ഓസ്ട്രേലിയ ബാറ്റര്‍മാര്‍ക്ക് ചാവുനിലമാണ്, അവിടെ അതിജീവനം അത്ര എളുപ്പമല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി തന്നെയാണ് രോഹിത് തന്റെ അവസാന ഓസീസ് പര്യടനത്തിന് യാത്ര തിരിച്ചതും
ജനുവരിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ സിഡ്‍നിയിലെ ചരിത്ര പ്രസിദ്ധമായ പവലിയനില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന അയാളെ കാണാം. ടീമില്‍ നിന്ന് സ്വയം മാറി നിന്ന നായകനായിരുന്നു അന്ന് അയാള്‍. ഓസീസ് മണ്ണില്‍ ക്രിക്കറ്റിന്റെ വിശുദ്ധ വസ്ത്രത്തോട് വിടപറയാൻ നിർബന്ധിതമാക്കിയ നാളുകളായിരുന്നു. അതേ, സിഡ്നിയില്‍ പത്ത് മാസത്തെ കാലയളവിനിപ്പുറം, ഒരു പിറവിയുടെ കാലം, അയാള്‍ പുനര്‍ജനിക്കുകയാണ്, വീണ്ടെടുക്കുകയാണ്. തനിക്ക് ചുറ്റും തളം കെട്ടി നിന്ന സമ്മര്‍ദത്തിന്റെ വരമ്പുകള്‍ മറികടന്ന് സിഡ്നിയിലെ ആകാശത്തിന് കീഴില്‍ അയാള്‍ അങ്ങനെ വേരുറപ്പിച്ച് പടര്‍ന്ന് പന്തലിക്കുകയായിരുന്നു. രോഹിത് ശര്‍മ, സിഡ്നി മുതല്‍ സിഡ്നി വരെ, ഒരു റിഡംഷൻ പൂര്‍ണതയിലേക്ക് എത്തിയ അധ്യായം.
ചാവുനിലത്ത് ഉയിർപ്പ്
ഓസ്ട്രേലിയ ബാറ്റര്‍മാര്‍ക്ക് ചാവുനിലമാണ്, അവിടെ അതിജീവനം അത്ര എളുപ്പമല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായി തന്നെയാണ് രോഹിത് തന്റെ അവസാന ഓസീസ് പര്യടനത്തിന് യാത്ര തിരിച്ചതും. പെര്‍ത്തില്‍ കണ്ടത് അതിന്റെ തുടര്‍ച്ചയെന്ന് തോന്നിച്ചു. അഡ്‌ലെയ്‌ഡിലെ ആദ്യ മണിക്കൂറില്‍ നിലയില്ലാക്കയത്തിലായിരുന്നു അയാള്‍, അവിടുന്നൊരു ടിപ്പിക്കല്‍ ഇന്നിങ്സ്. സിഡ്നിയിലേക്ക് എത്തുമ്പോഴും ഒന്നും എളുപ്പമല്ലായിരുന്നു. ഒന്നരപതിറ്റാണ്ട് പിന്നിട്ട കരിയറില്‍ മറ്റൊരു പരീക്ഷണം കൂടി അയാള്‍ക്കായി കാലം കാത്തുവെച്ചു. സ്റ്റാര്‍ക്കും ഹേസല്‍വുഡും നയിക്കുന്ന പേസ് നിരയുമായി തന്നെയായിരുന്നു മാര്‍ഷ് കളമെഴുതിയത്.
പക്ഷേ, അഡ്‌ലെയ്‌ഡിലെ 95 പന്തുകള്‍ തന്നെ ആത്മവിശ്വാസം രോഹിത് എന്ന ബാറ്ററിലുണ്ടായിരുന്നു. പതറി നില്‍ക്കുമ്പോഴും സ്ട്രൈക്ക് എൻഡ് തന്നെ തിരഞ്ഞെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മൂന്നാം പന്ത്, മിഡില്‍ സ്റ്റമ്പിനെ ലക്ഷ്യമാക്കിയൊരു ഇൻസ്വിങ്ങര്‍, അനായാസമൊരു ഫ്ലിക്ക്, മിഡ് വിക്കറ്റിലൂടെ പന്ത് ബൗണ്ടറിയിലേക്ക്. ഹേസല്‍വുഡിനോട് കരുതല്‍ തന്നെയായിരുന്നു. മൂന്നാം ഓവറില്‍ കവറിലൂടെ സ്റ്റാര്‍ക്കിന്റെ പന്ത് സിയറ്റ് ബാറ്റില്‍ നിന്ന് സഞ്ചരിക്കുമ്പോള്‍ ഉറപ്പിച്ചു, അഡ്‌ലെയ്‌ഡില്‍ കണ്ട രോഹിതായിരിക്കില്ല ഇവിടെയെന്ന്. ആദ്യം നേടിയ 16 റണ്‍സും ബൗണ്ടറിയില്‍ നിന്ന്, അതും സ്റ്റാര്‍ക്കിനെതിരെ.
നേരിട്ട 23-ാം പന്തിലാണ് രോഹിത് ആദ്യമായൊരു സിംഗിള്‍ എടുക്കുന്നത്. പെര്‍ത്തില്‍ രോഹിതിനെ നിഷ്പ്രഭമാക്കിയ ഫോര്‍ത്ത് സ്റ്റമ്പ് ലൈനിലെ ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറിയുമായി ഹേസല്‍വുഡ്. നോട്ട് ദിസ് ടൈം ജോഷ് എന്ന് പറയുന്നപോലെ ക്ലാസിക്ക് പുള്‍ ഷോട്ട്. മിഡ് വിക്കറ്റിന് മുകളിലൂടെയാണ് പന്ത് പാഞ്ഞത്. ബാറ്റിങ് ഇത്രത്തോളം അനായാസമാണെന്ന് തെളിയുന്ന ചില രോഹിത് നിമിഷങ്ങളുണ്ട്. അത്തരമൊന്നായിരുന്നു ആദം സാമ്പയ്ക്കെതിരെ ലോങ് ഓഫിന് മുകളിലൂടെ ഒരു ലോഫ്റ്റഡ് സിക്സ്. ടൈമിങ്, ക്ലാസ്, എലഗൻസ്...ബാറ്റുകൊണ്ട് രചിച്ചൊരു കവിത പോലെ. 2015-19 കാലഘട്ടത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകുകയായിരുന്നു രോഹിത്.
ഗില്ലിന്റെ മടക്കം തന്റെ പ്രിയപ്പെട്ട പങ്കാളിയെ ഒപ്പമെത്തിച്ചു. വിരാട് കോഹ്ലിക്കൊപ്പം അയാള്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 237 റണ്‍സെന്ന വിജയലക്ഷ്യം അനായാസം കീഴടക്കാൻ ഇറങ്ങുകയായിരുന്നു. 63 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി. തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ ശതകം. നേട്ടത്തിന് ശേഷം മൈതാനത്ത് കണ്ടത് അനായാസം മാര്‍ഷിന്റെ ഫീല്‍ഡ് പ്ലേസ്മെന്റുകളെ കീറിമുറിക്കുന്ന രോഹിതിനെയായിരുന്നു. വി വെയര്‍ വിറ്റ്നസിങ് എ മാസ്റ്റര്‍ക്ലാസ് അറ്റ് സിഡ്നി. സാമ്പയേയും കനോലിയേയും നിരന്തരം സ്വീപ് ചെയ്ത് ബൗണ്ടറി കടത്തി. മുന്നില്‍ എത്തിയ നാഥാൻ എല്ലിസിനും രോഹിതിന്റെ ബാറ്റിന് മുന്നില്‍ ചോദ്യങ്ങള്‍ ഉയര്‍ത്താനായില്ല.
നിലയുറപ്പിക്കുന്ന രോഹിതിനോളം അപകടകാരിയായ മറ്റൊന്ന് ക്രിക്കറ്റ് ഭൂപടത്തില്‍ തന്നെയില്ല. 33-ാം ഓവറിലെ അവസാന പന്ത്. സാമ്പയുടെ ഔട്ട് സൈഡ് ഓഫ് സ്റ്റമ്പ് ലൈനിലെത്തിയ പന്ത് ലോങ് ഓഫിലേക്ക് പുഷ് ചെയ്തൊരു സിംഗിള്‍. നോണ്‍ സ്ട്രൈക്ക് എൻഡിലേക്ക് അയാള്‍ പതിയെ നടന്നെത്തി. അന്താരാഷ്ട്ര കരിയറിലെ 50-ാം സെഞ്ചുറി. ഫിറ്റര്‍, സ്ട്രോങ്ങര്‍, വിന്റേജ് ഹിറ്റ്മാൻ. ആഘോഷങ്ങളുണ്ടായില്ല, വാനിലേക്ക് നോക്കി, കണ്ണുകളടച്ചു, വിരാട് കോഹ്ലിക്കൊരു ആശ്ലേഷം നല്‍കി. ബാറ്റുയര്‍ത്തി സിഡ്നിയുടെ ഗ്യാലറിയെ അഭിവാദ്യം ചെയ്തു.
സെഞ്ച്വറിയിലേക്കുള്ള രണ്ടാം അര്‍ദ്ധ ശതകത്തിന് ആവശ്യമായി 42 പന്തുകള്‍ മാത്രം. ടിപ്പിക്കല്‍ രോഹിത് ശര്‍മ. സ്കോര്‍ബോര്‍ഡില്‍ ഇന്ത്യ അപ്പോള്‍ 200 തൊട്ടിരുന്നു. പകുതി റണ്‍സും പിറന്നത് അയാളുടെ ബാറ്റില്‍ നിന്നായിരുന്നു. ശതകനേട്ടത്തിന് ശേഷവും നിര്‍ത്തിയില്ല, ഇത്തവണ രോഹിതിന്റെ ബാറ്റില്‍ നിന്ന് സ്വീപ്പ് ഷോട്ടുകള്‍ ജനിച്ചത് മാത്യു ഷോര്‍ട്ടിന്റെ പന്തുകളിലായിരുന്നു. ഒടുവില്‍ ഇന്ത്യയുടെ ജയമുറിപ്പിച്ച് അയാള്‍ ഡ്രെസിങ് റൂമിലേക്ക് മടങ്ങി. എന്തൊരു മനോഹരമായ കാഴ്ചയായിരുന്നു അത്, ഇതുപോലൊന്നിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ട് എത്ര വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.
ഇനി സച്ചിനൊപ്പം
ഓസ്ട്രേലിയക്കെതിരെ ഒൻപതാം സെഞ്ച്വറി, ക്രിക്കറ്റ് ദൈവത്തിനൊപ്പം. ഓസീസ് മണ്ണിലെ ആറാം ഏകദിന സെഞ്ച്വറി. മറ്റൊരു വിദേശതാരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം. ചേസിങ്ങിലെ 17-ാം ശതകം, സച്ചിനൊപ്പം. ഓസ്ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായകം കൂടിയ രണ്ടാമത്തെ ബാറ്റര്‍. പരിവര്‍ത്തനകാലത്തിന്റെ വരമ്പത്ത് നില്‍ക്കുന്ന ഇന്ത്യൻ ടീമില്‍, ഓസ്ട്രേലിയൻ പര്യടനത്തില്‍ അവസാന ഏകദിനത്തിലെ കളിയിലെ താരവും പരമ്പരയുടെ താരമായതും 38 വയസുള്ള കരിയറിന്റെ അസ്തമയത്തോട് അടുക്കുന്ന ഒരുവൻ.
പരമ്പരയ്ക്ക് മുൻപ് രോഹിതിന്റെ ചുറ്റും എന്തൊക്കെ സംഭവിച്ചുവെന്ന് നോക്കു. കളിച്ച അവസാന ഏകദിനം, ചാമ്പ്യൻസ് ട്രോഫി ഫൈനല്‍, കളിയിലെ താരം. നായകനെന്ന നിലയില്‍ അവസാനം ടൂര്‍ണമെന്റ് ചാമ്പ്യൻസ് ട്രോഫി, കിരീടനേട്ടം. എന്നിട്ടും നായകസ്ഥാനം നഷ്ടമായി, ഗില്ലിന് വഴിമാറിക്കൊടുത്തു. ഒരു മോശം പരമ്പര ടീമില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നേക്കും. പക്ഷേ, തന്റെ വിധിയെഴുതുന്നത് താൻ മാത്രമായിരിക്കുമെന്ന് അയാള്‍ തെളിയിച്ചു. 2027 ഏകദിന ലോകകപ്പ് എന്നത് മുന്നില്‍ തെളിയുന്ന ചെറുതിരിനാളമല്ല, അത് ആളിക്കത്തുകയാണ് അയാള്‍ക്കായ്.


