പോയ സീസണില്‍ കിരീടങ്ങള്‍ എത്തിപ്പിടിക്കാൻ സാധിക്കാതെപോയൊരു കൂട്ടത്തെ അത്ഭുതസംഘമാക്കി മാറ്റാനാകുമോ

Be true to the game, because the game will be true to you

നിങ്ങള്‍ കളിയോട് സത്യസന്ധത പുലര്‍ത്തുക, നിങ്ങളോട് ആ കളിയും സത്യസന്ധത പുലര്‍ത്തും...കായികലോകം കണ്ട ഏറ്റവും വലിയ ഇതിഹാസങ്ങളിലൊരാളായ അമേരിക്കൻ ബാസ്ക്കറ്റ് ബോള്‍ താരം മൈക്കല്‍ ജോര്‍ദാന്റെ വാക്കുകളാണിത്. ജോര്‍ദാനെപ്പോലെ പരാജയങ്ങളെ ഭയപ്പെടാത്തൊരാള്‍ വന്ന് സ്പെയിൻ കീഴടക്കിയിരിക്കുന്നു, ബാഴ്‌സലോണയ്ക്കൊപ്പം. 

പോയ സീസണില്‍ കിരീടങ്ങള്‍ എത്തിപ്പിടിക്കാൻ സാധിക്കാതെപോയൊരു കൂട്ടത്തെ അത്ഭുതസംഘമാക്കി മാറ്റാനാകുമോ. ഹാൻസി ഫ്ലിക്ക് സാവി ഒഴിഞ്ഞിട്ട കസേരയിലേക്ക് എത്തുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട റാഫീഞ്ഞയോയും ലെവൻഡോസ്കിയേയും ഫ്രെങ്കി ഡി യോങ്ങിനേയുമാണ് കാണുന്നത്. മൂവരിലും സാവിയുടെ വിശ്വാസം കുറവായിരുന്നുവെന്നതാണ് പലരും ചൂണ്ടിക്കാണിക്കുന്ന കാരണം.

വിരളമായി മാത്രമായിരുന്നു സാവിയുടെ കാലത്ത് 90 മിനുറ്റുകള്‍ റാഫിഞ്ഞയെ കളത്തില്‍ കണ്ടത്. ലെവൻഡോസ്ക്കിക്ക് തന്റെ ഒഴുക്കിനൊത്ത് നീങ്ങാനുള്ള അവസരവുമുണ്ടായിരുന്നില്ല. ഡി യോങ് ബാഴ്‌സയില്‍ നിന്ന് പടിയിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, ഫ്ലിക്കിന്റെ പദ്ധതികള്‍ മറ്റൊന്നായിരുന്നു. തന്റെ ഭാവി പദ്ധതികളിലെ പ്രധാനികളിലേക്കായിരുന്നു മൂവര്‍ക്കും ഫ്ലിക്കിന്റെ ക്ഷണമുണ്ടായത്.

റാഫിഞ്ഞയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണിനായിരുന്നു അവിടെ വിസില്‍ മുഴങ്ങിയത്. 18 ഗോളുകളാണ് താരം ലാ ലിഗയില്‍ നേടിയത്. സീസണിലെ ബാഴ്സയുടെ ടോപ് സ്കോററാണ് ലെവൻഡോസ്കി. 25 ഗോളുകള്‍ പോളണ്ട് താരത്തിന്റെ ബൂട്ടില്‍ നിന്നുണ്ടായി. 

ഫ്ലിക്കിന്റെ ഹൈ പ്രെസിങ് ഗെയിമിലെ പ്രധാനിയാണ് ലമീൻ യമാല്‍. ഗോളൊരുക്കുന്ന യമാലിനെ മാത്രമായിരുന്നില്ല ഫ്ലിക്ക് ഉപയോഗിച്ചത്, യമാലിന്റെ ഗോള്‍ സ്കോറിങ്ങ് മികവും ഫിനിഷിങ്ങും തേച്ചുമിനുക്കി. ഇറങ്ങുന്ന മൈതാനത്തിന്റെ ഉടയോൻ താനാണെന്ന് പറയുന്ന ലമീൻ യെമാല്‍ സീസണ്‍ മുന്നോട്ട് പോകും തോറും കൂടുതല്‍ ആത്മവിശ്വാസത്തിലേക്ക് എത്തി. എട്ട് ഗോളുകളും 13 അസിസ്റ്റുകളും സീസണില്‍ യമാലിന്റെ പേരിലുണ്ട്. യമാല്‍ എന്തുകൊണ്ട് മികച്ചവൻ എന്ന് പറയുന്നത് സുപ്രധാന നിമിഷങ്ങളിലും മത്സരങ്ങളിലും തിളങ്ങാനാകുന്നു എന്നതുകൊണ്ട് തന്നെയാണ്.

ബാഴ്‌സയുടെ മുന്നേറ്റക്കാരുടെ ആധിപത്യം കണ്ട സീസണില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു പേര് പെഡ്രിയുടേതാണ്. ദ മാൻ ഇൻ ദ മിഡില്‍. കൗമാരക്കാരനായെത്തിയ പെഡ്രിയുടെ കരിയറിലെ ഏറ്റവും മികച്ച സീസണ്‍. പന്തിലെ നിയന്ത്രണം, വിഷൻ, പാസിങ് എന്നിവയെല്ലാം സാവിയുടേയും ഇനിയേസ്റ്റയുടേയും പിന്മുറക്കാരനെന്ന് ഉറപ്പിക്കും വിധം. ആക്രമണത്തിലും പ്രതിരോധത്തിലും പന്ത് വീണ്ടെടുപ്പിലുമെല്ലാം പെഡ്രി നിറഞ്ഞുനിന്നു. ഓല്‍മോയും ഗാവിയും ഡി യോങ്ങുമെല്ലാം ചേര്‍ന്നപ്പോള്‍ ലീഗിലെ ഏറ്റവും മികച്ച മധ്യനിരയെ ഫ്ലിക്ക് വാര്‍ത്തെടുക്കുകയായിരുന്നു.

തന്ത്രങ്ങളുടേയും താരങ്ങളേയും ഉപയോഗിക്കുന്ന വിധത്തിനൊപ്പം തന്നെ ഫ്ലിക്കിന്റെ ബാഴ്‌സയില്‍ അച്ചടക്കത്തിനും തുല്യപ്രാധന്യമാണ്. ട്രെയിനിങ്ങിന് കൃത്യസമയത്ത് എത്താത്ത കൂണ്ടേ മൂന്ന് കളികളില്‍ ബെഞ്ചിലിരുന്നതൊക്കെ ഓര്‍ത്തെടുക്കാം. എന്തിന് വസ്ത്രധാരണത്തില്‍പ്പോലും കൃത്യമായ ചട്ടങ്ങള്‍ ഫ്ലിക്ക് ബാഴ്‌സയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഴ്‌സയുടെ സീസണിലെ മത്സരങ്ങള്‍ പരിശോധിച്ചാല്‍ 70 അല്ലെങ്കില്‍ 80 മിനുറ്റാകുമ്പോള്‍ ഊ‍ര്‍ജം നഷ്ടമാകുന്ന ഒരു സംഘമായിരുന്നില്ല അവര്‍. മത്സരങ്ങളിലുടനീളം ഒരേ പേസില്‍ പന്തുതട്ടുന്നവര്‍. 

പക്ഷേ ഇവയെല്ലാം പറയുമ്പോഴും ബാഴ്‌സയൊരു പൂര്‍ണതയിലെത്തിയെന്ന് പറയാനാകുമോ. ഇല്ല എന്നാണ് ഉത്തരം. ഹൈ റിസ്‌ക്ക് ഗെയിമാണ് ബാഴ്‌സയുടേത്. പൊടുന്നനെയുള്ള വീഴ്‌ച്ചയും വ‍ര്‍ധിത വീര്യത്തോടെയുള്ള തിരിച്ചുവരവുകളും. എല്ലായിപ്പോഴും ഈ തിരിച്ചുവരവ് സാധ്യമാകില്ല. അത് ഫ്ലിക്കിനും പൂര്‍ണബോധ്യമുള്ള ഒന്നാണ്. നവംബര്‍ ഉദാഹരണം. ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ അരികത്ത് വീണതും അതുകൊണ്ട് തന്നെ.

ചാമ്പ്യൻസ്‌ലീഗില്‍ 14 മത്സരങ്ങളില്‍ നിന്ന് വഴങ്ങിയത് 24 ഗോളുകളാണ്. യൂറോപ്പ് വെട്ടിപ്പിടിക്കാനിറങ്ങുമ്പോള്‍ ഡിഫൻസീവ് ലൈനിലെ പഴുതുകളും അടയ്ക്കേണ്ടതുണ്ട്. അതുകൊണ്ട് അടുത്ത സീസണിന് ഒരുങ്ങുന്ന ബാഴ്സയുടെ പ്രതിരോധനിരയിലേക്ക് പുതിയ താരങ്ങളെ കാണാനായേക്കും.