ബുംറയില്ലാതിറങ്ങുന്ന ടെസ്റ്റുകളിലേക്കുള്ള പാഠപുസ്തകം കൂടിയാകും ലീഡ്‌സ്
രണ്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് ഇംഗ്ലണ്ടിനുള്ള ദൂരം 16 റണ്‍സ്. ചായക്ക് പിരിയുന്നതിന് മുൻപുള്ള അവസാന ഓവര്‍. ശാര്‍ദൂല്‍ താക്കൂര്‍ പന്തെറിയാൻ ഒരുങ്ങുകയാണ്. പെട്ടെന്ന് ഗില്ലിന്റെ ഇടപെടല്‍, ശാര്‍ദൂലിനെ പിൻവലിക്കുന്നു, പകരം ജസ്പ്രിത് ബുംറ.
99-ാം ഓവറിലെ അഞ്ചാം പന്ത്. ഇന്ത്യയുടെ കൂറ്റൻ ലീഡെന്ന സ്വപ്നം തകര്‍ത്ത ക്രിസ് വോക്ക്‌സാണ് സ്ട്രൈക്കില്‍. ഔട്ട് സ്വിങ്ങര്‍ പ്രതീക്ഷിച്ച് ഡ്രൈവിന് ശ്രമിച്ച വോക്ക്‌സിനെ തേടിയെത്തിയത് ഇൻസ്വിങ്ങര്‍, ബൗള്‍ഡ്. ചായക്കുള്ള സമയം അരമണിക്കൂറുകൂടി നീക്കാനുള്ള തീരുമാനം ആ പന്ത് എടുപ്പിച്ചു.
വൈകിയില്ല, ജോഷ് ടങ്ങിന് ഓഫ് സ്റ്റമ്പ് ലെങ്തില്‍ ഒരു അണ്‍പ്ലെയബിള്‍ ഇൻസ്വിങ്ങര്‍ക്കൂടി. ഇന്ത്യ ആറ് റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ഉറപ്പിക്കുകയാണ് ആ നിമിഷം. ബുംറയത് സാധ്യമാക്കിക്കൊടുക്കുകയായിരുന്നുവെന്ന് പറയുന്നതാവും ശരി. ടെസ്റ്റ് കരിയറിലെ 14-ാം അഞ്ച് വിക്കറ്റ് നേട്ടം.
24.4 ഓവറില്‍ അഞ്ച് മെയിഡൻ ഉള്‍പ്പെടെ 83 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ്. മറ്റ് മൂന്ന് പേസര്‍മാര്‍ എറിഞ്ഞത് 53 ഓവറുകളാണ്. 288 റണ്‍സ് വിട്ടുകൊടുത്ത് എടുത്തത് അഞ്ച് വിക്കറ്റ്, ഒരു മെയിഡൻ പോലും സിറാജ്-പ്രസിദ്ധ്-ശാര്‍ദൂല്‍ ത്രയത്തില്‍ നിന്നുണ്ടായില്ല. ഈ താരതമ്യത്തിനപ്പുറമായിരുന്നു ബുംറയുടെ ലീഡ്‌സിലെ പ്രകടനം.
ബുംറയൊരുക്കിയ അവസരങ്ങളില്‍ നിന്ന് തുടങ്ങാം. ഹാരി ബ്രൂക്കിനെ മടക്കാൻ മൂന്ന് തവണ, ബെൻ ഡക്കറ്റിനെ ഒന്നും. ഇരുവരും സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്തത് 161 റണ്‍സാണ്. ജയ്സ്വാളിന്റേയും ജഡേജയുടേയും കൈകള്‍ ചോരാതെയും നോ ബോള്‍ ശാപം ബുംറയെ വേട്ടയാടുന്നത് അവസാനിക്കുകയും ചെയ്തിരുന്നെങ്കില്‍ ലീഡിന് നേരെ ആറിന് പകരം മൂന്നക്കം തെളിയുമായിരുന്ന് നിസംശയം പറയാനാകും.
ഒരുപക്ഷേ ബുംറയില്ലാതിറങ്ങുന്ന ടെസ്റ്റുകളിലേക്കുള്ള പാഠപുസ്തകം കൂടിയാകും ലീഡ്‌സ്. അനായാസം വിട്ടുകളയുന്ന ക്യാച്ചുകള്‍ക്കും മിസ് ഫീല്‍ഡുകള്‍ക്കെല്ലാം പരിഹാരം ബുംറയുടെ പന്തുകളിലൂടെയാണ് ഗില്‍ കണ്ടെത്തിയിരുന്നത്. ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര എത്രത്തോളം ദുര്‍ബലമായിരിക്കും വിദേശവിക്കറ്റുകളിലെന്ന് മേല്‍പ്പറഞ്ഞ താരതമ്യം ഉദാഹരണമാണ്.
ലീഡ്‌സിലെ വിക്കറ്റില്‍ ബുംറയെറിഞ്ഞ 148 ലീഗല്‍ ഡെലിവെറികളില്‍ 50 ശതമാനത്തിലധികവും കൃത്യതയാര്‍ന്ന ലെങ്തിലായിരുന്നു. അതായത് സ്റ്റമ്പിനെ ഹിറ്റ് ചെയ്യാൻ പാകത്തിനുള്ളവ, അല്ലെങ്കില്‍ ഗുഡ് ലെങ്ത് ഡെലിവെറികള്‍. രണ്ട് ടീമിലുമായി പന്തെറിഞ്ഞ മറ്റൊരു പേസര്‍ക്കുപോലും അവകാശപ്പെടാനില്ല ഈ സ്ഥിരത.
ഗുഡ് ലെങ്ത് ഡെലിവെറികള്‍ ടെസ്റ്റില്‍ എറിയുക എന്നത് അത്ര ശ്രമകരമായ ഒന്നല്ല, പക്ഷേ അത്തരം പന്തുകളില്‍ ഒരേസമയം മൂവ്മെന്റ് സൃഷ്ടിക്കുക എന്നത് എളുപ്പമല്ല. മുഹമ്മദ് സിറാജിനും ക്രിസ് വോക്ക്‌സിനും സാധിക്കാതെ പോയതും സ്ഥിരതയോടെ പന്ത് സ്വിങ്ങ് ചെയ്യിക്കുക എന്നതാണ്. അതും ബാറ്റിങ്ങിന് അനുകൂലമായ സണ്ണി കണ്ടീഷനുകളില്‍.
ബുംറയുടെ ഇൻസ്വിങ് പന്ത് ജഡ‍്ജ് ചെയ്യാനാകാതെ ആശയക്കുഴപ്പത്തില്‍ വിക്കറ്റിലേക്ക് നോക്കി നില്‍ക്കുന്ന ബെൻ ഡക്കറ്റിന്റെ മുഖം നാം കണ്ടതാണ്. ബുംറയുടെ വേഗതകുറഞ്ഞ റണ്ണപ്പും റിലീസ് പോയിന്റും പന്തിനെത്ര വേഗതയുണ്ടാകുമെന്ന് കണക്കുകൂട്ടുന്നതില്‍ ബാറ്റര്‍മാര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നാണ്. തുടരെ ഷോട്ടുകള്‍ കളിച്ചിരുന്ന ഡക്കറ്റിനേയും ഒലി പോപ്പിനേയും നിരന്തരം പന്ത് ലീവ് ചെയ്യാൻ പ്രേരിപ്പിച്ചതും ഈ ഘടകം തന്നെയായിരുന്നു.
റൂട്ടിന്റെ വിക്കറ്റും ചൂണ്ടിക്കാണിക്കാനാകുന്ന ഒന്നാണ്, സ്വിങ്ങ് പ്രതീക്ഷിച്ചിരുന്ന പന്തില്‍ അതുണ്ടായിരുന്നില്ല. കൂടുതല്‍ മൂവ്മെന്റ് പ്രതീക്ഷിച്ച് ബാറ്റ് വെച്ച റൂട്ട് ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായരിന്റെ കൈകളില്‍ ഭദ്രമായെത്തി. ഇതെങ്ങനെ ബുംറ സാധ്യമാക്കുന്നുവെന്നതാണ് അത്ഭുതപ്പെടുത്തുന്നതും ഗ്രേറ്റായി കാണുന്നതിന് പിന്നിലെ കാരണവും.
കരിയറില്‍ നേടിയ 14 അഞ്ച് വിക്കറ്റ് പ്രകടനങ്ങളില്‍ 12 എണ്ണവും ഇന്ത്യയ്ക്ക് പുറത്താണെന്നതാണ് മറ്റൊരു വസ്തുത. കപില്‍ ദേവിനൊപ്പമാണ് വിദേശത്തെ ഈ മികവില്‍ ബുംറ. കപിലിന് സമാന നേട്ടത്തിനായി 104 ഇന്നിങ്സുകളാവശ്യമായി വന്നെങ്കില്‍ ബുംറയ്ക്ക് വേണ്ടിവന്നത് 64 എണ്ണം മാത്രമാണ്.
സെന രാജ്യങ്ങളില്‍ ഏറ്റവുമധിക വിക്കറ്റെടുക്കുന്ന ഏഷ്യൻ ബൗളറെന്ന നേട്ടവും ബുംറയ്ക്കൊപ്പമാണ്. പാകിസ്ഥാന്റെ വസിം അക്രത്തെയാണ് പിന്തള്ളിയത്. ഇതിനെല്ലാം ഉപരിയായി ടെസ്റ്റില്‍ 200ലധികം വിക്കറ്റ് നേടിയ പേസ് ബൗളര്‍മാരില്‍ ഏറ്റവും മികച്ച ശരാശരിയും ബുംറയുടെ പേരിലാണ്. 19.33 ആണ് ബുംറയുടെ ശരാശരി. രണ്ടാമതുള്ള വിൻഡീസ് ഇതിഹാസം മാല്‍ക്കം മാര്‍ഷലിന്റെ ശരാശരി 20.94 ആണ്.


