതിയിൽ പരിഗണിക്കാനിരിക്കെയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിൽ പോയത്. അതുകൊണ്ട് പുനഃപരിശോധനാ ഹർജി എന്നു പരിഗണിക്കും എന്ന കാര്യത്തിൽ ഇപ്പോൾ അനിശ്ചിതത്വം തുടരുകയാണ്. തീയതി പിന്നീട് തീരുമാനിക്കുമെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചിരിക്കുന്നത്. സ്ത്രീപ്രവേശന വിധി സംബന്ധിച്ച എല്ലാ തീരുമാനങ്ങളും അഞ്ചംഗ ഭരണഘടനാ ബഞ്ചായിരിക്കും എടുക്കുകയെന്ന് ചീഫ് ജസ്റ്റിസ് മുമ്പും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. 

ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കുന്നത് പ്രധാനമായും വിശ്വാസികളായ സ്ത്രീകൾ തന്നെയാണെന്നാണ് പുനഃപരിശോധനാ ഹർജികളിലെ ഒരു പ്രധാന അവകാശവാദം. പതിനായിരക്കണക്കിന് വിശ്വാസികൾ കാലങ്ങളായി പിന്തുടരുന്ന വിശ്വാസത്തെ മാനിക്കണം. വിശ്വാസികളല്ലാത്ത സ്ത്രീകളുടെ ഹർജി പരിഗണിച്ചാണ് യുവതീപ്രവേശനം അനുവദിച്ച് വിധിന്യായം പുറപ്പെടുവിച്ചതെന്നും സ്ത്രീപ്രവേശനത്തെ എതിർക്കുന്നവർ വാദിക്കുന്നു. എന്നാൽ  വിധിക്ക് ശേഷം, എല്ലാ പ്രതിഷേധങ്ങൾക്കും ഇടയിലും 51 സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചു എന്ന വിവരം സ്ത്രീപ്രവേശനത്തിനായി വാദിക്കുന്നവർക്ക് ബലമായി മാറും. കൂടുതൽ സ്ത്രീകൾ മലകയറാൻ എത്തുന്നു എന്ന് സുപ്രീം കോടതിക്കു മുമ്പിൽ സ്ഥാപിക്കാൻ അവർക്കാകും.

7564 യുവതികൾ ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്തുവെന്ന കണക്കും സർക്കാർ പുറത്തുവിട്ടു. യുവതീപ്രവേശന വിധിയുടെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുമ്പോൾ സർക്കാർ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്തായിരിക്കും എന്നതിന്‍റെ വ്യക്തമായ സൂചനയാണിത്. ഇത്രയും സ്ത്രീകൾ ദർശനത്തിന് തയ്യാറായി വന്നിട്ടുണ്ടെന്നും ആര് ദർശനത്തിന് എത്തിയാലും സുരക്ഷ നൽകുമെന്നും നിലപാട് സ്വീകരിക്കാൻ തന്നെയാണ് സാധ്യത.

അതേസമയം സർക്കാർ നൽകിയ പട്ടികയിലെ 51 പേരിൽ പലരും അമ്പത് വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകളാണ് എന്ന വിവരവും പുറത്തുവരുന്നുണ്ട്. പലരുടേയും പഴയ തിരിച്ചറിയൽ രേഖകൾ പ്രകാരമാണ് പ്രായം രേഖപ്പെടുത്തിയത് എന്നും വെളിപ്പെട്ടിട്ടുണ്ട്. രേഖ തെറ്റാണെന്ന വാദം ബിജെപിയും പന്തളം കൊട്ടാരം പ്രതിനിധിയും സ്ത്രീപ്രവേശനത്തെ എതിർക്കുന്നവരും ഇതിനകം ഉന്നയിച്ചുകഴിഞ്ഞു.

Read More: ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയിൽ അവ്യക്തത: പലരുടെയും പ്രായം അമ്പതിനു മുകളിൽ?

ഏറ്റവുമൊടുവിൽ പട്ടികയിൽ ഇരുപത്തിയൊന്നാം നമ്പറായി രേഖപ്പെടുത്തിയ പരംജ്യോതി പുരുഷനാണെന്ന വിവരവും പുറത്തുവന്നു. പട്ടികയുടെ ആധികാരികതയെത്തന്നെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ എതിർകക്ഷികൾ ഇതും ഉപയോഗിക്കും.

Read More: മല കയറിയ യുവതികളുടെ സർക്കാർ പട്ടികയിൽ പുരുഷനും: അവ്യക്തതയ്ക്ക് കൂടുതൽ തെളിവുകൾ - വീഡിയോ

51 പേരുടേയും കാര്യത്തിൽ പ്രായം തെറ്റി രേഖപ്പെടുത്തിയിട്ടുണ്ടാകും എന്ന് അനുമാനിക്കാൻ കഴിയില്ല. ഏതായാലും കരുതിയതിലും ഏറെ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന സർക്കാർ പ്രഖ്യാപനത്തിന് പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ പ്രാധാന്യം ഏറെയാണ്.

Follow Us:
Download App:
  • android
  • ios