Asianet News MalayalamAsianet News Malayalam

Diego Maradona : ഫുട്ബോള്‍ ദൈവം ഡീഗോ മറഡോണയുടെ ഓര്‍മകള്‍ക്ക് ഒരാണ്ട്

1986 ലോകകപ്പ് വേദിയിൽ നിന്നുള്ള ഈ ആവേശം നൂറ്റാണ്ടിന്‍റെ ഗോളാണ്. അറുപത് മീറ്ററിനപ്പുറത്ത് നിന്ന് അഞ്ച് കളിക്കാരെ വെട്ടിച്ചെത്തി അർദ്ധഗോളാകൃതിയിൽ വളഞ്ഞെത്തി പീറ്റർ ഷിൽട്ടനെന്ന അതികായനായ ഗോളിയെ പറ്റിച്ച് പന്ത് ഗോൾവലയിലെത്തിച്ചത് ഇരുപത്തിയഞ്ചുകാരനായ ഡീഗോ മറഡോണ.

Football fans mark one-year anniversary of Diego Maradona's death
Author
Rio de Janeiro, First Published Nov 25, 2021, 6:12 PM IST

റിയോ ഡി ജനീറോ: ഡീഗോ മറഡോണയെന്ന(Diego Maradona) ഫുട്ബോൾ ഇതിഹാസം ഓർമയായിട്ട് ഇന്ന് ഒരു കൊല്ലം. ലോകമെമ്പാടുമുള്ള ഫുട്ബോൾ മൈതാനങ്ങളാണ് മറഡോണയുടെ നിത്യസ്മാരകങ്ങൾ. ബ്യൂനസ് അയേഴ്സിലെ തെരുവുകളിൽ നിന്ന് ഫുട്ബോൾ തട്ടിക്കളിച്ച് തുടങ്ങി ലോകത്തെ വിശ്രുത ഫുട്ബോൾ കളിക്കളങ്ങൾ പ്രതിഭയാൽ പ്രകാശപൂരിതമാക്കി ഡീഗോ മറഡോണ ആരവങ്ങളില്ലാത്ത നിത്യതയുടെ ഗാലറിയിലേക്ക് മടങ്ങിയിട്ട് ഒരു കൊല്ലം

1986 ലോകകപ്പ് വേദിയിൽ നിന്നുള്ള ഈ ആവേശം നൂറ്റാണ്ടിന്‍റെ ഗോളാണ്. അറുപത് മീറ്ററിനപ്പുറത്ത് നിന്ന് അഞ്ച് കളിക്കാരെ വെട്ടിച്ചെത്തി അർദ്ധഗോളാകൃതിയിൽ വളഞ്ഞെത്തി പീറ്റർ ഷിൽട്ടനെന്ന അതികായനായ ഗോളിയെ പറ്റിച്ച് പന്ത് ഗോൾവലയിലെത്തിച്ചത് ഇരുപത്തിയഞ്ചുകാരനായ ഡീഗോ മറഡോണ. ദൈവത്തിന്‍റെ കയ്യിലേറിയെത്തിച്ച ആദ്യഗോളിന്‍റെ കുറവ് തീർത്ത അതിസുന്ദര ഗോൾ. മറഡോണയെന്ന പ്രതിഭയാർന്ന വികൃതിയെ മറ്റൊന്നിനും മറ്റാർക്കും വിസ്മൃതമാക്കുക അസാധ്യമാക്കി ആ ക്വാ‍ർട്ടർ ഫൈനൽ, രാജ്യത്തിന് ഇരട്ടിമധുരമായി ലോകകപ്പും നാട്ടിലെത്തിച്ചു.

Football fans mark one-year anniversary of Diego Maradona's death

തൊട്ടടുത്ത ലോകകപ്പിലും കലാശപ്പോരാട്ടതത്തിലെ എതിരാളികൾ മാറിയില്ല. പക്ഷേ ഫലം മാറി. ഫുട്ബോൾ പണ്ഡിതരും ആരാധകരും ഇനിയും ശരിതെറ്റുകളുടെ തീ‍ർപ്പിൽ എത്താത്ത വിവാദ പെനാൽറ്റിയിലൂടെ ജർമനി ജേതാക്കളായപ്പോൾ മറഡോണ പൊട്ടിക്കരഞ്ഞു. ഫിഫ പ്രസിഡന്‍റിന്‍റെ ഹസ്തദാനം നിഷേധിച്ച് പ്രതിഷേധിച്ചു. മറഡോണയുടെ ആഹ്ളാദത്തെ പോലെ നൊമ്പരവും ഫുട്ബോൾ പ്രേമികൾ നെഞ്ചിലേറ്റു വാങ്ങി.

നാപ്പോളിയുടേയും സെവിയ്യയുടേയും ബാഴ്സലോണയുടേയും ബൊക്കോ ജൂനിയേഴ്സിന്‍റെയും ജഴ്സികളിൽ മറഡോണ തിളങ്ങി. തരം താഴ്ത്തൽ ഭീഷണിയിൽ നിന്ന് ചാമ്പ്യൻഷിപ്പ് നേട്ടങ്ങളുടെ ഉയർത്തെഴുന്നേൽപ്പാണ് ഇറ്റാലിയൻ ലീഗിൽ നാപ്പോളിക്ക് മറഡോണ സമ്മാനിച്ചത്. അന്നാട്ടുകാർ മറഡോണയെ സ്വന്തം മകനും സ്നേഹിതനും സഹോദരനും എന്ന പോൽ സ്നേഹിച്ചു. പക്ഷേ ഇറ്റാലിയ 1990ഓടെ ആ ഹൃദയബന്ധം മുറിഞ്ഞു. നെഞ്ചിലേറ്റിയ നഗരത്തിൽ നിന്ന് വെറുക്കപ്പെട്ടവനായി പടിയിറങ്ങിയ മറഡോണയുടെ സിരകളിൽ അപ്പോഴേക്കും ഫുട്ബോളിന്‍റെയൊപ്പം മയക്കുമരുന്നും ലഹരിയായി ഓടിത്തുടങ്ങിയിരുന്നു.

Football fans mark one-year anniversary of Diego Maradona's deathനികുതിവെട്ടിപ്പും ലഹരിക്കേസും എല്ലാമായി ജീവിതത്തിന്റെ മെതാനത്ത് വെറുതെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുനടന്ന മറഡോണയെ ഒടുവിൽ പിടിച്ച് നിർത്തിയത് ഫിദൽ കാസ്ട്രോ. ആ ചരിത്രപുരുഷന്‍റെ കൈത്താങ്ങിൽ മറഡോണ തിരിച്ചെത്തി. ആ മടങ്ങിവരവ് ഉണ്ടാകില്ലെന്ന് വിധിയെഴുതിയവർ പശ്ചാത്തപിച്ച് മാപ്പുപറഞ്ഞു. ഒരിടവേളക്ക് അർജന്‍റീനയുടെ ടീമിനൊപ്പം മറഡോണ വീണ്ടും ലോകകപ്പ് വേദിയിൽ. ദക്ഷിണാഫ്രിക്കയിലെ മൈതാനങ്ങലുടെ അരികുകളിൽ കളിക്കാർക്ക് നിർദേശം നൽകിയും ആവേശം പകർന്നും ശാസിച്ചും ആഹ്ളാദിച്ചും ഓടി നടന്ന കോച്ചിനൊപ്പമായിരുന്നു അന്നത്തെ ലോകകപ്പ്.

ജയപരാജയങ്ങളുടെ ഏറ്റിറക്കങ്ങളും ചിട്ടയുടേയും ചിട്ടയില്ലായ്മയുടെയും ശരിതെറ്റുകളും പ്രതിഭയുടേയും ധിക്കാരിയുടെയും ഇരുട്ടുവെളിച്ചവും, ഏകമാനകമായിരുന്നില്ല മറഡോണയുടെ ജീവിതം. അർദ്ധോക്തികളും അർദ്ധവിരാമങ്ങളും ചോദ്യചിഹ്നങ്ങളും കൂടുതൽ ഉപയോഗിക്കാതെ രേഖപ്പെടുത്താനാകാത്ത ജീവചരിത്രം, ഒരു കാര്യത്തിലൊഴികെ. ദീ‌ർഘചതുരാകൃതിയിലുള്ള മൈതാനത്ത് ഫുട്ബോൾ കൊണ്ട് തീർത്ത മന്ത്രജാലത്തിന്‍റെ കാര്യത്തിൽ.

Football fans mark one-year anniversary of Diego Maradona's death

അറുപതാമാണ്ടിൽ ലോങ് വിസിൽ മുഴങ്ങിയത് മറഡോണയുടെ ജീവനാണ്. ജീവിതത്തിനല്ല. കളിക്കളത്തിൽ തീർത്ത വിസ്മയങ്ങൾക്ക്, മിന്നലാട്ടങ്ങൾക്ക് അവസാനമില്ല. അത് ഓർമപ്പൂക്കളായി ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ സ്നേഹത്തിലേറി ബ്യൂനസ് അയേഴ്സിലെ നിത്യവിശ്രമക്കളത്തിൽ വീണുകൊണ്ടേയിരിക്കും.

Follow Us:
Download App:
  • android
  • ios