Asianet News MalayalamAsianet News Malayalam

പൊലീസ് കൂട്ടത്തോടെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം: ശബരിമല കർമസമിതി

ശബരിമല കർമസമിതി നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ കേരളാ പൊലീസ് കൂട്ടത്തോടെ ആയിരക്കണക്കിന് പേർക്കെതിരെയാണ് കേസുകൾ റജിസ്റ്റർ ചെയ്തത്. ഇത് പിൻവലിക്കണമെന്നാണ് ഒരു വർഷത്തിന് ശേഷം കർമസമിതിയുടെ ആവശ്യം. 

sabarimala protests police should be ready to withdraw cases demands against sabarimala karmasamithy workers
Author
Kochi, First Published Jan 3, 2020, 4:38 PM IST

കൊച്ചി: 2019 ജനുവരി മൂന്നാം തീയതി ശബരിമല കർമസമിതി കേരളത്തിൽ നടത്തിയ ഹർത്താലുകളിൽ പൊതുമുതൽ നശിപ്പിച്ചതിന്‍റെ പേരിൽ പ്രവർത്തകർക്കെതിരെ കൂട്ടത്തോടെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് സംഘടന. കർമസമിതിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ നിരവധി കേസുകളുണ്ട്. ശബരിമല വിഷയത്തിൽ സർക്കാർ പോലും നിലപാട് മാറ്റിയ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും കർമസമിതിയുടെ സംസ്ഥാനതല നേതാക്കൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ ചിലവ് ശബരിമല കര്‍മസമിതിയുടെ നേതാക്കളില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് സംഘടനയെ കുരുക്കിലാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ക്കുള്ള പരിഹാരം അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്നും കാസര്‍ഗോഡ് യുഡിഎഫ് ഭാരവാഹികളില്‍ നിന്നും ഈടാക്കണമെന്ന ഉത്തരവിനൊപ്പമാണ് ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലിലെ നഷ്ടവും ഭാരവാഹികളില്‍ നിന്ന് ഈടാക്കണം എന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.  

Read more at: വൈറലായ ഹര്‍ത്താല്‍ ഓട്ടത്തിന് പിന്നില്‍ - വീഡിയോ

ജനുവരി മൂന്നിന് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലും അതിന് തൊട്ടുമുന്‍പേയുള്ള ദിവസവും ഉണ്ടായ അക്രമങ്ങളിലെ നാശനഷ്ടങ്ങളുടെ ചിലവ് കര്‍മസമിതി നേതാക്കളില്‍ നിന്നും ഈടാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. സംസ്ഥാനത്ത് സമീപകാലത്തുണ്ടായ ഹര്‍ത്താലുകളിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ വിധി. ഹൈക്കോടതിയുടെ കർശന ഇടപെടലിന്‍റെ ഫലമായി സംസ്ഥാനത്ത് കഴിഞ്ഞ വർഷം നടന്ന ഹർത്താലുകളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. 2017-ൽ 120 ഹർത്താലുകൾ നടന്ന കേരളത്തിൽ 2019-ൽ നടന്നത് വെറും 12 ഹർത്താലുകൾ മാത്രമാണ്. 

ശബരിമല ഹർത്താലില്‍ സംസ്ഥാനത്ത് 990 കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നൽകിയത്. ഹര്‍ത്താലില്‍ വിവിധ കേസുകളിലായി 32,270 പേരെ പ്രതികളാക്കി. വിവിധ സ്ഥലങ്ങളിൽ ഉണ്ടായ അക്രമങ്ങളിൽ 150 പൊലീസുകാർക്ക് പരിക്കേറ്റു. 141 സാധാരണക്കാർക്കും 11 സർക്കാർ ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റി. 

പ്രാഥമികമായി 38.52 ലക്ഷം രൂപയുടെ പൊതുമുതൽ നശിച്ചു. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കള്‍ക്ക് നാശമുണ്ടായി. മൂന്നു കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് മാത്രമുണ്ടായെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

ജനുവരി - 3-ന് നടത്തിയ ഹർത്താലിൽ തിരുവനന്തപുരത്തും കൊല്ലത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സെക്രട്ടേറിയറ്റിൽ വച്ച് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു മാവേലിക്കരയ്ക്ക് പരിക്കേറ്റു. ന്യൂസ് 18 ഉള്‍പ്പെടെയുള്ള ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. കൊല്ലത്ത് മാധ്യമപ്രവർത്തകർക്ക് നേരെ അക്രമമുണ്ടായി. മംഗളം പത്രത്തിലെ ജയമോഹൻ തമ്പിക്കും ജനയുഗം പത്രത്തിലെ സുരേഷ് ചൈത്രത്തിനും പരിക്കേറ്റു. പാലക്കാട് ന്യൂസ് 18 റിപ്പോർട്ടറെ ശബരിമല കർമസമിതി പ്രവർത്തകർ ആക്രമിച്ചു. ബ്യൂറോ റിപ്പോർട്ടർ പ്രസാദ് ഉടുമ്പിശ്ശേരിക്കാണ് അന്ന് പരിക്കേറ്റത്. 

Follow Us:
Download App:
  • android
  • ios