2028ലേക്ക് നോട്ടമിട്ട് സൂര്യകുമാര്‍ യാദവിനെ പിന്നിലാക്കി നടക്കാൻ അജിത് അഗാര്‍ക്കറും ബിസിസിഐയും തീരുമാനമെടുക്കുമ്പോള്‍ അത് അല്‍പ്പം ക്രൂരമായിപ്പോയോ
ഒരിക്കലും ഒന്നും അനുകൂലമായിരുന്നില്ല, തീരുമാനങ്ങളൊക്കെയും അയാള്‍ക്കൊപ്പം സഞ്ചരിക്കാൻ വിസമ്മതിച്ച കാലമായിരുന്നു കൂടുതല്‍, ഒരുതരം ക്രൂരതയെന്നൊക്കെ പറയാം.
22-ാം വയസില്‍ തുടങ്ങിയതാണ് ആ ലക്ഷ്യത്തിലേക്കുള്ള പോരാട്ടം, എട്ട് വർഷം മൂപ്പര് കാത്തിരുന്നു. സെലക്ടർമാരുടെ കണ്ണൊടുവില്‍ ഉടക്കിയപ്പോഴേക്കും അയാളുടെ യവ്വനവും സുവര്‍ണകാലവുമൊക്കെ പിന്നിട്ടിരുന്നു, ജീവിതം മൂന്ന് ദശാബ്ദം തൊട്ടു. ഏറെ വൈകയിരുന്നു.
2021ല്‍ ഇംഗ്ലണ്ടിനെതിരായ ടി20യില്‍ വിരാട് കോലിയുടെ സംഘത്തില്‍ ഉള്‍പ്പെട്ടെങ്കിലും ബാറ്റ് ചെയ്യാൻ അവസരം പോലും ലഭിച്ചിരുന്നില്ല അന്ന്, ഒരുവര്‍ഷത്തിനിപ്പുറം ഫോര്‍മാറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററായുള്ള പരിണാമം. ഒരു പ്രോപ്പർ ടി20 മെറ്റീരിയല്‍, ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടി20 ബാറ്റര്‍. മൈതാനത്തിന്റെ ഏത് കോണിലേക്കും പന്തെത്തിക്കാനുള്ള അസാധ്യമായ വൈഭവം, ഏത് ബൗളിങ് നിരയും ഭുഖണ്ഡവും സമമായിരുന്നു ആ ബാറ്റിന്. കേവലം അഞ്ച് വര്‍ഷം കൊണ്ട് ക്രിക്കറ്റിന്റെ ഉന്നതി കീഴടക്കി ഉദിച്ച് അസ്തമയം കണ്ട കരിയര്‍. മിസ്റ്റര്‍ 360, സ്കൈ - സൂര്യകുമാര്‍ യാദവ്.
2028ലേക്ക് നോട്ടമിട്ട് സൂര്യകുമാര്‍ യാദവിനെ പിന്നിലാക്കി നടക്കാൻ അജിത് അഗാര്‍ക്കറും ബിസിസിഐയും തീരുമാനമെടുക്കുമ്പോള്‍ അത് അല്‍പ്പം ക്രൂരമായിപ്പോയോ.
നോട്ടിങ്ഹാമും ബേ ഓവലും രാജ്കോട്ടും ജോഹന്നാസ്ബര്‍ഗുമൊക്കെ കണ്ട ബാറ്റിങ് വിസ്മയങ്ങള്‍, കെനിങ്ടണ്‍ ഓവലില്‍ ഇതിഹാസങ്ങളുടെ കണ്ണീരിനെ തുടച്ച് കൈപ്പിടിയിലൊതുക്കിയ ലോകകിരീടം, ശേഷം 33-ാം വയസില്‍ നായകസ്ഥാനം ഏറ്റെടുത്ത് ഒരിക്കല്‍ക്കൂടി ആ ജനതയെ ആനന്ദത്തിലാഴ്ത്തി. തോല്‍വികളിലും വ്യക്തിഗതമികവിലെ ഇടിവിലുമൊക്കെ ആത്മവിശ്വാസം ചോര്‍ന്നിട്ടില്ല. വിശ്വം വിജയിച്ച നായകന് അര്‍ഹിച്ച മടക്കമാണോ നല്‍കിയതെന്ന ചോദ്യം മുന്നിലുണ്ട്. സൂര്യകുമാര്‍ യാദവിന്റെ കാര്യത്തില്‍ അതിന് ഉത്തരം തേടുക അല്‍പ്പം എളുപ്പമാണ്, അതിന് കാരണം സൂര്യമാത്രമല്ല, ഗെയിമിലെ മാറ്റങ്ങള്‍ക്കൂടിയാണ്.
കരിയറിലെ നിര്‍ണായക സമയത്ത് ലോകകപ്പ് നേടുന്ന താരങ്ങള്‍ പലസമീപനങ്ങള്‍ എടുത്തത് ഉദാഹരണമായുണ്ട്. രോഹിത് ശര്‍മയേയും വിരാട് കോലിയേയും പോലെ വിരമിക്കുന്നവര്‍, കളി തുടരുന്നവര്‍, പുതുതലമുറയിലേക്ക് ഉത്തരവാദിത്തം കൈമാറുന്നവര്‍...അങ്ങനെയെല്ലാം. പക്ഷേ, സൂര്യകുമാറിന്റെ കാര്യത്തില്‍ അല്‍പ്പം വ്യത്യസ്തമായിരുന്നു, അഹമ്മദാബാദില്‍ ലോകകിരീടം ഉയര്‍ത്തുമ്പോള്‍ ഒളിമ്പിക്സ് വരെയുള്ള സ്വപ്നങ്ങളെക്കുറിച്ച് അയാള്‍ സമ്മാനിച്ചിരുന്നു, തുടരാൻ തന്നെയായിരുന്നു ആഗ്രഹിച്ചതും.
സംഭവിച്ചത് മറിച്ചായിരുന്നു. ലോകകിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ടീമില്‍ നിന്ന് തന്നെ പുറത്താക്കപ്പെടുന്ന അപൂര്‍വതയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് സാക്ഷിയായി. അത് അത്ര എളുപ്പമുള്ള ഒരുതീരുമാനമായിരുന്നില്ല സെലക്ടര്‍മാര്‍ക്കും, ഉള്‍ക്കൊള്ളുക എന്നത് സൂര്യകുമാറിനും. വൈകാരികതലം മാറ്റിവെച്ച് ചിന്തിക്കുകയാണെങ്കില്‍ ആ തിരുമാനത്തില്‍ ശരികളാകും കൂടുതല്‍ കാണാൻ കഴിയുക.
നായകസമ്മര്‍ദം സ്കൈ എന്ന ബാറ്ററെ ദുര്‍ബലമാക്കിയെന്നത് യാഥാര്‍ത്ഥ്യമായി മുന്നിലുണ്ട്. ക്യപ്റ്റൻസി ഏറ്റെടുക്കും മുൻപ് 58 കളികളില്‍ 170ന് അടുത്ത് സ്ട്രൈക്ക് റേറ്റില്‍ 2040 റണ്‍സ്, ശരാശരി 43. മൂന്ന് ശതകം, 17 അര്‍ദ്ധ സെഞ്ചുറി. ശേഷമോ, 49 മത്സരങ്ങളില്‍ നിന്ന് 1232 റണ്‍സ്, ഒരു സെഞ്ചുറി, എട്ട് അര്‍ദ്ധ ശതകവും, സ്ട്രൈക്ക് റേറ്റിലും ശരാശരിയിലും ഭീമമായ ഇടിവുമുണ്ടായി. ടി20 ബാറ്റിങ്ങില്‍ ഒന്നാം റാങ്കില്‍ നിന്ന് ഏഴിലേക്ക് വീഴുകയും ചെയ്തു. 2026 ടി20 ലോകകപ്പില്‍ ശരാശരിയിലൊതുങ്ങിയ ബാറ്റിങ് പ്രകടനം, ഐപിഎല്ലാകട്ടെ അതിലും നിരാശപ്പെടുത്തി.
അടുത്ത ടി20 ലോകകപ്പ് സൈക്കിളിന് തയാറെടുക്കുകയാണ് ഇന്ത്യ. 2028 എത്തുമ്പോഴേക്കും സൂര്യയുടെ പ്രായം 37 പിന്നിടും. നിലവിലെ ഫോമും ഭാവിയുമെല്ലാം കണക്കിലെടുക്കുമ്പോള്‍ മറ്റൊരു പേരിലേക്ക് എത്തുകയാണ് ഉചിതമെന്ന് സെലക്ടമാര്‍ ചിന്തിച്ചു, തികച്ചും ന്യായീകരിക്കാൻ കഴിയുന്ന ഒന്ന്. മറുവശത്ത് നായകമികവിലും ബാറ്റിങ് പ്രകടനത്തിലും സ്ഥിരത കാഴ്ചവെക്കുന്ന ശ്രേയസ് അയ്യര്‍, രജത് പാട്ടിദാര്‍ തുടങ്ങിയ താരങ്ങള്‍. ഇരുവരേയും മാറ്റിനിര്‍ത്തുക സാധിക്കാത്ത ഒരു ഘട്ടത്തിലേക്ക് എത്തിയിരുന്നു.
ശ്രേയസ് ആകട്ടെ, മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ചു, ഒരുതവണ കിരീടവും നേടാൻ കഴിഞ്ഞു. മധ്യനിരയില്‍ കണ്‍സിസ്റ്റൻസിയുടെ പര്യായമാണ് ശ്രേയസ്. സൂര്യകുമാര്‍ യാദവിന്റെ നാലാം നമ്പറിന് ഏറ്റവും അനുയോജ്യനെന്ന് നിസംശയം കാണാനാകും.
അര്‍ഹിച്ച ഒരു വിടവാങ്ങല്‍ മത്സരം സൂര്യക്ക് ലഭിച്ചില്ല എന്ന് തോന്നിയേക്കാം. ലോകകിരീടത്തോടെയാണ് സൂര്യയുടെ കരിയറിന് ഒരു താല്‍ക്കാലിക അസ്തമയം ഉണ്ടായിരിക്കുന്നത്. വിരമിക്കാൻ തയാറാകുമോയെന്നത് സൂര്യകുമാറിന്റെ വ്യക്തിപരമായ തീരുമാനമാണ്, പക്ഷേ സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന സന്ദേശം ഇനിയൊരു ഇന്നിങ്സ് ബാക്കിയുണ്ടാകില്ല എന്ന് തന്നെയാണെന്ന് വിലയിരുത്താനാകും. മറ്റ് ഫോര്‍മാറ്റുകളിലേക്ക് ഒരു മടക്കവും സൂര്യക്ക് എളുപ്പമുള്ള ഒന്നല്ലതാനും...
നീലയിലെ അരപതിറ്റാണ്ട്, ക്രിക്കറ്റിന്റെ ഉന്നതി കീഴടക്കി ഉദിച്ച് അസ്തമയം കണ്ട കരിയര്‍, നന്ദി സ്കൈ


