ഇംഗ്ലീഷ് സാഹചര്യങ്ങളോട് സുപരിചിതനായ കരുണ്‍ അത് പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു
ഇംഗ്ലീഷ് മേഘങ്ങള്‍ക്ക് കീഴില്‍ മലയാളി താരം കരുണ്‍ നായര്‍ ഒരു പരീക്ഷയെഴുതി. ആദ്യ ദിനം ചോദ്യമായി മുന്നില്‍ വന്നത് 246 പന്തുകള്‍. കാന്റര്‍ബറിയിലെ നേരിയ സൂര്യവെളിച്ചത്തില്‍ ഡ്യൂക്ക് ബോള്‍ തിളങ്ങുകയായിരുന്നു. ചോദ്യങ്ങളില്‍ പലതും അപ്രതീക്ഷിതം. ഉത്തരങ്ങളില്‍ പിഴവുകളുണ്ടായി. പക്ഷേ, പഠിച്ചവ തുണച്ചു. എട്ട് വര്‍ഷത്തിന് ശേഷമുള്ള കൊല്ലപ്പരീക്ഷയ്ക്കായുള്ള തയാറെടുപ്പില്‍ അയാള്‍ വിജയിക്കുകയായിരുന്നു. 186 റണ്‍സുമായി പുറത്താകാതെ.
രാജാവിന്റെ കസേര ശൂന്യമാണ്, നായകൻ ഒരുപടി മുൻപെ ഇറങ്ങി. തൂവെള്ളിയിലെ പരിചയസമ്പന്നര്‍ ഇനി ആരെന്ന് ചോദിച്ചാല്‍ ഇത്തിരി ഉറക്കെ പറയാം കരുണിന്റെ പേര്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിലൂടെ പല ആശങ്കകള്‍ക്കുമുള്ള മറുപടി കരുണ്‍ നല്‍കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിനെ ആവാഹിച്ച ചേതേശ്വര്‍ പൂജാരയുടെ ബാറ്റുകള്‍ക്ക് പകരമാകാൻ കരുണിന് സാധിക്കില്ലെ, ആ മൂന്നാം നമ്പര്‍ ഉറപ്പിക്കുന്നതായിരുന്നില്ലെ മലയാളി താരത്തിന്റെ ഇന്നിങ്സ്.
അഭിമന്യു ഈശ്വരൻ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാം നമ്പറിലെത്തുന്നത് കരുണാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രതിഭാധനര്‍ക്ക് പിന്നില്‍ നിന്ന് മുന്നിലേക്കുള്ള ചുവടുവെപ്പ്. ഇന്നിങ്സിന്റെ തുടക്കം എളുപ്പമായിരുന്നില്ല. പന്തിന് ലേറ്റ് മൂവ്മെന്റുണ്ടായിരുന്നു. കരുണിന്റെ സാങ്കേതിക മികവും ക്ഷമയും പരീക്ഷിക്കപ്പെടുകയായിരുന്നു. അവിടെ വിജയം കണ്ടു. ക്ലോസ് ടു ദ ബോഡി ഡിഫൻസ്, അതും അല്‍പ്പം വൈകിക്കൊണ്ട്.
എന്നാല്‍, കാന്റര്‍ബറിക്ക് മീതെയുള്ള കാര്‍മേഘം നീങ്ങിയതോടെ ബാറ്റിങ്ങിന് അനുകൂലമായി കാര്യങ്ങള്‍. ഇംഗ്ലീഷ് സാഹചര്യങ്ങളോട് സുപരിചിതനായ കരുണ്‍ അത് പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു. സ്കോര്‍ 62ലും 89ലും നില്‍ക്കെ ഏകാഗ്രതയിലുണ്ടായ ചെറിയ വീഴ്ചകള്‍ ലയണ്‍സിന് ഉപയോഗിക്കാനാകാതെ പോയതോടെ ഒരു ടിപ്പിക്കല്‍ കരുണ്‍ ഇന്നിങ്സിന് കളം ഒരുങ്ങുകയായിരുന്നു. കരുണിന്റെ റിസ്റ്റ് വര്‍ക്ക് വാതോരാതെ വര്‍ണിക്കപ്പെട്ടിട്ടുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ ആഭ്യന്തര സീസണില്‍.
കവര്‍ ഡ്രൈവുകളും പഞ്ചുകളും പുള്‍ഷോട്ടുകളുമെല്ലാം ഇന്നിങ്സിന്റെ തിളക്കം കൂട്ടി. കൃത്യമായി കണക്കുകൂട്ടിയുള്ള ഇന്നിങ്സായിരുന്നു. 85 പന്തിലായിരുന്നു അര്‍ദ്ധ സെഞ്ച്വറിയിലേക്ക് എത്തിയത്. പിന്നീട്, സ്ട്രോക്ക് മേക്കിങ്ങില്‍ ചടുലത സ്കോറിങ്ങ് വേഗത്തിലാക്കി. 155 പന്തില്‍ ശതകം. 150ലേക്ക് എത്താൻ വേണ്ടി വന്നത് 47 പന്തുകള്‍ക്കൂടി. അവസാനം സ്കോര്‍ ചെയ്ത 36 റണ്‍സിന് കരുണ് ആവശ്യമായി വന്നത് 43 പന്തുകള്‍.
കരുണിനൊപ്പം സര്‍ഫറാസും ജൂറലുമെല്ലാം പ്രതീക്ഷ കാത്തു. 24-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടിയാണ് ഇംഗ്ലണ്ടിലെ വേനല്‍ സീസണ് കരുണ്‍ തുടക്കമിട്ടിരിക്കുന്നത്. മൂന്നാം നമ്പറില്‍ കരുണിനെ എത്തിച്ചുള്ള പരീക്ഷണം അതിന്റെ ഫലം കണ്ടു. അത് ചെറുതായല്ല എന്നതാണ് ഇംഗ്ലണ്ട് പര്യടനത്തിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നത്. ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ കരുണിനൊപ്പം പരിചയസമ്പത്തുള്ള മറ്റൊരു താരം കെ എല്‍ രാഹുല്‍ മാത്രമാണ്.
രോഹിതും കോലിയും ഒഴിച്ചിട്ടിരിക്കുന്ന ആ ശൂന്യത നികത്താനുള്ള ഭാരിച്ച ചുമതല ഇരുവര്‍ക്കുമുണ്ട്. അതിന് സാധിക്കുമെന്ന ആത്മവിശ്വാസം നല്‍കാൻ തന്റെ കരിയറിലെ ഏറ്റവും മികച്ച ആഭ്യന്തര സീസണ്‍ കരുണിന് പിന്നിലുണ്ട്. മൂന്നാം നമ്പറില്‍ കരുണിനെ ഉറപ്പിക്കാനായാല്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര കൂടുതല്‍ സന്തുലിതമാകും. പ്രസ്റ്റീജിയസായ ആ നാലാം നമ്പറിലേക്ക് നായകൻ ശുഭ്മാൻ ഗില്ലിനെത്താനാകും.
ഓപ്പണിങ്ങില്‍ ജയ്സ്വാളും രാഹുലും. പിന്നാലെ കരുണും ഗില്ലും. വേഗതയും മൂവ്മെന്റും ബൗണ്‍സും സമം ചേര്‍ത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇംഗ്ലണ്ടിലെ വിക്കറ്റുകളില്‍ ആദ്യ സെഷനുകള്‍ അതിജീവിക്കാൻ ഇവര്‍ക്ക് മുകളില്‍ മറ്റൊരു ഓപ്ഷൻ ഇന്ത്യയ്ക്കുണ്ടോയെന്ന് തന്നെ സംശയമാണ്. അതുകൊണ്ട് കാത്തിരിപ്പിന് ശേഷമുള്ള വരവില്‍ ഇന്ത്യയുടെ കാവലാളാകാനുള്ള ഉത്തരവാദിത്തം കരുണിലേക്ക് വന്നുചേര്‍ന്നേക്കും.
ഇംഗ്ലണ്ടിലെ കരുണിന്റെ പരിചയസമ്പത്ത് ടീമില്‍ ഉള്‍പ്പെടുത്തുന്നതിലെ പ്രധാന കാരണമായി സെലക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൗണ്ടി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പില്‍ നോര്‍ത്താംപ്റ്റൻഷയറിനായി 13 കളികളില്‍ നിന്ന് 985 റണ്‍സ് നേടിയിരുന്നു, ശരാശരി 69 ആണ് താരത്തിന്റേത്. രഞ്ജിയില്‍ ഒൻപത് മത്സരങ്ങളില്‍ നിന്ന് 863 റണ്‍സ്. നാല് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ ശതകവും. കരിയറിന്റെ പീക്കിലെന്ന് തന്നെ പറയാം കണക്കുകള്‍ നോക്കിയാല്‍.
സര്‍ഫറാസിനും ജൂറലിനുമൊപ്പമുള്ള കൂട്ടുകെട്ട് ബിഗ് ഇന്നിങ്സുകള്‍ എത്ര മനോഹരമായി കെട്ടിപ്പടുക്കാൻ കരുണിന് കഴിയുമെന്നും തെളിയിച്ചു. ഒരു നൂറ്റാണ്ടോളമാകുന്ന ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ രണ്ട് താരങ്ങളിലൊരാളായിട്ടും ഒരു തിരിച്ചുവരവ് അയാളില്‍ പലപ്പോഴും പറിച്ചെടുക്കപ്പെട്ടിരുന്നു. അതിന് പരിഹാരമാകുകയാണ്.


