പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ കൃത്യതയുടെ പര്യായമായി കൊളംബോയില്‍ ക്രാന്തി ഗൗഡ് മാറുന്നതാണ് കണ്ടത്. എറിഞ്ഞ പത്ത് ഓവറില്‍ 47 ഡോട്ട് ബോളുകള്‍, 20 റണ്‍സിന് മൂന്ന് വിക്കറ്റ്
ഒരു ലോകകപ്പ് മത്സരത്തില്‍ കളിയിലെ താരമായിരിക്കുന്നു, അതിയായ സന്തോഷമുണ്ട്. എന്റെ ഗ്രാമത്തിലെ ജനങ്ങള്‍ അഭിമാനിക്കുന്നുണ്ടാകും. മത്സരം കാണാനായി അവര്‍ വലിയ എല്‍ഇഡി സ്ക്രീൻ സജ്ജീകരിച്ചിരുന്നു...ക്രാന്തി ഗൗഡ് പറഞ്ഞു തുടങ്ങി. എട്ട് വര്‍ഷം മുൻപ് ഇല്ലായ്മകളുടെ നടുവില്‍ നിന്ന് മധ്യപ്രദേശിലെ ഖുവാരയില്‍ ടെന്നീസ് പന്തില്‍ വൈകുന്നേരങ്ങള്‍ താണ്ടുമ്പോള്‍, വനിത ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇത്തരമൊരു പ്രകടനം ക്രാന്തിയുടെ വിദൂരസ്വപ്നങ്ങളിലെങ്കിലും ഉണ്ടായിരുന്നിരിക്കുമോ. 10 ഓവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റ്, മൂന്ന് മെയിഡൻ. വിശ്വാസവും കഴിവും കഠിനപ്രയത്നവും ചേര്‍ന്ന മറ്റൊരു അധ്യായം, ഫെയറി ടെയില്‍ പോലൊന്ന്.
22 വയസു മാത്രമുള്ള ക്രാന്തിയുടെ പ്രകടനത്തെ വാഴ്ത്തുന്നതിന് മുൻപ് ചിലത് പറയാം.
പ്രതിസന്ധികളിലൂടെ തുടക്കം
ഖുവാരയില്‍ സാമ്പത്തിക പ്രതിസന്ധികളുടെ ഏറ്റവും രൂക്ഷമായ അന്തരീക്ഷത്തിലൊരു കുടുംബം. ആറുമക്കളില്‍ ഏറ്റവും ഇളയവള്‍. എട്ടാം ക്ലാസോടെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും പന്തിനെ കൈവിട്ടില്ല. പിതാവ് മുന്ന സിങ്ങിന്റെ ജോലിയിലുണ്ടായ പ്രതിസന്ധി ആ കുടുംബത്തെ കൂടുതല്‍ ദുഷ്കരമായ സാഹചര്യത്തിലേക്ക് തള്ളി വിടുകയാണ്. ക്രാന്തിയുടെ മൂത്ത സഹോദരനും പഠനമെന്ന സ്വപ്നം പാതിവഴിയില്‍ മറക്കേണ്ടി വന്നു. പക്ഷേ, ആ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും ക്രാന്തിയുടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യത്തില്‍ അവര്‍ വിശ്വസിച്ചു. അതിന് അവര്‍ കേട്ടത് പഴിമാത്രമായിരുന്നു.
വിശപ്പടക്കി താണ്ടിയ ദിവസങ്ങള്‍ക്കിടയിലും ക്രാന്തിയുടെ മൈതാനത്തേക്കുള്ള യാത്രകള്‍ ആ കുടുംബം മുടക്കിയില്ല. ക്രാന്തിയുടെ ക്രിക്കറ്റിനോടുള്ള അഭിനിവേശം കണ്ട് പരിഹാസം ചൊരിഞ്ഞവരായിരുന്നു കൂടുതലും. എല്ലാം മാറിമറിയുന്നത് ആ വര്‍ഷത്തിലാണ്, 2017. ഛത്തര്‍പൂരിലുള്ള സായ് ക്രിക്കറ്റ് അക്കാദമിയില്‍ ക്രാന്തിയുമായി ഒരു ദിവസം മുന്ന സിങ് എത്തി. പരിശീലകൻ രാജീവ് ബില്‍ത്താരയോട് അയാള്‍ പറഞ്ഞു. ഗ്രാമത്തിലെ കുട്ടികളുടെ കൂടെ ക്രാന്തി ക്രിക്കറ്റ് കളിക്കാറുണ്ട്, എന്റെ മകള്‍ക്ക് പരിശീലനം നല്‍കാനാകുമോ...ഈ ഒരു ചോദ്യത്തിലാണ് നിന്നാണ് ക്രാന്തിയുടെ കരിയര്‍ ജനിക്കുന്നത്.
പരിശീലനമത്സരത്തില്‍ ക്രാന്തിയുടെ മികവ് മനസിലാക്കിയ ബില്‍ത്താര ഛത്തര്‍പൂരിലേക്ക് ജീവിതം പറിച്ചുനടാൻ ആവശ്യപ്പെട്ടു. വീണ്ടും സാമ്പത്തിക ഞെരുക്കത്തിലുള്ള ആ കുടുംബത്തിന് അത് സാധ്യമായിരുന്നില്ല. ബില്‍ത്താര ക്രാന്തിയുടെ കരിയറിനുള്ള നിലമൊരുക്കി. ഫീസില്ലാതെ പരിശീലനം നല്‍കി, ഷൂ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ഗിയര്‍ സൗജന്യമായി നല്‍കി. ഇവിടെ നിന്നുള്ള ക്രാന്തിയുടെ വളര്‍ച്ച അതിവേഗമായിരുന്നു. സമപ്രായത്തിലുള്ള പെണ്‍കുട്ടികളേക്കാള്‍ വേഗത്തില്‍ പന്തെറിയാനുള്ള മികവ്, ഇരുവശത്തേക്കും പന്ത് സ്വിങ്ങ് ചെയ്യിക്കാനുള്ള കഴിവ്, ഒപ്പം യോര്‍ക്കറുകളും.
ആഭ്യന്തര സര്‍ക്ക്യൂട്ടുകളിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായ ചന്ദ്രകാന്ത് പണ്ഡിറ്റിന്റെ കണ്ണുകള്‍ ക്രാന്തിയുടെ കൃത്യതയില്‍ ഉടക്കുന്നത് ഒരു ഓപ്പണ്‍ ട്രയല്‍സില്‍ വെച്ചാണ്. ശേഷം മുംബൈ ഇന്ത്യൻസിന്റെെ നെറ്റ് ബൗളറായി, പിന്നാലെ യുപി വാരിയേഴ്സിലേക്കും ഇന്ത്യൻ ടീമിലേക്കും. ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റെടുക്കുന്ന പ്രായം കുറഞ്ഞ വനിത താരമായി, മറികടന്നത് ജുലാൻ ഗോസ്വാമിയെ. തന്റെ മികവിലുള്ള വിശ്വാസമാണ് ക്രാന്തിയെ നയിക്കുന്നത്. അത് ഇന്നലെ പാക്കിസ്ഥാനെതിരെയും കണ്ടു.
ഓർത്തുവെക്കാനൊരു സ്പെല്‍
248 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാൻ ഇന്നിങ്സിന്റെ 12-ാം ഓവറിന് മുൻപ് ഒരു നിമിഷമുണ്ടായി. ന്യൂബോളിന്റെ തിളക്കം നഷ്ടപ്പെട്ടപ്പോള്‍ സ്ലിപ്പ് ഒഴിവാക്കട്ടെയെന്ന് ക്യാപ്റ്റൻ ഹര്‍മൻപ്രീത് ക്രാന്തിയോട് ചോദിച്ചു. പക്ഷേ, ക്രാന്തി അതിന് ഒരുക്കമായില്ല. പാക്ക് ബാറ്റര്‍മാരുടെ എഡ്ജുകള്‍ ലഭിക്കാൻ ഇനിയും സാധ്യതയുണ്ടെന്ന കണക്കുകൂട്ടലായിരുന്നു ക്രാന്തിക്കുണ്ടായിരുന്നത്. ആ ഓവറിലെ ആദ്യ പന്ത് തന്നെ ക്രാന്തി ശരിയെന്ന് തെളിയിക്കപ്പെട്ടു. പാക് ബാറ്റര്‍ അലിയ റിയാസ് സ്ലിപ്പില്‍ ദീപ്തി ശര്‍മയുടെ കൈകളില്‍. ഹര്‍മന് നേരെ വിരല്‍ ചൂണ്ടി ക്രാന്തിയുടെ ചിരി.
കൃത്യതയുടെ പര്യായമായി കൊളംബോയില്‍ ക്രാന്തി മാറുന്നതാണ് കണ്ടത്. എറിഞ്ഞ പത്ത് ഓവറില്‍ 47 ഡോട്ട് ബോളുകള്‍. 2020ന് ശേഷം ഒരു ഇന്ത്യൻ ബൗളര്‍ ഇത്രയും ഡോട്ട് ബോളുകളെറിയുന്നത് ആദ്യം. 22 ഫാള്‍സ് ഷോട്ടുകളാണ് സൃഷ്ടിച്ചത്, 2012ന് ശേഷം ഇന്ത്യൻ പേസറുടെ മികച്ച നേട്ടം. അരങ്ങേറ്റം കുറിച്ച അതേ മണ്ണില്‍ അസാധാരണമായൊരു പ്രകടനം. രേണുക സിങ്ങിന്റേയും പൂജ വസ്ത്രാക്കറിന്റേയും പകരക്കാരിയായി മാത്രമല്ല താൻ അന്തിമ ഇലവനിലെ സ്ഥിരസാന്നിധ്യമാകാൻ പോന്ന താരമാണെന്നുകൂടി ക്രാന്തി വ്യക്തമാക്കി.


