സിനിമയിൽ അവസരം നേടാൻ ഗ്ലാമറസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങൾക്ക് മറുപടിയുമായി നടി എസ്തർ അനിൽ.

ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടിയാണ് എസ്തർ അനിൽ. ഒട്ടനവധി സിനിമകൾ അഭിനയിച്ച താരത്തിന് വലിയൊരു കരിയർ ബ്രേക്ക് ലഭിക്കുന്നത് മോഹൻലാലിന്റെ ദൃശ്യം ഫ്രാഞ്ചൈസിയിലൂടെയാണ്. നിലവിൽ ദൃശ്യം 3 തിയറ്ററിൽ എത്താനിരിക്കുകയാണ്. തതവസരത്തിൽ സോഷ്യൽ മീഡിയയിലെ ‘സദാചാര ആങ്ങളമാർ’ക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് എസ്തർ. എസ്തർ പങ്കുവച്ചൊരു പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയാണിത്.

"പെട്ടെന്ന് വളര്‍ന്ന് ലീഡ് റോളിലെത്താന്‍ പകമായി എന്ന് സിനിമാക്കാരെ അറിയിക്കാനുള്ള ഒരു ഹൈപ്പര്‍ സെക്ഷ്വല്‍ ഫോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട്", എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനെ അനുകൂലിച്ച് "അതെ, സിനിമകള്‍ കിട്ടാന്‍ വേണ്ടി.. ഞാന്‍ നായികയാവാന്‍ ഉള്ള പ്രായമെത്തി എന്ന് കാണിക്കാന്‍ വേണ്ടി അല്‍പ വസ്ത്രവും ശരീരഭംഗിയുമൊക്കെ കാണിച്ച് പോസ് ചെയ്ത് അവരെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍, കുറ്റം മുഴുവനും പറയുന്നവരുടെ മുകളില്‍ ആക്കും", എന്നൊരു കമന്റും വന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു എസ്തറിന്റെ മറുപടി.

"സിനിമയിൽ അവസരം കിട്ടാൻ തുണി ഉരിയുന്നുവെന്ന അസംബന്ധം ഇനിയെങ്കിലും ഒന്ന് അവസാനിപ്പിച്ചു കൂടേ? സോഷ്യൽ മീഡിയയിൽ ​ഗ്ലാമറസ് ആയതുകൊണ്ട് മലയാള സിനിമയിൽ കഴിവുള്ള നായികമായി മാറിയ എത്ര നടിമാരുണ്ടെന്ന് പറഞ്ഞു തരൂ.. ഒരാൾ പോലും ഇല്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താൻ തന്നെ മറ്റുള്ളവർക്ക് എന്താണ് കാര്യം ? മലയാള സിനിമ എന്നും നിലനിൽക്കുന്ന കലാകാരന്മാരുടെ കഴിവിന്റെ കരുത്തിലാണ്. അല്ലാതെ വസ്ത്രധാരണത്തിലോ ന​ഗ്നതയിലോ അല്ല", എന്ന് എസ്തർ പറയുന്നു.

കമന്റിന് മറുപടി എന്നോണം, "ചിലർക്ക് ഒരു ജീവിത ലക്ഷ്യവും ഇല്ലെന്നതാണ് സത്യം. സഹോദരാ.. എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? വലിയ ഫോളോവേഴ്സിനെ സ്വന്തമാക്കാൻ വേണ്ടിയുള്ള തരംതാണ പ്രശസ്തിയാണോ ലക്ഷ്യം ? എന്തായാലും സാരമില്ല, നടക്കട്ടെ. സാധാരണ ഇങ്ങനെയുള്ള കാര്യങ്ങളോട് പ്രതികരിക്കാത്ത ആളാണ് ഞാൻ. പക്ഷേ, ഇന്ന് ഇത്തരം ആളുകളെ ഒന്ന് തുറന്നുകാണിക്കണമെന്ന് തോന്നി", എന്നും എസ്തർ കുറിച്ചു. പിന്നാലെ എസ്തറിന്റെ വാക്കുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming