കന്നിക്കിരീടം കൊതിച്ചെത്തുന്ന പ‌ഞ്ചാബിനെ കാത്തിരിക്കുന്നത് ഒരു പരീക്ഷണക്കയം തന്നെയാണ്

ഒരു പോരാട്ടത്തിലാണ് കാല്‍വഴുതിയത്, യുദ്ധം ഇനിയും പരാജയപ്പെട്ടിട്ടില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ക്വാളിഫയര്‍ ഒന്നിലെ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യര്‍ പറഞ്ഞ വാക്കുകളാണിത്. തിരുത്തലുകളും തിരിച്ചുവരവും പ്രതീക്ഷിക്കാമെന്ന ഉറപ്പ് ആ വാചകങ്ങളിലുണ്ടായിരുന്നു. പക്ഷേ, കന്നിക്കിരീടം കൊതിച്ചെത്തുന്ന പ‌ഞ്ചാബിനെ കാത്തിരിക്കുന്നത് ഒരു പരീക്ഷണക്കയം തന്നെയാണ്. 

മുംബൈ ഇന്ത്യൻസ് എന്ന പേരിനപ്പുറത്തേക്ക് മറ്റ് നിര്‍വചനങ്ങളൊന്നും ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ബെംഗളൂരുവിനെതിരെ കിരീടപ്പോര് ഉറപ്പിക്കാൻ പഞ്ചാബും മുംബൈയും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് നിരയും ഡെയറിങ്ങായുള്ള ബാറ്റിംഗ് സംഘവും തമ്മിലുള്ള മത്സരം. അതും റണ്ണൊഴുകുന്ന അഹമ്മദാബാദിലെ ഏഴാം വിക്കറ്റില്‍. നിരവധി ഘടകങ്ങള്‍ പറഞ്ഞുവെക്കാൻ ഉണ്ടെങ്കിലും നിര്‍ണായകമാകുക ജസ്പ്രിത് ബുംറയും ശ്രേയസ് അയ്യരുമാണ്.

ആദ്യം ശ്രേയസിലേക്ക് വരാം. ബെംഗളൂരുവിനെതിരായ മത്സരത്തില്‍ പഞ്ചാബിന്റെ ഓപ്പണര്‍മാര്‍ മൂന്ന് ഓവറനുള്ളില്‍ മടങ്ങി. വൈകാതെ ശ്രേയസും. പിന്നീടൊരു വീണ്ടെടുപ്പിന് പഞ്ചാബ് ബാറ്റര്‍മാ‍ര്‍ക്കായില്ല. അന്താരാഷ്ട്ര പരിചയസമ്പത്തുള്ള ജോഷ് ഇംഗ്ലിസും മാ‍ര്‍ക്കസ് സ്റ്റോയിനിസും ഉള്‍പ്പെട്ടിട്ടും തകര്‍ച്ച ഒഴിവാക്കാൻ സാധിക്കാതെ പോയി. ഇത്തരമോരു സാഹചര്യം പഞ്ചാബിന് സീസണില്‍ അധികം നേരിടേണ്ടി വന്നിട്ടില്ല. 

കാരണം പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാനും നല്‍കുന്ന തുടക്കമായിരുന്നു. ഇരുവരും ചേര്‍ന്ന് 948 റണ്‍സാണ് പഞ്ചാബ് സ്കോര്‍ബോര്‍ഡിലേക്ക് സംഭാവന ചെയ്തിട്ടുള്ളത്. ഇവര്‍ പരാജയപ്പെടുമ്പോഴാണ് ശ്രേയസ് എക്സ് ഫാക്ടറാകുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ലീഗ് മത്സരത്തിലായിരുന്നു പ്രിയാൻഷും പ്രഭ്‌സിമ്രാനും ഒരുപോലെ പരാജയപ്പെട്ടത്. അന്ന് പഞ്ചാബ് ബെംഗളൂരുവിനെതിരെ പോലെ പൊടുന്നനെ വീണില്ല, പൊരുതി.

ആ പോരാട്ടം മധ്യനിരയില്‍ നയിച്ചത് ശ്രേയസിന്റെ ബാറ്റായിരുന്നു. ഒപ്പം ജോഷ് ഇംഗ്ലിസും. അന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയാണ് ശ്രേയസ് കളം വിട്ടത്. പ‌ഞ്ചാബ് സ്കോര്‍ 200 കടക്കുകയും ബൗളര്‍മാര്‍ വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് നിരയെടുത്താല്‍ 20 ഓവറും ക്രീസില്‍ നിലയുറപ്പിക്കാൻ കെല്‍പ്പുള്ള താരങ്ങള്‍ ചുരുക്കമാണ്, പല‍ര്‍ക്കും വിരളമായ് മാത്രമാണ് അത് സാധിച്ചിട്ടുള്ളു. പക്ഷേ, അന്താരാഷ്ട്ര ക്രിക്കറ്റിലും ഈ ഐപിഎല്ലിലും ശ്രേയസ് അത് തെളിയിച്ച ഒന്നാണ്.

അതുകൊണ്ട്, ശ്രേയസിന്റെ സാന്നിധ്യം ഇന്നിങ്സിലുടനീളമുണ്ടാകുന്നത് പഞ്ചാബിന്റെ സ്കോറിങ് സാധ്യതകളെ വര്‍ധിപ്പിക്കും. 2023 ഏകദിന ലോകകപ്പില്‍ വിരാട് കോലിക്ക് ചുറ്റും ഇന്ത്യ അണിനിരന്നതുപോലെ. പക്ഷേ, ഇത്തരം കണക്കുകൂട്ടലുകളൊന്നും അത്ര എളുപ്പമാകില്ല. കാരണം മറുവശത്ത് മുംബൈ കാത്തുവെച്ചിരിക്കുന്ന അയുധങ്ങള്‍ തന്നെ. പ്രധാനമായും ബുംറ, പിന്നെ ട്രെന്റ് ബോള്‍ട്ട്.

ഒരു മത്സരത്തിന്റെ ജയപരാജയങ്ങളെ നിര്‍ണയിക്കാൻ ബുംറയുടെ ഒരു പന്തിനാകുമെന്ന് വാഷിംഗ്‌ടണ്‍ സുന്ദ‍ര്‍ നിലം പതിച്ച നിമിഷം തെളിയിച്ചതാണ്. സീസണിലെ ബുംറയുടെ ഫോം അളക്കുമ്പോള്‍ ആ നാല് ഓവര്‍ അതിജീവിക്കുക തന്നെയായിരിക്കും പഞ്ചാബിന്റെ സാധ്യതകളെ നിര്‍ണയിക്കുന്നതും. പഞ്ചാബ് നിരയിലെ ബാറ്റര്‍മാരെല്ലാം ബുംറയെ കരുതലോടെ മാത്രമെ നേരിട്ടിട്ടൊള്ളു. ശ്രേയസ് അയ്യരിന്റെ കാര്യം തന്നെ എടുക്കാം.

കഴിഞ്ഞ അഞ്ച് സീസണുകളിലായി ബുംറയുടെ 35 പന്തുകളാണ് ശ്രേയസ് നേരിട്ടത്. നേടിയത് 38 റണ്‍സ് മാത്രം. ബൗണ്ടറികളുടെ എണ്ണം അഞ്ച്. ഡോട്ട് ബോളുകള്‍ 14. പക്ഷേ, ശ്രേയസിനെ മടക്കാൻ ഒരു തവണ മാത്രമെ ബുംറയ്ക്ക് സാധിച്ചിട്ടുള്ളു. ലീഗ് ഘട്ടത്തില്‍ മുംബൈയെ ആധികാരികമായി പഞ്ചാബ് കീഴടക്കിയപ്പോള്‍ തിളങ്ങിയ ഇംഗ്ലിസിന്റെ ബുംറയ്ക്ക് എതിരെയുള്ള സ്ട്രൈക്ക് 116 മാത്രമാണ്. നേരിട്ട 12 പന്തില്‍ ഏഴിലും റണ്‍സ് കണ്ടെത്താനും കഴിയാതെ പോയി. 

പ്രിയാൻഷ് ആര്യയുടെ കാര്യവും വ്യത്യസ്തമല്ല. ടോപ് എഡ്ജില്‍ നിന്നായിരുന്നു ബുംറയ്ക്ക് എതിരെ നേടിയ ഏക സിക്‌സ്. പ്രഭ്‌സിമ്രാൻ ബുംറയ്ക്ക് എതിരെ നേരിട്ട രണ്ടാം പന്തില്‍ തന്നെ ഡഗൗട്ടിലേക്ക് മടങ്ങുകയും ചെയ്തു. പഞ്ചാബ് ബാറ്റിങ് നിരയില്‍ ബുംറയുടെ മുന്നില്‍ തിളങ്ങാൻ ഇതുവരെ സാധിക്കാത്ത ബാറ്ററാണ് സ്റ്റോയിനിസ്. അഞ്ച് സീസണില്‍ പേസ് ബൗളര്‍ക്കെതിരായ സ്ട്രൈക്ക് റേറ്റ് 77 ആണ്, മൂന്ന് തവണ പുറത്താകുകയും ചെയ്തു.

പക്ഷേ, ബോള്‍ട്ടിനെതിരെ പ്രഭ്‌സിമ്രാനും ശ്രേയസും പിന്നോട്ടാണെങ്കില്‍ ഇംഗ്ലിസ് അങ്ങനെയല്ല. ബോള്‍ട്ടിനെതിരെ ഇംഗ്ലിസിന്റെ സ്ട്രൈക്ക് റേറ്റ് 200 ആണ്. പ്രിയാൻഷിന്റേത് 181ലാണ് എത്തിനില്‍ക്കുന്നത്. അതുകൊണ്ട് ബോള്‍ട്ടിനേയും ബുംറയേയും ഹാര്‍ദിക്ക് എങ്ങനെ പ്രയോഗിക്കുമെന്നത് നിര്‍ണായകമാകും. മുംബൈയുടെ ബാറ്റിംഗ് നിരയില്‍ ആശങ്കകള്‍ നിഴലിക്കുന്നില്ല, തിലക് വര്‍മയുടെ തിരിച്ചുവരവും ജോണി ബെയര്‍സ്റ്റോയുടെ എൻട്രിയുമെല്ലാം കൃത്യസമയത്തായിരുന്നു.

മറുവശത്ത് മാര്‍ക്കൊ യാൻസണിന്റെ അഭാവം നികത്താൻ കെയില്‍ ജാമിസണിനാകുമോയെന്ന ചോദ്യമുണ്ട്. ഇതിന് പുറമെ യുസുവേന്ദ്ര ചഹലിന്റെ പരുക്കിന്റെ കാര്യവും അവ്യക്തമായി തുടരുകയാണ്. താരം പരിശീലനത്തിന് ഇറങ്ങിയെങ്കിലും പൂര്‍ണമായും കായികക്ഷമത വീണ്ടെടുത്തോ എന്നത് ഉറപ്പില്ല.