ഹിന്ദി സിനിമയിലെ അനുഗ്രഹീതനായ ഗാനരചയിതാവ് യോഗേഷ് ഇന്നലെ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. ഹിന്ദി ചലച്ചിത്രസംഗീതത്തെ തന്റെ ഹൃദയസ്പർശിയായ വരികൾ കൊണ്ട് സമ്പന്നമാക്കിയ യോഗേഷ് അമ്പത്തഞ്ചിലധികം ചിത്രങ്ങൾക്ക് വരികളെഴുതി. അവയിൽ ആനന്ദ്, രജനീഗന്ധ, മൻസിലേം ഓർ ഭി ഹേ, മിലി, ഛോട്ടി സി ബാത് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ സൂപ്പർ ഹിറ്റുകളായി. കഹീം ദൂർ  ജബ്, സിന്ദഗി കൈസി ഹേ പഹേലി, രജനിഗന്ധ ഫൂൽ, കയീ ബാർ യൂ ഹി, രിംഝിം ഗിരെ സാവന്‍ തുടങ്ങി നിരവധി യോഗേഷ് ഗാനങ്ങൾ ഇന്നും ആസ്വാദകരുടെ നാവിൽ അവശേഷിക്കുന്നുണ്ട്.  57 വർഷം മുമ്പ് ഭാഗ്യപരീക്ഷണത്തിനായി മായാനഗരി മുംബൈയിൽ വന്നു വണ്ടിയിറങ്ങുമ്പോൾ  യോഗേഷ് ഗൗർ എന്ന ഇരുപതുകാരന്റെ മുന്നിൽ പരാജയം നുണയാനുള്ള പരശ്ശതം വഴികൾ മാത്രമാണ് ഉണ്ടായിരുന്നത്. ആ വഴികളിലൂടെ ഇറങ്ങി നടന്ന യോഗേഷിനെ അവയോരോന്നും ഓരോ വാതിലുകളിൽ കൊണ്ടുചെന്നെത്തിച്ചു. തുറക്കപ്പെടും എന്ന പ്രതീക്ഷയോടെ അയാൾ അതിലൊക്കെ മുട്ടിവിളിച്ചു. 'മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ'. എന്നാൽ, ആദ്യമാദ്യമൊക്കെ മുട്ടിയ ഒരു വാതിലും അയാൾക്കുമുന്നിൽ തുറക്കപ്പെട്ടില്ല.  പ്രതീക്ഷകൾ കെടാതെ, തന്റെ പരിശ്രമങ്ങൾ തുടർന്ന അയാൾ ഒടുവിൽ ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന ഒരു ഗാനരചയിതാവായി മാറി. 

ലഖ്‌നൗവിൽ നിന്ന് ബോംബെയിലേക്ക് 

1943 -ൽ ലഖ്‌നൗവിൽ ജനിച്ച യോഗേഷ് അറുപതുകളിൽ DAV കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠനം പൂർത്തിയാക്കിയ ശേഷം, യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനു ചേർന്നു. അക്കൊല്ലമായിരുന്നു അച്ഛന്റെ നിര്യാണം. അച്ഛൻ ബ്രിട്ടീഷുകാരുടെ കാലം തൊട്ടേ പിഡബ്ള്യുഡിയിൽ എഞ്ചിനീയറായിരുന്നു. അന്നൊക്കെ ബ്രിട്ടീഷുകാർ എഞ്ചിനീയർമാർക്ക് ലീസിന് സ്ഥലം കൊടുത്തിരുന്നു. അതിൽ യോഗേഷിന്റെ അച്ഛനും വലിയൊരു ബംഗ്ലാവ് കെട്ടിപ്പൊക്കിയിരുന്നു. യോഗേഷും, രണ്ടു പെങ്ങന്മാരും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബം സുഖസമൃദ്ധിയിൽ അങ്ങനെ കഴിഞ്ഞുകൂടുമ്പോഴാണ് അവിചാരിതമായി അച്ഛൻ ഹൃദയാഘാതം വന്നു മരിച്ചുപോകുന്നത്.

അച്ഛൻ ഒരാൾക്ക് മാത്രമായിരുന്നു വീട്ടിൽ ജോലിയുണ്ടായിരുന്നത്. ജീവിതം സമൃദ്ധിയിലായിരുന്നു എങ്കിലും, അച്ഛന് കാര്യമായ സമ്പാദ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. ആകെയുള്ളത് ഈ ബംഗ്ളാവ് മാത്രം. അതും ലീസിനായതിനാൽ വിൽക്കാൻ സാധിക്കില്ല. വെച്ചനുഭവിക്കാം അത്രമാത്രം. എന്തയാലും, അച്ഛൻ മരിച്ചതോടെ അമ്മയെയും, പെങ്ങന്മാരെയും പോറ്റേണ്ട ചുമതല യോഗേഷിന്റെ ചുമലിലായി എന്ന് ചുരുക്കം.  പഠിത്തത്തോടൊപ്പം യോഗേഷ് ഷോർട്ട് ഹാൻഡും ടൈപ്പിങ്ങും പഠിച്ചെടുത്തിരുന്നു. അന്നൊക്കെ ഇതുരണ്ടും അധികയോഗ്യതകളായി പരിഗണിക്കപ്പെട്ടിരുന്ന കാലമാണ്. ഇത് രണ്ടും കയ്യിലുണ്ട് എന്ന ആത്മവിശ്വാസത്തോടെയാണ് യോഗേഷ് ലഖ്‌നൗവിൽ ഒരു ജോലിക്കായി ശ്രമിച്ചത്. എന്നാൽ ദുർഭാഗ്യമോ അതോ പരിചയക്കുറവോ, യോഗേഷ് തന്റെ ആദ്യ പരിശ്രമങ്ങളിൽ എല്ലാം തന്നെ പരാജയത്തെ നുകർന്നു.  അങ്ങനെ നിരവധി വാതിലുകൾ മുട്ടി അവിടെനിന്നെല്ലാം തിരസ്കാരങ്ങൾ മാത്രം നേരിടേണ്ടി വന്നു മനം മടുത്തിരിക്കേയാണ് യോഗേഷിന് തന്റെ അമ്മാവന്റെ മകനായ വിജേന്ദ്ര ഗൗറിന്റെ പേര് ഓർമവന്നത്. അന്നദ്ദേഹം മുംബൈയിൽ പേരെടുത്തുവരുന്ന തിരക്കഥാകൃത്തും, ഗാനരചയിതാവും ആണ്. പരിണീത, ഹൌറാ ബ്രിഡ്ജ്, കട്ടി പതംഗ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച അതെ വിജേന്ദ്ര ഗൗർ. അയാളെ ചെന്നുകണ്ടു വല്ല ജോലിക്കും സഹായം ചെയ്യാൻ അപേക്ഷിക്കാം എന്ന് യോഗേഷ് കരുതി.

അങ്ങനെ യോഗേഷ് ബോംബെക്ക് പുറപ്പെടാൻ തീരുമാനിച്ചപ്പോൾ, അന്നത്തെ ആത്മമിത്രം സത്യപ്രകാശ് തിവാരിയും കൂടെ ഇറങ്ങിപ്പുറപ്പെട്ട. നാട്ടിലെ ഒരു ധനികന്റെ മകനായി, ലഖ്‌നൗവിൽ ആഡംബര ജീവിതം നയിച്ചിരുന്ന സത്തു എന്ന് വിളിപ്പേരുള്ള സത്യപ്രകാശ്, നിമിഷനേരം കൊണ്ടാണ് വീട്ടുകാരുടെ ഹിതത്തിന് വിരുദ്ധമായി, തന്റെ സുഖജീവിതം വെടിഞ്ഞ് മുംബൈക്ക് യോഗേഷിനൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്. മുംബൈയിൽ ചർണി റോഡ് സ്റ്റേഷനിൽ വണ്ടിയിറങ്ങി, അടുത്തുള്ള ഒരു അമ്പലത്തിൽ തങ്ങളുടെ പെട്ടിയും മറ്റു സാധനങ്ങളും ഒക്കെ വെച്ച്, അവർ ഇരുവരും കൂടി യോഗേഷിന്റെ സ്വന്തം അമ്മായിയുടെ മകനായ വിജേന്ദ്ര ഗൗറിന്റെ ഫ്ലാറ്റ് തേടിയിറങ്ങി. അന്വേഷിച്ച് പിടിച്ച് ഫ്ലാറ്റിൽ ചെന്ന് ആശാനെ കണ്ടപ്പോൾ, അയാൾ കൈമലർത്തി. ഇരുവരെയും ഒരു തരത്തിലും സഹായിക്കാനുള്ള പിടിപാട് തനിക്ക് മുംബൈയിൽ ഇല്ല എന്നും പറഞ്ഞുകൊണ്ട് വിജേന്ദ്ര ഗൗർ അവരെ കയ്യൊഴിഞ്ഞു. ഇരുവരും വീണ്ടും മുംബൈ മഹാനഗരത്തിന്റെ നടുവിലേക്ക് ഇറങ്ങി.

 അവർ പരസ്പരം കണ്ണുകളിൽ നോക്കി ചോദിച്ചത് ഒരെചോദ്യം. "ഇനി എന്തുചെയ്യും?" വലിയ കാര്യത്തിൽ നാട്ടിൽ നിന്നും പുറപ്പെട്ടു പോന്ന സ്ഥിതിക്ക് ഇനി തിരികെച്ചെല്ലാൻ പറ്റില്ല. പോക്കറ്റിൽ ആകെ അവശേഷിക്കുന്നത് ഇനി അഞ്ഞൂറ് രൂപയാണ്. ആദ്യത്തെ ഒരാഴ്ച ആര്യസമാജത്തിന്റെ അമ്പലത്തിൽ കഴിഞ്ഞു കൊള്ളാൻ അനുമതി കിട്ടിയിട്ടുണ്ട്.അടുത്ത ദിവസം മുതൽ അവർ വീടന്വേഷണം തുടങ്ങി. എല്ലായിടത്തും മുടിഞ്ഞ വാടക, ഒപ്പം നല്ലൊരു തുക പകിടിയായും നൽകണം. അതൊന്നും അഞ്ഞൂറുരൂപ മൂലധനം കൊണ്ട് നടപ്പുള്ള സംഗതികളല്ല. അവരുടെ വീടന്വേഷണം, ചർണി റോഡ്, ഗ്രാന്റ് റോഡ് അങ്ങനെ പോയി ഒടുവിൽ അന്ധേരിയിലെത്തി. സ്റ്റേഷനിൽ വണ്ടിയിറങ്ങി അവർ നടന്നു നടന്നു പാഴ്സി പഞ്ചായത്ത് ഏരിയ എന്നറിയപ്പെടുന്ന മലമ്പ്രദേശത്തി. ആ മലഞ്ചെരുവിൽ കുറെ ഛാലുകൾ പണിതിട്ടിട്ടുണ്ട്. പരുക്കനാണ് നിലം. വെള്ളമില്ല, കരണ്ടുമില്ല. അതുകൊണ്ടുതന്നെ പകിടിയും കൊടുക്കേണ്ട, വാടകയും തുച്ഛം. മാസം വെറും 12 രൂപ വാടകയ്ക്ക് അവിടെ അവരിരുവരും ചേർന്നൊരു ഝോം‌പഡി ഒപ്പിച്ചു. സ്റ്റേഷനിൽ നിന്ന് മുക്കാൽ മണിക്കൂറോളം നേരം നടന്നു വേണം ആ മലമുകളിലേക്ക് എത്തിപ്പെടാൻ എന്നതുമാത്രമായിരുന്നു ഒരേയൊരു പ്രശ്നം.

യോഗേഷിനെ അന്നൊക്കെ സ്നേഹിതർ വിളിച്ചിരുന്നത് ലല്ല എന്നായിരുന്നു. സത്തു എന്ന ആത്മമിത്രം അടുത്തദിവസം ഒരു പ്രഖ്യാപനം നടത്തി, " ലല്ലാ... കഷ്ടപ്പാടാണ് എന്നുകരുതി നീ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്. നിന്റെ ഭാവി സിനിമാ രംഗത്താണ്. അതിൽ വേണം നീ തൊഴിൽ തേടാൻ, ഉപജീവനം കണ്ടെത്താൻ. ചെലവുനടത്താൻ ഞാനും എന്തെങ്കിലുമൊക്കെ ജോലി കണ്ടെത്താം. വീട്ടുചെലവിനെപ്പറ്റി നീ ആലോചിച്ച് തലപുണ്ണാക്കേണ്ട. ഇവിടത്തെ ചെലവിനുള്ള വക ഞാൻ കണ്ടെത്തിക്കൊള്ളാം. നീ നിന്റെ പരിശ്രമങ്ങൾ തുടരൂ..." അത് യോഗേഷിന് ഏറെ ആത്മവിശ്വാസം പകർന്നു. നാട്ടിലെ ബംഗ്ലാവിന്റെ ഒരു പോർഷൻ വാടകയ്ക്ക് നല്കിയിട്ടാണ് യോഗേഷ് പുറപ്പെട്ടു പോന്നത്. ആ വാടകകൊണ്ട് അമ്മയുടെയും പെങ്ങളുടെയും ചെലവുകൾ തൽക്കാലത്തേക്ക് അരിഷ്ടിച്ചാണെങ്കിലും നടന്നു പോകുമായിരുന്നു.

സത്തു സെയിൽസ്മാനായും, അറ്റൻഡറായും ഒക്കെ പല ജോലികളും ചെയ്‌തെങ്കിലും യോഗേഷ് എന്ന ലല്ലയെക്കൊണ്ട് സിനിമയിൽ ചാൻസ് തേടുക എന്ന തൊഴിൽ മാത്രമേ എടുപ്പിച്ചുള്ളൂ. അങ്ങനെയിരിക്കെ സത്തുവിന് സീതാറാം മിൽസിൽ ജോലി കിട്ടുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങിപ്പോയിരുന്ന സത്തു തിരികെ വരുമ്പോൾ രാത്രിയായിരുന്നു. പകൽ മുഴുവൻ ഒറ്റയ്ക്ക് വീട്ടിലിരുന്നു പകൽക്കിനാവ് കണ്ടിരുന്ന യോഗേഷിന്റെ ഹൃദയത്തിൽ ആ ഏകാന്തതയിൽ നിരവധി ചിന്തകൾ ഉണർന്നു.  അവയിൽ പലതിനും പാട്ടുകളുടെ രൂപവും കൈവന്നു. അയാൾ അതൊക്കെയും കടലാസുകളിലേക്ക് പകർത്തി. അങ്ങനെ പാട്ടുകൾ ഡയറിത്താളുകളിൽ പെരുകിയപ്പോൾ അയാൾ ആ ഡയറിയും കക്ഷത്തുവെച്ചുകൊണ്ട് സംഗീതസംവിധായകരുടെ വീടുകളിൽ അവസരമന്വേഷിച്ച് ഇറങ്ങിപ്പുറപ്പെട്ടു.

അതിനിടെ അവർ ഓഷിവാരയിലെ ഒരു ഛാളിലേക്ക് താമസം മാറ്റി. അവിടെ അയൽവക്കത്ത് അന്ന് ഹിന്ദി സിനിമയിൽ അവസരം തേടി അലഞ്ഞുകൊണ്ടിരുന്ന ഗുൽഷൻ കുമാർ മെഹ്തയും ഉണ്ടായിരുന്നു. അന്ന് റെയിൽവേയിൽ ഗുഡ്‌സ് ക്ലർക്കായിരുന്ന ഗുൽഷൻ പിന്നീട് ഗുൽഷൻ 'ബാവ്‌റ' എന്ന പേരിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതി. അദ്ദേഹവുമായി പെട്ടെന്നുതന്നെ അടുത്ത യോഗേഷ്, പിന്നീടുള്ള തന്റെ ഭാഗ്യാന്വേഷണങ്ങളിൽ ഗുൽഷനെയും കൂടെക്കൂട്ടി. അതിനെ അവർ ദേവാനന്ദുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഭഗവാൻ സിൻഹ എന്നൊരു സ്വഭാവനടനെ പരിചയപ്പെടുന്നു. അയാൾ വഴിയാണ് അവർ ഇരുവരും റോബിൻ ബാനർജി എന്ന സംഗീത സംവിധായകനിലേക്ക് എത്തിപ്പെടുന്നത്. അതായിരുന്നു അവരുടെ ബോളിവുഡിലേക്കുള്ള എൻട്രി.

 

 

1962 -ൽ പുറത്തിറങ്ങിയ 'സഖി റോബിൻ' എന്ന തന്റെ ചിത്രത്തിന് പാട്ടെഴുതാനുള്ള ചുമതല റോബിൻ ബാനർജി ഏൽപ്പിച്ചത്  യോഗേഷിനെ ആയിരുന്നു. അങ്ങനെ യോഗേഷിന്റെ തൂലികയിൽ നിന്നുള്ള ആദ്യഗാനം, ബിജെ പട്ടേൽ സംവിധാനം ചെയ്ത് രഞ്ജൻ കപൂർ, നിലോഫർ എന്നിവർ നടിച്ച ഈ റോബിൻഹുഡ് ചിത്രത്തിലെ 'തും ജോ ആ ജായെ തോ പ്യാർ ആ ജായെ...' എന്ന യുഗ്മഗാനം, ഹിന്ദി സിനിമാലോകത്ത് പിറന്നുവീണു. മന്നാഡെ, സുമൻ കല്യാൺപുർ എന്നിവരായിരുന്നു ആലാപനം. സിനിമ അത്രയ്ക്കങ്ങോട്ട് ഓടിയില്ലെങ്കിലും, യോഗേഷ് എഴുതിയ ആ ഗാനം സൂപ്പർ ഹിറ്റായി. ആ ചിത്രത്തിൽ മൊത്തം ആറുഗാനങ്ങൾ അദ്ദേഹം എഴുതി. പിന്നീട് നിരവധി കുഞ്ഞു ചിത്രങ്ങൾക്ക് യോഗേഷിനെ സംഗീത സംവിധായകർ വരികളെഴുതാൻ ക്ഷണിച്ചു.

 

എന്നാൽ, യോഗേഷ് എന്ന പേര് ഹിന്ദി സിനിമയുടെ ആകാശങ്ങളിൽ തങ്കലിപികളാൽ എഴുതി വെക്കപ്പെടുന്നത് ആനന്ദ് എന്ന ഋഷികേശ് മുഖർജി ചിത്രത്തിലെ ഗാനങ്ങൾ എഴുതിയ ശേഷമാണ്. അത് ആദ്യത്തെ ഗാനമെഴുതി പത്തു വർഷത്തിന് ശേഷമായിരുന്നു. പത്തുവർഷത്തോളം ബോളിവുഡിലെ തട്ടുപൊളിപ്പൻ ഗാനങ്ങൾ എഴുതിക്കൊണ്ടു നടന്ന യോഗേഷ് എന്ന ഈ യുവാവിന്റെ തൂലികയിൽ നിന്ന് ആനന്ദിലേതുപോലുള്ള അപൂർവ സുന്ദര ഗാനങ്ങളും പിറന്നുവീഴുന്ന എന്ന് അന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. "സിന്ദഗീ, കൈസി ഹേ പഹേലി..." എന്ന് യോഗേഷ് കുറിച്ചത് സ്വന്തം അനുഭവം മുൻ നിർത്തിയായിരുന്നു. കാരണം ജീവിതം അയാൾക്ക് അപ്പോഴും ഒരു പ്രഹേളിക തന്നെയായിരുന്നു.  

 


ആനന്ദിലെ മെഗാഹിറ്റ് ഗാനങ്ങൾക്ക് ശേഷം രാജ് കപൂർ യോഗേഷിനെ നേരിൽ കാണാൻ, ഒരു പക്ഷെ അടുത്ത ചിത്രത്തിന് പാട്ടെഴുതാൻ വേണ്ടി തന്റെ ബംഗ്ലാവിലേക്ക് ക്ഷണിച്ചെങ്കിലും, അവിടേക്കു ചെന്ന മൂന്നുവട്ടവും ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡ് അദ്ദേഹത്തെ അകത്തേക്ക് വിട്ടില്ല. ഓരോതവണയും, സ്വതവേ അന്തർമുഖനും അഭിമാനിയുമായ യോഗേഷാകട്ടെ കെഞ്ചാനൊന്നും മിനക്കെടാതെ തിരികെപ്പോരുകയും ചെയ്തിരുന്നു. അന്ന് ആ കാവൽക്കാരൻ വഴിതടഞ്ഞത്, ഒരു ഗാനരചയിതാവ് എന്ന നിലയിൽ ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടാനുള്ള യോഗേഷിന്റെ യോഗത്തിന്റെ കൂടിയാണ് എന്ന് പറയാം. അന്ന് രാജ് കപൂറുമൊത്ത് ഒരു ചിത്രം എന്നത് ഏതൊരു ഗാനരചയിതാവിനെയും സംബന്ധിച്ചിടത്തോളം ഒരു ലോട്ടറിക്ക് തുല്യമായിരുന്നു.

 


രാജ് കപൂറിന്റെ ചിത്രങ്ങൾക്ക് പാട്ടെഴുതാൻ സാധിച്ചില്ലെങ്കിലും, പിന്നീട് രജനീഗന്ധ, മൻസിൽ തുടങ്ങിയ പല ഹിറ്റ് ചിത്രങ്ങൾക്കും ഗാനങ്ങൾ എഴുതിയ യോഗേഷ് അവസാനമായി പാട്ടെഴുതിയ ചിത്രം 2018 -ലെ അംഗ്രേസി മേം കെഹ്തേ ഹേ തോ ആയിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ നിര്യാണത്തോടെ വിടവാങ്ങിയത് ഹിന്ദി ചലച്ചിത്ര ഗാനശാഖയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകിയ ഒരു അസാമാന്യപ്രതിഭയാണ്. അദ്ദേഹം ആനന്ദിലെ ഒരു പാട്ടിൽ എഴുതിയ പോലെ," കിനാവുകളുടെ തിരുമുറ്റത്ത്, തെളിഞ്ഞു നിൽക്കുന്ന സ്വപ്നദീപങ്ങളായി' അദ്ദേഹത്തിന്റെ വരികൾ ആസ്വാദക ഹൃദയങ്ങളിൽ എന്നുമെന്നും അലയടിക്കും. 

 

ALSO READ :

'തും മുഝേ യൂം, ഭുലാ ന പാവോഗേ...' - അത്രയെളുപ്പം മറക്കാനാവില്ല നിങ്ങൾക്കെന്നെ - Rafi Tribute

90-ാം ജന്മദിനത്തിൽ 'കിഷോർദാ'യെ ഓർക്കുമ്പോൾ

ലോകം മുഴുവന്‍ നടന്ന് പാടിയൊരാള്‍ക്ക് പെട്ടെന്നൊരു നാള്‍ ശബ്‌ദം നിലച്ചപ്പോള്‍ - Tribute to Talat Mahmood 

കഭീ കഭിക്ക് ഈണം പകർന്ന ഖയ്യാം ഇനി ഓർമ 

'ഷെഹൻഷാ-എ-ഗസൽ' വിടവാങ്ങിയിട്ട് ഇന്നേക്ക് ഏഴുവർഷം..!

നിറഞ്ഞുകവിഞ്ഞ സദസ്സിനെ ഞെട്ടിച്ചുകൊണ്ട് അന്ന് അനൗൺസ് ചെയ്യപ്പെട്ടു, 'മുകേഷിന്റെ വിഷാദമധുരസ്വരം നിലച്ചിരിക്കുന്നു...'

രുദാലിയുടെ ഹൃദയമിടിപ്പുകൾക്ക് ഈണം പകർന്ന ഭൂപേൻ

ഈ വിരലുകള്‍ പതിഞ്ഞാല്‍ തബലയില്‍ മഴ തുളുമ്പും, കടലിരമ്പും, പക്ഷികള്‍ പറക്കും...