4-3-3 എന്ന പരമ്പരാഗതശൈലിയില്‍ അതിമനോഹരമായി പന്ത് തട്ടുന്ന 11 പേര്‍. ടിക്കി ടാക്ക അതുതന്നെ തന്ത്രം, ഫ്യൂന്റെയുടെ സിസ്റ്റത്തില്‍ താരങ്ങളുടെ പൊസിഷനിങ്ങാണ് ഏറ്റവും പ്രധാനം

സുവർണകാലം തേടിയുള്ള യാത്രയിലായിരുന്നു സ്പെയിൻ, 64ല്‍ യൂറോപ്പിന്റെ നെറുകയില്‍ എത്തിയകാലം മുതല്‍. ക്വാര്‍ട്ടര്‍ ഫൈനല്‍, ആ കടമ്പ കടക്കാൻ ഒരിക്കല്‍പ്പോലും വിശ്വവേദിയില്‍ അവര്‍ക്കായിരുന്നില്ല. ലൂയിസ് ആരഗോണസിന്റെ കുട്ടികളാണ് തുടക്കമിടുന്നത്, 2008 യൂറോ. ശേഷം വിസെന്റെ ഡെല്‍ ബോഷ്ക്ക് - ഡച്ച് പ്രതിരോധത്തെ തകര്‍ത്ത് ആന്ദ്രെ ഇനിയേസ്റ്റ ആ ജനതയ്ക്ക് മരണമില്ലാത്ത ഒരു ഓര്‍മ സമ്മാനിച്ചു, ആ നിമിഷത്തിന്റെ തിളക്കം തലമുറകള്‍ക്ക് വെളിച്ചം പകരുന്നതായിരുന്നു, 12ല്‍ യൂറോപ്പിനെ ഒരിക്കല്‍ക്കൂടി ബോഷ്ക്കിന്റെ സംഘം ഭരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കസിയസ്, പുയോള്‍, റാമോസ്, ഇനിയേസ്റ്റ, സാവി, ബുസ്ക്വറ്റ്സ്, ഫാബ്രിഗാസ്, ഡേവിഡ് വിയ്യ, ടോറസ്...യൂറോപ്യൻ ഫുട്ബോളിന്റെ മനോഹാരിത ലോകത്തിന് മുൻപില്‍ കെട്ടിയാടിയ കൂട്ടര്‍. പക്ഷേ, തലമുറമാറ്റം ആ സുവര്‍ണകാലത്തെ അവരില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു...ശേഷം മൂന്ന് ലോകകപ്പുകള്‍, ജയിക്കാനായത് മൂന്നേ മൂന്ന് മത്സരങ്ങള്‍ മാത്രം. സാമ്പ താളത്തിന്റെ മണ്ണില്‍ ഗ്രൂപ്പ് താണ്ടിയില്ല, റഷ്യയിലും ഖത്തറിലും അവസാന 16ല്‍ ഒതുങ്ങി...

ലൂയിസ് ഡെലാ ഫ്യുന്റെ...സ്പാനിഷ് ഫുട്ബോളിന്റെ കടിഞ്ഞാണ്‍ ആ കൈകളിലേക്ക് ലഭിക്കുമ്പോള്‍, ലോകം ഒന്നടങ്കം ചോദിച്ചു, ഫ്യുന്റെ, ഹു എന്ന്! പക്ഷേ, ടിക്കി ടാക്കയുടെ മരണം വിധിച്ചവർക്ക് മുൻപില്‍ ഫ്യൂന്റെ ലാ റോഹായ്ക്ക് സുവർണകാലം തിരിച്ചുസമ്മാനിക്കാൻ ഒരുങ്ങിയായിരുന്നു എത്തിയത്. ടിക്കി ടാക്കയ്ക്ക് ചില അപ്ഗ്രേഡുകള്‍ നല്‍കി അയാള്‍ മെനഞ്ഞ കളിയില്‍ യൂറോപ്പിലെ രാജക്കന്മാരുടെ കസേര സ്പെയിൻ തിരിച്ചുപിടിച്ചും നേഷൻസ് ലീഗില്‍ നിശ്ചിതസമയത്തും അധികസമയത്തും ഒരു കളിപോലും തോല്‍ക്കാതെയും കരുത്ത് കാണിച്ചു.

ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ഒരു തോല്‍വി പോലും വഴങ്ങാതെ കുതിപ്പ്. ഗോളടിക്കാൻ മറക്കുന്ന വിരസത നിറഞ്ഞ ടിക്കി ടാക്കയെന്ന് പരിഹാസം ആവോളം പോയ കാലത്ത് ഏറ്റുവാങ്ങിയ സ്പെയിൻ ലോകകപ്പ് യോഗ്യത ഘട്ടത്തില്‍ 21 തവണയാണ് എതിര്‍ ഗോള്‍വലയില്‍ പന്തെത്തിച്ചത്. അതും ഒരു ട്രെഡീഷണല്‍ നമ്പര്‍ ണയൻ ഇല്ലാതെ തന്നെ. അമേരിക്കൻ ഐക്യനാടുകളില്‍ കാല്‍പ്പന്താരവം ഉയരുമ്പോള്‍ കലാശപ്പോര് വരെ എത്താനും കിരീടരാവ് സ്വന്തമാക്കാനും കെല്‍പ്പുള്ള ഒരു സംഘത്തെ ഉയര്‍ത്താൻ ഫ്യൂന്റെയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ.

4-3-3 എന്ന പരമ്പരാഗതശൈലിയില്‍ അതിമനോഹരമായി പന്ത് തട്ടുന്ന 11 പേര്‍. ടിക്കി ടാക്ക അതുതന്നെ തന്ത്രം, ഫ്യൂന്റെയുടെ സിസ്റ്റത്തില്‍ താരങ്ങളുടെ പൊസിഷനിങ്ങാണ് ഏറ്റവും പ്രധാനം. സൂപ്പര്‍ താരങ്ങളല്ല കരുത്ത്, അവരെങ്ങനെ ആ പന്തിനെ നിയന്ത്രിക്കുന്നുവെന്നതിലാണ്, കോര്‍ഡിനേഷൻ. പൊസിഷനിലെ ഡിസിപ്ലിൻ ഇവിടെ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. പൊസഷൻ ഫുട്ബോള്‍ തങ്ങളുടെ നീക്കങ്ങള്‍ക്കൊപ്പം എതിരാളികളെ അവരുടെ പൊസിഷനുകളില്‍ നിന്ന് പുറത്തേക്ക് വരാൻ നിര്‍ബന്ധിതമാക്കുകയും ഇതിലൂടെ അറ്റാക്കിങ്ങിനുള്ള സ്പേസ് കണ്ടെത്താനും സ്പെയിനെ സഹായിക്കുന്നു.

ഒരു പ്രോപ്പര്‍ നമ്പര്‍ ണയൻ ഇല്ലാതെ തന്നെ സ്പെയിൻ ഗോള്‍വലകള്‍ നിറയ്ക്കുന്നതിന്റെ കാരണവുമിതാണ്. ടിക്കി ടാക്ക കുറിയ പാസുകളില്‍ മാത്രം ഒതുങ്ങുന്നതല്ല എന്ന് ഫ്യൂന്റെ സമീപകാലത്ത് തെളിയിച്ചിട്ടുണ്ട്. പൊസഷൻ വിട്ടുകൊടുത്തും അയാള്‍ വിജയം പിടിച്ചെടുക്കാൻ ശീലിപ്പിച്ചിരിക്കുന്നു.

സ്പാനിഷ് ടീമിന്റെ കോര്‍ അവരുടെ മിഡ് ഫീല്‍ഡാണ്. ബാഴ്സലോണയുടെ മാന്ത്രികൻ പെഡ്രി, ആഴ്സണലിന്റെ മാ‍ര്‍ട്ടിൻ സുബിമെൻഡി, പിഎസ്ജിയുടെ ഫാബിയാൻ റൂയിസ്, ഒപ്പം ഗവിയും അലക്സ് ബെനയും റോഡ്രിയും. പരുക്കിന്റെ പിടിയില്‍ നിന്ന് മടങ്ങിയെത്തുന്ന റോഡ്രിയുടെ സേവനം കളത്തില്‍ എത്രത്തോളം ലഭിക്കുമെന്നതില്‍ സംശയമുണ്ട്. പക്ഷേ, ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റതും ക്രിയേറ്റീവുമായുള്ള മിഡ് ഫീല്‍ഡ് സ്പെയിൻ ഒരുക്കുന്നതാണ്, തര്‍ക്കങ്ങളില്ലാത്ത ഒന്ന്. സുബിമെൻഡിയും പെഡ്രിയും ഗവിയും എത്രത്തോളം സാങ്കേതികത്തികവുള്ള താരങ്ങളാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.

ഇവിടേക്കാണ് ലമീൻ യമാല്‍ എന്ന ജീനിയസ് ചേര്‍ക്കപ്പെടുന്നത്. വലതുവിങ്ങില്‍ യൂറോയിലും നേഷൻസ് ലീഗിലും ലാ ലിഗയിലുമെല്ലാം യമാല്‍ തീര്‍ത്ത അത്ഭുതങ്ങള്‍ അമേരിക്കൻ ഐക്യനാടുകളിലും ആവര്‍ത്തിക്കും. ഇത് യമാലിന്റെ ലോകകപ്പായിരിക്കുമെന്ന് ഇതിനോടകം തന്നെ പ്രവചനങ്ങളുണ്ടായിക്കഴിഞ്ഞു. ആ ഇടംകാലില്‍ ഇനി എത്ര അസാധരണ നിമിഷങ്ങളുണ്ടാകുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

ഇടതുവിങ്ങില്‍ നിക്കോ വില്യംസ്, സ്പാനിഷ് കുപ്പായമണിഞ്ഞാല്‍ നിക്കോയ്ക്ക് മറ്റൊരു പരിവേഷമാണ്, ലൈക്ക് എ ബീസ്റ്റ്. നിക്കോ - യമാല്‍ കൂട്ടുകെട്ടാണ് സ്പെയിൻ അറ്റാക്കിനെ റൂത്ലസ് ആക്കുന്നതും. ഇവിടെ ആരാകും സ്ട്രൈക്കര്‍ എന്നതാണ് അടുത്ത ചോദ്യം. ഫ്യൂന്റെയുടെ ആദ്യ ചോയിസ് മികേല്‍ ഒയര്‍സബാലായിരിക്കും, ക്വാളിഫയറിലെ പ്രകടനം തന്നെ കാരണം. ഓല്‍മോയും ഫെറാനും രണ്ടാം നിരയിലുണ്ട്.

ലാ ലിഗയില്‍ സ്ഥിരതപുലര്‍ത്താതിരുന്ന ഉനായ് സിമോണ്‍ ഫസ്റ്റ് ഗോള്‍കീപ്പറാകുമോയെന്നതാണ് ആകാംഷ. ആഴ്സണിന് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഡേവിഡ് റായ, സീസണില്‍ 29 ക്ലീൻ ഷീറ്റുകള്‍. ബാഴ്സലോണയുടെ ജൊആൻ ഗാര്‍ഷ്യ, ലാ ലിഗയില്‍ 15 ക്ലീൻ ഷീറ്റുകള്‍. ഇവിടെയാണ് ഫ്യൂന്റെ ഏറ്റവും കണ്‍ഫ്യൂഷൻ അനുഭവിക്കുന്നതെങ്കില്‍ ആശങ്ക മറ്റൊരിടത്താണ്. സ്പെയിനിന് മുൻതൂക്കം നല്‍കുന്ന ഘടങ്ങളാണ് മേല്‍പറഞ്ഞത്. എന്നാല്‍ ദൗര്‍ബല്യം ഉണ്ട്, അത് പ്രതിരോധമാണ്.

സ്പെയിന്റെ പ്രതിരോധം എത്രത്തോളം ശക്തമാണെന്നതില്‍ വലിയ ചോദ്യമുണ്ട്. ഹൈ പ്രെസിങ് ഫുട്ബോള്‍ അവരുടെ വീഴ്ചയ്ക്ക് തന്നെ വഴിയൊരുക്കുന്നതും എതിരാളികള്‍ ഉപയോഗിക്കുന്നതുമായ പല സന്ദര്‍ഭങ്ങളും കണ്ടു. 15 ഗോളുകളാണ് നേഷൻസ് ലീഗില്‍ വഴങ്ങിയത്. അതൊരു ചെറിയ അക്കമല്ല. പെഡ്രൊ പോറൊ, മാര്‍ക്കസ് ലോറന്റെ, ആവ്മെറിക്ക് ലപോര്‍ട്ടെ, പൗ കുബറാസി, മാര്‍ക്ക് പുബില്‍, എറിക്ക് ഗാര്‍ഷ്യ, മാര്‍ കുക്കുറേയ, അലസാൻഡ്രൊ ഗ്രിമാല്‍ഡൊ എന്നിവരാണ് പ്രതിരോധ നിരയില്‍. കുക്കുറേയ, ലപോര്‍്ടെ, ഗാര്‍ഷ്യ, ലൊറന്റെ എന്നിവരായിരിക്കാം ആദ്യ ഇലവനില്‍ ഇടം പിടിക്കുക.