ദുര്‍ബലമായ ബൗളിങ് നിരയുള്ള ടീമുകള്‍ ശരാശരി ബാറ്റിങ് യൂണിറ്റുകള്‍ക്ക് മുന്നില്‍പ്പോലും അപ്രസക്തമാകുന്നതിനാണ് ഐപിഎല്‍ സാക്ഷിയാകുന്നതും, തന്ത്രങ്ങള്‍ തേച്ചുമിനുക്കേണ്ടതുണ്ട് ചെന്നൈക്ക്
2025 ഐപിഎല്‍ സീസണില്‍ എവിടെ അവസാനപ്പിച്ചോ അവിടെ തന്നെയാണ് ഇപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്സ്. പോയിന്റ് പട്ടികയുടെ അവസാനം, പത്താം സ്ഥാനത്ത്. പഞ്ചാബ് കിങ്സിനെതിരെ സ്കോര്‍ ബോര്‍ഡില്‍ ഉയര്‍ത്തിയ 209 റണ്‍സ് ബൗളിങ് നിരയുടെ ദൗര്‍ബല്യത്തെ മറച്ചുവെക്കാൻ കഴിയുന്നതായിരുന്നില്ല. ശ്രേയസ് അയ്യരുടെ സംഘം 11-ാം ഓവര്‍ എത്തും വരെ കളി സന്തുലിതമാണെന്ന് വിശ്വസിച്ചിരുന്നു നായകൻ റുതുരാജ് ഗെയ്ക്വാദ്. നായകന്റെ പിഴവുകളോ അതോ ബൗളര്‍മാരുടെ മികവിന്റെ അഭാവമോ, എന്താണ് ചെന്നൈക്ക് തിരിച്ചടിയാകുന്നത്.
30.5 ഓവറുകളാണ് ചെന്നൈ ബൗളര്‍മാര്‍ ആദ്യ രണ്ട് മത്സരങ്ങളിലായി എറിഞ്ഞത്. വഴങ്ങിയത് 338 റണ്‍സ്. നേടിയ വിക്കറ്റുകളുടെ എണ്ണം കേവലം ആറ് മാത്രമാണ്. ടൂര്‍ണമെന്റില്‍ ഒരു ഓവറില്‍ ചെന്നൈ ബൗളര്‍മാര്‍ വഴങ്ങുന്ന ശരാശരി റണ്‍സ് 11. ഖലീല്‍ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷൂല്‍ കാമ്പോജ്, നൂര്‍ അഹമ്മദ്, രാഹുല്‍ ചഹര്‍, ജേമി ഓവര്‍ട്ടണ്‍. കുറഞ്ഞത് ഒരു ഓവറെങ്കിലും പൂര്‍ത്തിയാക്കിയിട്ടുള്ള ബൗളര്‍മാര്‍ ഇവര്‍ ആറ് പേരാണ്. ഇതില്‍ വിക്കറ്റ് കോളത്തില്‍ ഇതുവരെ ഇടം പിടിച്ചവരോ. രണ്ടേ രണ്ട് മാത്രം, മാറ്റ് ഹെൻറിയും കാമ്പോജും മാത്രം.
വിക്കറ്റെടുത്ത താരങ്ങളിലേക്ക് വരാം. ഇരുവരുടേയും എക്കണോമി റേറ്റുകള്‍ ചെന്നൈയുടെ വിജയസാധ്യതകളെ സഹായിക്കുന്നവയല്ല. ഹെൻറിയുടേത് 14ന് അടുത്താണ്, കാമ്പോജിന്റേത് 10.5ല്‍ എത്തി നില്‍ക്കുന്നു. റണ്‍സ് വഴങ്ങുന്നതില്‍ അല്‍പ്പം കണിശത കാണിക്കുന്ന ഏക ബൗളര്‍ ഖലീലാണ്. 7.5 എക്കണോമിയില്‍ പന്തെറിയുന്ന ഖലീലിനാകട്ടെ വിക്കറ്റെടുക്കാനും കഴിയുന്നില്ല. മിനി താരലേലത്തില്‍ ശക്തമായ ബാറ്റിങ് നിരയെ കെട്ടിപ്പടുത്തപ്പോള്‍ അത് പ്രതിരോധിക്കാൻ പോന്നൊരു ബൗളിങ് യൂണിറ്റൊരുക്കാൻ സ്റ്റീഫൻ ഫ്ലെമിങ് എന്ന തന്ത്രജ്ഞന് കഴിയാതെ പോയി എന്ന് വേണം കണക്കാക്കൻ.
ലുംഗി എൻഗിഡിയെപ്പോലുള്ള, ചെന്നൈക്കായി മൂന്ന് സീസണുകള്‍ കളിച്ച ഒരു താരം ഓക്ഷൻ ടേബിളില്‍ വന്നിട്ടും സ്വന്തമാക്കാൻ കഴിഞ്ഞില്ല. എൻഗിഡിയാകട്ടെ ഐപിഎല്ലില്‍ സ്ലോ ബോളുകള്‍ക്കൊണ്ട് ബാറ്റര്‍മാരുടെ മോഹങ്ങളെ തല്ലിക്കെടുത്തുകയും ചെയ്യുന്നു. നാഥാൻ എല്ലിസിന്റെ പരുക്ക്, പകരക്കാരനായി ടീമിലെത്തേണ്ട സ്പെൻസര്‍ ജോണ്‍സണ്‍ സ്ക്വാഡിനൊപ്പം ചേര്‍ന്നിട്ടുമില്ല. അങ്ങനെ അടിമുടി ബൗളിങ് യൂണിറ്റില്‍ പ്രശ്നങ്ങള്‍. മോശം സീസണിലും ചെന്നൈക്ക് തലയുയര്‍ത്തി നില്‍ക്കാൻ കഴിഞ്ഞിരുന്നു നൂര്‍ അഹമ്മദിലൂടെ കഴിഞ്ഞ വര്‍ഷം.
നൂറിനൊപ്പം രാഹുല്‍ ചഹറിനെയാണ് ഇക്കുറി ചേര്‍ത്തുവെച്ചത്. ബാറ്റിങ്ങിന് അനുകൂലമായി ചെപ്പോക്ക് മുഖം മിനുക്കിയപ്പോള്‍ നൂര്‍ അഹമ്മദിന് പോയ വര്‍ഷത്തിന്റെ നിഴല്‍പ്പോലുമാകാനായിട്ടില്ല. ചഹറും നൂറും ചേര്‍ന്ന് പഞ്ചാബിനെതിരെ വഴങ്ങിയത് എട്ട് ഓവറില്‍ 84 റണ്‍സാണ്, സംയുക്ത എക്കണോമി 10.5. ഫ്ലാറ്റ് വിക്കറ്റുകളില്‍ ബാറ്റര്‍മാരുടെ പ്രഹരം ഏറ്റുവാങ്ങുമ്പോഴാണ് റുതുരാജിന്റെ നായകമികവും ചോദ്യം ചെയ്യപ്പെടുന്നത്.
മത്സരശേഷം റുതുരാജ് പൂര്‍ണ ആത്മവിശ്വാസത്തില്‍ പറഞ്ഞ കാര്യമായിരുന്നു 11-ാം ഓവര്‍ വരെ കളി സന്തുലിതമായിരുന്നു എന്നത്. അപ്പോള്‍ കൂപ്പര്‍ കനോലിയുടെ വിക്കറ്റ് നഷ്ടമായി 12 ഓവറില്‍ 127ന് മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു പഞ്ചാബ്. എട്ട് ഓവറില്‍ ജയിക്കാൻ 83 റണ്‍സ്. ഇവിടം മുതലാണ് റുതുരാജിന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതും.
പഞ്ചാബിനായി കളത്തിലെത്തിയ ഏക സ്പിന്നര്‍ യുസുവേന്ദ്ര ചഹലായിരുന്നു, മത്സരത്തിലെ തന്നെ ഏറ്റവും എക്കണോമിക്കലായി പന്തെറിഞ്ഞതും ചഹല്‍, മൂന്ന് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ്. ചഹലിന് വിക്കറ്റില്‍ സൃഷ്ടിക്കാനായ മികവായിരുന്നു ചെന്നൈയെ ഇംപാക്റ്റ് സബ്ബായി രാഹുല്‍ ചഹറിനെ എത്തിക്കാൻ പ്രേരിപ്പിച്ചതും.
ഈ നിരീക്ഷണം തന്നെയായിരുന്നു മധ്യ ഓവറുകള്‍ ഏറെക്കുറെ പൂര്‍ണമായും ചഹറിനും നൂര്‍ അഹമ്മദിനും നല്‍കുന്നതിന് കാണമായതും. പക്ഷേ മറുവശത്തുണ്ടായിരുന്നത് ശ്രേയസ് അയ്യരായിരുന്നു. കൂപ്പര്‍ കനോലിയുടെ വിക്കറ്റിന് പിന്നാലെ ചഹറിന് റുതുരാജ് പന്ത് കൈമാറുന്നു, മൊമന്റം തിരിച്ചുപിടിക്കാമെന്ന ചെന്നൈയുടെ മോഹം ശ്രേയസ് തകര്‍ത്തു, രണ്ട് സിക്സ് ഉള്‍പ്പെടെ ഓവറില്‍ പിറന്നത് 16 റണ്‍സ്. ഒറ്റ ഓവറില്‍ വീണ്ടും ഡ്രൈവിങ് സീറ്റില്‍ പഞ്ചാബ് എത്തി, ഈ ഘട്ടത്തില്‍ ചഹര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 14 റണ്‍സും നേഹല്‍ വധേരയും ശ്രേയസും ചേര്‍ന്ന് നേടി. പിന്നൊരു ട്വിസ്റ്റ് സംഭവിച്ചതുമില്ല.
ചഹറിന്റേ ഓവറുകളില്‍ റണ്ണൊഴുക്ക് തടയാൻ കഴിഞ്ഞിരുന്നെങ്കില്‍ സാധ്യത അല്‍പ്പംകൂടി ഉയര്‍ത്താൻ സാധിക്കുമായിരുന്നു ചെന്നൈക്ക്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യൻസ് കളി തിരിച്ചുപിടിച്ചത് ജസ്പ്രിത് ബുമ്രയും ട്രെൻ ബോള്‍ട്ടും എറിഞ്ഞ 11, 12 ഓവറുകളിലായിരുന്നു, മധ്യ ഓവറുകള്‍. സമാനമായ ഇംപാക്റ്റുണ്ടാക്കാൻ കഴിയുന്ന ബൗളര്‍മാര്‍ ചെന്നൈക്ക് ഒപ്പമില്ല. ദുര്‍ബലമായ ബൗളിങ് നിരയുള്ള ടീമുകള്‍ ശരാശരി ബാറ്റിങ് യൂണിറ്റുകള്‍ക്ക് മുന്നില്‍പ്പോലും അപ്രസക്തമാകുന്നതിനാണ് ഐപിഎല്‍ സാക്ഷിയാകുന്നതും, തന്ത്രങ്ങള്‍ തേച്ചുമിനുക്കേണ്ടതുണ്ട് ചെന്നൈക്ക്.


