ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വയിൽ ജീവന്‍റെ തെളിവായേക്കാവുന്ന ബയോസിഗ്നേച്ചറുകള്‍ തിരിച്ചറിഞ്ഞ് നാസയുടെ പെർസെവറൻസ് റോവർ. ഭൂമിക്ക് പുറത്ത് ജീവനുണ്ടാകാന്‍ ഏറ്റവും സാധ്യതയുള്ള ഇടമായി കണക്കാക്കുന്ന ഗ്രഹമാണ് ചൊവ്വ
കാലിഫോര്‍ണിയ: ഭൂമിക്ക് പുറത്ത് ജീവനുണ്ടോ എന്ന കാലങ്ങളായുള്ള മനുഷ്യന്‍റെ അന്വേഷണത്തില്‍ ചരിത്രപരമായ ചുവടുവയ്പ്പ് നടത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വയുടെ ഉപരിതലത്തിലുള്ള ഒരു പാറയിൽ നിന്ന് ജീവന്‍റെ അടയാളങ്ങളായിരിക്കാന്‍ സാധ്യതയുള്ള ബയോസിഗ്നേച്ചറുകള്‍ (Potential Biosignatures) പെർസെവറൻസ് റോവർ (Perseverance Mars Rover) കണ്ടെത്തിയതായി നാസ അറിയിച്ചു. ശാസ്ത്രജ്ഞർ ചെയാവ (Cheyava Falls) എന്ന് പേരിട്ടിരിക്കുന്ന ഈ പാറ 2024-ൽ ആണ് റോവർ കണ്ടെത്തിയത്. സെൻസറുകളും ഉപകരണങ്ങളും ഉപയോഗിച്ച് റോവർ അത് വിശകലനം ചെയ്‌തു. പാറയിലെ 'സഫയർ കാന്യോൺ' (Sapphire Canyon) എന്ന് വിളിക്കപ്പെടുന്ന സാമ്പിളിൽ ജീവന് സാധ്യതയുള്ള ബയോസിഗ്നേച്ചറുകൾ അടങ്ങിയിട്ടുണ്ടെന്ന് നേച്ചർ ജേണലിൽ ബുധനാഴ്‌ച പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. അതിൽ കളിമണ്ണ്, ചെളി, ജൈവ കാർബൺ, സൾഫർ, ഫോസ്‌ഫറസ്, ഓക്‌സിഡൈസ് ചെയ‌്ത ഇരുമ്പ് അതായത് തുരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
ചൊവ്വയിലെ ജീവന്‍, സ്ഥിരീകരണത്തിന് ഇനിയും കാത്തിരിക്കണം
ഊർജ്ജം ലഭിക്കാൻ സൂക്ഷ്‌മാണുക്കൾ ചെയ്യുന്നതുപോലെ, ഇലക്‌ട്രോണ്‍-ട്രാൻസ്‌ഫർ പ്രതിപ്രവർത്തനങ്ങളിലൂടെയാണ് ഈ ധാതുക്കൾ രൂപപ്പെട്ടതെന്ന് നാസയിലെ ഗവേഷകര്‍ കരുതുന്നു. ജൈവശാസ്ത്രപരമല്ലാത്ത പ്രക്രിയകളിലൂടെയും ഈ ഘടന രൂപപ്പെടാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ചൊവ്വയിലെ ജീവൻ കണ്ടെത്തുന്നതിനോട് ഏറ്റവും അടുത്ത കണ്ടെത്തലാണ് ഇപ്പോൾ നടത്തിയതെന്നും ഇത് തങ്ങളുടെ പഠനത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകും എന്നും നാസയുടെ ആക്‌ടിംഗ് അഡ്‌മിനിസ്ട്രേറ്റർ ഷോൺ ഡഫി ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെർസെവറൻസ് റോവർ ഇതുവരെ 30-ൽ അധികം സാമ്പിളുകൾ ചൊവ്വയില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. അവ ഭൂമിയിലേക്ക് കൊണ്ടുവന്ന് നൂതന ലബോറട്ടറികളിൽ പരീക്ഷിക്കാനാണ് പദ്ധതി. അതിനുശേഷം മാത്രമേ ചൊവ്വയിലെ ജീവന്‍റെ തെളിവുകള്‍ ഉറപ്പിക്കാനാകൂ. ചൊവ്വയിലെ ഇപ്പോഴത്തെ കണ്ടെത്തൽ മനുഷ്യ നിലനിൽപ്പിന്‍റെ ഉത്ഭവത്തിനും പ്രപഞ്ചത്തിലെ ജീവന്‍റെ സാധ്യതകൾക്കും വേണ്ടിയുള്ള അന്വേഷണത്തിലെ ചരിത്രപരമായ ഒരു ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.
ചൊവ്വ സാമ്പിള്‍ റിട്ടേണ്‍ എപ്പോള്‍?
അതേസമയം, നാസയുടെ 'ചൊവ്വ സാമ്പിൾ റിട്ടേൺ' (എംഎസ്ആർ) ദൗത്യം തുടക്കം മുതൽ വിവാദങ്ങളിലും കാലതാമസങ്ങളിലും പെട്ട് ഉഴലുകയാണ്. 2033-ഓടെ സാമ്പിളുകൾ ഭൂമിയിൽ തിരിച്ചെത്തുമെന്ന് ആദ്യം കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ 2024-ൽ നാസ സാമ്പിള്‍ റിട്ടേണിംഗ് തന്ത്രം മാറ്റി. ഇപ്പോൾ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. ഒന്നുകിൽ നാസ തന്നെ സ്കൈ-ക്രെയിൻ വഴി ലാൻഡർ അയയ്ക്കുക അല്ലെങ്കിൽ ഒരു സ്വകാര്യ കമ്പനിയുടെ സിസ്റ്റം ഉപയോഗിക്കുക. 2035 ആകുമ്പോഴേക്കും ഭൂമിയിലേക്ക് സാമ്പിളുകൾ എത്തിക്കാനാണ് പുതിയ പദ്ധതി പ്രതീക്ഷിക്കുന്നത്. എന്നാൽ ട്രംപ് ഭരണകൂടത്തിന്‍റെ ഏറ്റവും പുതിയ ബജറ്റ് വെട്ടിക്കുറവുകൾ ദൗത്യത്തെ വീണ്ടും പ്രശ്‍നത്തിലാക്കി. നാസയുടെ ബജറ്റ് ഏകദേശം പകുതിയായി ട്രംപ് ഭരണകൂടം കുറച്ചു. ഇതുമൂലം, എംഎസ്ആർ ഉൾപ്പെടെ ഡസൻ കണക്കിന് ദൗത്യങ്ങൾ റദ്ദാക്കപ്പെടാനുള്ള സാധ്യതയുണ്ട്.
ചൊവ്വയിൽ നിന്നുള്ള ഈ സാമ്പിളുകളിൽ ജീവന്‍റെ ലക്ഷണങ്ങൾ തെളിഞ്ഞാൽ അത് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ കണ്ടെത്തലായിരിക്കും. പ്രപഞ്ചത്തില്‍ ജീവൻ ഭൂമിയിൽ മാത്രമല്ല നിലനിൽക്കുന്നതെന്ന് ഇത് തെളിയിക്കും. ഭാവിയിൽ മനുഷ്യർക്ക് ചൊവ്വയിൽ ജീവിക്കാൻ കഴിയുമോ എന്ന ചോദ്യത്തിനും ഈ കണ്ടെത്തൽ ഉത്തരമാകും. ചൊവ്വയിലെ അന്തരീക്ഷ താപനില വളരെ തണുപ്പേറിയതാണ്, ഓക്‌സിജനും ഇല്ല. എന്നാൽ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചൊവ്വ ഭൂമിയെപ്പോലെയായിരുന്നോ എന്ന് ഭാവി പഠനങ്ങള്‍ തെളിയിക്കും.



