ടെക്നിക്കലി ബ്രില്യന്റായ ബാറ്ററുടെ ടെസ്റ്റ് കരിയറിലെ നമ്പറുകള്‍ അതിനൊത്തതല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്
നാലാം ദിനം ഹെഡിങ്ലിയിലെ വിക്കറ്റില്‍ ചെറിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടു. ഷോയിബ് ബഷീര്‍ എന്ന ഓഫ് സ്പിന്നറിലാണ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്ക്‌സ് വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്. ലൊ ബൗണ്‍സും ടേണും ബഷീറിന് വിക്കറ്റില്‍ നിന്ന് ലഭിക്കുകയാണ്. സ്ട്രൈക്കില്‍ കെ എല്‍ രാഹുല്‍, ഡ്രൈവിനായി കവര്‍ ഒഴിച്ചിട്ടിരിക്കുകയാണ് സ്റ്റോക്ക്‌സ്. സ്ലിപ്പില്‍ ഹാരി ബ്രൂക്ക് നിലയുറിപ്പിച്ചിരിക്കുന്നു. രാഹുലിന്റെ എഡ്ജിനായി കളം ഒരുങ്ങി.
കവര്‍ ഡ്രൈവുകളാല്‍ ഹെഡിങ്ലിയില്‍ വിരുന്നൊരുക്കിയ രാഹുലിന്റെ ഓഫ് സ്റ്റമ്പ് ലക്ഷ്യമാക്കി പന്ത് തിരിഞ്ഞെത്തി. രാഹുലിന്റെ കൈകള്‍ ശരീരത്തോട് വളരെ ചേര്‍ന്നാണുള്ളത്. കണ്ണുകള്‍ ഇമചിമ്മാതെ പന്തില്‍ തന്നെ. വളരെ നിയന്ത്രണത്തോടെയുള്ള ബാറ്റിന്റെ ചലനം. ഓഫ് സ്റ്റമ്പ് തൊട്ടുരുമാൻ സാധ്യതയുള്ള ഡ്യൂക്‌സ് ബോള്‍ അനായാസം പ്രതിരോധിച്ച് ബഷീറിലേക്ക് മടക്കി രാഹുല്‍. ബഷീറിനും സ്റ്റോക്ക്സിനും നിരാശ. 159 പന്തുകള്‍ നേരിട്ടതിന്റെ തഴക്കം വന്നിരുന്നു എസ് ജി ബാറ്റിന്.
ഇനി ശുഭ്‌മാൻ ഗില്ലിന്റെ വിക്കറ്റും സമാന പന്തിലെ രാഹുലിന്റെ സമീപനവും താരതമ്യം ചെയ്യാം. ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ വന്ന ഗുഡ്‌ലെങ്ത് ഡെലിവെറി കോര്‍ഡനിലേക്ക് തട്ടിയകറ്റനായിരുന്നു ഇന്ത്യൻ നായകന്റെ ശ്രമം. ഗില്‍ പ്രതീക്ഷിച്ചതിലും ഇൻസ്വിങ് പന്തിലുണ്ടായിരുന്നു, ഒരുപക്ഷേ വിക്കറ്റിലെ വിള്ളലായിരിക്കാം ഇതിന് കാരണമായത്. പ്ലെയ്‌ഡ് ഓണായാണ് ഗില്ലിന്റെ മടക്കം സംഭവിച്ചത്.
38-ാം ഓവറിലെ നാലാം പന്ത്. ഗില്‍ പുറത്തായതിന് സമാനമായ പന്ത്, ഗുഡ് ലെങ്തിന് പകരം ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറിയായിരുന്നെങ്കിലും വിക്കറ്റില്‍ നിന്ന് ലഭിച്ച ബൗണ്‍സിന്റെ അളവ് തുല്യമായിരുന്നു, ഫോര്‍ത്ത് സ്റ്റമ്പ് ലൈനിലേക്കാണ് പന്ത് കുതിച്ചെത്തിയത്. ബാറ്റ് സ്പീഡിലെ നിയന്ത്രണവും ലേറ്റ് അഡ്ജസ്റ്റുമെന്റും ബാറ്റില്‍ അവസാന നിമിഷം നടത്തിയ ടില്‍റ്റും വൈഡ് സ്ലിപ്പിനും ഗള്ളിക്കുമിടയിലൂടെ രാഹുലിന് ബൗണ്ടറി നേടിക്കൊടുത്തു.
മറുവശത്ത് ഗില്‍ ഷോട്ടിലേക്ക് വേഗം കടന്നിരുന്നു, അഹമ്മദാബാദിലെ വിക്കറ്റില്‍ ഗില്‍ നിരവധി തവണ ബൗണ്ടറികടത്തുന്ന അതേ വേഗം ബാറ്റിനുണ്ടായിരുന്നു. ഇവിടെയാണ് രാഹുലിന്റെ സാങ്കേതികത്തികവിലെ മുൻതൂക്കം കാണാനാകുന്നത്. വിദേശവിക്കറ്റുകളിലെ രാഹുലിന്റെ നാച്ചുറല്‍ ഗെയിം, മറ്റൊരുരീതിയില്‍ നോക്കിയാല്‍ വെയിറ്റിങ് ഗെയിമെന്ന് പറയാം, ഇത് വിജയിക്കുന്നതിന് പിന്നിലും സാങ്കേതികത്തികവ് തന്നെയാണ്.
നാലാം ദിനത്തിലെ ആദ്യ സെഷനില്‍ ഓവര്‍ കാസ്റ്റ് കണ്ടീഷനില്‍ വോക്ക്‌സിന്റെ രണ്ട് മികച്ച പന്തുകള്‍ രാഹുലിന്റെ പ്രതിരോധം തകര്‍ത്തിരുന്നെങ്കിലും സ്റ്റമ്പില്‍ നിന്ന് മില്ലിമീറ്റര്‍ അകലം പാലിച്ചു. ഇത്തരം പരീക്ഷണങ്ങളിലൂടെയായിരുന്നു രാഹുല്‍ കടന്നുപോയതും. പലപ്പോഴും പന്ത് മിഡില്‍ ചെയ്യുന്നതില്‍പ്പോലും പരാജയപ്പെടുന്നതായി കണ്ടു, ഫുള്‍ടോസുകളിലും ഇത് ആവര്‍ത്തിച്ചു. രാഹുല്‍ പ്രതിരോധിക്കാൻ ആരംഭിച്ചാല്‍ പ്രതിരോധം മാത്രമായി ചുരുങ്ങുമെന്ന വിമര്‍ശനമുണ്ടാകാറുണ്ട്.
പക്ഷേ, അങ്ങനെയാണ് രാഹുല്‍ ടെസ്റ്റ് ക്രിക്കറ്റില്‍, പ്രത്യേകിച്ചും വിദേശവിക്കറ്റുകളില്‍ തന്റെ ഇന്നിങ്സിനെ പാകപ്പെടുത്തുന്നത്. അത് ഒരു പരാജയപ്പെട്ട ശൈലിയല്ലെന്ന് സെഞ്ച്വറി ഇന്നിങ്സും രണ്ടാം സെഷനില്‍ ഇന്ത്യ നടത്തിയ ആധിപത്യവും തെളിയിക്കുന്നു. റിഷഭ് പന്തിനൊപ്പമുള്ള കൂട്ടുകെട്ടും ഇവിടെ ഉദാഹരിക്കാം. വിക്കറ്റിലെ, ഗുഡ് ലെങ്ത് ഏരിയയിലെ ക്രാക്കില്‍ നിന്നുണ്ടായ അപ്രതീക്ഷിത ബൗണ്‍സ് പലപ്പോഴും രാഹുലിന്റെ ശരീരത്തിലായിരുന്നു പതിച്ചിരുന്നത്.
ഗില്ലിന്റെ വിക്കറ്റിന് ശേഷം രാഹുല്‍ തന്റെ ഇന്നിങ്സിനെ പേസ് കുറച്ചതും കാണാനാകും. 76 പന്തില്‍ 47 റണ്‍സായിരുന്നു ഗില്‍ മടങ്ങുമ്പോള്‍ രാഹുലിന്റെ പേരിന് നേര്‍ക്കുണ്ടായിരുന്നത്. ആദ്യ സെഷൻ രാഹുല്‍ പിന്നീട് നേരിട്ടത് 81 പന്തുകളാണ്, നേടിയത് 25 റണ്‍സ് മാത്രവും. രണ്ടാം സെഷനില്‍ റിഷഭിന്റെ ആധിപത്യം നിറഞ്ഞപ്പോള്‍ പിന്തുണക്കാരന്റെ റോളില്‍. എങ്കിലും സ്കോറിങ് വേഗം കൂട്ടി, 70 പന്തുകളില്‍ നിന്ന് 48 റണ്‍സുകൂടി ചേര്‍ത്തു.
കരുണ്‍ നായര്‍ പ്രതിരോധത്തിലൂന്നിയതോടെ രാഹുല്‍ ബൗണ്ടറികള്‍ കണ്ടെത്തുന്നത് വര്‍ധിപ്പിച്ചു. അവസാന 20 പന്തില്‍ 17 റണ്‍സുകൂടിചേര്‍ത്താണ് സെഞ്ച്വറി ഇന്നിങ്സ് അവസാനിപ്പിക്കുന്നത്. ടോട്ടല്‍ കണ്‍ട്രോളില്‍ കംപോസ്‌ഡായ ഇന്നിങ്സുകളില്‍ ഒന്ന്.
വിദേശവിക്കറ്റിലെ എട്ടാം ശതകം, ഇന്ത്യയില്‍ കളിച്ച 32 ഇന്നിങ്സില്‍ നേടിയതാകട്ടെ ഒരു സെഞ്ച്വറിയും. സെന രാജ്യങ്ങളില്‍ നേടുന്ന ആറാമത്തെ സെഞ്ച്വറിയാണിത്, ഇംഗ്ലണ്ടിലെ മൂന്നാമത്തേതും.
ഇത്രയും ടെക്നിക്കലി ബ്രില്യന്റായ ബാറ്ററുടെ ടെസ്റ്റ് കരിയറിലെ നമ്പറുകള്‍ അതിനൊത്തതല്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. ടെസ്റ്റിലെ ബാറ്റിങ് ശരാശരി 35ന് താഴെ എത്തിനില്‍ക്കുന്നുവെന്നത് തന്നെയും വേദനിപ്പിക്കുന്ന ഒന്നാണെന്ന് രാഹുല്‍ തന്നെ പറയുന്നു. കണക്കുകള്‍ക്ക് പിന്നാലെയല്ല താൻ സഞ്ചരിക്കുന്നത്, ടീമിനായി മികവ് പുലര്‍ത്തുകയാണ് ലക്ഷ്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും അഭാവത്തിന്റെ ഉത്തരവാദിത്തം രാഹുല്‍ പേറുകയാണ്. പതിവുപോലെ ക്രൈസിസ് മാനേജറുടെ കുപ്പായത്തില്‍.


