ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20യില്‍ ബാറ്റിങ് നിരയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു, പ്രത്യേകിച്ചും അക്സർ പട്ടേലിന്റെ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി 20യില്‍ ഓപ്പണര്‍ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് വീഴുന്നത് ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ്. മൂന്നാം നമ്പറിലെത്തിയത്, അക്സര്‍ പട്ടേലായിരുന്നു, ഇടം കയ്യൻ ബാറ്റര്‍. തിലക് വ‍ര്‍മ, സൂര്യകുമാര്‍ യാദവ് എന്നിങ്ങനെ മുൻനിരയില്‍ കരുത്ത് തെളിയിച്ചവരൊക്കെ ഡഗൗട്ടിലുള്ളപ്പോഴാണ് ഈ നീക്കം. മാര്‍ക്കൊ യാൻസണും ലുംഗി എൻഗിഡിയും നന്നായി പന്തെറിയുന്നു. ന്യൂബോളില്‍ അക്സര്‍ സമ്മര്‍ദത്തിലാകുകയാണ്, പവര്‍പ്ലേയില്‍ നേരിട്ട 17 പന്തില്‍ 13 റണ്‍സാണ് അക്സറിന് സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ക്കാനായത്. പാളിപ്പോയ മറ്റൊരു പരീക്ഷണമായി കണ്ടാല്‍ മതി!

ഫ്ലെക്‌സിബിലിറ്റി, ഫ്ലെക്‌സിബിലിറ്റിയെന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയുടെ ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും മുഖ്യപരിശീലകനായ ഗൗതം ഗംഭീറും കായികലേഖകരുമായി സംവദിക്കുമ്പോള്‍ തുടരെ പ്രയോഗിക്കുന്ന ഒരു വാക്കാണിത്. ഓപ്പണ‍ര്‍മാര്‍ ഒഴികെയുള്ള ബാറ്റര്‍മാര്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയാറായിരിക്കണം എന്നതാണ് സൂര്യയും ഗംഭീറും പ്രസ്തുത വാക്കിന് നല്‍കുന്ന നിര്‍വചനം. ഈ നിർവചനം മാത്രമാണുള്ളത്, പരീക്ഷണത്തെ സാധൂകരിക്കാൻ കഴിയുന്ന കാരണങ്ങളൊന്നും നിരത്താൻ ഇരുവർക്കും ഇതുവരെ സാധിച്ചിട്ടില്ല.

അഞ്ചില്‍ ബാറ്റ് ചെയ്യുന്ന അക്സർ ചിലപ്പോള്‍ മൂന്നിലെത്തിയേക്കും, മൂന്നില്‍ മികച്ച റെക്കോർഡുള്ള തിലക് വർമ അഞ്ചിലും ആറിലും കളിക്കും, മധ്യനിരതാരം ശിവം ദുബെ എട്ടാം നമ്പറില്‍ ക്രീസിലെത്തും, ഹാർദിക്കിനേയും പ്രതീക്ഷിക്കാം അഞ്ചിലും ആറിലുമൊക്കെ, ജിതേഷ് എട്ടിലും ഏഴിലുമൊക്ക! സഞ്ജുവിനെ ഓപ്പണറൊഴികെ ഏത് പൊസിഷനിലും കളത്തില്‍ കാണാനാകും. അങ്ങനെ അവസാനിക്കാത്ത പരീക്ഷണങ്ങള്‍, ഏഷ്യ കപ്പിലും ഓസ്ട്രേലിയൻ പര്യടനത്തിലുമെല്ലാം തുടർന്ന ശൈലി ഇതു തന്നെയാണ്. ഈ ഷഫിളുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നായകനുപോലും നിശ്ചയമില്ല.

ഇനി കാര്യത്തിലേക്ക് വരാം, അക്സറൊരു ക്രൈസിസ് മാനേജറാണെന്നതില്‍ തർക്കമില്ല. മൂന്ന് ഫോർമാറ്റുകളിലും അത് തെളിയിക്കാനും സാധിച്ചിട്ടുണ്ട്. സമീപകാലത്ത് ട്വന്റിയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്റർമാർ സൂര്യകുമാര്‍ യാദവും തിലക് വര്‍മയുമാണ്. സൂര്യ മോശം ഫോമിലാണെങ്കിലും ടീമിലെ ബിഗ് ഹിറ്റർ അയാള്‍ തന്നെയാണ്, കണക്കുകള്‍ നിരത്തേണ്ടതുമില്ല. തിലകിന് മൂന്നാം നമ്പറില്‍ രണ്ട് സെഞ്ചുറികളാണുള്ളത്, പൊസിഷനിലെ സ്ട്രൈക്ക് റേറ്റ് 170 ആണ്. 214 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോഴാണ്, ബാറ്റിങ് നിരയില്‍ ഇരുവർക്കും മുകളിലായി അക്സറിനെ അയക്കുന്നത്. ഒരു ഇടം കയ്യൻ ബാറ്ററായിരുന്നു ചോയിസെങ്കില്‍ തിലകിനെ തന്നെ അയക്കാമായിരുന്നു.

മൂന്നാം നമ്പറിലെത്തി 21 പന്തില്‍ 21 റണ്‍സാണ് അക്സറിന് നേടാനായത്, ഇത് മറ്റ് ബാറ്റർമാർക്ക് നല്‍കുന്ന സമ്മർദം ചെറുതല്ല, പ്രത്യേകിച്ചും ട്വന്റി 20 പോലൊരു ദൈര്‍ഘ്യം കുറഞ്ഞ ഫോര്‍മാറ്റില്‍. അഞ്ചാമനായി എത്തി 34 പന്തില്‍ 62 റണ്‍സ് തിലക് കുറിച്ചു. ഇന്ത്യയുടെ ടോപ് സ്കോറർ. നിരന്തരം പരീക്ഷണങ്ങള്‍ക്ക് പാത്രമാകുന്ന മറ്റൊരു താരമാണ് ശിവം ദുബെ. സ്പിൻ ബാഷറെന്ന ഒറ്റക്കാരണമാണ് ദുബെയുടെ ആനുകൂല്യം. ഈ വർഷം മൂന്ന് മുതല്‍ എട്ടാം നമ്പര്‍ വരെ ദുബെ ക്രീസിലെത്തി. പേസർമാരുള്ളപ്പോള്‍ ദുബെയെ കാത്തുവെക്കുകയും സ്പിന്നർമാര്‍ വരുമ്പോള്‍ അയക്കുകയും ചെയ്യുന്നതാണൊരു പതിവ്. ഈ വർഷം 30 റണ്‍സിന് മുകളില്‍ ദുബെ സ്കോര്‍ ചെയ്തത് രണ്ട് തവണ മാത്രമാണ്.

ഇത്തരമൊരു സ്പിൻ സ്പെഷ്യലിസ്റ്റിനെ ഉപയോഗിച്ച് പരീക്ഷണം നടത്താൻ മാത്രം പോരായ്മകളുണ്ടോ ഇന്ത്യൻ ടീമിലെന്ന് ചോദിച്ചാല്‍ തെറ്റുപറയാനാകില്ല. പ്രത്യേകിച്ചും സ്പിന്നിനേയും പേസിനേയും ഒരുപോലെ കളിക്കാൻ മികവുള്ള സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പുറത്തിരിക്കുമ്പോള്‍. ലോകകപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെയാണ് കൃത്യമായൊരു ബാറ്റിങ് നിരയെ സജ്ജമാക്കാതെ പരീക്ഷണങ്ങളോടുള്ള പ്രീതി തുടരുന്നത്. ജയം നേടാനാകുന്നുവെന്നത് മാത്രമാണ് കടുത്ത വിമര്‍ശനങ്ങളില്‍ നിന്ന് മാനേജ്മെന്റിനെ രക്ഷിക്കുന്നത്.

ഫ്ലെക്‌സിബിലിറ്റി എന്നാല്‍ ഇങ്ങനെ അടിമുടി താരങ്ങളെ ഓരോ പൊസിഷനിലും മാറ്റി പരീക്ഷിക്കുന്നതാണോ. ഇത് അവരുടെ ആത്മവിശ്വാസം തകര്‍ക്കുക മാത്രമല്ല, ലഭിക്കുന്ന ചുരുങ്ങിയ അവസരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ പുറത്തിരിക്കേണ്ടി വരുമെന്നതും യാഥാര്‍ത്ഥ്യമായി മുന്നിലുണ്ട്. 2023 ഏകദിന ലോകകപ്പിന് മുൻപ് അന്നത്തെ ഇന്ത്യൻ നായകനായിരുന്നു രോഹിത് ശര്‍മയാണ് ബാറ്റിങ് നിരയിലെ ഫ്ലെക്‌സിബിലിറ്റിയെക്കുറിച്ച് ആദ്യം പരാമര്‍ശിക്കുന്നത്. താരങ്ങള്‍ക്ക് തങ്ങളുടെ റോളെന്താണെന്ന് കൃത്യമായി ബോധ്യം വേണമെന്നും അതനുസരിച്ച് കളിക്കാൻ തയാറാകണമെന്നുമായിരുന്നു അന്ന് രോഹിത് പറഞ്ഞത്.

പക്ഷേ, അന്ന് രോഹിത് പറഞ്ഞതും ഇന്ത്യ ഇന്ന് മറക്കുന്നതുമായ ഒരു കാര്യമുണ്ട്. ഫ്ലക്‌സിബിലിറ്റിയെന്നാല്‍ ഭ്രാന്തമായി ബാറ്റിങ് നിരയെ അഴിച്ചുപണിയുകയല്ല എന്നത്. ബാറ്റിങ് നിരയില്‍ വര്‍ഷങ്ങളായി സ്ഥിരമായി സ്ഥാനം വഹിച്ചവര്‍ അത് തുടരുകയും അല്ലാത്ത പൊസിഷനുകളില്‍ ഫ്ലെക്‌സിബിളാകാൻ മറ്റ് താരങ്ങള്‍ തയാറാകണമെന്നുമായിരുന്നു രോഹിത് വ്യക്തമാക്കിയത്. ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് ഈ തന്ത്രം നല്‍കിയ ആധിപത്യം ചെറുതായിരുന്നില്ല. നിലവില്‍ ട്വന്റി 20 ടീമെടുക്കുകയാണെങ്കില്‍ അഭിഷേക്, ഗില്‍, സൂര്യ, തിലക്, ഹാര്‍ദിക്ക് അല്ലെങ്കില്‍ ദുബെ - ശേഷം വരുന്ന സ്ഥാനങ്ങളായിരിക്കണം ഫ്ലെക്സിബിള്‍ ആകേണ്ടതെന്ന് ചുരുക്കം, മറിച്ചാണ് സംഭവിക്കുന്നതെന്ന് മാത്രം.