ലോകത്തിലെ ടെക് ഭീമന്മാർ ഇപ്പോൾ ചന്ദ്രനിലും ബഹിരാകാശത്തുമൊക്കെ ഡാറ്റാ സെന്‍ററുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, സുന്ദർ പിച്ചൈ തുടങ്ങിയ വമ്പന്മാരാണ് ചന്ദ്രനിൽ വലിയ ഡാറ്റാ സെന്‍ററുകള്‍ നിർമ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 

കാലിഫോര്‍ണിയ: ബഹിരാകാശ ഡാറ്റാ സെന്‍ററുകള്‍! ഇതൊരു സയന്‍സ് ഫിക്ഷന്‍ സിനിമയൊന്നുമല്ല. സ്പേസ് ഡാറ്റാ സെന്‍ററുകള്‍ എന്ന സങ്കല്‍പ്പത്തെ കുറിച്ച് തലപുകയ്‌ക്കുകയാണ് ആമസോണും സ്‌പേസ് എക്‌സും ഗൂഗിളും പോലുള്ള ടെക് ഭീമന്‍മാര്‍. ബഹിരാകാശ ജിപിയു ഫാമുകളെ കുറിച്ച് എന്‍വിഡിയ പോലുള്ള കമ്പനികളും ചിന്തിക്കുന്നു. എഐ കാലത്ത് അനിവാര്യമായ, ഡാറ്റാ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ അങ്ങ് ചന്ദ്രന്‍ വരെ പോകുന്നതിനെ കുറിച്ച് ടെക് ഭീമന്‍മാര്‍ക്ക് യാതൊരു ശങ്കയുമില്ല. സ്വാഗതം ടെക് ടോക്കിലേക്ക്.

ഡാറ്റാ സെന്‍ററുകള്‍ ബഹിരാകാശത്തേക്ക്

എഐ സാങ്കേതികവിദ്യ നമ്മുടെ ദൈനംദിന ജോലികൾ എളുപ്പമാക്കിയിരിക്കുന്നു. പക്ഷേ ഈ എഐ പ്രവർത്തിപ്പിക്കാൻ ടെക് കമ്പനികൾക്ക് ഭീമന്‍ ഡാറ്റാ സെന്‍ററുകൾ ആവശ്യമാണ്. ഇപ്പോള്‍ ഭൂമിയിൽ പരിമിതമായ വൈദ്യുതിയും വെള്ളവും മാത്രമേയുള്ളൂ. ഇത് ഭാവിയിലെ ഡാറ്റാ സെന്‍ററുകൾക്ക് അപര്യാപ്‍തമായിരിക്കും. ഇപ്പോള്‍ തന്നെ ഡാറ്റാ സെന്‍ററുകള്‍ക്കാവശ്യമായ വെള്ളവും വൈദ്യുതിയും ഇവിടെയില്ല എന്ന പ്രതിസന്ധി സജീവം. അതിനാൽ യുഎസ് ടെക് ഭീമന്മാർ ചന്ദ്രനിലും ബഹിരാകാശത്തുമൊക്കെ വരുംഭാവിയില്‍ തന്നെ ഡാറ്റാ സെന്‍ററുകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.

ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, സുന്ദർ പിച്ചൈ തുടങ്ങിയ ടെക് ജീനിയസുകളാണ് ചന്ദ്രനിൽ വലിയ ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരിലെ പ്രമുഖര്‍. സ്പേസ് എക്‌സും ആമസോണും ഗൂഗിളും സ്പേസ് ഡാറ്റാ സെന്‍റര്‍ പദ്ധതികൾ നടപ്പിലാക്കുന്നതിലേക്ക് വേഗത്തിൽ നീങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഭൂമിയിലെ വൈദ്യുതി ക്ഷാമത്തിന് പുറമെ, പുതിയ ഡാറ്റാ സെന്‍‍ററുകൾ നിർമ്മിക്കുന്നതിലെ നിയമപരമായ സങ്കീർണതകളുമാണ് ഇതിന് കാരണം. ഡാറ്റാ സെന്‍ററുകള്‍ തണുപ്പിക്കാന്‍ മില്യണ്‍ കണക്കിന് ലിറ്റര്‍ ജലം അനിവാര്യമാണെന്ന യാഥാര്‍ഥ്യവും ഈ ഗ്രഹാന്തര സ്വപ്‌നങ്ങള്‍ക്ക് പിന്നിലുണ്ട്.

ചന്ദ്രൻ നമുക്ക് പ്രപഞ്ചത്തിൽ നിന്നുള്ള ഒരു സമ്മാനമാണ് എന്നാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ വാക്കുകള്‍. ബെസേസിന്‍റെ കമ്പനിയായ ബ്ലൂ ഒറിജിനും, ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സും ബഹിരാകാശ യാത്ര ചെലവ് കുറയ്‌ക്കുന്നതിനായി പ്രയത്നിക്കുന്നു. ചന്ദ്രനിൽ വലിയ എഐ ഡാറ്റാ സെന്‍ററുകൾ നിർമ്മിക്കുകയാണ് ബെസോസിന്‍റെ ഒരു സ്വപ്‌നം. ചാന്ദ്ര കമ്പ്യൂട്ടിംഗിനായി തയ്യാറെടുക്കുന്ന പ്രോജക്റ്റ് സൺകാച്ചർ ഗൂഗിൾ ആരംഭിച്ചുകഴിഞ്ഞു. സൗരോർജ്ജ സംവിധാനം ഘടിപ്പിച്ച സ്റ്റാർലിങ്ക് ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എഐ സെർവറുകളുണ്ടാക്കുക എന്ന കാഞ്ഞ ബുദ്ധിയാണ് ഇലോൺ മസ്‌കിനുള്ളത്. ലേസർ വഴി പരസ്‍പരം വേഗത്തിൽ ഡാറ്റ അയയ്ക്കാൻ ഈ ഉപഗ്രഹങ്ങൾക്കാകുമെന്നാണ് മസ്‌കിന്‍റെ പ്രതീക്ഷ.

എഐയെ ചന്ദ്രനില്‍ പരിശീലിപ്പിക്കുമെന്ന് സുന്ദര്‍ പിച്ചൈ

അടുത്ത തലമുറയിലെ എഐയെ ചന്ദ്രനിൽ പരിശീലിപ്പിക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും തറപ്പിച്ചുപറയുന്നു. ബഹിരാകാശത്ത് മെഷീൻ ലേണിംഗ് ഘടകങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണാൻ 2027-ഓടെ തന്‍റെ കമ്പനി രണ്ട് പരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്നും ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്‍റെ തലവന്‍ കൂടിയായ സുന്ദര്‍ പിച്ചൈയുടെ വാക്കുകളിലുണ്ട്. എങ്കിലും ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പിച്ചൈ സമ്മതിക്കുന്നു. പക്ഷേ എഐയുടെ സുസ്ഥിരമായ ഭാവിക്ക് ഇത്തരം സാഹസിക പരീക്ഷണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് സുന്ദര്‍ പിച്ചൈ അടിവരയിടുന്നു.

എഐ മോഡലുകൾ പ്രവർത്തിപ്പിക്കുന്നതിന് ധാരാളം വൈദ്യുതി ആവശ്യമാണ്. യുഎസ്, വൈദ്യുതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഡാറ്റാ സെന്‍ററുകള്‍ക്കായി എല്ലാ വർഷവും 100 ജിഗാവാട്ട് പുതിയ വൈദ്യുതി ആവശ്യമാണെന്ന് ഓപ്പൺഎഐ പറയുന്നു. നിലവിൽ, എഐ മോഡലുകളുടെ പരിശീലനം നിലയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്പനികൾ ഗ്യാസ് ടർബൈനുകളാണ് പ്രവർത്തിപ്പിക്കുന്നത്.

ബഹിരാകാശത്ത് ഒരു ഡാറ്റാ സെന്‍റർ നിർമ്മിച്ചാൽ നിരവധി പ്രയോജനങ്ങളുണ്ട്. 24 മണിക്കൂറും സൂര്യപ്രകാശം ലഭിക്കും. മേഘങ്ങളുടെയോ മഴയുടെയോ തടസ്സവും ഇല്ല. ബഹിരാകാശത്ത് സോളാർ പാനലുകൾ എപ്പോഴും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കും. ഭൂമിയിലെ പോലെ ഡാറ്റാ സെന്‍ററുകൾ തണുപ്പിക്കാന്‍ വലിയ സംവിധാനങ്ങളോ ചിലവോ ആവശ്യമില്ല. ബഹിരാകാശത്തും ചന്ദ്രനിലുമൊന്നും സർക്കാർ നിയന്ത്രണമില്ലല്ലോ, കമ്പനികൾക്ക് ഇഷ്‌ടമുള്ളതുപോലെ പ്രവർത്തിക്കാം. വൈദ്യുതി, ജല ലഭ്യത മാത്രമല്ല, ഡാറ്റാ സെന്‍ററുകള്‍ ബഹിരാകാശത്തേക്ക് മാറ്റുന്നതിനായി ടെക് കമ്പനികളെ പ്രേരിപ്പിക്കുന്ന കാരണങ്ങളില്‍ ഇതെല്ലാമുണ്ട്. ഭാവിയില്‍ മനുഷ്യകുലം എഐയില്‍ ഭ്രമണം ചെയ്യുമ്പോള്‍ ഒരുപക്ഷേ അതിന്‍റെ അച്ചുതണ്ട് ചന്ദ്രനായിരിക്കാം.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്