വിഷയം - ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം. എന്തുകൊണ്ട് വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ സാന്നിധ്യം ആ പട്ടികയിലില്ല എന്നതാണ് ചോദ്യം

അജിത് അഗാര്‍ക്കറിനൊരു നിവേദനം. ചിലത് ചൂണ്ടിക്കാനുണ്ട്, ഓര്‍മപ്പെടുത്താനും.

നിങ്ങള്‍ പറയുന്ന കാരണങ്ങള്‍ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുകയാണ്. നിരത്തിയ ന്യായീകരണങ്ങള്‍ അറിഞ്ഞപ്പോള്‍ അമ്പരപ്പാണുണ്ടായത്. നായകൻ മാറി, പരിശീലകൻ മാറി. സെലക്ടര്‍മാര്‍ മാറി. കഥ തുടരുകയാണ്, സഞ്ജു സാംസണിന്റെ കാര്യത്തില്‍ മാത്രം തുടരുന്ന പ്രത്യേകതരം തിയറികള്‍ ഉള്‍പ്പെട്ട അവഗണനയുടെ കഥ.

വിഷയം - ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനം. എന്തുകൊണ്ട് വിക്കറ്റ് കീപ്പറായി സഞ്ജുവിന്റെ സാന്നിധ്യം ആ പട്ടികയിലില്ല എന്നതാണ് ചോദ്യം.

മുഖ്യസെലക്ടറായ അജിത് അഗാര്‍ക്കര്‍ പറഞ്ഞ ഉത്തരം ഇതായിരുന്നു.

ബാറ്റിങ് നിരയിലെ സ്ഥാനം, അതാണ് പ്രശ്നം. സഞ്ജു ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. സഞ്ജു സെഞ്ച്വറി നേടിയപ്പോള്‍ മൂന്നാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തത്. ജൂറല്‍ ഒരു ലോവര്‍ ഓര്‍ഡര്‍ ബാറ്ററാണ്, കെ എല്‍ രാഹുലും. ജൂറല്‍ എത്ര മികച്ച കളിക്കാരനാണെന്ന് നിങ്ങള്‍ കണ്ടിട്ടുണ്ട്. കൃത്യമായ സ്ഥാനങ്ങളിലേക്കാണ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ ഇടമില്ല.

ഒരുമാസം പിന്നിലേക്ക് പോകാം. ഏഷ്യ കപ്പ് ടി20 ടീമിന്റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഇതേ അഗാര്‍ക്കര്‍ പറഞ്ഞ വാചകം. ഗില്ലിന്റേയും ജയ്സ്വാളിന്റേയും അഭാവത്തില്‍ മാത്രമാണ് സഞ്ജു ഓപ്പണറായത്. അഭിഷേകിന്റെ പ്രകടനങ്ങളോട് കണ്ണടയ്ക്കാനാകില്ല. സാരാംശം, സഞ്ജുവിന് ടോപ് ഓര്‍ഡര്‍ ബാറ്ററല്ല, അതുകൊണ്ട് അവിടെ ഇടമില്ല. ഏഷ്യ കപ്പില്‍ എത്തിയത് ലോവര്‍ ഓര്‍ഡറില്‍.

ഏകദിനത്തില്‍ സഞ്ജുവൊരു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നാണ് അഗാര്‍ക്കറിന്റെ ഒരു നിഗമനം. ഇനി കുറച്ച് കണക്കുകള്‍ പറയാം. 16 ഏകദിനങ്ങളിലാണ് സഞ്ജു ഇന്ത്യൻ കുപ്പായമണിഞ്ഞത്. 14 ഇന്നിങ്സുകളില്‍ ബാറ്റ് ചെയ്തു, ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ ശതകവും ഉള്‍പ്പെടെ 510 റണ്‍സ്. ശരാശരി 56.66. സ്ട്രൈക്ക് റേറ്റ് 99.6.

ഇതുവരെ ഓപ്പണറായി സഞ്ജു ഏകദിനത്തില്‍ ക്രീസിലെത്തിയിട്ടില്ല. മൂന്നാം നമ്പറില്‍ മൂന്ന് തവണ, നാലില്‍ ഒന്ന്, അഞ്ചില്‍ ആറ്, ആറില്‍ മൂന്ന്. സഞ്ജു ഏകദിനത്തില്‍ ഒരു ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന പ്രസ്താവനയോട് എങ്ങനെ യോജിക്കാനാകും. ഇനി ഈ വ്യത്യസ്ത സ്ഥാനങ്ങളിലെ സഞ്ജുവിന്റെ പ്രകടനം നോക്കാം. സഞ്ജുവിന്റെ സ്ഥിരത എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇനി ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍.

മൂന്നാം നമ്പറില്‍ 54.33 ശരാശരിയില്‍ 163 റണ്‍സ്. നാലാം സ്ഥാനത്തിറങ്ങിയ തവണ 124 സ്ട്രൈക്കറ്റ് റേറ്റില്‍ അര്‍ദ്ധ സെഞ്ച്വറി. അഞ്ചാം സ്ഥാനത്ത് 116 റണ്‍സ്, മൂന്ന് തവണ നോട്ടൗട്ട്, ശരാശരി 38. ആറാം നമ്പറിലാണ് ഏറ്റവും മികച്ച പ്രകടനം. നാല് ഇന്നിങ്സുകളില്‍ നിന്ന് 180 റണ്‍സ്, ശരാശരി 90, സ്ട്രൈക്ക് റേറ്റ് 117. 16 ഫോറും ഒൻപത് സിക്സും, ഫിനിഷര്‍ റോളും ഇവിടെ സേഫാണ്. ലോവര്‍ ഓര്‍ഡറായി ക്രീസിലെത്തി ഇത്രത്തോളം സ്ഥിരതയോടെ ബാറ്റ് വീശിയ ഒരു താരത്തേയാണ് ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്ന വിധിയെഴുത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടത്.

ഇതെല്ലാം മാറ്റി നിര്‍ത്താം. അവസാനം സഞ്ജു ഇന്ത്യയ്ക്കായി കളിച്ച ഏകദിനം മാത്രമെടുക്കു. ദക്ഷിണാഫ്രിക്കൻ പര്യടനം, 2023 ഡിസംബര്‍ 21. ബോളണ്ട് പാര്‍ക്ക് സാക്ഷ്യം വഹിച്ച സീരീസ് ഡിസൈഡര്‍. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ നയിച്ച യുവസംഘത്തിലെ പ്രധാനികളിലൊരാളായിരുന്നു സഞ്ജു. ഇന്ത്യൻ മുൻനിര ബാറ്റര്‍മാര്‍ക്കെല്ലാം ചുവടുപിഴച്ചപ്പോഴായിരുന്നു സഞ്ജുവിന്റെ ബാറ്റ് സെഞ്ച്വറിയുമായി രക്ഷകന്റെ കുപ്പായമണിഞ്ഞത്. 114 പന്തില്‍ 108 റണ്‍സുമായി ഇന്ത്യക്ക് പരമ്പര നേടിക്കൊടുത്തു. കളിയിലെ താരം.

സെന രാജ്യങ്ങളില്‍ സെഞ്ച്വറി നേടിയ താരത്തിന് തൊട്ടടുത്ത പരമ്പരയില്‍ അവസരം നിഷേധിക്കപ്പെട്ട ആപൂര്‍വമായ സംഭവം 2024 ഓഗസ്റ്റിലുണ്ടായി. ശ്രീലങ്കൻ പര്യടനത്തിന് സഞ്ജുവില്ല. പിന്നാലെ ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട പരമ്പര, ഇവിടെയും പരിഗണിക്കപ്പെട്ടില്ല. ചാമ്പ്യൻസ് ട്രോഫി ടീമിലും ഈ പേരുണ്ടായില്ല. ഏത് റോളും ചെയ്യാൻ തയാറാകുന്ന ഒരാള്‍ക്ക് അര്‍ഹതയുണ്ടായിട്ടും കൊടുക്കാനൊരു റോളില്ലാത്ത ബിസിസിഐ...

ശ്രീകാന്ത് പറഞ്ഞപോലെ...സഞ്ജുവിന്റെ കാര്യത്തില്‍ മാത്രം കാരണങ്ങള്‍ ഓരോ ദിവസവും മാറിമറിയുകയാണ്...