24 വയസ് മാത്രമുള്ള പ്രിൻസ് യാദവിന്റെ രണ്ടാം ഐപിഎല്‍ സീസണാണിത്. പത്ത് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ താരം ഇതുവരെ നേടിയിട്ടുണ്ട്
അബ്‌സല്യൂട്ട് പെര്‍ഫെക്ഷൻ!
ആ പന്ത് രണ്ട് പതിറ്റാണ്ടോളമാകുന്ന തന്റെ അനുഭവസമ്പത്തിനെ വെല്ലുവിളിച്ചതിന്റെ ആശ്ചര്യം ആയാളുടെ ശരീരഭാഷയിലുണ്ടായിരുന്നു, ഒരു നിമിഷം വിക്കറ്റിലേക്ക് നോക്കി, തലകുനിച്ചു മെല്ലെ നടന്നു, അപ്പോഴും അയാള്‍ക്ക് വിശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല.
1110 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഐപിഎല്‍ രാവില്‍ രാജാവ്, വിരാട് കോലി പൂജ്യത്തില്‍ വീണിരിക്കുന്നു. അതും ഒരു ചെയ്‌സ് ദിനത്തില്‍. ആ അത്ഭുതപന്തെറിഞ്ഞ ബൗളറുടെ പേര്, പ്രിൻസ് യാദവ്.
രണ്ടാം ഓവറിലായിരുന്നു പ്രിൻസിന് റിഷഭ് പന്ത് ബോള്‍ കൈമാറിയത്. ഗുഡ് ലെങ്തില്‍ ഹിറ്റ് ചെയ്ത പന്തൊരു ഔട്ട് സ്വിങ്ങറായിരുന്നു, കോലി പന്തിനെ ഓഫ് സൈഡിലേക്ക് പ്രതിരോധിച്ചു. അടുത്ത ഡെലിവെറി. മണിക്കൂറില്‍ 140.4 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച പന്ത് സമാന ലെങ്തിലാണ് പിച്ച് ചെയ്തത്. കോലിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതും ഇവിടെയാണ്.
ഔട്ട് സ്വിങ്ങര്‍ പ്രതീക്ഷിച്ച് ഡിഫൻഡ് ചെയ്യാൻ ഒരുങ്ങിയ കോലിക്ക് പ്രിൻസ് നല്‍കിയതൊരു ഇൻസ്വിങ്ങര്‍. 1.4 ഡിഗ്രിയിലധികം സ്വിങ് ചെയ്ത പന്ത് കോലിയുടെ ബാറ്റിനും പാഡിനുമിടയിലൂടെ സഞ്ചരിച്ച് ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. പിന്നാലെ, പ്രിൻസ് അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് ചാടി കോലിയുടെ വിക്കറ്റ് ആഘോഷിച്ചു. ഒരു ബാറ്ററെ സംബന്ധിച്ച് ഏറ്റവും ഇൻസള്‍ട്ടിങ്ങായ മൊമന്റുകളിലൊന്നാണ് സ്റ്റമ്പ് വിക്കറ്റിനപ്പുറം സഞ്ചരിച്ച് മൈതാനത്ത് പതിക്കുന്നത്. കോലിയുടെ കാര്യത്തില്‍ സംഭവിച്ചതും ഇതായിരുന്നു.
മത്സരശേഷം പ്രിൻസ് നടത്തിയ പ്രതികരണമായിരുന്നു കോലിയുടെ വിക്കറ്റിലേക്ക് വഴിവെച്ചത് കോലിതന്നെയാണ് എന്ന യാഥാര്‍ത്ഥ്യം ലോകം അറിഞ്ഞത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള സീസണിലെ ആദ്യ മത്സരത്തിന് ശേഷം പ്രിൻസിന് കോലി ചില ഉപദേശങ്ങള്‍ നല്‍കിയിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പന്തെറിയുമ്പോള്‍ ലെങ്തില്‍ സ്ഥിരത പാലിക്കുന്നത് സംബന്ധിച്ചായിരുന്നു.
ഒരു നിശ്ചിത ലെങ്തില്‍ പന്തിന് മൂവ്മെന്റ് ലഭിക്കുന്നുണ്ടെങ്കില്‍ ആ ലെങ്ത് തന്നെ തുടരുക എന്നതായിരുന്നു കോലി നല്‍കിയ ഉപദേശം. അത് കോലിക്കെതിരെ തന്നെ കൃത്യമായി താരം പ്രയോഗിക്കുകയും ചെയ്തു, വിക്കറ്റും ലഭിച്ചു. പ്രിൻസ് യാദവിനെ സംബന്ധിച്ച് അയാളുടെ കരിയറിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഐപിഎല്‍ ടൂര്‍ണമെന്റിലൂടെയാണ് കടന്നുപോകുന്നത്. ഒരു ബ്രേക്ക് ഔട്ട് സീസണ്‍ എന്ന് തന്നെ വിലയിരുത്താം.
വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം 2027 ഏകദിന ലോകകപ്പ് കളിക്കണമെന്നത് തന്റെ സ്വപ്നമാണെന്നും അവര്‍ക്കായി കിരീടം നേടണമെന്നും പ്രിൻസ് പറഞ്ഞിട്ട് ദിവസങ്ങളെയാകുന്നുള്ളു. ആ ലക്ഷ്യത്തിലേക്ക് അടുക്കണമെങ്കില്‍ ഏകദിന ടീമിലേക്ക് അവസരം ലഭിച്ചേ മതിയാകു, അത് നേടിയെടുക്കാൻ പ്രിൻസിന് സാധിക്കുമോയെന്നതാണ് ചോദ്യം.
24 വയസ് മാത്രമുള്ള പ്രിൻസ് യാദവിന്റെ രണ്ടാം ഐപിഎല്‍ സീസണാണിത്. പത്ത് മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകള്‍ താരം ഇതുവരെ നേടിയിട്ടുണ്ട്. പർപ്പിള്‍ ക്യാപ് പോരാട്ടത്തില്‍ മൂന്നാം സ്ഥാനത്ത്, ആദ്യ രണ്ടിലുള്ളവരുടെ പേരില്‍ 17 വിക്കറ്റുകളാണുള്ളതെന്നും ഓര്‍ക്കേണ്ടതുണ്ട്. വിരാട് കോലി, കൂപ്പര്‍ കനോലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടിദാര്‍, ശുഭ്മാൻ ഗില്‍, ഫിൻ അലൻ, ഇഷാൻ കിഷൻ എന്നിങ്ങനെ ഫോര്‍മാറ്റിലേയും ലോകക്രിക്കറ്റിലേയും മികച്ച ബാറ്റര്‍മാരെയെല്ലാം മടക്കാൻ പ്രിൻസിന്റെ പന്തുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
വിക്കറ്റുകള്‍ക്കപ്പുറം പ്രിൻസിന്റെ മികവ് വ്യക്തമാക്കുന്നത് എക്കോണമിയിലാണ്. 8.08 എക്കോണമിയിലാണ് പ്രിൻസ് പന്തെറിയുന്നത്. 30 ഓവറിലധികം എറിഞ്ഞ പേസര്‍മാരുടെ പട്ടികയെടുത്താല്‍ രണ്ട് പേര്‍ മാത്രമെ പ്രിൻസിന് മുന്നിലുള്ളു. അത് ഭുവനേശ്വര്‍ കുമാറും മുഹമ്മദ് സിറാജുമാണ്. ഭുവിയുടെ എക്കോണമി 7.6 ആണ്, സിറാജിന്റേത് എട്ടും. മുഹമ്മദ് ഷമിയും ജസ്പ്രിത് ബുമ്രയും ജോഫ്ര ആര്‍ച്ചറുമെല്ലാം പ്രിൻസ് യാദവിന് പിന്നിലാണ് വിക്കറ്റിന്റെ കാര്യത്തിലും എക്കോണമിയിലും.
ഇവരേക്കാള്‍ എല്ലാം മികച്ചതാണ് പ്രിൻസ് എന്നതല്ല വാദം, പക്ഷേ ബാറ്റിങ് പറുദീസകളായി മാറുന്ന ഐപിഎല്‍ മൈതാനങ്ങളില്‍ ലോകക്രിക്കറ്റില്‍ പേരെടുത്ത ബൗളര്‍മാരേക്കാള്‍ മികവ് പുലര്‍ത്താൻ പ്രിൻസ് യാദവിന് സാധിക്കുന്നുണ്ട്.
പക്ഷേ, ഏകദിന ടീമിലേക്ക് എത്താൻ പ്രിൻസിന് സാധിക്കുമോയെന്നതില്‍ സംശയങ്ങളുണ്ട്. കാരണം ദക്ഷിണാഫ്രിക്കയിലെ വിക്കറ്റുകളില്‍ ഹാര്‍ഡ് ലെങ്ത് കണ്‍സിസ്റ്റന്റായി എറിയാൻ കഴിയുന്ന താരങ്ങളെയാണ് ബിസിസിഐ തിരഞ്ഞെടുക്കാൻ സാധ്യത. ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, സിറാജ് എന്നീ വലം കയ്യൻ പേസര്‍മാര്‍ ജസ്പ്രിത് ബുമ്രയ്ക്കൊപ്പം ഇതിനോടകം തന്നെ ഇടം കണ്ടെത്തിയിട്ടുണ്ട്. വിദേശപര്യടങ്ങളിലെല്ലാം തന്നെ ഇന്ത്യ ഉപയോഗിക്കുന്നത് ഈ പേസ് നിരയെയാണ് താനും. ഈ ഐപിഎല്‍ സീസണ്‍ മേല്‍പ്പറഞ്ഞ പേരുകളെയെല്ലാം മറികടക്കാൻ കഴിയുന്ന ഒരു പ്രകടനം പുറത്തെടുത്താല്‍ അസാധ്യമല്ല ഒന്നും.


