'മോളിവുഡ് ടൈംസ്' സിനിമയുടെ പ്രൊമോഷൻ ലൈവിനിടെ വിനീത് ശ്രീനിവാസന്‍റെ ചെന്നൈ സ്നേഹത്തെ ബേസിൽ ജോസഫ് ട്രോളിയത് ചിരി പടർത്തി

വിനീത് ശ്രീനിവാസന് ചെന്നൈയോടുള്ള ഇഷ്ടം സിനിമാപ്രേമികള്‍ക്ക് സുപരിചിതമാണ്. അദ്ദേഹത്തിന്‍റെ സിനിമകളിലും ഈ ചെന്നൈ പാസം പ്രാധാന്യത്തോടെ കടന്നുവരാറുണ്ട്. പലപ്പോഴായും ഇത് ഒരു ട്രോള്‍ മെറ്റീരിയല്‍ ആയും ഉപയോ​ഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പഠിച്ചുവളര്‍ന്ന സ്ഥലത്തോടുള്ള തന്‍റെ മമതയെക്കുറിച്ച് വിനീത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇന്‍സ്റ്റ​ഗ്രാം ലൈവിനിടെ ബേസില്‍ വിനീതിനോട് പറഞ്ഞ കാര്യം സിനിമാപ്രേമികളെ ചിരിപ്പിക്കുകയാണ്. മോളിവുഡ് ടൈംസ് എന്ന പുതിയ ചിത്രത്തിന്‍റെ പ്രചരണാര്‍ഥം നടത്തിയ ഇന്‍സ്റ്റ​ഗ്രാം ലൈവില്‍ ആയിരുന്നു ബേസിലിന്‍റെ ഡയലോ​ഗ്. ലൈവില്‍ ഉണ്ടായിരുന്ന നസ്‍ലെനും സം​ഗീത് പ്രതാപിനുമൊപ്പം ലൈവ് കണ്ടിരിക്കുന്നവരെയും പൊട്ടിച്ചിരിപ്പിക്കുന്നതായിരുന്നു ബേസിലിന്‍റെ കമന്‍റ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നസ്‍ലെന്‍ ആരംഭിച്ച ഇന്‍സ്റ്റ ലൈവിലേക്ക് പിന്നീട് സം​ഗീതും ബേസിലും വിനീത് ശ്രീനിവാസനുമൊക്കെ എത്തുകയായിരുന്നു. സംസാരിച്ചിരിക്കവെ നിങ്ങള്‍ ഒക്കെ എവിടെയാണെന്ന് വിനീത് ശ്രീനിവാസന്‍ ചോദിച്ചു. ഞാനും സം​ഗീതും കൊച്ചിയില്‍ ഉണ്ടെന്ന് നസ്‍ലെന്‍ അറിയിച്ചു. താനും കൊച്ചിയില്‍ ഉണ്ടെന്നായിരുന്നു ബേസിലിന്‍റെ പ്രതികരണം. ഒപ്പം വിനീതിനോട് ബേസിലിന്‍റെ ചോദ്യവും വന്നു. നിങ്ങള്‍ ചെന്നൈയില്‍ ആയിരിക്കും അല്ലേ? ഞാന് വീട്ടിലാടാ. അല്ല, ഒന്ന് ഉറപ്പിക്കാന്‍ ചോദിച്ചെന്നേ ഉള്ളൂ. ഒരു ഔപചാരികതയുടെ പേരില്‍, ബേസിലിന്‍റെ വാക്കുകള്‍. പോടാ എന്നായിരുന്നു ചിരിയോടെ വിനീതിന്‍റെ പ്രതികരണം. നസ്‍ലെനും സം​ഗീതും ഇത് കേട്ട് ചിരിയടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു.

വിനീത് ശ്രീനിവാസന്‍റെ ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ ചിത്രങ്ങളുടെ പ്രധാന കഥാപശ്ചാത്തലം ചെന്നൈ ആയിരുന്നു. ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത കരം എന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ ചെന്നൈ അല്ല എന്നത് റിലീസിന് മുന്‍പേ വിനീത് എടുത്തുപറഞ്ഞ കാര്യമാണ്. സംവിധായകന്‍ എന്ന രീതിയില്‍ അതൊരു റെപ്പറ്റീഷന്‍ ആയി കാണികള്‍ പറയാന്‍ തുടങ്ങിയപ്പോഴായിരുന്നു അദ്ദേഹം അത് പറഞ്ഞത്.

View post on Instagram

അതേസമയം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി വമ്പന്‍ അരങ്ങേറ്റം നടത്തിയ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അഭിനവിന്‍റെ രണ്ടാമത്തെ ചിത്രമാണ്. നസ്‍ലെന്‍ നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ സം​ഗീത് പ്രതാപ് ഉണ്ട്. ബേസിലും വിനീതും അതിഥി വേഷങ്ങളിലാണ് എത്തിയിരിക്കുന്നത്.