39 ഓവര്‍ വരെ നീണ്ട, 419 റണ്‍സ് പിറന്ന മത്സരം. അവിടെ പവര്‍പ്ലേ തീരും മുൻപ് ഡഗൗട്ടിലെത്തിയ ഒരാള്‍ കളിയിലെ താരമാകുന്നു, ഒറ്റപ്പേര് പ്രിയാൻഷ് ആര്യ
വിജയം കൊതിച്ച് ആര്‍ത്തിരമ്പുകയായിരുന്നു മഞ്ഞയില്‍ മുങ്ങിയ ചെപ്പോക്ക്. പക്ഷേ, മുപ്പതിനായിരം കടന്ന് തിങ്ങിനിറഞ്ഞ ഗ്യാലറിയെ അനായാസം ഒരാള്‍ നിശബ്ദമാക്കി നിര്‍ത്തി. കേവലം 11 പന്തുകള്‍ മാത്രമെ അതിനാവശ്യമായി വന്നൊള്ളു. മത്സരത്തെ ഡിഫൈൻ ചെയ്ത 21 മിനുറ്റുകള്‍. 39 ഓവര്‍ വരെ നീണ്ട, 419 റണ്‍സ് പിറന്ന മത്സരം. അവിടെ പവര്‍പ്ലേ തീരും മുൻപ് ഡഗൗട്ടിലെത്തിയ ഒരാള്‍ കളിയിലെ താരമാകുന്നു, ട്വന്റി 20യുടെ ദിശയെങ്ങോട്ടെന്ന് ക്രിക്കറ്റ് ലോകത്തിന് അയാള്‍ കാണിച്ചുകൊടുത്തു, പഞ്ചാബ് കിങ്സ് ഓപ്പണര്‍, പ്രിയാൻഷ് ആര്യ. 11 പന്തുകള്‍, 39 റണ്‍സ്, മൂന്ന് ഫോര്‍, നാല് സിക്സ്, സ്ട്രൈക്ക് റേറ്റ് 354.
സര്‍ഫറാസ് ഖാന്റെ 12 പന്തുകള്‍ നീണ്ട, സമാനമായൊരു ഇന്നിങ്സ് നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു റുതുരാജ് ഗെയ്ക്വാദിന്റെ സംഘം ആ ലക്ഷ്യം പ്രതിരോധിക്കാൻ ഇറങ്ങിയത്. പക്ഷേ, അവരുടെ പ്രതിക്ഷകളെ ഗ്യാലറികള്‍ക്ക് സമ്മാനിക്കാൻ ഒരുങ്ങിയായിരുന്നു പ്രിയാൻഷ് ക്രീസില്‍ നിലയുറപ്പിച്ചതും. നേരിട്ട പന്തുകളുടേയും സ്കോര്‍ ചെയ്ത റണ്‍സിന്റെയും കണക്കുകള്‍ ഒരുപക്ഷേ വൈല്‍ഡ് സ്ലോഗുകളുടെ ഉദാഹരണമായി ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം, അങ്ങനെയായിരുന്നില്ല മൈതാനത്ത്.
ഖലീല്‍ അഹമ്മദിന്റെ മനോഹരമായ ഇൻസ്വിങ്ങര്‍, അതും ലേറ്റ് മൂവ്മെന്റോടെ. എന്നാല്‍ ആ പന്തിന്റെ മനോഹാരിതയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഒരു സ്ട്രൈയിറ്റ് ഡ്രൈവ്, പ്രിയാൻഷ് ചെപ്പോക്കില്‍ തന്റ് ഇന്നിങ്സ് ആരംഭിച്ചത് ഇങ്ങനെയായിരുന്നു. ഹര്‍ഷ ബോഗ്ലെയും ഇയാൻ ബിഷപ്പും പ്രിയാൻഷിന്റെ ബോഡി ബാലൻസിനേയും സ്ട്രൈയിറ്റ് ബാറ്റിനെയും വാഴ്ത്തി അവസാനിപ്പിക്കും മുൻപ് മിഡ് വിക്കറ്റിന് മുകളിലൂടെ ചെന്നൈ ആരാധകരുടെ നിശബ്ദതയിലേക്ക് പന്ത് ആഴ്ന്നിറങ്ങി. ഖലീലിന്റെ ലെങ്ത് വളരെ വേഗം പിക്ക് ചെയ്തൊരു ഹൊറിസോണ്ടല്‍ പുള്‍ ഷോട്ട്.
സമാനമായ കാഴ്ച മാറ്റ് ഹെൻറിയുടെ രണ്ടാം പന്തിലും ഉണ്ടായി, ഇക്കുറി പന്ത് ഗ്യാലറിയിലെത്തിയില്ല എന്നത് മാത്രമായിരുന്നു വ്യത്യാസം. പോയ സീസണില്‍ സ്ട്രെയിറ്റ് ഡൗണ്‍ ദ ഗ്രൗണ്ട് സ്ട്രോങ് സോണായ ബാറ്ററെന്നത് പുകഴ്ത്തലായും പോരായ്മയായും പ്രിയാൻഷിനെ തേടിയെത്തിയിരുന്നു. എന്നാല്‍, രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ഹെൻറിയുടെ ഫുള്‍ ലെങ്ത് ഡെലിവെറിയില്‍ ഒരു കവര്‍ ഡ്രൈവ്. അക്കൗണ്ട് തുറന്ന സ്ട്രൈയിറ്റ് ഡ്രൈവിനോളം തന്നെ സാങ്കേതികത്തികവുണ്ടായിരുന്നു ആ ഷോട്ടിനും. ഹെൻറിയുടെ ആദ്യ ഓവറില്‍ നാല് പന്തുകളെ ഇടം കയ്യൻ ബാറ്റര്‍ നേരിട്ടൊള്ളു, 15 റണ്‍സും നേടി.
ഖലീലിന്റെ രണ്ടാം ഓവര്‍ അവസാനിപ്പിച്ചതും മാറ്റ് ഹെൻറിയെറിഞ്ഞ അഞ്ചാം ഓവര്‍ തുടങ്ങിയതും സിക്സിലുടെ. മാറ്റ് ഹെൻറിയുടെ തലയ്ക്ക് മുകളിലൂടെ സൈറ്റ് സ്ക്രീനിലേക്ക് പന്തുയര്‍ന്ന് പാഞ്ഞപ്പോഴേക്കും വിസില്‍ മുഴക്കങ്ങള്‍ വിരളമായി തുടങ്ങിയിരുന്നു. ഹെൻറിയെ ക്രീസുവിട്ട് നേരിടാനുള്ള പ്രിയാൻഷിന്റെ നീക്കം ഓഫ് സ്റ്റമ്പ് വീഴ്ത്തുന്നതിലേക്ക് നയിച്ചെങ്കിലും അപ്പോഴേക്കും പഞ്ചാബിന് അനിവാര്യമായ തുടക്കം ലഭിച്ചിരുന്നു.
പ്രിയാൻഷ് മടങ്ങുമ്പോള്‍ പഞ്ചാബ് കിങ്സിന്റെ സ്കോര്‍ ബോര്‍ഡില്‍ 4.2 ഓവറില്‍ 61 റണ്‍സ് തെളിഞ്ഞിരുന്നു. ആവശ്യമായ റണ്‍റേറ്റ് പത്തില്‍ നിന്ന് ഒൻപതിന് തൊട്ട് മുകളിലേക്ക് എത്തി. പ്രിയാൻഷിന്റെ ഇന്നിങ്സ് പ്രഭ്‌സിമ്രാനും കൂപ്പര്‍ കനോലിക്കും നല്‍കിയ ബ്രീത്തിങ് സ്പേസ് ചെറുതയിരുന്നില്ല. താരം മടങ്ങിയതിന് ശേഷമുള്ള അഞ്ച് ഓവറില്‍ ഒന്നില്‍ മാത്രമാണ് പഞ്ചാബിന് പത്തിലധികം റണ്‍സ് നേടാൻ സാധിച്ചത്. എന്നിട്ടും ഇന്നിങ്സ് പാതി വഴിയെത്തുമ്പോള്‍ ടീം സ്കോര്‍ 103ല്‍ എത്തി. ഇടം കയ്യൻ ബാറ്ററുടെ ഇന്നിങ്സിന്റെ ഇംപാക്റ്റ്.
ഒരു ഐപിഎല്‍ താരത്തെ സംബന്ധിച്ച് അവരുടെ രണ്ടാമത്തെ സീസണ്‍ ഏറെ നിര്‍ണായകമായിരിക്കും. അതിന് ചില കാരണങ്ങളുണ്ട്. തന്റെ കന്നി സീസണില്‍ 475 റണ്‍സാണ് പ്രിയാൻഷ് പഞ്ചാബിനായി നേടിയത്. എന്നാല്‍ താരത്തിന്റെ ദുര്‍ബലതകളും ശക്തിയുമെല്ലാം എതിരാളികള്‍ മനസിലാക്കിത്തുടങ്ങിയിരുന്നു. ശേഷം വരുന്ന ആദ്യ സീസണാണ് 2026.
തന്റെ സമീപനങ്ങള്‍ക്ക് യാതൊരു ചലനവും സംഭവിച്ചിട്ടില്ലെന്ന് ചെപ്പോക്കില്‍ തെളിയിക്കാൻ പ്രിയാൻഷിന് കഴിഞ്ഞു. മത്സരത്തിന് ശേഷമുള്ള പ്രിയാൻഷിന്റെ പ്രതികരണത്തിലും അത് വ്യക്തമായിരുന്നു. എന്റെ ശൈലി ചെറുപ്പം മുതലെ ഇങ്ങനെയാണ്, അഗ്രസീവ് സമീപനം ടീമിനെ സഹായിക്കുന്നു. ശരിയാണ് റിസ്ക്കുണ്ട്, പക്ഷേ ആദ്യ പന്ത് മുതലെ ആക്രമിക്കാൻ കഴിയുന്ന ആത്മവിശ്വാസം എനിക്കുണ്ട്, ഇതായിരുന്നു പ്രിയാൻഷിന്റെ വാക്കുകള്‍. 24 വയസ് മാത്രമാണ് പ്രായമെന്നും ഓര്‍ക്കേണ്ടതുണ്ട്, വരാനിരിക്കുന്നത് പ്രിയാൻഷിന്റെ കൂടെ കാലമാകും.


