40 മെട്രിക് ടണ്‍ നൈട്രജന്‍ ഓക്സൈഡ്; സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറി തന്നത് മുട്ടന്‍ പണി! ഓസോണ്‍ പാളിക്കും ഭീഷണി
അന്തരീക്ഷത്തിലെത്തിയത് 40 മെട്രിക് ടണ്‍ നൈട്രജന്‍ ഓക്സൈഡും 45.5 മെട്രിക് ടണ്‍ മെറ്റല്‍ ഓക്‌സൈഡും, ഓസോണ്‍ പാളിക്ക് വരെ ഭീഷണിയായി സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണത്തിന്‍റെ ദുരന്തപര്യവസാനം

ടെക്സസ്: അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണം ജനുവരിയില്‍ വന്‍ പൊട്ടിത്തെറിയില്‍ അവസാനിച്ചിരുന്നു. ഈ റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ വലിയ തോതില്‍ വായുമലിനീകരണത്തിന് കാരണമായിട്ടുണ്ടാകും എന്നാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിന്‍റെ പഠനം ആസ്പദമാക്കി സ്പേസ് ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്.
2025 ജനുവരി-16ന് ദക്ഷിണ ടെക്സസിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന് എട്ട് മിനിറ്റുകള്‍ക്ക് ശേഷം സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏറ്റവും മുകളിലെ ഷിപ്പ് ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. ഭൂമിയില്‍ നിന്ന് 146 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ വച്ചാണ് ഷിപ്പ് പൊട്ടിത്തെറിച്ചത്. പ്രൊപ്പല്ലന്‍റ് ഇല്ലാതെ ഏകദേശം 85 ടൺ ഭാരമുണ്ടായിരുന്നു റോക്കറ്റിന്‍റെ മുകള്‍ ഭാഗത്തിന്. ഭൂമിയിലെ കണ്‍ട്രോള്‍ റൂമുമായി സ്റ്റാര്‍ഷിപ്പിനുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം ദുരന്തപര്യവസായി ആവുകയായിരുന്നു. ഇതോടെ റോക്കറ്റ് അവശിഷ്ടങ്ങള്‍ കരീബിയന്‍ ദ്വീപുകള്‍ക്ക് മുകളിലൂടെ അന്തരീക്ഷത്തില്‍ പാറിനടന്നു. കത്തിത്തീരാത്ത ചില അവശിഷ്ടങ്ങള്‍ കരീബിയന്‍ ദ്വീപുസമൂഹമായ ടർക്സ്-കൈകോസില്‍ പതിച്ചതായി പരാതികളുയര്‍ന്നിരുന്നു.
ഏഴാം പരീക്ഷണ പറക്കലില്‍ സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ അപ്പര്‍ സ്റ്റേജിന് തീപ്പിടിച്ച് അന്തരീക്ഷത്തിലൂടെ ഭൂമിയിലേക്ക് തിരിച്ചുവരുമ്പോൾ ഏകദേശം 45.5 മെട്രിക് ടണ്‍ മെറ്റല്‍ ഓക്‌സൈഡും 40 മെട്രിക് ടണ്‍ നൈട്രജന്‍ ഓക്സൈഡും ഭൗമാന്തരീക്ഷത്തില്‍ പടര്‍ന്നിട്ടുണ്ടാകാമെന്നാണ് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിന്‍റെ പഠനത്തില്‍ പറയുന്നത്. ഭൂമിയുടെ ഓസോണ്‍ പാളിക്ക് വിള്ളലുണ്ടാക്കാന്‍ കാരണമാകുന്ന വാതകമാണ് നൈട്രജന്‍ ഓക്സൈഡ് എന്ന് യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലെ അറ്റ്‌മോസ്‌ഫെറിക് കെമിസ്ട്രി ഗവേഷകനായ കനോര്‍ ബാര്‍കര്‍ അഭിപ്രായപ്പെട്ടു. ഭൗമാന്തരീക്ഷത്തില്‍ ഒരു വര്‍ഷം ഉല്‍ക്കാജ്വാല മൂലമുണ്ടാകുന്ന ലോഹ വായു മലിനീകരണത്തിന്‍റെ മൂന്നിലൊന്നാണ് സ്പേസ് എക്സിന്‍റെ ഒറ്റ റോക്കറ്റിന്‍റെ പൊട്ടിത്തെറിവഴി സംഭവിച്ചത് എന്നാണ് ബാര്‍കറുടെ അനുമാനം.
അതേസമയം ഇതൊക്കെ ഏകദേശ കണക്കുകൂട്ടലുകള്‍ മാത്രമാണെന്നും ഭൂമിയുടെ ഉയര്‍ന്ന അന്തരീക്ഷത്തില്‍ സ്റ്റാര്‍ഷിപ്പ് ഏഴാം റോക്കറ്റ് പരീക്ഷണമുണ്ടാക്കിയ മലിനീകരണം കൃത്യമായി കണക്കുകൂട്ടുക പ്രായോഗികമല്ലെന്നും കനോര്‍ ബാര്‍കര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ഷിപ്പ് റോക്കറ്റ് ഭാഗങ്ങളുടെ ടണ്‍കണക്കിന് അവശിഷ്ടങ്ങള്‍ കടലില്‍ പതിച്ചിരിക്കാമെന്ന് ജ്യോതിശാസ്ത്രജ്ഞനും ബഹിരാകാശ മാലിന്യ വിദഗ്ധനായ ജൊനാഥന്‍ മക്‌ഡോവല്‍ സ്പേസ് എക്സിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
