വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനുള്ള, അവസാന കടമ്പയും കടക്കാനുള്ള രസക്കൂട്ട് അമോല്‍ മജുംദാറിന്റെ കുട്ടികള്‍ക്ക് ഇന്നറിയാം

നവംബര്‍ 02, 2025. തലമുറകള്‍ക്കായി ഹര്‍മൻപ്രീത് കൗറും സംഘവും ഒരു നിമിഷമൊരുക്കി. ഇതിഹാസങ്ങള്‍ക്ക് പൂര്‍ത്തികരിക്കാൻ കഴിയാത്ത ആ വലിയ ദൗത്യം, സ്വപ്നം ഡിവൈ പാട്ടീലില്‍ പൂര്‍ണമാക്കി. സെഞ്ചൂറിയനിലും ലോ‍ര്‍ഡ്‌സിലും കാലം നിഷേധിച്ച ഏകദിന ലോകകപ്പ് കിരീടത്തില്‍ ഒടുവില്‍ ത്രിവര്‍ണം ചാര്‍ത്തപ്പെട്ടു അന്ന്.

മറ്റൊരു ലോകകപ്പിനൊരുങ്ങുകയാണ് ഹര്‍മൻപ്രീതിന്റെ ഇന്ത്യ, ഇംഗ്ലണ്ടിലെ മണ്ണില്‍, ടി20 കിരീടമാണ് മുന്നില്‍. വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനുള്ള, അവസാന കടമ്പയും കടക്കാനുള്ള രസക്കൂട്ട് അമോല്‍ മജുംദാറിന്റെ കുട്ടികള്‍ക്ക് ഇന്നറിയാം. 2020ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ വീണുപോയതിന് പകരമൊരു ദിവസം കണ്ടത്തേണ്ടതുണ്ട്. ടൂര്‍ണമെന്റിന് ഒരുമാസത്തിലധികം അവശേഷിക്കെ ടീം പ്രഖ്യാപനം ബിസിസിഐ നടത്തിയിരിക്കുന്നു. എത്രത്തോളം ശക്തരാണ് ഇന്ത്യ.

ടൂര്‍ണമെന്റിന്റെ ഒൻപത് എഡിഷനുകളുടെ ചരിത്രത്തില്‍ നാല് തവണ സെമി ഫൈനലിലും ഒരു പ്രാവശ്യം കലാശപ്പോരിലുമെത്താൻ ഇന്ത്യക്കായിട്ടുണ്ട്. ടോപ് ഫൈവ് ടീമുകളെയെടുത്താല്‍ ടി20 കിരീടമില്ലാത്തത് ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും മാത്രവും. സോളിഡായുള്ള ഓപ്പണിങ് കൂട്ടുകെട്ട്, സ്‌മൃതി മന്ദാനയും ഷഫാലി വര്‍മയും, മധ്യനിരയില്‍ പരിചയസമ്പത്തുള്ള മാച്ച് വിന്നേഴ്‌സ് - ജെമീമ റോഡ്രിഗസ്, ഹര്‍മൻപ്രീത് കൗര്‍, ദീപ്തി ശര്‍മ. ഫിനിഷറായി റിച്ച ഘോഷും. പേസ് നിരയില്‍ ക്രാന്തി ഗൗഡ്, രേണുക സിങ്, അരുന്ധതി റെഡ്ഡി, പ്രധാന സ്പിന്നര്‍മാരായി ദീപ്തിക്കൊപ്പം ശ്രയങ്ക പാട്ടീലും ശ്രീചരണിയുമുണ്ട്.

പക്ഷേ, നാല് താരങ്ങളുടെ കാര്യത്തിലെ തിരഞ്ഞെടുപ്പാണ് ചോദ്യമായി മുന്നിലുള്ളത്. ടി20 ടീമിലേക്ക് മടങ്ങിയെത്തിയ ഇടം കയ്യൻ സ്പിൻ ഓള്‍ റൗണ്ടറായ രാധാ യദവും സെക്കൻഡ് വിക്കറ്റ് കീപ്പറായുള്ള യാസ്തിക ഭാട്ടിയയും. ഇതുവരെ അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയിട്ടില്ലാത്ത പേസ് ബൗളര്‍ നന്ദിനി ശര്‍മ. അമൻജോത് കൗറിന്റെ അഭാവം ടീമിന്റെ ബാലൻസിനെ ബാധിക്കുന്ന ഒന്നാണ്, പകരം അവസരം ഒരുങ്ങിയിരിക്കുന്നത് ഭാര്‍തി ഫൂല്‍മാലിക്കാണ്.

ആദ്യം നന്ദിനി ശര്‍മയിലേക്ക് വരാം. കഴിഞ്ഞ വനിത പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായിരുന്നു നന്ദിനി. 10 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍. എക്കോണമി ഒൻപതിന് താഴെയാണ്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയ മറ്റൊരു പേസര്‍ക്കും നന്ദിനിക്കൊപ്പമെത്താനായിട്ടില്ല. ഗുജറാത്ത് ജയന്റ്സിനെതിരെ ഹാട്രിക്ക് ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ നേടാനും നന്ദിനിക്ക് സാധിച്ചിരുന്നു പിന്നിട്ട സീസണില്‍. സോഫി ഡിവൈൻ, ആഷ്‌ ഗാ‍ര്‍ഡനര്‍, റിച്ച തുടങ്ങി ടി20യിലെ കൂറ്റനടിക്കാരെയെല്ലാം മടക്കിയ പാഠമാണ് അന്താരാഷ്ട്ര തലത്തിലേക്ക് അവസരം തുറന്ന് നല്‍കിയിരിക്കുന്നതും.

അമൻജോതിന്റെ റീപ്ലേസ്മെന്റായാണ് ഫൂല്‍മാലിയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മീഡിയം പേസറാണെങ്കിലും ഡബ്ല്യുപിഎല്ലിലോ അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തിലൊ പന്തെറിഞ്ഞിട്ടില്ല താരം ഇതുവരെ. അമൻജോതിന്റെ ഏറ്റവും വലിയ പോസിറ്റീവ് സമ്മര്‍ദ സാഹചര്യങ്ങളില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാൻ കഴിയുമെന്നതാണ്, ഇതിന് പുറമെ ഫീല്‍ഡിങ്ങ്. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ബൗണ്ടറി റൈഡറാണ് അമൻജോത്, ഒരുമത്സരത്തില്‍ കുറഞ്ഞത് 10 റണ്‍സെങ്കിലും സേവ് ചെയ്യാൻ സാധിക്കുന്നൊരാള്‍.

ഐഡിയല്‍ റീപ്ലേസ്മെന്റ് അല്ലെങ്കിലും ബാറ്റുകൊണ്ട് തിളങ്ങാൻ ഫൂല്‍മാലിക്കാകും. 2025, 26 സീസണുകളില്‍ താരത്തിന്റെ സ്ട്രൈക്ക് റേറ്റ് 172ഉം 146ഉമാണ്. അതും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ക്രീസിലെത്തി. ഇതായിരിക്കാം സെലക്ടര്‍മാരുടെ കണ്ണ് പതിക്കാനുള്ള കാരണവും. വിക്കറ്റ് ടേക്കിങ് എബിലിറ്റി നഷ്ടമായതായിരുന്നു രാധാ യാദവിന് ടി20 ടീമില്‍ തിരിച്ചടിയായത്. മറുവശത്ത് ഇടം കയ്യൻ സ്പിന്നറായ ശ്രീചരണി ഫസ്റ്റ് ചോയിസായി ഉയര്‍ന്ന് വരികയും ചെയ്തു. ഐപിഎല്ലിലും കേവലം രണ്ട് വിക്കറ്റ് മാത്രമാണ് രാധയ്ക്ക് നേടാനായത്.

പക്ഷേ, ഇന്ത്യ എയ്ക്കായും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങാൻ ഇടം കയ്യൻ സ്പിന്നറിനായിട്ടുണ്ട്. ശ്രീചരണിയെ മറികടന്ന് അന്തിമ ഇലവനില്‍ എത്താനാകുമോയെന്നത് സംശയമാണ്. പരിക്കില്‍ നിന്ന് മുക്തി നേടിയെത്തുന്ന യാസ്തികയെ ടോപ് ഓര്‍ഡര്‍ ബാറ്ററായും ഉപയോഗിക്കാൻ കഴിയും. ബാക്കപ്പായായിരിക്കും ഇംഗ്ലണ്ടിലേക്ക് യാസ്തികയും വണ്ടികയറുക. എല്ലാം കൊണ്ടും ഏറെക്കുറെ സന്തുലിതമായ സംഘം. ഹര്‍മൻപ്രീതിന്റെ കീഴില്‍ അഞ്ചാം ടി20 ലോകകപ്പിനാണ് ഇന്ത്യ ഇറങ്ങുന്നത്, 2020ലെ മുറിവും ഉണക്കേണ്ടതുണ്ട്. ജൂണ്‍ 24നാണ് ഇന്ത്യയുടെ ആദ്യ മത്സരം, പാക്കിസ്ഥാനാണ് എതിരാളികള്‍.