സമാനസാഹചര്യത്തില്‍ നിന്ന് കിരീടമുയര്‍ത്തിയ ചരിത്രമുണ്ട്, ഇക്കുറി അതിന്റെ ആവര്‍ത്തിനായി കാലുകുത്തുന്ന മണ്ണിലെല്ലാം അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വന്നേക്കാം

താൻ പടുത്തുയര്‍ത്തിയ സാമ്രാജ്യത്തെ എതിരാളികള്‍ അനായാസം തകര്‍ക്കുന്നത് ഡഗൗട്ടിലിരുന്ന് കാണുന്ന രോഹിത് ശര്‍മ. ഇന്ത്യയ്ക്ക് ലോകകിരീടം സമ്മാനിച്ച സൂര്യകുമാ‍ര്‍ യാദവ് നിരാശയോടെ തൊട്ടരികില്‍. മൈതാനമധ്യത്ത് ഫീല്‍ഡര്‍മാരോട് അമര്‍ഷത്തോടെ പെരുമാറുന്ന ഉത്തരമില്ലാതെ ആകാശത്തേക്ക് നോക്കി കനിവ് തേടുന്ന നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ. വിക്കറ്റ് വരള്‍ച്ചയില്‍ നിസാഹയനായി മടങ്ങുന്ന ജസ്പ്രിത് ബുമ്ര. ഐപിഎല്ലില്‍ കണ്ട് ശീലിച്ച മുംബൈ ഇന്ത്യൻസില്‍ നിന്ന് വിഭിന്നമായൊരു സംഘം.

സമാനസാഹചര്യത്തില്‍ നിന്ന് കിരീടമുയര്‍ത്തിയ ചരിത്രമുണ്ട്, ഇക്കുറി അതിന്റെ ആവര്‍ത്തിനായി കാലുകുത്തുന്ന മണ്ണിലെല്ലാം അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വന്നേക്കാം. ഹാര്‍ദിക്ക് നായകസ്ഥാനം ഒഴിയേണ്ടതുണ്ടോ, മുംബൈക്ക് എങ്ങനെ തിരിച്ചുവരാം.

പഞ്ചാബ് കിങ്സിനോടേറ്റ പരാജയത്തിന് ശേഷമുള്ള ഹാര്‍ദിക്കിന്റെ പ്രതികരണം ചില സൂചനകള്‍ നല്‍കുന്നതായിരുന്നു . എനിക്ക് ഉത്തരങ്ങളില്ല. നമുക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അത് വ്യക്തികേന്ദ്രീകൃതമാണോ, ടീമായാണോ, അതോ പദ്ധതികളാണോയെന്ന്. കടുത്ത തീരുമാനങ്ങളെടുക്കണോ അതോ എല്ലാം മാറിമറിയുമെന്ന പ്രതീക്ഷയോടെ തുടരണോയെന്നത് ചോദ്യമാണ്. പക്ഷേ, ഇതിനെല്ലാം ഉത്തരം കണ്ടത്തേണ്ടതുണ്ട്, വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകു, ഹാര്‍ദിക്ക് പറഞ്ഞ് നി‍ര്‍ത്തി.

ഹാര്‍ദിക്കെന്ന നായകൻ തന്നെയാണ് മുംബൈ നേരിടുന്ന ഒന്നാമത്തെ വെല്ലുവിളി. മുതിര്‍ന്ന താരങ്ങളുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്ന ഹാര്‍ദിക്കിനെ ഈ സീസണില്‍ പലകുറി കണ്ടു. രോഹിത് മുതല്‍ ബുമ്ര വരെ നീളുന്ന ഇവയില്‍. എന്തെങ്കിലും ആകട്ടെ എന്ന ശരീരഭാഷയായിരുന്നു ഹാര്‍ദിക്ക് മുഖം തിരിച്ചതിന് ശേഷം ബുമ്രയില്‍ നിന്ന് ഇന്നലെയുണ്ടായത് പോലും. ഇത് എത്രകണ്ട് ഒരു ടീമിനെ സഹായിക്കും എന്നത് ആശങ്കയാണ്. അല്‍പ്പം കടുപ്പിച്ച് ഹാര്‍ദിക്ക് എടുക്കുന്ന തീരുമാനങ്ങള്‍ക്കൊണ്ട് മുംബൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുന്നുമില്ല.

ഇതില്‍ എടുത്ത് പറയാനുള്ളത് ബൗളിങ് മാറ്റങ്ങളില്‍ ഉള്‍പ്പെടെ സംഭവിക്കുന്ന വീഴ്ചകള്‍ വീണ്ടും ആവര്‍ത്തിക്കുന്നു എന്നതാണ്. ശാര്‍ദൂല്‍ താക്കൂറിനേയും - ദീപക് ചഹറിനേയും ഉപയോഗിക്കുന്ന വിധമാണ് ഏറ്റവും വിനയാകുന്നത്. ബുമ്രയോ അല്ലെൻ ഗസൻഫാറോ റണ്ണൊഴുക്ക് തടയുമ്പോള്‍ ചഹറിനെയോ ശാര്‍ദൂലിനെയോ കൊണ്ടുവന്ന എതിരാളികള്‍ക്ക് ഹാര്‍ദിക്ക് എളുപ്പമാക്കുന്നു കാര്യങ്ങള്‍. മുൻ മത്സരങ്ങളില്‍ ട്രെൻ ബോള്‍ട്ടിനപ്പോലും ഫലപ്രദമായി ഉപയോഗിക്കാൻ ഹാര്‍ദിക്കിനായിട്ടില്ല.

മായങ്ക് റാവത്ത് എന്ന ഓള്‍ റൗണ്ടര്‍ ഇന്നലെ മുംബൈ നിരയിലുണ്ടായിരുന്നു, ഒരു ഘട്ടത്തിലും താരത്തിന് പന്ത് കൈമാറാൻ ഹാര്‍ദിക്ക് ശ്രമിച്ചില്ല. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരെല്ലാം തന്നെ ഹാര്‍ദിക്കിന്റെ കീഴിലുണ്ട്. ശരാശരിക്കും താഴെ നില്‍ക്കുന്ന ബൗളിങ് നിരകൊണ്ട് രോഹിത് എന്ന നായകൻ മുംബൈയെ പ്ലേ ഓഫ് വരെ എത്തിച്ച സീസണും മുന്നിലുണ്ടെന്ന് ഓര്‍ക്കണം.

മൂന്നാം സീസണാണ് ഹാര്‍ദിക്കിന്റെ കീഴില്‍ മുംബൈ. 2024ല്‍ പത്താം സ്ഥാനത്ത്, 2025ല്‍ ക്വാളിഫയറില്‍, നിലവില്‍ ഒൻപതാം സ്ഥാനത്ത്. 33 മത്സരങ്ങള്‍ നയിച്ചപ്പോള്‍ ജയിച്ചുകയറാനായത് 14 എണ്ണം മാത്രം, ഇതില്‍ ആധികാരികമായി ജയിച്ചവയെ എടുത്താല്‍ വീണ്ടും ചുരുങ്ങും. ഇക്കുറിയും കിരീടത്തിലേക്ക് എത്താനായില്ലെങ്കില്‍ ഹാര്‍ദിക്കിന്റെ കസേരയ്ക്ക് ഇളക്കം തട്ടും.

ഇനി ടീം തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍. ചഹറും ശാര്‍ദൂലും സ്വിങ് ബൗളര്‍മാരെന്ന പേരിലാണ് ടീമിലേക്ക് എത്തുന്നത്. നിലവിലെ ഫോം പരിഗണിച്ചാല്‍ ഇരുവരില്‍ ഒരാള്‍ക്ക് മാത്രമാണ് ടീമില്‍ പോലും ഇടം നല്‍കാനുള്ള സാധ്യതയുള്ളു. അപ്പോഴാണ് രണ്ട് പേരും അന്തിമ ഇലവനിലെത്തുന്നത്. പരുക്കിന് ശേഷം ചഹറിന് പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവ് നഷ്ടപ്പെട്ടുവെന്നത് യാഥാര്‍ത്ഥ്യമാണ്, ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റുകളില്‍ ശാര്‍ദൂലും പരാജയപ്പെടുന്നു. ഇരുവരുടേയും എക്കോണമി 13നും മുകളിലുമാണ്.

ട്രെൻ ബോള്‍ട്ട്, മിച്ചല്‍ സാന്റനര്‍ എന്നിവരുടെ പരിചയസമ്പത്തിന് പകരം വെക്കാൻ ഇരുവര്‍ക്കും കഴിയുമോയെന്നതാണ് ചോദ്യം. പവര്‍പ്ലേയില്‍ ബോള്‍ട്ടും സാന്റനറും പരാജയപ്പെടുന്നത് കണ്ടിട്ടുണ്ടെങ്കിലും മധ്യഓവറുകളില്‍ വ്യത്യസ്തമാണ് കാര്യങ്ങള്‍. അശ്വനി കുമാറിനെ പരീക്ഷിക്കേണ്ടതും അനിവാര്യമായ നീക്കമാണ്. വില്‍ ജാക്സിന്റെ മടങ്ങിവരവ് ഇനിയും വൈകിയാല്‍ ഈ സീസണും നിരാശയില്‍ അവസാനിപ്പിക്കേണ്ടി വരും.

മുംബൈയെടുക്കേണ്ട കടുത്ത തീരുമാനങ്ങളിലൊന്ന് സൂര്യകുമാര്‍ യാദവാണ്. ഒരു അര്‍ദ്ധ സെഞ്ചുറി മാറ്റി നിര്‍ത്തിയാല്‍ സൂര്യകുമാറിന്റെ ബാറ്റ് കാര്യമായി ചലിച്ചിട്ടേയില്ല. തിലക് വര്‍മയുടെ ബാറ്റാകട്ടെ സീസണില്‍ ഇതുവരെ ശബ്ദിച്ചിട്ടുമില്ല. ഇരുവരുടേയും ഒപ്പം ഹാര്‍ദിക്കിന്റേയും ബുമ്രയുടേയും ഫോമില്ലായ്മ മുംബൈയുടെ കിതപ്പ് വര്‍ധിപ്പിക്കുന്നുവെന്ന് പോയ മത്സരങ്ങള്‍ തെളിയിക്കുന്നു. രോഹിതിന് പരുക്കേറ്റത് തിരിച്ചടികളുടെ ആഘാതം ഇരട്ടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് ടീമുകള്‍ അതിവേഗം മത്സരസാഹചര്യങ്ങളെ അഡാപ്റ്റ് ചെയ്യാൻ തയാറാകുമ്പോള്‍, മുംബൈ ബഹുദൂരം പിന്നിലാണ്.

അഞ്ച് മത്സരങ്ങള്‍ പിന്നിടുമ്പോഴും കൃത്യമായൊരു ടീം കോമ്പിനേഷൻ കണ്ടെത്താൻ മുംബൈക്ക് കഴിഞ്ഞിട്ടില്ല. ഇനി ഓരോ മത്സരങ്ങളും മുംബൈക്ക് ജീവന്മരണ പോരാട്ടമാണെന്നതില്‍ തര്‍ക്കമില്ല. ഇനിയൊരു തോല്‍വി കൂടി വഴങ്ങിയാല്‍ സാധ്യകളുടെ കണക്കുപുസ്തകം തുറക്കേണ്ടിയും വരും.

Powered By: