ദക്ഷിണധ്രുവത്തിലെ മഞ്ഞ് ഉപയോഗിച്ച് ന്യൂട്രിനോ കണങ്ങളെ നിരീക്ഷിച്ച ഫ്രാൻസിസ് ലൂയിസ് ഹാൽസെനിന് ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു. ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേറ്ററിയിലൂടെ വിദൂര പ്രപഞ്ചത്തിൽ നിന്നുള്ള ഉയർന്ന ഊർജമുള്ള ന്യൂട്രിനോകളെ കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു.

ഭൗതിക ശാസ്ത്ര നൊബേൽ പുരസ്കാരം ബെൽജിയൻ ​ഭൗതിക ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ലൂയിസ് ഹാൽസെനിന് ലഭിച്ചു. ന്യൂട്രീനോ ആസ്ട്രോണമിയിൽ പുതു വഴി വെട്ടിയ ഗവേഷകനാണ് 82കാരനായ ഹാൽസെൻ. ദക്ഷിണധ്രുവത്തിലെ മഞ്ഞ് ഉപയോഗിച്ച് ന്യൂട്രിനോ കണങ്ങളെ നിരീക്ഷിക്കാനാകുമെന്ന് ഫ്രാൻസിസ് ഹാൽസെൻ കണ്ടെത്തി. ന്യൂട്രിനോ പരീക്ഷണത്തില്‍ നിര്‍ണായകമായ, അന്‍റാര്‍ട്ടിക്കയില്‍ സ്ഥാപിച്ച ഒരു ക്യുബിക് കിലോമീറ്റർ വ്യാപ്തിയുള്ള മഞ്ഞുകട്ടിയാൽ നിർമ്മിച്ച 'ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സർവേറ്ററി' (IceCube Neutrino Observatory) യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ശാസ്ത്രീയ നേതൃത്വവും നിർണായക പങ്കുവഹിച്ചുവെന്ന് പുരസ്കാര സമിതി വിലയിരുത്തി. വിദൂര പ്രപഞ്ചത്തിൽ നിന്നുൽഭവിക്കുന്ന അതിശക്തമായ ഊർജമുള്ള ന്യൂട്രിനോകളെ കണ്ടെത്താൻ ഹാൽസെനിന് സാധിച്ചു. ഹാൽസെൻ സ്ഥാപിച്ച ഗവേഷണ കേന്ദ്രം ന്യൂട്രിനോകളെക്കുറിച്ചുള്ള പഠനത്തിൽ സുപ്രധാന പങ്ക് വഹിച്ചുവെന്നും സമിതി വിലയിരുത്തി.

പ്രകൃതിയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കണങ്ങളിൽ ഒന്നാണ് ന്യൂട്രിനോകൾ. എന്നാൽ, വൈദ്യുത ചാർജ് ഇല്ലാത്തിനാൽ ദ്രവ്യവുമായി വളരെ ദുർബലമായ പ്രതിപ്രവർത്തനം കാരണം ഇവയെ കണ്ടെത്തുക പ്രയാസം. എങ്കിലും ജ്യോതിശാസ്ത്രജ്ഞർക്ക് വളരെ വിലപ്പെട്ടവയാണ് ന്യൂട്രിനോ കണങ്ങൾ. ഉയർന്ന ഊർജമുള്ള ന്യൂട്രിനോകൾക്ക് അവ എവിടെയാണ് ഉത്ഭവിച്ചതെന്ന വിവരം നൽകാൻ സാധിക്കുമെന്നത് പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശാസ്ത്രജ്ഞരെ തുണയ്ക്കുന്നു. അതിശക്ത ഊർജ കണികകള്‍ പുറപ്പെടുവിപ്പിക്കുന്ന സ്വാഭാവിക കണികാ ആക്സിലറേറ്ററുകൾ പ്രപഞ്ചത്തില്‍ ഉണ്ടെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. എന്നാൽ ഈ കോസ്മിക് ആക്സിലറേറ്ററുകളെ തിരിച്ചറിയുന്നതും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കുന്നതും പ്രധാന വെല്ലുവിളിയായി തുടരുകയായിരുന്നു. ഈ ഘട്ടത്തിൽ, 1988-ൽ തന്നെ ഹാൽസെൻ ദക്ഷിണധ്രുവത്തിൽ സുതാര്യമായ മഞ്ഞുപാളിയെ ഒരു കണികാ ഡിറ്റക്ടറായി ഉപയോഗിക്കുക എന്ന ആശയം ഹാല്‍സെന്‍ അവതരിപ്പിച്ചു. ഐസ്ക്യൂബിന്റെ നിർമ്മാണം 2011 ൽ പൂർത്തിയായി. കേന്ദ്രത്തിൽ ഉയർന്ന ഊർജ്ജ ന്യൂട്രിനോകളെ കണ്ടെത്താൻ തുടങ്ങുകയും ഈ കണികകളിൽ ചിലത് സൗരയൂഥത്തിന് വളരെ അപ്പുറത്ത് ഉത്ഭവിച്ചതാണെന്ന് തെളിവുകൾ നൽകി.