ഒരു ഐസിസി കിരീടമെന്ന ലക്ഷ്യം തേടി ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകളില്‍ ഇന്നും ജയിക്കാൻ ഇന്ത്യ പഠിക്കാത്ത ഒരു സംഘത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി, ഓസ്ട്രേലിയ

ആ സ്വപ്നനിമിഷത്തിലേക്കുള്ള ദൂരം വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ്. ഒക്ടോബ‍ര്‍ 30, ഇന്ത്യയുടെ വനിത ക്രിക്കറ്റ് ചരിത്രത്തില്‍ ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു ദിവസമില്ല. ഒരു ഐസിസി കിരീടമെന്ന ലക്ഷ്യം തേടി ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള യാത്രകളില്‍ ഇന്നും ജയിക്കാൻ ഇന്ത്യ പഠിക്കാത്ത ഒരു സംഘത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി, ഓസ്ട്രേലിയ. മാനം ചതിച്ചില്ലെങ്കില്‍ വ്യാഴാഴ്ച രാവുണരുമ്പോള്‍ ഇന്ത്യയുടെ വനിത ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയെഴുതാൻ ഹര്‍മൻപ്രീത് കൗറിനും സംഘത്തിനും സാധിക്കുമോ. അതോ, കണ്ട് മറുന്ന കാലിടറലുകളുടെ ആവര്‍ത്തനത്തിന് നവി മുംബൈ സാക്ഷിയാകുമോ?

ഇന്ത്യയുടെ തിരിച്ചുവരവ്

It's not how you start, but how you finish. നിങ്ങള്‍ എങ്ങനെ ആരംഭിക്കുന്നുവെന്നതില്ല കാര്യം, നിങ്ങള്‍ എങ്ങനെ അവസാനിപ്പിക്കുന്നു എന്നതിലാണ്. സ്വന്തം മണ്ണിലെ വിശ്വകിരീടപ്പോരില്‍ ഇന്ത്യയുടെ ഇതുവരെയുള്ള സഞ്ചാരം ഒട്ടും എളുപ്പമായിരുന്നില്ല. ശ്രീലങ്കയേയും പാക്കിസ്ഥാനേയും തോല്‍പ്പിച്ച് ആത്മവിശ്വാസത്തോടെ തുടങ്ങി. എന്നാല്‍, പൊടുന്നനെയായിരുന്നു ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഉന്നതിയില്‍ നിന്ന് പുറത്താകലിന്റെ വക്കലിലേക്ക് എത്തിച്ചത്. ഓസ്ട്രേലിയ അനായാസം ഇന്ത്യയെ മറികടന്നെങ്കില്‍, പ്രോട്ടിയാസിനും ഇംഗ്ലണ്ടിനും ജയം നേടിക്കൊടുത്തത് ഇന്ത്യയുടെ വീഴ്ചകള്‍ മാത്രമായിരുന്നുവെന്ന് പറയേണ്ടി വരും.

ഒടുവില്‍ കിവി കടമ്പ കടന്ന് ഫൈനല്‍ ഫോറില്‍ അവസാന ലാപ്പിലെ വേഗതയില്‍ കടന്നുകയറുമ്പോള്‍ മുന്നില്‍ ഓസ്ട്രേലിയ. കരുത്ത് സ്മൃതി മന്ദനയുടെ ബാറ്റ് തന്നെയാണ്. ടൂർണമെന്റിന്റെ തുടക്കത്തിലെ വീഴ്ചകള്‍ പരിഹരിച്ച് മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു, ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തിരിക്കുന്ന സ്മൃതിയായിരിക്കും ഹർമന്റെ ട്രമ്പ് കാർഡ്, ഏഴ് ഇന്നിങ്സുകളില്‍ നിന്ന് 365 റണ്‍സ്. രണ്ട് അർദ്ധ ശതകം, ഒരു സെഞ്ച്വറി.

പക്ഷേ, കൂറ്റൻസ്കോറുകളിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് വളമായിരുന്ന സ്മൃതിക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്ന പ്രതിക റാവല്‍ കൂടിയായിരുന്നു. ടൂർണമെന്റില്‍ 308 റണ്‍സുമായി തിളങ്ങിയ പ്രതികയുടെ പരുക്ക് മൂലമുള്ള അഭാവം പരിഹരിക്കുക എന്നതാണ് വെല്ലുവിളി. ഒന്നരവർഷത്തോളമായി ഏകദിന ടീമിന്റെ പുറത്തിരിക്കുന്ന ഷഫാലി വർമയാണ് പകരമെത്തുന്നത്. ജമീമ റോഡ്രിഗസ്, ഹർമൻപ്രീത്, ദീപ്തി ശർമ, ഹര്‍ളീൻ, റിച്ച എന്നിവരെല്ലാം ഒന്നിലധികം തവണ ടൂർണമെന്റില്‍ ഉത്തരവാദിത്തം നിറവേറ്റിയവരാണ്.

ജമീമയുടെ തിരിച്ചുവരവ് ടീമിന്റെ ബാറ്റിങ് നിര കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. റിസ്ക്ക് ഫ്രീ ഷോട്ടുകളിലൂടെ 140 സ്ട്രൈക്ക് റേറ്റില്‍ സ്കോർ ചെയ്യുന്ന ജമീമ ഏത് സാഹചര്യത്തിനും ഇണങ്ങും. ബാറ്റിങ് ഒരു കരുത്തായിരിക്കുമ്പോള്‍ ടൂർണമെന്റ് അവസാനത്തോട് അടുക്കുമ്പോഴും കൃത്യമായൊരു ഇലവനെ കളത്തിലെത്തിക്കാൻ ഹർമൻപ്രീതിനും ടീം മാനേജ്മെന്റിനും സാധിച്ചിട്ടില്ല. ഒരു എക്സ്ട്രാ ബാറ്റർ വേണൊ ഒരു പ്രോപ്പർ പേസര്‍ വേണൊ എന്നത് ലോകകപ്പിലുടനീളം ഉത്തരമില്ലാത്ത ചോദ്യമായി നിലനില്‍ക്കുകയാണ്.

ദീപ്തി ശർമ, ശ്രീ ചരണി, ക്രാന്തി ഗൗഡ് എന്നിവരാണ് ബൗളിങ്ങില്‍ ഇന്ത്യയുടെ ശക്തിത്രയം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഓസീസ് ബാറ്റര്‍മാര്‍ക്ക് അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത് ശ്രീ ചരണിയും ദീപ്തിയുമായിരുന്നു. നവി മുംബൈയിലെ ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ ഒരു അധിക ബാറ്ററുമായി തന്നെയാകും ഇന്ത്യ ഇറങ്ങുക. കൂറ്റൻസ് സ്കോര്‍ പടുത്തുയര്‍ത്താനും പിന്തുടരാനും ഹ‍‍ര്‍മന്റെ സംഘത്തിന് ആത്മവിശ്വാസം നല്‍കുന്നതും ഒരുപക്ഷേ ഈ കോമ്പിനേഷൻ തന്നെയായിരിക്കും. മറുവശത്ത് അജയ്യരായാണ് ഓസ്ട്രേലിയയുടെ ടൂര്‍ണമെന്റിലെ കുതിപ്പ്, ഇതൊരു അപ്രതീക്ഷിതമായ ഒന്നല്ല.

അതിശക്തരായ ഓസ്ട്രേലിയ

ടൂര്‍ണമെന്റ് പുരഗോമിക്കും തോറും കൂടുതല്‍ ശക്തിപ്രാപിക്കുന്ന ഓസ്ട്രേലിയയെയാണ് കണ്ടത്. പാക്കിസ്ഥാനെതിരെ 76-7 എന്ന നിലയില്‍ നിന്ന് 221ലേക്ക് എത്തി, വിജയം. ഇന്ത്യയ്ക്കെതിരെ ചരിത്ര വിജയം, 330 റണ്‍സ് പിന്തുടര്‍ന്നുള്ള ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 199 റണ്‍സ് മറകടന്നത് വിക്കറ്റ് നഷ്ടപ്പെടാതെ കേവലം 25 ഓവറില്‍. ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോര്‍ പിന്തുടര്‍ന്നു, മുൻനിര തകര്‍ന്നുവീണു, എന്നിട്ടും 40 ഓവറില്‍ ജയം. അവസാന രണ്ട് കളികളും ജയിച്ചത് ക്യാപ്റ്റനും ഉജ്വല ഫോമിലുള്ള അലീസ ഹീലിയുടെ അഭാവത്തിലും. ദക്ഷിണാഫ്രിക്കയെ പുറത്താക്കിയത് കേവലം 97 റണ്‍സില്‍. അള്‍ട്ടിമേറ്റ് ഡൊമിനൻസ്.

ഹീലി, ആഷ്ലി ഗാര്‍ഡനര്‍, ഫീബി ലിച്ച്ഫീല്‍ഡ്, ബെത്ത് മൂണി, എലീസ് പെറി തുടങ്ങിയ ബാറ്റിങ് നിരയിലുള്‍പ്പെട്ടവരെല്ലാം റണ്‍സ് കണ്ടെത്തിക്കഴിഞ്ഞു. തുടക്കത്തില്‍ നിറം മങ്ങിയവരായിരുന്നു ലിച്ച്ഫീല്‍ഡും പെറിയുമൊക്കെ. ബൗളിങ്ങിലേക്ക് എത്തിയാല്‍ ലോകകപ്പിൽ ഓസീസ് പേസര്‍ അന്നബല്‍ സതര്‍ലൻഡാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമത്, 15 വിക്കറ്റുകള്‍. പക്ഷേ, ലോകകപ്പില്‍ ഏറ്റവും ഇംപാക്റ്റ് കൊണ്ടുവന്നത് അലന കിങ് എന്ന ലെഗ് സ്പിന്നറാണ്. ടൂ‍ർ‍ണമെന്റില്‍ ഏറ്റവും മികച്ച ശരാശരിയുള്ള ബൗളറാണ് അലന. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 18 റണ്‍സ് മാത്രം വഴങ്ങിയാണ് എട്ട് വിക്കറ്റുകള്‍ പിഴുതത്.

പക്ഷേ, ഇന്ത്യക്കെതിരെ അലനയ്ക്ക് തിളങ്ങാനായിരുന്നില്ല. ആറ് ഓവറില്‍ 49 റണ്‍സായിരുന്നു അലന വഴങ്ങിയത്. അന്നബല്‍ സതര്‍ലൻഡ് ഒഴികെ മറ്റെല്ലാ ഓസീസ് ബൗളര്‍മാരും ഇന്ത്യൻ ബാറ്റര്‍മാരുടെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. അതുകൊണ്ട് ഓസ്ട്രേലിയ ഡൊമിനേറ്റ് ചെയ്യുന്ന റൈവല്‍റിയുടെ പുതിയ അധ്യായവും ആവേശം വിതറുമെന്ന് തീര്‍ച്ചയാണ്.