കോർണൽ സർവകലാശാലയിലെ ഗവേഷകർ സൗരയൂഥത്തിന് പുറത്തുള്ള 6,000-ത്തിലധികം ഗ്രഹങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, 45 എണ്ണം ഭൂമിയോട് സാമ്യമുള്ളതും ജീവിക്കാൻ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്നതുമാണെന്ന് കണ്ടെത്തി. TRAPPIST-1 e, TOI-715 b തുടങ്ങിയ ഗ്രഹങ്ങൾ ഈ കണ്ടെത്തലുകളിൽ ഉൾപ്പെടുന്നു, ഇത് അന്യഗ്രഹ ജീവനെക്കുറിച്ചുള്ള അന്വേഷണത്തിലെ സുപ്രധാന ചുവടുവെപ്പാണ്.

കോർണൽ: നമ്മുടെ സൗരയൂഥത്തിന് പുറത്തായി ആയിരക്കണക്കിന് ഗ്രഹങ്ങൾ നിലനിൽക്കുന്നുവെന്ന കാര്യം ശാസ്ത്രലോകം ഏറെക്കാലം മുമ്പേ തിരിച്ചറിഞ്ഞതാണ്. എന്നാൽ, ഒരു ഗ്രഹം ഉണ്ടെന്നറിയുന്നതും അത് ജീവനെ പിന്തുണയ്ക്കാൻ കഴിയുമോ എന്നറിയുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഈ ചോദ്യത്തിന് പുതിയ ദിശ നൽകുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് കോർണൽ സർവകലാശാലയിലെ കാൾ സാഗൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ലിസ കാൽറ്റെനെഗർ നേതൃത്വം നൽകുന്ന ഗവേഷകസംഘം. സൗരയൂഥത്തിന് പുറത്തുള്ള 6,000ത്തിൽ അധികം ഗ്രഹങ്ങളെ വിശദമായി പഠിച്ച്, അവയിൽ 45 എണ്ണം ഭൂമിയോട് സാമ്യമുള്ളതും ജീവിക്കാൻ അനുയോജ്യമായ മേഖലയിൽ ഉള്ളതുമാണെന്ന് ഈ സംഘം കണ്ടെത്തി.

45 എല്‍ത്ത്-ലൈക്ക് ഗ്രഹങ്ങള്‍ കണ്ടെത്തിയത് ഇങ്ങനെ

പഠനത്തിനായി ഇപ്പോൾ പ്രവർത്തനരഹിതമായ ഇഎസ്എ ഗയ ബഹിരാകാശ ദൗത്യത്തിൽ നിന്നും നാസയുടെ എക്സോപ്ലാനറ്റ് ആർക്കൈവിൽ നിന്നുമുള്ള വിവരങ്ങളും ഉപയോഗിച്ചു. ഓരോ ഗ്രഹവും അതിന്‍റെ നക്ഷത്രത്തിൽ നിന്ന് എത്രത്തോളം ഊർജം ലഭിക്കുന്നു എന്നത് പരിശോധിച്ചാണ് അവയുടെ ഹാബിറ്റബിൾ സോൺ സ്ഥാനം നിർണ്ണയിച്ചത്. ദ്രവജലം നിലനിൽക്കാൻ ആവശ്യമായ ഈ ഊർജത്തിന്‍റെ അളവാണ് ജീവന്‍റെ സാധ്യതകൾ നിർണ്ണയിക്കുന്ന പ്രധാന ഘടകം. ഭൂമി ഈ മേഖലയിൽ ആണെങ്കിലും ശുക്രനും ചൊവ്വയും അതിന്‍റെ അതിരുകളിലാണ്. ഈ മാനദണ്ഡങ്ങൾ മറ്റ് നക്ഷത്ര സമൂഹങ്ങളിൽ പ്രയോഗിച്ചപ്പോൾ 45 ഗ്രഹങ്ങൾ വിപുലമായ ഹാബിറ്റബിൾ സോണിലും, 24 എണ്ണം കൂടുതൽ കർശനമായ പരിധിയിലും ഉൾപ്പെട്ടു.

പ്രധാനമായ കണ്ടെത്തലുകളിൽ, ഏകദേശം 40 പ്രകാശവർഷം അകലെയുള്ള TRAPPIST-1 നക്ഷത്രസംവിധാനത്തിലെ ഗ്രഹങ്ങൾ ശ്രദ്ധേയമാണ്. ഗവേഷണസംഘത്തിലെ മുഖ്യ ഗവേഷകരിൽ ഒരാളായ ഗില്ലിസ് ലൗറി TRAPPIST-1 e, TOI-715 b എന്നീ ഗ്രഹങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. TOI-715 b ഒരു സൂപ്പർ-എർത്ത് ആയി കണക്കാക്കപ്പെടുന്നു. കൂടാതെ പ്രോക്‌സിമ സെഞ്ച്വറി ബി, LHS 1140 b എന്നീ ഗ്രഹങ്ങളും ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ഇത്തരത്തിലുള്ള ഗ്രഹങ്ങളെ കൂടുതൽ അടുത്തറിയാൻ ജെയിംസ് വെബ് സ്‍പേസ് ടെലിസ്‍കോപ്പ്, എക്‌സ്‌ട്രീംലി ലാർജ് ടെലിസ്കോപ്പ്, ഹാബിറ്റബിൾ വേൾഡ്‍സ് ഒബ്‍സർവേറ്ററി തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നിരീക്ഷണം പുരോഗമിക്കുകയാണ്. ഹാബിറ്റബിൾ സോണിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് മാത്രം ഒരു ഗ്രഹത്തിൽ ജീവൻ ഉണ്ടെന്നു ഉറപ്പിക്കാൻ കഴിയില്ലെങ്കിലും മനുഷ്യരാശിയുടെ ഏറ്റവും വലിയ ചോദ്യങ്ങളിൽ ഒന്നായ “നമ്മൾ മാത്രം ആണോ?” എന്നതിന് ഉത്തരം കണ്ടെത്താനുള്ള നിർണായക തുടക്കമാണിത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming