‘ആദ്യം ചെയ്യേണ്ടത് വീട്ടു ജോലിയാണ്. അടുക്കള പണി. പിന്നെയാണ് അഭിനയം’, എന്നായിരുന്നു യുവതിയുടെ കമന്‍റ്. 

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലിസ് ക്രിസ്റ്റി. സീരിയലുകളിലൂടെയാണ് ആലിസ് വന്നതെങ്കിലും മലയാളികൾക്ക് സുപരിചിതയാകുന്നത് യൂട്യൂബർ കൂടി ആയ ശേഷമാണ്. തന്റെ ചെറിയ- വലിയ വിശേഷങ്ങളും ബിസിനസിനെ കുറിച്ചുള്ള കാര്യങ്ങളുമെല്ലാം ആലിസ് പങ്കുവയ്ക്കാറുണ്ട്. ആലിസിനൊപ്പം എല്ലാ പിന്തുണയുമായി ഭർത്താവ് സജിനും ഉണ്ട്. ഇപ്പോഴിതാ തനിക്ക് വന്നൊരു കമന്റിന് ആലിസ് നൽകിയ മറുപടി ആണ് സോഷ്യൽ മീഡിയയിൽ പ്രശംസയ്ക്ക് വഴിവച്ചിരിക്കുന്നത്.

'ആദ്യം ചെയ്യേണ്ടത് വീട്ടു ജോലിയാണ്. അടുക്കള പണി. പിന്നെയാണ് അഭിനയം. ആലീസിന്‍റെ വീട്ടുകാര്‍ ഒന്നിച്ച് കൂടിയാല്‍ ആരുടേയും സഹായമില്ലാതെ സദ്യ ഉണ്ടാക്കാന്‍ പറ്റുമോ? പൈസ ഉണ്ടാക്കിയിട്ട് മാത്രം കാര്യമില്ല. എല്ലാ പണിയും അറിയാവുന്നവരുടെ കയ്യില്‍ ഇങ്ങനെയുള്ള വീട് ഏല്‍പ്പിക്കുക', എന്നായിരുന്നു ഒരു യുവതിയുടെ കമന്റ്.

ഇതിന്, "ഓക്കെ ചേച്ചി.. നാളെ വന്നാല്‍ മതി. ആദാരം ഉള്‍പ്പടെ ഞാന്‍ എഴുതി തരാം. ഞാന്‍ ജോലിക്കൊന്നും പോകാതെ അടുക്കളയില്‍ ഇരുന്ന് പണി എടുക്കും. എന്നിട്ട് നയന ചേച്ചി എനിക്ക് എല്ലാ മാസവും ഒന്നര ലക്ഷം രൂപയോ രണ്ട് ലക്ഷം രൂപയോ എനിക്ക് ശമ്പളം തരണം. അപ്പോഴെന്‍റെ കാര്യങ്ങളെല്ലാം നടക്കും. ചേച്ചിയുടെ ശമ്പളത്തിന് ഞാന്‍ ജീവിക്കും. എന്‍റെ വീട്ടുകാര്‍ ഒന്നിച്ച് കൂടുമ്പോള്‍ അവര്‍ക്ക് സദ്യം ഉണ്ടാക്കി കൊടുക്കണമെങ്കില്‍ എന്‍റെ കയ്യില്‍ പൈസ വേണം. പൈസ ഇല്ലാതെ പോയാല്‍ സാധനങ്ങള്‍ എടുത്ത് തരാന്‍ ഈ കേരളത്തിലെ എല്ലാവരും എന്‍റെ ബന്ധുക്കളല്ല. എനിക്ക് പൈസ ഉണ്ടെങ്കിലേ സദ്യ വേണോ ബിരിയാണി വേണോ എന്ന് തീരുമാനിച്ച് ഉണ്ടാക്കി കൊടുക്കാന്‍ പറ്റൂ. ഇത്തരം കമന്റിടുന്നവർക്ക് നിരാശ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ജോലി ചെയ്ത് പൈസ ഉണ്ടാക്കി സ്വന്തം കാലില്‍ നില്‍ക്കുന്നവരെ കാണുമ്പോള്‍ അവര്‍ക്ക് അതിന് പറ്റാത്തതിന്‍റെ നിരാശ. അതാണ് ഇവരീ വന്ന് തീര്‍ക്കുന്നതെന്ന് തോന്നാറുണ്ട്. അത് ഞാന്‍ ഓപ്പണായി തന്നെ പറയുകയാണ്.

ചേച്ചി.. നമ്മുടെ ജീവിതത്തില്‍ കാശിന് സന്തോഷം കൊണ്ട് വരാന്‍ പറ്റില്ലെന്നൊക്കെയുള്ള ഡയലോഗുകള്‍ ഇല്ലേ. സത്യം പറഞ്ഞാല്‍ കാശ് ഉണ്ടെങ്കിലേ നമ്മുടെ ജീവിതത്തില്‍ സന്തോഷം ഉണ്ടാകൂ. കയ്യില്‍ പൈസയില്ലാതെ ഇരിക്കുന്ന സമയത്തെ അതിന്‍റെ ബുദ്ധിമുട്ട് നമുക്ക് അറിയൂ. പൈസ ഉണ്ടാക്കാനായി എല്ലാവരും ചെയ്യുന്നത് പോലെയാണ് ഞാന്‍ എന്‍റെ ജോലിയും ചെയ്യുന്നത്. ഓരോ ജോലിയും വ്യത്യസ്തമാണ്. ഞാന്‍ ജോലി ചെയ്ത്, പൈസ ഉണ്ടാക്കി, സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റുന്നത് എന്‍റെ ദൈവാനുഗ്രഹം. എനിക്കൊരു വീട് കിട്ടി. കയ്യില്‍ പത്തിന്‍റെ പൈസ എടുക്കാനില്ല. ഞാന്‍ അടുക്കളയില്‍ കയറി നിന്നാല്‍ സാധനങ്ങള്‍ ഉണ്ടാകില്ലല്ലോ. അതിനും പൈസ വേണ്ടേ. എനിക്ക് ഇനി ജോലിക്ക് പോകേണ്ട ആവശ്യമില്ല, കാരണം എനിക്ക് അടുക്കള പണിയറിയാം, എന്റെ ഉത്തരവാദിത്വമാണത് എന്ന് കരുതി വീട്ടിലിരുന്നാല്‍ ഇങ്ങനെ ഇരിക്കയേ ഉള്ളൂ. സജിന്‍റെ ശമ്പളത്തിന് ജീവിച്ചൂടെ എന്ന് ചോദിക്കുന്നവരുണ്ടാകും. കാലം മാറി. പണ്ടത്തെ കാലമല്ല ഇത്. ഒരു പത്ത് രൂപ ആണെങ്കിലും സ്വന്തമായിട്ട് ഉണ്ടാക്കുമ്പോള്‍ അതിന്‍റെ സന്തോഷം ഭയങ്കരമാണ്. സജിന്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍, കഷ്ടപ്പെട്ട് പഠിച്ച് വാങ്ങിയതാണ്. ഇച്ചായന്‍ ജോലി ചെയ്ത് പൈസ ഉണ്ടാക്കുമ്പോള്‍ അത് ഊറ്റുന്നതല്ല എന്‍റെ ഉത്തരവാദിത്വം. ഇച്ചായന് ഇച്ചായന്റേതായ ആവശ്യങ്ങളും കാര്യങ്ങളുമുണ്ട്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ സ്വന്തമായി പൈസ ഉണ്ടാക്കി തുടങ്ങിയ ആളാണ്. ഇത്രയും വര്‍ഷം വരെ അങ്ങനെ തന്നെ. എന്‍റെ കുടുംബത്തില്‍ സമ്പാദിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. അതില്‍ എനിക്ക് എന്നും അഭിമാനമാണ്. ആരേയും ബുദ്ധിമുട്ടിപ്പിക്കാതെ എന്‍റെ അപ്പന്‍റേയും അമ്മയുടേയും കാര്യങ്ങള്‍ എല്ലാം നോക്കി ഞാന്‍ നടത്തുന്നുണ്ട്. അതെന്‍റെ സന്തോഷം ആണ്. ഫസ്റ്റ് പ്രിഫറന്‍സ് അടുക്കള എന്ന് പറഞ്ഞ് വീട്ടിലിരുന്നാല്‍ എന്‍റെ വീട് പട്ടിണിയാവും. അതുകൊണ്ട് ചേച്ചിയുടെ ഈ മെസേജിലൊന്നും ഞാന്‍ തളരില്ല ചേച്ചി. ആദ്യം ജോലി പിന്നെ അടുക്കള", എന്ന കുറിക്ക് കൊള്ളുന്ന മറുപടിയാണ് ആലിസ് നൽകിയത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming