ശാസ്ത്രജ്ഞർ ആദ്യമായി ഒരു ഗാലക്സി ക്ലസ്റ്ററിന്റെ (അബെൽ 2255) കാന്തിക മണ്ഡല ഘടന പൂർണ്ണമായി പുനർനിർമ്മിച്ചു. ലോഫാർ റേഡിയോ ദൂരദർശിനി ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ, ക്ലസ്റ്റർ രൂപീകരണ സമയത്തെ വാതകചലനങ്ങളാണ് ഈ കാന്തിക മണ്ഡലങ്ങളെ രൂപപ്പെടുത്തിയതെന്ന് കണ്ടെത്തി. ഈ പഠനം പ്രപഞ്ചത്തിലെ വലിയ ഘടനകളുടെ രൂപീകരണത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു.

ജ്യോതിശാസ്ത്ര ഗവേഷണത്തിൽ പുതിയ നാഴികക്കല്ലായി, ഒരു മുഴുവൻ ഗാലക്സി ക്ലസ്റ്ററിന്റെ കാന്തിക മണ്ഡലത്തിന്റെ ഘടന ആദ്യമായി പുനർനിർമിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞതായി റിപ്പോർട്ട്. ഭൂമിയിൽ നിന്ന് ഏകദേശം 100 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന അബെൽ 2255 എന്ന ഗാലക്സി ക്ലസ്റ്ററിലാണ് ഈ നേട്ടം കൈവരിച്ചത്. യൂറോപ്പിലെ ലോ ഫ്രീക്വൻസി അറേ (ലോഫാർ) റേഡിയോ ദൂരദർശിനി ഉപയോഗിച്ച് ഇതുവരെ നടത്തിയതിൽ ഏറ്റവും ആഴത്തിലുള്ള റേഡിയോ നിരീക്ഷണങ്ങളാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്. ലോഫാർ ഗാലക്സി ക്ലസ്റ്റർ അൾട്രാ-ഡീപ് ഫീൽഡ് പദ്ധതിയുടെ ഭാഗമായി 224 മണിക്കൂർ നീണ്ടുനിന്ന നിരീക്ഷണത്തിലൂടെയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചത്.

അബെൽ 2255

റേഡിയോ തരംഗങ്ങളിൽ അതീവ സങ്കീർണമായ ഘടന പ്രകടിപ്പിക്കുന്ന ഗാലക്സി ക്ലസ്റ്ററായാണ് അബെൽ 2255 അറിയപ്പെടുന്നത്. പ്രകാശവേഗത്തോട് അടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന ഇലക്ട്രോണുകൾ കാന്തിക മണ്ഡലങ്ങളുമായി പ്രതിപ്രവർത്തിക്കുമ്പോഴാണ് ഈ റേഡിയോ വികിരണങ്ങൾ രൂപപ്പെടുന്നത്. അതിനാൽ ഇത്തരം നിരീക്ഷണങ്ങൾ പ്രപഞ്ചത്തിലെ കാന്തിക മണ്ഡലങ്ങളുടെ ഉത്ഭവവും പരിണാമവും മനസിലാക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.

പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ, ഈ കാന്തിക മണ്ഡലങ്ങൾ ക്രമരഹിതമായി വ്യാപിച്ചുകിടക്കുന്നതല്ല എന്നതാണ്. മറിച്ച്, ഗാലക്സി ക്ലസ്റ്റർ രൂപപ്പെടുന്ന സമയത്ത് അതിനുള്ളിലെ അത്യുഷ്‍ണ വാതകങ്ങളുടെ ചലനങ്ങളാണ് കാന്തിക മണ്ഡലങ്ങളുടെ ദിശയും ഘടനയും നിർണയിച്ചതെന്ന് പഠനം സൂചിപ്പിക്കുന്നു.

ഇതുവരെ ലഭിച്ചതിൽ ഏറ്റവും വിശദമായ റേഡിയോ നിരീക്ഷണങ്ങളും പുതിയ ഡാറ്റാ വിശകലന രീതിയും സംയോജിപ്പിച്ചാണ് ഒരു ഗാലക്സി ക്ലസ്റ്ററിന്റെ കാന്തിക മണ്ഡലത്തിന്റെ രൂപം ആദ്യമായി പുനർനിർമിക്കാൻ കഴിഞ്ഞത് എന്ന് ഇറ്റാലിയൻ ദേശീയ ജ്യോതിശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനും പഠനത്തിന്റെ മുഖ്യരചയിതാവുമായ ആൻഡ്രിയ ബൊട്ടിയോൺ പറയുന്നു.

ഗവേഷണത്തിൽ, ചില പ്രദേശങ്ങളിൽ കാന്തിക മണ്ഡല രേഖകൾ റേഡിയോ വികിരണങ്ങളുടെ ദിശയിലേക്ക് നീളുന്നതായും മറ്റുചില ഭാഗങ്ങളിൽ ആഘാത തരംഗങ്ങൾക്ക് സമാന്തരമായാണ് അവ ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്നും കണ്ടെത്തി. ഗാലക്സി ക്ലസ്റ്ററുകൾ വാതകം ആകർഷിച്ച് വളരുന്ന പ്രക്രിയ തന്നെയാണ് അവയുടെ കാന്തിക മണ്ഡലങ്ങളെയും രൂപപ്പെടുത്തുന്നതിന്റെ ആദ്യത്തെ നിരീക്ഷണ തെളിവാണിതെന്ന് ഗവേഷകർ വിലയിരുത്തുന്നു.

ഈ കണ്ടെത്തൽ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഘടനകളുടെ രൂപീകരണവും കാന്തിക മണ്ഡലങ്ങളുടെ വികാസവും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഗവേഷണഫലങ്ങൾ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ജേണലിൽ പ്രസിദ്ധീകരണത്തിനായി അംഗീകരിച്ചിട്ടുണ്ടെന്നും പ്രാഥമിക ഗവേഷണപ്രബന്ധം ആർകൈവ് ഗവേഷണ ശേഖരത്തിൽ ലഭ്യമാണെന്നും ഗവേഷകസംഘം അറിയിച്ചതായി സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.