ടി20 ലോകകിരീടം നിലനിര്‍ത്താൻ സ്വന്തം മണ്ണില്‍ അടുത്ത വര്‍ഷം പോരിനിറങ്ങുന്ന സൂര്യകുമാറിന്റെ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളിയും ഓസ്ട്രേലിയ തന്നെയാണ്
എന്തുകൊണ്ട് ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പര ഇത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു.
ഏറ്റുമുട്ടാൻ പോകുന്നത് ട്വന്റി 20 ക്രിക്കറ്റിലെ രണ്ട് ബാറ്റിങ് പവര്‍ഹൗസുകളാണ്. ഫോര്‍മാറ്റിന്റെ എല്ലാ സൗന്ദര്യവും വേഗവും ത്രില്ലും അവാഹിച്ചുകളിക്കുന്ന രണ്ട് സംഘങ്ങള്‍. ഇന്ത്യയും ഓസ്ട്രേലിയയും. കാൻബറയില്‍ ആദ്യ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതും വ്യത്യസ്തമായ ഒന്നായിരിക്കില്ല. ലോകകിരീടം നിലനിര്‍ത്താൻ സ്വന്തം മണ്ണില്‍ അടുത്ത വര്‍ഷം പോരിനിറങ്ങുന്ന സൂര്യകുമാറിന്റെ സംഘത്തിന് മുന്നിലെ പ്രധാന വെല്ലുവിളിയും ഓസ്ട്രേലിയ തന്നെയാണ്.
ഈ വര്‍ഷം ആദ്യം നടന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍ പറഞ്ഞ വാചകങ്ങള്‍ ഓര്‍ക്കുന്നില്ലെ. ഹൈ റിസ്ക്ക്, ഹൈ റിവാഡ്, ഇതാണ് ട്വന്റി 20 ഞങ്ങള്‍ സ്വീകരിക്കുന്ന ശൈലി. ഒരു കളി തോല്‍ക്കുക എന്നതൊന്നും വിഷയമല്ല. 250 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യാനുള്ള നിരന്തര ശ്രമങ്ങള്‍ ഉണ്ടാകും. ടൂര്‍ണമെന്റുകളുടെ വലുപ്പചെറുപ്പങ്ങള്‍ ഈ തീരുമാനത്തെ തിരുത്തുകയില്ല. ഇത് നല്‍കിയത് വിജയത്തിന്റെ കുത്തൊഴുക്കായിരുന്നു.
ഫോർമാറ്റില്‍ ബലാബലം
2024 ട്വന്റി 20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിജയശതമാനമുള്ള രണ്ട് ടീമുകളാണ് ഇന്ത്യയും ഓസ്ട്രേലിയയും. സൂര്യകുമാറിന്റെ സംഘം കളിച്ച 27 മത്സരങ്ങളില്‍ 24 എണ്ണവും വിജയിച്ചു. ഓസ്ട്രേലിയ പത്തൊൻപതില്‍ പതിനാറും. ഫോര്‍മാറ്റില്‍ ഇരുടീമുകളുടേയും അത്രയും ആധിപത്യം പുലര്‍ത്തിയ മറ്റൊരു ടീം നിലവില്‍ ലോകക്രിക്കറ്റില്‍ തന്നെയില്ല. 60ന് മുകളില്‍ വിജയശതമാനം പോലുമില്ലാത്തവരാണ് മറ്റ് ടീമുകള്‍.
എക്സ്പ്ലോസീവ് ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ശുഭ്മാൻ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ. മറുവശത്ത് ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്. രണ്ടോ മൂന്നോ വിക്കറ്റ് വീണാലും കുലുങ്ങില്ല. ഇംഗ്ലണ്ടിനെതിരായ പൂനെ ടി ട്വന്റിയില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് വീണ ശേഷവും ഇന്ത്യ അറ്റാക്കിങ് തുടര്‍ന്നിരുന്നു. അഭിഷേകും ശിവം ദുബെയും ഹാര്‍ദിക്ക് പാണ്ഡ്യയും ചേര്‍ന്ന് എത്തിച്ചത് 181 എന്ന പടുകൂറ്റൻ സ്കോറിലേക്ക്. ഒരു രണ്ടോ മൂന്നോ വര്‍ഷം മുൻപായിരുന്നെങ്കില്‍ ഏതൊരു ടീമിന്റെയും സ്കോര്‍ 150ന് താഴെ നില്‍ക്കുമായിരുന്നു.
ഇതേ പാതയില്‍ തന്നെയാണ് ഓസ്ട്രേലിയയുടെ പോക്കും. ട്വന്റി 20യില്‍ ഓസീസിന്റെ ശരാശരി സ്ട്രൈക്ക് റേറ്റ് 158 ആണ്, ഇന്ത്യയുടേത് 153ഉം. പവര്‍പ്ലേ തന്നെയാണ് ഇരുടീമുകളേയും മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 2024 ട്വന്റി 20 ലോകകപ്പിന് ശേഷം പവര്‍പ്ലേയിലെ ഓസ്ട്രേലിയയും റണ്‍ റേറ്റ് പത്തിന് മുകളിലാണ്, ഇന്ത്യ പത്തിന് തൊട്ടുതാഴെയും. ഇന്ത്യയുടെ പവര്‍പ്ലേയിലെ പ്രധാന അസ്ത്രം അഭിഷേക് ശര്‍മയാണെങ്കില്‍ ഓസ്ട്രേലിയക്കത് നായകൻ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന ദ്വയമാണ്.
2024 ട്വന്റി 20 ലോകകപ്പിന് ശേഷം നടന്ന മത്സരങ്ങളെടുത്താല്‍ ലോക ക്രിക്കറ്റില്‍ പവര്‍പ്ലേയില്‍ 190ന് മുകളില്‍ സ്ട്രൈക്ക് റേറ്റുള്ള ഏക ബാറ്ററാണ് അഭിഷേക്. തൊട്ടുപിന്നില്‍ തന്നെ ഹെഡുണ്ടെങ്കിലും മാര്‍ഷിന്റെ സ്ട്രൈക്ക് റേറ്റ് 160ന് മുകളിലാണ്. സമീപകാലത്താണ് മാര്‍ഷ് കൂടുതല്‍ അഗ്രസീവ് ശൈലിയിലേക്ക് ചുവടുമാറ്റിയത്.
ഫിനിഷർമാർ
മുൻനിരയുടെ അതേ താളത്തിലാണ് ഇരുടീമിലേയും ഫിനിഷര്‍മാരുടേയും ഇന്നിങ്സുകള്‍. ടിം ഡേവിഡാണ് ഓസ്ട്രേലിയ്ക്കായ് ഈ റോള്‍ വഹിക്കുന്നത്. ആറ്, ഏഴ് നമ്പറുകളിലെ ഡേവിഡിന്റെ സ്ട്രൈക്ക് റേറ്റ് 175ന് മുകളിലാണ്.
ഇന്ത്യയിലേക്ക് എത്തിയാല്‍ ഒന്നിലധികം ഫിനിഷര്‍മാരെ കാണാനാകും. സഞ്ജു, റിങ്കു സിങ്, ശിവം ദൂബെ എന്നിവരെല്ലാം സമീപകാലത്ത് അവസാന ഓവറുകളില്‍ ഇന്ത്യയ്ക്കായി കൂറ്റനടികളുമായി തിളങ്ങിയവരാണ്. റിങ്കു സിങ്ങിനെ ഒരു അംഗീകൃത ഫിനിഷറായ് ക്രിക്കറ്റ് ലോകം കണ്ടുതുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും അന്താരാഷ്ട്ര വേദികളില്‍ അത് തെളിയിക്കാൻ മതിയായ അവസരങ്ങള്‍ ഇതുവരെ ഒരുങ്ങിയിട്ടില്ല. ഓസ്ട്രേലിയയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് ഇന്ത്യ തയാറാകുമോയെന്നും കാത്തിരുന്നുകാണേണ്ട ഒന്നാണ്.
