ജെയിംസ് വെബ് ദൂരദർശിനി കണ്ടെത്തിയ നിഗൂഢമായ 'ചെറിയ ചുവന്ന പൊട്ടുകൾ' അപ്രത്യക്ഷമായതല്ലെന്നും അവ ഇന്നത്തെ ഗോളാകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങളായി പരിണമിച്ചിരിക്കാമെന്നും പുതിയ പഠനം.

പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായക കണ്ടെത്തലുകൾ നടത്തുന്ന ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (ജെഡബ്ല്യുഎസ്‍ടി) കണ്ടെത്തിയ നിഗൂഢമായ ‘ചെറിയ ചുവന്ന പൊട്ടുകൾ’ (ലിറ്റിൽ റെഡ് ഡോട്ട്സ്) സംബന്ധിച്ച് പുതിയ വിശദീകരണവുമായി ശാസ്ത്രജ്ഞർ. ഈ ചെറിയ ചുവന്ന പൊട്ടുകൾ പ്രപഞ്ചത്തിൽ നിന്ന് അപ്രത്യക്ഷമായതല്ലെന്നും പിന്നീട് ഇന്നത്തെ പ്രപഞ്ചത്തിൽ കാണുന്ന ഗോളാകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങളായി (ഗ്ലോബുലാർ ക്ലസ്റ്ററുകൾ) പരിണമിച്ചിരിക്കാം എന്നുമാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

2022-ൽ ജെയിംസ് വെബ് ദൂരദർശിനി പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെയാണ് ഈ വിചിത്രമായ വസ്‍തുക്കളെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. മഹാവിസ്ഫോടനത്തിന് (ബിഗ് ബാംഗ്) ശേഷം ഏകദേശം 60 കോടി വർഷം മാത്രം പിന്നിട്ട സമയത്താണ് ഇവ ധാരാളമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ പ്രപഞ്ചത്തിന് ഏകദേശം 200 കോടി വർഷം പ്രായമാകുന്നതിന് മുമ്പ് തന്നെ ഇവ കാണാതാകുന്നതായി നിരീക്ഷണങ്ങളിൽ വ്യക്തമായി. ഇതോടെയാണ് ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ വലിയ ചോദ്യങ്ങളും സംശയങ്ങളും ഉയർന്നത്.

ഇവ എന്താണെന്നതിന് നിരവധി സിദ്ധാന്തങ്ങൾ മുന്നോട്ടുവന്നിരുന്നു. വൻ വാതക-പൊടി മേഘങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന തമോഗർത്തങ്ങളാകാം ഇവയെന്ന അഭിപ്രായവും ഉണ്ടായിരുന്നു. എന്നാൽ ടെക്സസ് സർവകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനം മറ്റൊരു സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്. അതിവലിയ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന രൂപംകൊള്ളുന്ന ഗോളാകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങളുടെ കേന്ദ്രഭാഗം തന്നെയാകാം ഈ ചെറിയ ചുവന്ന പൊട്ടുകൾ എന്നാണ് അവരുടെ നിഗമനം.

‘ചെറിയ ചുവന്ന പൊട്ടുകൾ’ പഴയ പ്രപഞ്ചത്തിന്റെ സൂചനകൾ

“ഇന്ന് കാണുന്ന പ്രപഞ്ചവുമായി യാതൊരു ബന്ധവുമില്ലാത്ത പുതിയൊരു വിഭാഗം വസ്തുക്കൾ മാത്രമല്ലായിരിക്കാം ആ ചെറിയ ചുവന്ന പൊട്ടുകൾ. ആദ്യകാല പ്രപഞ്ചത്തിലെ ഈ വസ്തുക്കൾ പിന്നീട് പരിചിതമായ രൂപങ്ങളിലേക്ക് പരിണമിച്ചിരിക്കാം,” ഗവേഷക സംഘത്തെ നയിച്ച ടെക്സസ് സർവകലാശാലയിലെ ജോൺ ചിഷോം പറഞ്ഞു. നമ്മുടെ ക്ഷീരപഥം ഉൾപ്പെടെയുള്ള വലിയ ഗാലക്സികളിൽ സാധാരണയായി കാണപ്പെടുന്നവയാണ് ഗോളാകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങൾ. ഇവയിൽ ലക്ഷക്കണക്കിന് വരെ പ്രായമേറിയ നക്ഷത്രങ്ങൾ അടങ്ങിയിരിക്കും. എന്നാൽ ഇവ എങ്ങനെ രൂപപ്പെട്ടുവെന്നത് ഇന്നും ശാസ്ത്രജ്ഞർക്ക് പൂർണമായി മനസിലായിട്ടില്ല.

“നക്ഷത്രക്കൂട്ടങ്ങളെ സാധാരണയായി കോടിക്കണക്കിന് വർഷത്തെ പരിണാമത്തിന് ശേഷമാണ് നമ്മൾ കാണുന്നത്. അപ്പോഴേക്കും വലിയ നക്ഷത്രങ്ങൾ ഇല്ലാതായിരിക്കും, വാതകം നീക്കം ചെയ്യപ്പെട്ടിട്ടുണ്ടാകും. അതിനാൽ അവയുടെ യഥാർഥ രൂപീകരണ സാഹചര്യം മനസിലാക്കാൻ ബുദ്ധിമുട്ടാണ്,” ഗവേഷക ഡാനിയേൽ ബെർഗ് വ്യക്തമാക്കി.

സൂപ്പർ മാസീവ് നക്ഷത്രങ്ങളുടെ പങ്ക്

ഗോളാകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങളിലെ പല നക്ഷത്രങ്ങളിലും ഹീലിയം, നൈട്രജൻ, സോഡിയം, അലുമിനിയം തുടങ്ങിയ മൂലകങ്ങളുടെ അളവ് കൂടുതലാണ്. എന്നാൽ കാർബൺ, ഓക്സിജൻ, മഗ്നീഷ്യം എന്നിവയുടെ അളവ് പ്രതീക്ഷിച്ചതിലും കുറവാണ്. ഈ പ്രത്യേക രാസഘടന വളരെ ഉയർന്ന താപനിലയിലുള്ള ന്യൂക്ലിയർ ഫ്യൂഷന്റെ ഫലമായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. സാധാരണ വലിയ നക്ഷത്രങ്ങളുടെ ഉള്ളറകളിൽ പോലും ഉണ്ടാകാത്ത അതിവലിയ താപനില സൃഷ്ടിക്കാൻ കഴിയുന്ന സൂപ്പർ മാസീവ് നക്ഷത്രങ്ങൾ ഇതിന് കാരണമായിരിക്കാമെന്നാണ് പഠനം പറയുന്നത്.

സൂര്യന്റെ പിണ്ഡത്തിന്റെ 1,000 മുതൽ 10,000 മടങ്ങ് വരെ പിണ്ഡമുള്ള ഇത്തരം നക്ഷത്രങ്ങൾ ആദ്യകാല പ്രപഞ്ചത്തിലെ സാന്ദ്രമായ നക്ഷത്രക്കൂട്ടങ്ങളിൽ രൂപപ്പെട്ടിരിക്കാം. എന്നാൽ ഇവയുടെ ആയുസ് വളരെ കുറവായിരിക്കും — ഏകദേശം പത്ത് ലക്ഷം വർഷം മാത്രം. ഇത്തരം നക്ഷത്രങ്ങൾ സൂപ്പർനോവ സ്ഫോടനങ്ങളിലൂടെ നശിക്കുമ്പോൾ അവ നിർമ്മിച്ച ഭാരമേറിയ മൂലകങ്ങൾ ബഹിരാകാശത്തേക്ക് വ്യാപിക്കുകയും പിന്നീട് രൂപംകൊണ്ട നക്ഷത്രങ്ങളിൽ പ്രത്യേക രാസ അടയാളങ്ങൾ സൃഷ്‍ടിക്കുകയും ചെയ്യും.

പുതിയ കണ്ടെത്തൽ പ്രപഞ്ച പരിണാമം മനസിലാക്കാൻ സഹായിക്കും

“ചെറിയ ചുവന്ന പൊട്ടിന്റെ രൂപം സൃഷ്‍ടിക്കാൻ സഹായിക്കുന്ന സൂപ്പർ മാസീവ് നക്ഷത്രം വളരെ കുറച്ച് സമയമേ നിലനിൽക്കൂ. ആ നക്ഷത്രം ഇല്ലാതായ ശേഷം വസ്‍തുവിന്റെ രൂപം മാറിയേക്കാം, എന്നാൽ നക്ഷത്രക്കൂട്ടം കോടിക്കണക്കിന് വർഷങ്ങൾ നിലനിൽക്കും,” ജോൺ ചിഷോം പറഞ്ഞു.

ചെറിയ ചുവന്ന പൊട്ടുകളുടെ വിതരണം ഇന്നത്തെ ഗോളാകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങളുടെ വിതരണവുമായി സാമ്യമുണ്ടെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇവയുടെ കണക്കാക്കിയ പിണ്ഡവും നിലവിലെ ഗ്ലോബുലാർ ക്ലസ്റ്ററുകളുടെ പിണ്ഡവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ബിഗ് ബാംഗിന് ശേഷം ഏകദേശം 60 കോടി വർഷങ്ങൾക്കുള്ളിലാണ് ചെറിയ ചുവന്ന പൊട്ടുകൾ കണ്ടെത്തിയത്. ഇതേ കാലയളവിലാണ് ആദ്യകാല ഗോളാകൃതിയിലുള്ള നക്ഷത്രക്കൂട്ടങ്ങൾ രൂപപ്പെട്ടതെന്നും ശാസ്ത്രജ്ഞർ കരുതുന്നു.

എങ്കിലും, ചെറിയ ചുവന്ന പൊട്ടുകൾ തീർച്ചയായും ഗ്ലോബുലാർ ക്ലസ്റ്ററുകളാണെന്ന് തെളിയിക്കുന്ന അന്തിമ തെളിവ് ലഭിച്ചിട്ടില്ല. എന്നാൽ പ്രപഞ്ചത്തിന്റെ ആദ്യകാല പരിണാമത്തെക്കുറിച്ചുള്ള നിരവധി നിരീക്ഷണങ്ങൾക്ക് ഈ സിദ്ധാന്തം വിശദീകരണം നൽകാൻ കഴിയുമെന്ന് ഗവേഷകർ പറയുന്നു. ഈ പഠനം നിലവിൽ ശാസ്ത്രീയ പ്രബന്ധങ്ങളുടെ പ്രീപ്രിന്‍റ് ശേഖരമായ ആർകൈവിൽ പ്രസിദ്ധീകരണത്തിനായി ലഭ്യമാണ്.