നടൻ ടിനി ടോം 'എമ്പുരാൻ' കഥാപാത്രത്തെ അനുകരിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി. കോട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞുള്ള പ്രകടനം മോഹൻലാലിനെ അപമാനിക്കുന്നതാണെന്നും, തോൾ ചരിക്കുന്നത് അനുകരണമല്ലെന്നും പലരും അഭിപ്രായപ്പെട്ടു.
മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ടിനി ടോം. മിമിക്രി വേദികളിൽ നിന്നും വെള്ളിത്തിരയിൽ എത്തിയ ടിനി ടോം പിന്നീട് സഹനടനായും നടനായും തിളങ്ങി. വിവിധ സ്റ്റേജ് ഷോകളിൽ സജീവമായി എത്തുന്ന ടിനി ടോമിന് പലപ്പോഴും ട്രോളുകളും വരാറുണ്ട്. ഏതാനും നാളുകൾക്ക് മുൻപ് ബൊഗെയ്ൻവില്ല എന്ന ചിത്രത്തിലെ സ്തുതി ഗാനം ടിനി ടോം ഒരു വേദിയിൽ പാടിയിരുന്നു. ഇതേറെ ട്രോളുകൾക്കും പരിഹാസങ്ങൾക്കും കാരണമായി. ഇപ്പോഴിതാ വീണ്ടും ടിനിയ്ക്ക് നേരെ ട്രോളും വിമർശനവും വരികയാണ്.
എമ്പുരാൻ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രം എബ്രഹാം ഖുറേഷിയെ അവതരിപ്പിക്കുന്ന ടിനിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു പരിപാടിയിൽ ആയിരുന്നു ടിനിയുടെ അനുകരണം. 'എമ്പുരാൻ സിനിമയിലെ മോഹൻലാലിന്റെ ഇൻട്രോ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതാണ് ഞാൻ അവതരിപ്പിക്കുന്നത്. ലാലേട്ടന്റെ ഫാൻസിനായി ഞാനത് സമർപ്പിക്കുന്നു', എന്ന് പറഞ്ഞാണ് ടിനി ടോം അനുകരണം തുടങ്ങിയത്. കൂളിംഗ് ഗ്ലാസ് വച്ച്, കോട്ടും ഇട്ട്, സ്ലോമോഷനിലാണ് എമ്പുരാനെ താരം അനുകരിച്ചത്.
ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളും വിമർശനവും വന്നു. തോൾ ചരിച്ചാൽ മോഹൻലാൽ ആവില്ലെന്നും ഇങ്ങനെ അപമാനിക്കരുതെന്നുമാണ് വിമർശിച്ച് കൊണ്ട് പലരും കമന്റ് ചെയ്തിരിക്കുന്നത്. ബിജിഎം കറക്റ്റ് ആണ്, തോൾ ചരിച്ചാൽ മഹാനടൻ ആവില്ലെന്ന് ആരേലും ഒന്ന് പറഞ്ഞു കൊടുക്ക്. കഷ്ടം, ഇവന്റെ തൊലിക്കട്ടി സമ്മതിക്കണം, കറക്ട് ടിനി ടോം, ലാലേട്ടൻ അവനെതിരെ കേസുകൊടുക്കണം, ലാലേട്ടൻ ടിനി ടോമിനെ അവതരിപ്പിക്കുന്ന അപൂർവ്വ നിമിഷം, എയറിൽ കേറാനുള്ള ഓരോ ഐറ്റവും കൊണ്ട് ഇടക്ക് ഇതുപോലെ ഓരോ വരവ് വരും", എന്നിങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.



