മൂന്ന് ജയങ്ങള്‍ക്കപ്പുറം രാജസ്ഥാൻ റോയല്‍സിനെ പ്ലേ ഓഫ് കാത്തിരിക്കുന്നു. ഈ ഒരു പശ്ചാത്തലതില്‍ നായകന്റെ റണ്‍ വരള്‍ച്ചയെ പര്‍വതീകരിക്കേണ്ട കാര്യമുണ്ടോ
സഞ്ജു സാംസണ്‍ എന്ന വലിയ പേരിന്റെ അഭാവം ആ സംഘത്തെ ഒരുതരിപോലും ബാധിച്ചിട്ടില്ല. റിയാൻ പരാഗിന്റെ കീഴില്‍ രാജസ്ഥാൻ റോയല്‍സിന്റെ യുവനിര അസാധാരണ മുന്നേറ്റവും കാഴ്ചവെക്കുന്നു. ഹോം മൈതാനത്ത് ഇറങ്ങും മുൻപ് തന്നെ അഞ്ച് ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുമെത്തി. മൂന്ന് ജയങ്ങള്‍ക്കപ്പുറം പ്ലേ ഓഫ് കാത്തിരിക്കുന്നു. ഈ ഒരു പശ്ചാത്തലതില്‍ നായകന്റെ റണ്‍ വരള്‍ച്ചയെ പര്‍വതീകരിക്കേണ്ട കാര്യമുണ്ടോ. ഏഴ് മത്സരങ്ങളില്‍ നിന്ന് ഇതുവരെ നേടിയത് 81 റണ്‍സ് മാത്രം, സ്ട്രൈക്ക് റേറ്റ് 117.
റണ്‍സിന്റെ കുറവുകളെ മാത്രമല്ല, പരാഗിന്റെ ബാറ്റ് നിശബ്ദമായ സാഹചര്യങ്ങളെല്ലാം രാജസ്ഥാൻ റോയല്‍സിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളിലായിരുന്നു. രാജസ്ഥാന്റെ അവസാന മൂന്ന് മത്സരങ്ങള്‍ ഉദാഹരണമായി എടുക്കാം. ആദ്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ. 217 റണ്‍സ് പിന്തുടരവെ ഒരു റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമാകുമ്പോഴാണ് പരാഗ് ക്രീസിലേക്ക് എത്തുന്നത്. ഒരു ഓവര്‍ മാത്രമാണ് അപ്പോഴും പിന്നിട്ടിട്ടുള്ളു. പരാഗ് ക്രീസില്‍ നിലകൊള്ളുമ്പോഴാണ് നാലാമനായി ജയ്സ്വാളും മടങ്ങിയത്.
നാല് വിക്കറ്റ് വീണ് ടീം അതീവ സമ്മര്‍ദത്തിലേക്ക് വീഴുമ്പോള്‍ പ്രഫുല്‍ ഹിംഗയ്ക്കെതിരെ അനാവശ്യമായൊരു ഡ്രൈവിന് ശ്രമിക്കുന്നു. അഭിഷേക് ശര്‍മയുടെ കൈകളില്‍ ഇന്നിങ്സിന് അവസാനം. ആറ് പന്തില്‍ നാല് റണ്‍സായിരുന്നു നേട്ടം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അത്ര സമ്മര്‍ദമില്ലാത്ത നിലയിലാണ് പരാഗ് എത്തുന്നത്. 10.3 ഓവറില്‍ 97-2 എന്ന നിലയില്‍ ടീം നില്‍ക്കെ, പക്ഷേ വൈകാതെ സെറ്റ് ബാറ്ററായ ജയ്സ്വാളിനെ കൊല്‍ക്കത്ത ഡഗൗട്ടിലെത്തിച്ചു.
ഭേദപ്പെട്ട റണ്‍റേറ്റും വിക്കറ്റും കൈയിലുള്ളപ്പോഴും പരാഗിന് തന്റെ സ്വാഭാവികമായ ശൈലിയില്‍ ബാറ്റ് ചെയ്യാൻ സാധിച്ചില്ല. 14 പന്തില്‍ 12 റണ്‍സായിരുന്നു താരത്തിന് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ക്കാനയത്. മെല്ലപ്പോക്ക് രാജസ്ഥാനെ ബാക്ക് ഫൂട്ടിലേക്ക് തള്ളിവിടുകയും ചെയ്തു. ഈ രണ്ട് മത്സരത്തിലുമാണ് സീസണില്‍ മുൻ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടതും. ഇനി ഒടുവില്‍ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ പോരാട്ടം. മുഹമ്മദ് ഷമിയുടേയും മൊഹ്‌സിൻ ഖാന്റെയും ബൗളിങ് മികവില്‍ 32-3 എന്ന നിലയിലേക്ക് രാജസ്ഥാൻ വീണ സമയം.
കൊല്‍ക്കത്തയ്ക്കും ഹൈദരാബാദിനുമെതിരെ തനിക്ക് ചെയ്യാൻ കഴിയാത്തത് സാധ്യമാക്കാൻ ലഭിച്ച സുവര്‍ണാവസരം. ഷമിക്കെതിരെ മിഡ് വിക്കറ്റിലൂടെ മനോഹരമായൊരു ബൗണ്ടറിയിലൂടെ തുടങ്ങിയപ്പോള്‍ ഇത്തവണ പരാഗ് തിരുത്തുമെന്നാണ് കരുതിയത്. മായങ്ക് യാദവിനെതിരായ സിക്‌സും അത്തരമൊരു സൂചന തന്നെയാണ് നല്‍കിയതും. പക്ഷേ, അത്ഭുതങ്ങള്‍ സംഭവിച്ചില്ല. പത്ത് ഓവര്‍ പിന്നിടും മുൻപ് തന്നെ പരാഗിന്റെ മറ്റൊരു പരാജയം.
19 പന്തില്‍ നിന്ന് 20 റണ്‍സായിരുന്നു രാജസ്ഥാൻ നായകന്റെ സ്കോര്‍. സ്ട്രൈക്ക് റേറ്റ് 105. രവീന്ദ്ര ജഡേജ വാലറ്റത്തെ കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പായിരുന്നു രാജസ്ഥാനെ 159 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചതും വിജയത്തിലേക്ക് നയിച്ചതും. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ പരാഗിന്റെ നിരുത്തരവാദിത്തപരമായ സമീപനം രാജസ്ഥാന് തുടര്‍ച്ചയായ മൂന്നാം തോല്‍വി നല്‍കുമായിരുന്നു. ക്യാപ്റ്റൻസി ഭാരമാണോ അതോ ഫോമില്ലായ്മയാണോ എന്നത് ചോദ്യമാണ്. പക്ഷേ, പരാഗിന് അഡാപ്റ്റ് ചെയ്യാനാകുന്ന രണ്ട് ഉദാഹരണങ്ങള്‍ ഈ ഐപിഎല്ലില്‍ തന്നെയുണ്ട്.
ഒന്ന് പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരും മറ്റൊരാള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ രജത് പാട്ടിദാറും. ഇരുടീമുകളുടേയും മധ്യനിരയിലെ കരുത്താണ് രണ്ട് പേരും. അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 208 റണ്‍സാണ് ശ്രേയസിന്റെ ഇതുവരെ നേടിയത്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 182 സ്ട്രൈക്ക് റേറ്റിലാണ് ശ്രേയസ് ബാറ്റ് ചെയ്യുന്നത്. അതായത് മധ്യനിരയുടെ പൂര്‍ണ ഉത്തരവാദിത്തം ശ്രേയസ് ഏറ്റെടുക്കുന്നു, കഴിഞ്ഞ സീസണില്‍ പുറത്തെടുത്ത അതേ സമീപനത്തിന്റെ ആവര്‍ത്തനം.
മറുവശത്ത് പാട്ടിദാര്‍ മറ്റൊരു ശൈലിയാണ് പിന്തുടരുന്നത്. മധ്യനിരയുടെ ഭാരം പൂര്‍ണമായും പാട്ടിദാറിന്റെ ബാറ്റില്‍ അല്ല. എങ്കിലും ടീം ആവശ്യപ്പെടുന്നതന്തോ അതാണ് പാട്ടിദാര്‍ നല്‍കുന്നത്. മധ്യഓവറുകളില്‍ സ്കോറിങ് ഉയര്‍ത്തുക എന്നത്. ആറ് ഇന്നിങ്സുകളില്‍ നിന്ന് 230 റണ്‍സ് പാട്ടിദാര്‍ നേടി. സ്കോര്‍ ചെയ്ത റണ്‍സിനേക്കാള്‍ പാട്ടിദാറിന്റെ റോള്‍ വ്യക്തമാക്കുന്നത് അയാളുടെ സ്ട്രൈക്ക് റേറ്റാണ്, 212 ആണ് ബെംഗളൂരു നായകന്റെ പ്രഹരശേഷി.
കഴിഞ്ഞ രണ്ട് സീസണുകളിലായി പരാഗ് സ്കോര്‍ ചെയ്ത റണ്‍സ് 966 ആണ്. സ്ഥിരതയും സ്ട്രൈക്ക് റേറ്റും ബാലൻസ് ചെയ്തുള്ള പ്രകടനമായിരുന്നു. ടീമിലെ പരാഗിന്റെ റോള്‍ എന്താണെന്ന് തെളിയിക്കുന്ന ഒരു ഇന്നിങ്സ് പോലും ഈ ഐപിഎല്ലില്‍ സംഭവിച്ചിട്ടില്ല. പരാഗിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്റെ കുതിപ്പ്, പക്ഷേ റണ്‍വരള്‍ച്ച തുടര്‍ന്നാല്‍ അത് കിരീടകാത്തിരിപ്പ് അവസാനിപ്പിക്കാൻ സഹായിച്ചേക്കില്ല.


