തന്റെ സ്വപ്നസംഘം പെര്‍ഫെക്റ്റാണോ എന്ന ചോദ്യത്തിന് അല്ല എന്ന് അടിവരയിട്ടു പറഞ്ഞു ആഞ്ചലോട്ടി. ലോകകപ്പ് ജയിക്കാൻ ഒരു പെര്‍ഫെക്റ്റ് ടീമല്ല ആവശ്യം, ഒരു റെസിലിയന്റ് ടീമാണ് വേണ്ടത്, അതിനായുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡോണ്‍ കാര്‍ലോ വ്യക്തമാക്കി

ആമസോണ്‍ മഴക്കാടുകളുടെ വന്യത, പുല്‍മൈതാനത്തെ ജോഗ ബൊണിറ്റൊ...ബ്രസീലിയൻ മണ്ണില്‍ ഇത്രത്തോളം മനോഹാരിതയുള്ള മറ്റെന്തിങ്കിലും ഉണ്ടോ...പെലെ, സീക്കൊ, സോക്രട്ടീസ്, ഗരീഞ്ച, റൊണാള്‍ഡിഞ്യോ, റൊണാള്‍ഡോ, കഫു, റിവാള്‍ഡോ...അങ്ങനെ ചെറുത്തുനില്‍പ്പുകളുടെ, പോരാട്ടങ്ങളുടെ പ്രതീകമായി എത്രയെത്ര മനുഷ്യര്‍. യൂറോപ്പിലെ മൈതാനങ്ങളില്‍ നിന്ന് റിയോ ഡി ജനീറോയുടെ തെരുവുകളിലേക്ക് ഒഴുകിയെത്തിയ പന്ത് ഒരു ജനതയെ അടയാളപ്പെടുത്താൻ കാരണമായെങ്കില്‍ അവര്‍ എത്രത്തോളം ആ ഗെയിമിനെ കാലുകള്‍ക്കൊണ്ട് അനശ്വരമാക്കിയിട്ടുണ്ടാകാം...

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

21-ാം നൂറ്റാണ്ടിന്റെ രണ്ടര ദശാബ്ദങ്ങള്‍ക്കിപ്പുറം നിന്നുകൊണ്ട് ചോദിക്കേണ്ടി വരികയാണ്, എന്തുപറ്റി ബ്രസീലിയൻ ഫുട്ബോളിന്. പോയ കാല്‍നൂറ്റാണ്ടില്‍ അവരെങ്ങനെ അപ്രസക്തമായി, അവരായിരുന്നില്ലെ ഒരുകാലത്ത് എല്ലാം. അമേരിക്കൻ ഐക്യനാടുകളില്‍ കനകക്കിരീടം തേടിയിറങ്ങുമ്പോള്‍ എത്രദൂരം സഞ്ചരിക്കാനാകും, അഞ്ച് കിരീടങ്ങളുടെ ചരിത്രത്തിനപ്പുറം അലട്ടുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. അതിനെ മറികടക്കാൻ കാര്‍ലൊ ആഞ്ചലോട്ടിയെന്ന അതികായന്റെ കുട്ടികള്‍ക്ക് സാധിക്കുമോ...

തന്റെ സ്വപ്നസംഘം പെര്‍ഫെക്റ്റാണോ എന്ന ചോദ്യത്തിന് അല്ല എന്ന് അടിവരയിട്ടു പറഞ്ഞു ആഞ്ചലോട്ടി. ലോകകപ്പ് ജയിക്കാൻ ഒരു പെര്‍ഫെക്റ്റ് ടീമല്ല ആവശ്യം, ഒരു റെസിലിയന്റ് ടീമാണ് വേണ്ടത്, അതിനായുള്ള ശ്രമമാണ് നടത്തുന്നതെന്നും ഡോണ്‍ കാര്‍ലോ വ്യക്തമാക്കി. യെസ്, ബ്രസീലൊരു ഫ്രാൻസ്, സ്പെയിൻ, പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നിവരെപ്പോലെ ശക്തരായിരിക്കില്ല. ലോകകപ്പ് യോഗ്യതാ ഘട്ടത്തില്‍ ആറ് തോല്‍വികള്‍, തങ്ങളാരാണെന്ന് പോലും പതിയെ മറന്നുതുടങ്ങിയവര്‍. ചരിത്രത്തിലാദ്യമായി ഒരു ബ്രസീലിയൻ പരിശീലകന് വീണ്ടെടുപ്പ് സാധ്യമാക്കാനാകില്ലെന്ന് അവര്‍ തന്നെ വിശ്വസിക്കുന്ന കാലം..

എന്താണ് ആഞ്ചലോട്ടിയുടെ പ്രത്യേകത. അയാള്‍ തന്റെ സിസ്റ്റത്തിലേക്ക് താരങ്ങളെ പറിച്ചുനടുകയല്ല. മറിച്ച് താരങ്ങള്‍ക്ക് അനുയോജ്യമായ അവരുടെ കളിരീതികള്‍ക്ക് അനുസരിച്ചൊരു സിസ്റ്റം രൂപപ്പെടുത്തുകയാണ്. എസി മിലാനിലും റയല്‍ മാഡ്രിഡിലുമെല്ലാം ആഞ്ചലോട്ടി ചെയ്തത് അതുതന്നെയായണ്. ബ്രസീലിന്റെ കാര്യത്തിലും വ്യത്യസ്തമല്ല. കഴിഞ്ഞ അഞ്ച് ലോകകപ്പുകളില്‍ ബ്രസീലിന് സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സ്റ്റാര്‍ മൊമന്റ്സല്ല അനിവാര്യം, മറിച്ചൊരു ടീമിനെയാണ്.

ബ്രസീല്‍ ലോകകപ്പ് നേടിയ വര്‍ഷങ്ങളിലൊന്നും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീം അവരാണെന്ന് പൂര്‍ണമായും പറയാൻ കഴിയില്ലായിരുന്നു. മികച്ച ടീമുമായി അവരെത്തിയ 82ല്‍ രണ്ടാം ഘട്ടത്തില്‍ മടങ്ങേണ്ടി വന്നത് ചരിത്രം ഓര്‍മിപ്പിക്കുന്നു. ഇക്കുറി ബ്രസീല്‍ ടീമിന്റെ കരുത്ത് ആ പേരുകളിലേക്ക് നോക്കിയാല്‍ വ്യക്തമാകും, അറ്റാക്കിങ്. അറ്റാക്കിങ്ങിനെ പരമാവധി യൂട്ടിലൈസ് ചെയ്യുന്ന തരത്തിലാണ് അഞ്ചലോട്ടി ടീമിനെ ഒരുക്കിയിരിക്കുന്നതും. കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലെപ്പോലെ ഒരു നെയ്മര്‍ സെന്റേഡായല്ല ബ്രസീല്‍ ഇക്കുറി ഇറങ്ങുന്നത്.

വിനീഷ്യസ് ജൂനിയര്‍, മാത്യൂസ് കൂന്യ, ഗബ്രിയേല്‍ മാര്‍ട്ടിനല്ലി, ഇഗോര്‍ തിയാഗോ, എൻ‍ഡ്രിക്ക്, റയാൻ, ഒപ്പം നെയ്മറും. ബ്രസീല്‍ ആരാധകരെ സംബന്ധിച്ച് ഒരുപക്ഷേ ഇത് നെയ്മറിന്റെ ടൂര്‍ണമെന്റായിരിക്കാം, പക്ഷെ യഥാര്‍ത്ഥത്തില്‍ വിനീഷ്യസിന്റേതാണ്. അയാളിലെ ക്രിയേറ്ററായിരിക്കും ബ്രസീലിന്റെ ആയുസിനെ നിര്‍ണയിക്കുക. ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍, ക്രിയേറ്റര്‍. വളരെ നോര്‍മലായുള്ള ഒരു നിമിഷം എതിരാളികള്‍ക്ക് പാനിക്ക് ബട്ടണാക്കി പരിവര്‍ത്തനപ്പെടുത്താൻ വിനീഷ്യസിന് കഴിയും, അതിനയാള്‍ക്ക് ഒരു ടീം ഗെയിമിന്റെ സഹായം പോലും ആവശ്യമില്ല.

പ്രെസിങ്ങ്, ലിങ്ക് അപ്പ്സ്, അറ്റാക്കിങ്ങ് - റഫീഞ്യ. ബിറ്റ്‌വീൻ പൊസിഷനുകളില്‍ കളിക്കാൻ വൈഭവമുള്ള കൂന്യ. പേസിന് മാര്‍ട്ടിനല്ലി, എൻഡ്രിക്ക് സമ്മാനിക്കുന്ന അണ്‍പ്രെഡിക്റ്റബിലിറ്റി, റയാന്റെ ഗോള്‍ സ്കോറിങ് മികവ്...ഫോമിലാണെങ്കിലും തന്റെ താളം കണ്ടെത്താൻ ഇഗോര്‍ തിയാഗോയ്ക്ക് ലോകകപ്പിന് മുൻപ് സാധിച്ചില്ല എന്നത് മാത്രമാണ് ഒരുപോരായ്മയായി നിലനില്‍ക്കുന്നത്.

നെയ്മറിന്റെ റോള്‍. ടീമില്‍ ബ്രസീലിയൻ ഫുട്ബോളിന്റെ തനതുസൗന്ദര്യം ഇന്നും നിലനിര്‍ത്തുന്ന ഒരേയൊരു താരമാണ് നെയ്മര്‍. എന്തുകൊണ്ട് നെയ്മറിന്റെ ഉള്‍പ്പെടുത്തല്‍ ബ്രസീലിന് വൈകാരികമായി എന്നതിന്റെ കാരണവും അതുതന്നെയാണ്. ബ്രസീലിയൻ ഫുട്ബോളിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച ആ ശൈലി അയാളിലുണ്ട്. ഇമാജിനേഷൻ, വിഷൻ, ക്രിയേറ്റിവ് ഹെഡ്. ശാരീരിക ക്ഷമത പൂര്‍ണമായും വീണ്ടെടുക്കാത്ത നെയ്മറിനെ ഒരു ഇംപാക്റ്റ് സബ്ബായാകും ആഞ്ചലോട്ടി ഉപയോഗിക്കുയെന്നും ഏറെക്കുറെ ഉറപ്പാണ്.

പരിചയസമ്പത്തും യുവത്വവുമെല്ലാം നിറഞ്ഞ മുന്നേറ്റനിരയ്ക്ക് കരുത്തുപകരാൻ സാധിക്കുന്ന ഒരു മധ്യനിര ബ്രസീലിനുണ്ടോ, സംശയാണ്. സീക്കോയെപ്പോലെ സോക്രട്ടീസിനെപ്പോലെ ഒരാള്‍ അല്ലെങ്കിലും ഇന്നത്തെ ഫുട്ബോളിങ് സ്റ്റാൻഡേര്‍ഡ് ഡിമാൻഡ് ചെയ്യുന്ന ഒരു താരം ബ്രസീലിന്റെ മൈതാനത്തില്ല. പോര്‍ച്ചുഗല്‍, സ്പെയിൻ തുടങ്ങിയ ടീമുകളുടെ മിഡ്‌ഫീല്‍ഡ് എത്രത്തോളം ക്രീയേറ്റീവ് ആണെന്നത് സൗഹൃദമത്സരങ്ങള്‍ തെളിയിച്ചതാണ്. ബ്രൂണോ ഗിമേറസും കാസിമീറോയുമൊക്കെ ഉണ്ടെങ്കിലും ഇരുവരും ഒരു പീക്ക് ഹിറ്റ് ചെയ്തുനില്‍ക്കുകയല്ല.

എന്നാല്‍, ലൂക്കാസ് പക്വേറ്റയിലായിരിക്കും അഞ്ചലോട്ടി വിശ്വാസം അര്‍പ്പിക്കുക, പനാമയ്ക്കെതിരായ സൗഹൃദമത്സരത്തില്‍ പക്വേറ്റ മൈതാനത്ത് എത്തിയതിന് ശേഷം ബ്രസീലിന്റെ കളിക്ക് സംഭവിച്ച ഒഴുക്കും ഉണര്‍വും തന്നെ ഉദാഹരണമായി എടുക്കാനാകും, അതുകൊണ്ട് ഈജിപ്തിനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ തന്നെ പക്വേറ്റ എത്തിയിരുന്നു.

ഡാനി ആല്‍വസ്, കഫു, മാഴ്സലോ, റോബേര്‍ട്ടൊ കാര്‍ലോസ് പോലെയുള്ള ഫുള്‍ബാക്കുകളെ ലോകത്തിന് സമ്മാനിച്ച ബ്രസീലിന് ഇക്കുറി ആ ലെവലിലുള്ള താരങ്ങളില്ല എന്നത് പോരായ്മയാണ്. അതുകൊണ്ട് ഡിഫൻസീവ് മിഡ്പീല്‍ഡര്‍മാര്‍ക്ക് ഡിഫൻസിനെ അധികമായും സഹായിക്കേണ്ടി വരും. എഡേഴ്സണ്‍, ഡഗ്ലസ് സാന്റോസ്, അലക്സാൻഡ്രൊ, ഗബ്രിയേല്‍, മാര്‍ക്വിനസ്, ഡാനിലോ, ബ്രെമര്‍, ഇബാനസ്, ലിയൊ പെരെയ്‌ര എന്നിവരാണ് പ്രതിരോധ നിരയില്‍ ഉള്ളത്. വെസ്‌ലിയുടെ അഭാവം മറ്റൊരു തിരിച്ചടിയായിക്കാണാനാകും.