നായകനായുള്ള ആദ്യ ഏകദിന പരമ്പരയില്‍ തെളിയിക്കാൻ ഏറയുണ്ടായിരുന്നു ശുഭ്മാൻ ഗില്ലിന്. കാരണം, 2027 ഏകദിന ലോകകപ്പ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ഓസ്ട്രേലിയ
ഒരു പരമ്പര, മൂന്ന് മത്സരം. ബാറ്റിങ്ങിലും നായകമികവിലും ഓസ്ട്രേലിയൻ മണ്ണില്‍ കാലിടറി. ശുഭ്മാൻ ഗില്ലിനെ ക്രൂശിക്കേണ്ടതുണ്ടോ?
രോഹിത് ശര്‍മ - വിരാട് കോഹ്ലി എന്നീ രണ്ട് പേരുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട ഏകദിന പരമ്പരയായിരുന്നു കടന്നുപോയത്. അവരെ മാത്രം കാണാനായിരുന്നു പെര്‍ത്തും അഡ്‌ലയ്‌ഡും സിഡ്നിയുമൊക്കെ നിറഞ്ഞുകവിഞ്ഞത്. ഇവിടെ മറ്റ് താരങ്ങളുടെ പ്രകടനങ്ങള്‍ ഏറക്കുറെ അപ്രസക്തമായിരുന്നു ക്രിക്കറ്റ് ലോകത്തിന് മുന്നില്‍. എന്നാല്‍, നായകനായുള്ള ആദ്യ ഏകദിന പരമ്പരയില്‍ തെളിയിക്കാൻ ഏറയുണ്ടായിരുന്നു ശുഭ്മാൻ ഗില്ലിന്. കാരണം, 2027 ഏകദിന ലോകകപ്പ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയായിരുന്നു ഓസ്ട്രേലിയ...മുന്നില്‍ ഒരുപാട് ഏകദിനങ്ങള്‍ ബാക്കിയില്ല ആ യാത്രയില്‍...
ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം കൈകളിലേക്ക് എത്തിയപ്പോള്‍ ഉണ്ടായതിന്റെ ഇരട്ടി ആശങ്കകള്‍ ചുറ്റുമുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ നായകനും ബാറ്ററുമായുള്ള തിളക്കം. പരമ്പരയില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി. നാല് സെഞ്ച്വറി ഉള്‍പ്പെടെ 754 റണ്‍സായിരുന്നു നേട്ടം, അസാധാരണമായ ഒരു പരമ്പര. പക്ഷേ, വൈറ്റ് ബോളിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ അത്ര സ്മൂത്തായിരുന്നില്ല. ടെസ്റ്റിലെ നായകനായുള്ള അവരോഹണത്തിന് കാരണമായത് രോഹിതിന്റെ പടിയിറക്കമായിരുന്നു. പക്ഷേ, ഏകദിനത്തില്‍ അതായിരുന്നില്ല സാഹചര്യം.
പരിവർത്തന ഘട്ടത്തിലായിരുന്നെങ്കിലും രോഹിതിനെ പൊടുന്നനെ മാറ്റിയത് ശരിയായ നീക്കമായിരുന്നോയെന്ന ചോദ്യത്തിന് വല്ലാത്ത ശബ്ദമുണ്ടായിരുന്നു ക്രിക്കറ്റ് ലോകത്ത്. കാരണം, സമീപകാലത്ത് രോഹിതിന് കീഴിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ തന്നെ. അതുകൊണ്ട് പരമ്പര വിജയംകൊണ്ടെങ്കിലും ഉത്തരം നല്‍കാൻ ഗില്ലും ബിസിസിഐയും ആഗ്രഹിച്ചിരുന്നിരിക്കണം. സംഭവിച്ചത് മറ്റൊന്നായിരുന്നു. ബാറ്റർ എന്ന നിലയില്‍ ഗില്‍ തന്റെ പ്രതിഭയുടെ നിഴലായി മാത്രം അവശേഷിക്കുകയായിരുന്നു.
മൂന്ന് കളികളില്‍ നിന്ന് 43 റണ്‍സായിരുന്നു ഗില്ലിന്റെ പരമ്പരയിലെ സമ്പാദ്യം. ശരാശരി 14 മാത്രം. സ്ട്രൈക്ക് റേറ്റ് 51. ഉയർന്ന സ്കോർ 24 മാത്രമായിരുന്നു. നാഥാൻ എല്ലിസും ബാർറ്റ്ലറ്റും ഹേസല്‍വുഡുമായിരുന്നു ഗില്ലിനെ പുറത്താക്കിയത്. ആദ്യ ഏകദിനം മാറ്റി നിർത്തിയാല്‍ മറ്റ് രണ്ടിലും ഗില്‍ മികച്ച ടച്ചിലായിരുന്നു തുടങ്ങിയത്. പക്ഷേ, രണ്ട് പുറത്താകലിനും വഴിവെച്ചത് ബോള്‍ ജഡ്ജ്മെന്റിലുണ്ടായ എററായിരുന്നു. പ്രത്യേകിച്ചും മൂന്നാം ഏകദിനത്തില്‍.
ഹേസല്‍വുഡിന്റെ ടെസ്റ്റ് മാച്ച് ലെങ്തില്‍ വന്ന പന്തില്‍ എന്ത് ചെയ്യണമെന്നതില്‍ ഗില്ലിന് തീർച്ചയുണ്ടായിരുന്നില്ല, ഒടുവില്‍ പ്രതിരോധിക്കാനുള്ള തീരുമാനത്തിലേക്ക് അവസാന നിമിഷം, ഓപ്പണ്‍ ഫേസില്‍ ഡിഫൻഡ് ചെയ്ത ഗില്ലിന്റെ ബാറ്റിലുരസി പന്ത് ക്യാരിയുടെ കൈകളില്‍ ചെന്ന് പതിച്ചു. അനായാസം അതുവരെ ബാറ്റ് ചെയ്തിരുന്ന ഗില്‍ വീണത് സമ്പൂർണമായും ബൗളിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റിലുമായിരുന്നില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്.
മൂന്ന് മോശം പ്രകടനത്തിന് ശേഷം തന്റെ ബാറ്റിങ്ങില്‍ ആശങ്കകളില്ലെന്ന് ഗില്‍ പറയുമ്പോഴും ഏഷ്യ കപ്പിലേക്ക് കൂടി തിരിഞ്ഞുനോക്കേണ്ടതുണ്ട്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള വലം കയ്യൻ ബാറ്ററുടെ മടങ്ങി വരവില്‍ ഇതുവരെ എടുത്തുപറയാൻ ഒരു ഇന്നിങ്സില്ല. കഴിഞ്ഞ എട്ട് വൈറ്റ് ബോള്‍ ഇന്നിങ്സുകളില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി പോലും താരം നേടിയിട്ടില്ല. പാക്കിസ്ഥാനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ നേടിയ 47 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
ഇനി നായകമികവിലേക്ക്. അത്ര ശക്തരല്ലാത്ത നിരയുമായാണ് ഓസീസ് ഇറങ്ങിയത്. പേസ് നിരയില്‍ സ്റ്റാര്‍ക്കും ഹേസല്‍വുഡും മാത്രമായിരുന്നു തീ തുപ്പുന്നവര്‍. ബാറ്റിങ് നിരയില്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും അലക്സ് ക്യാരിയും. താരതമ്യേനെ നോക്കുമ്പോള്‍ ഇന്ത്യക്കായിരുന്നു മേല്‍ക്കൈ. പക്ഷേ, പരമ്പര 2-1ന് നഷ്ടമായി. ടീം തിരഞ്ഞെടുപ്പിലടക്കം ഗില്ലിനും മാനേജ്മെന്റിനും പാളി. വിക്കറ്റ് ടേക്കിങ് എബിലിറ്റിയുള്ള കുല്‍ദീപിനെ പുറത്തിരുത്തിയായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളും കളിച്ചത്.
മൂന്നാം മത്സരത്തില്‍ കുല്‍ദീപ് നല്‍കിയ സമ്മര്‍ദമായിരുന്നു മറുവശത്ത് വിക്കറ്റെടുക്കാൻ സഹായിച്ചത്. 26 ഡോട്ട് ബോളുകളായിരുന്നു കുല്‍ദീപ് എറിഞ്ഞത്. മധ്യഓവറുകളില്‍ കുല്‍ദീപിനെപ്പോലൊരു താരമുണ്ടായിരുന്നെങ്കില്‍ രണ്ടാം ഏകദിനത്തിലെ ഫലം മറ്റൊന്നാകുമായിരുന്നു. 266 റണ്‍സ് പിന്തുടരവെ 187-5ലേക്ക് വീണ ഓസ്ട്രേലിയക്കായി ക്രീസിലുണ്ടായിരുന്നത് ഏകദിന ക്രിക്കറ്റില്‍ ചുവടുകള്‍ മാത്രം വെക്കുന്ന കനോലിയും മിച്ചല്‍ ഓവനുമായിരുന്നു. ഒരു ഏഴാം നമ്പര്‍ താരമെത്തുമ്പോള്‍ അറ്റാക്ക് ചെയ്യുന്നതിന് പകരം സമ്മര്‍ദം നിലനിര്‍ത്താനുള്ള വഴികളായിരുന്നു നായകൻ ഗില്‍ സ്വീകരിച്ചതും. അത് തിരിച്ചടിക്കുകയും ചെയ്തു.
മധ്യഓവറുകളില്‍ ബൗളര്‍മാരെ റോട്ടേറ്റ് ചെയ്യുന്നതില്‍ ഗില്ലിന്റെ വൈഭവം ചോദ്യം ചെയ്യപ്പെട്ടിരുന്നു രണ്ടാം ഏകദിനത്തില്‍. എന്നാല്‍, സിഡ്നിയില്‍ അത് നികത്താൻ ഗില്ലിനായി. രോഹിതിന്റെ ഇടപെടലുകള്‍ പലപ്പോഴും സിഡ്നിയില്‍ കണ്ടിരുന്നു, അതെല്ലാം ഇന്ത്യക്ക് അനുകൂലവുമായിരുന്നു. രോഹിതിന്റേയും കോഹ്ലിയുടേയും സാന്നിധ്യം ഗില്ലിനെ ഡിസിഷൻ മേക്കിങ്ങില്‍ മികവിലേക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.
2027 ഏകദിന ലോകകപ്പിലേക്ക് ഇനിയും രണ്ട് വര്‍ഷത്തെ ദൂരമുണ്ട്. പക്ഷേ, ഒരു ടീമിനെ പാകപ്പെടുത്താൻ മാത്രം മത്സരങ്ങള്‍ ഈ കാലയളവില്‍ ഇല്ല എന്നതാണ് ഗില്ലിന്റെ ജോലി ദുഷ്കരമാക്കുക. അതുകൊണ്ട് പരീക്ഷണങ്ങള്‍ വെടിഞ്ഞ് തന്റെ ടീമിനെ ഗില്‍ ഒരുക്കേണ്ടതുണ്ട്, ഒരു പരമ്പരകൊണ്ട് ക്രൂശിക്കേണ്ടതില്ല എന്ന് പറയേണ്ടി വരും. ഇനി വരുന്നത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയാണ്, മൂന്ന് ഏകദിനങ്ങളാണ് മുന്നിലുള്ളത്. പ്രോട്ടീയാസിനെതിരായ പരമ്പര ഗില്ലിന് നിര്‍ണായകമായിരിക്കും.


