നടി യാമി ഗൗതമിനെ കരൺ ജോഹർ അടുത്തിടെ ഒരു പരിപാടിയിൽ പ്രശംസിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തത് ചർച്ചയാകുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു ഷോയിൽ യാമിയെ അവഗണിച്ച കരണിന്റെ ഇപ്പോഴത്തെ പെരുമാറ്റത്തെ സോഷ്യൽ മീഡിയ വിമർശിക്കുകയാണ്.
ബോളിവുഡ് സിനിമകളിലൂടെ സുപരിചിതയായി മാറിയ താരമാണ് യാമി ഗൗതം. മോഡലായി കരിയർ ആരംഭിച്ച യാമി കന്നഡ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ബോളിവുഡിൽ ശ്രദ്ധേയമായ വേഷം ചെയ്ത യാമിയെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് പൃഥ്വിരാജ് നായകനായി എത്തിയ ഹീറോ എന്ന പടത്തിലൂടെയാണ്. ചിത്രത്തിൽ ഗൗതമി മേനോൻ എന്ന സിനിമാതാരമായിട്ടായിരുന്നു യാമി അഭിനയിച്ചത്. തമിഴിലും സിനിമകൾ ചെയ്ത യാമി ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഭർത്താവിന്റെ പേരിലാണ്. ബോളിവുഡിൽ വലിയ വിജയം നേടിയ ധുരന്ധർ സംവിധാനം ചെയ്ത ആദിത്യ ധറിന്റെ ഭാര്യയാണ് യാമി. സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ കരൺ ജോഹറും യാമിയും തമ്മിലുള്ളൊരു വീഡിയോ ചർച്ചയായിരിക്കുകയാണ്.
ആമസോൺ പ്രൈം വീഡിയോയുടെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യാമിയും കരൺ ജോഹറും. "പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ" എന്നായിരുന്നു കരൺ ജോഹർ, യാമിയെ വിശേഷിപ്പിച്ചത്. പിന്നാലെ ആലിംഗനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ‘കരൺ ജോഹറിന് നാണമില്ലേ’ എന്നാണ് പലരും രൂക്ഷ വിമർശനം ഉന്നയിച്ച് ചോദിച്ചത്. അതിനൊരു കാരണവുമുണ്ട്.
വർഷങ്ങൾക്ക് മുൻപ് 'ഇന്ത്യ ഗോട്ട് ടാലന്റ്' എന്ന ഷോയിൽ യാമി ഗാതം അതിഥിയായി എത്തിയരുന്നു. അന്ന് കരൺ ജോഹർ, മലൈക്ക അറോറ, കിരൺ ഖേർ തുടങ്ങിയവരായിരുന്നു ജഡ്ജെസ്. അന്ന് യാമിയെ മൂവരും മൈന്റ് പോലും ചെയ്തിരുന്നില്ല. ഫോട്ടോ എടുക്കാൻ പോയപ്പോഴും താരത്തെ വിളിച്ചില്ല. പൂർണമായും അവോയ്ഡ് ചെയ്യുകയാണ് ചെയ്തത്. ഈ സമയത്തെല്ലാം ഉള്ളിലെ വിഷമം പുറത്തു കാണിക്കാതിരിക്കാൻ കഷ്ടപ്പെടുന്ന യാമിയെ കാണാനായി. ഈ വീഡിയോ വലിയ രീതിയിൽ അന്ന് വൈറലും ആയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് കരണിനെതിരെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് എത്തിയിരിക്കുന്നത്. 'അന്ന് അവോയ്ഡ് ചെയ്തപ്പോൾ അറഞ്ഞില്ല ഇന്ന് അവളുടെ ഭർത്താവ് ബോളിവുഡിനെ താങ്ങി നിർത്തുന്ന സംവിധായകനാകുമെന്ന്. ധുരന്ധർ കോടികളാണ് വാരിക്കൂട്ടുന്നത്. അതാകും കരണിന്റെ ഈ കെട്ടിപിടിത്തം. ഇതാണ് കരണേ കർമ. നാണമുണ്ടോ', എന്നാണ് ഒരാൾ എക്സ്.കോമിൽ കുറിച്ചിരിക്കുന്നത്. അന്ന് ഗൗതമി ഷോയിൽ വരാൻ വൈകിയതാണ് മൂവരും അവഗണിക്കാൻ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ കരൺ ജോഹറിന്റെ മറ്റൊരു ഷോയിൽ നിന്നും യാമിയെ ഒഴിവാക്കിയിരുന്നു.



