നാഗ്‌പൂരിലെ ആ കൊച്ചുകുടുംബത്തില്‍ നിന്ന് പഠനം പോലും മാറ്റിവെച്ച് മൈതാനത്തൊഴുക്കിയ വിയര്‍പ്പിന് ഫലം കണ്ട നിമിഷം. സ്വപ്നതുടക്കമെന്ന് മുരളി കാര്‍ത്തിക്ക് കമന്ററി ബോക്‌സിലിരുന്നു പറഞ്ഞു

സീനിയര്‍ ക്രിക്കറ്റില്‍ രണ്ടാമത്തെ മാത്രം ടി20 മത്സരത്തിനാണ് ഇറങ്ങുന്നത്. മുന്നില്‍ നില്‍ക്കുന്നത് 15 വയസ് മാത്രം പ്രായമുള്ളൊരു പയ്യനും. സാക്ഷാല്‍ ജസ്പ്രിത് ബുമ്രയോടോ ജോഷ് ഹേസല്‍വുഡിനോടോ ട്രെൻ ബോള്‍ട്ടിനോടോ കരുണ കാണിക്കാത്ത ബാറ്റാണ് ആ കയ്യില്‍. തന്നെ വരവേല്‍ക്കാനും ബൗണ്ടറിയില്‍ കുറഞ്ഞതൊന്നും വൈഭവ് സൂര്യവംശി എന്ന അത്ഭുതബാലൻ കാത്തുവെച്ചിട്ടുണ്ടാകില്ല എന്ന ഉത്തമബോധ്യമുണ്ടായിരുന്നു.

പക്ഷേ, ബുമ്രയ്ക്ക് പോലും സാധ്യമാകാത്തത് സംഭവിച്ചു. മിഡില്‍ - ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഹാര്‍ഡ് ലെങ്ത് ഡെലിവറി. വൈഭവിന് തന്റെ കൈകളെ സ്വതന്ത്രമാക്കാൻ അനുവാദിക്കാത്തവിധം കൃത്യതയുണ്ടായിരുന്നു ആ പന്തിന്. പുള്‍ ഷോട്ടിന് ശ്രമിച്ച ഇടം കയ്യൻ ബാറ്റര്‍ക്ക് പിഴച്ചു, പന്ത് ഉയര്‍ന്ന് പൊങ്ങി. ശ്വാസം അടക്കിപ്പിടിച്ചായിരുന്നു ഹൈദാരാബാദ് ഡഗൗട്ട് ആ നിമിഷത്തെ അതിജീവിച്ചത്, സലീല്‍ അറോറയുടെ കൈകളില്‍ ഭദ്രമായി പന്തൊതുങ്ങി, വൈഭവ് ഗോള്‍ഡൻ ഡക്ക്.

നാഗ്‌പൂരിലെ ആ കൊച്ചുകുടുംബത്തില്‍ നിന്ന് പഠനം പോലും മാറ്റിവെച്ച് മൈതാനത്തൊഴുക്കിയ വിയര്‍പ്പിന് ഫലം കണ്ട നിമിഷം. സ്വപ്നതുടക്കമെന്ന് മുരളി കാര്‍ത്തിക്ക് കമന്ററി ബോക്‌സിലിരുന്നു പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ഭൂപടത്തില്‍ പോലും ഉയര്‍ന്ന് കേള്‍ക്കാത്തൊരു പേര്. കേവലം 30 ലക്ഷം രൂപയ്ക്ക് ഹൈദരാബാദ് സ്വന്തമാക്കിയവൻ. പ്രഫൂല്‍ പ്രകാശ് ഹിംഗെ. ആ പേരിനും കൈയില്‍ നിന്ന് പായുന്ന ഓരോ പന്തിനും ഹര്‍ഷാരവങ്ങളൊരുങ്ങിയ നിമിഷങ്ങളായിരുന്നു പിന്നീട്.

ഒരു പന്തിന്റെ ഇടവേളയ്ക്ക് ശേഷം ദ്രൂവ് ജൂറല്‍. ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി. ഇൻസൈഡ് എഡ്ജില്‍ ഓഫ് സ്റ്റമ്പ് മൈതാനത്ത് പതിച്ചു. ചാമ്പ്യന്മാരെയെല്ലാം അടിച്ചുക്ഷീണിപ്പിച്ച രാജസ്ഥാന്റെ ടോപ് ത്രീയെ നിശബ്ദമാക്കിയിരിക്കുന്നു പ്രഫൂല്‍. 2024-25 രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്ക്കായി പന്തെറിയാൻ കഴിയാതെ ടെലിവിഷൻ സ്ക്രീനിന് മുന്നില്‍ കരഞ്ഞുകൊണ്ട് ദിവസം തള്ളി നീക്കിയ അതേ പ്രഫൂല്‍.

പ്രിട്ടോറിയസിന്റെ ഔട്ട്സൈഡ് എഡ്ജിനെ തൊട്ടുരുമി പ്രഫൂലിന്റെ അഞ്ചാം പന്ത്. ഐപിഎല്‍ കരിയറിലെ തന്റെ ആദ്യ ഓവറിലെ അവസാന പന്തിനായി 24 വയസുകാരൻ തയാറെടുക്കുന്നു. കമന്ററി ബോക്സില്‍ നിന്ന് ഓസീസ് ഇതിഹാസം മൈക്കല്‍ ക്ലാര്‍ക്ക് ഒരു ചോദ്യമുയര്‍ത്തി. മൂന്നാം വിക്കറ്റെടുക്കാൻ പ്രഫൂലിന് സാധിക്കുമോയെന്ന്. പ്രിട്ടോറിയസിന്റെ പാഡുകളെ ലക്ഷ്യമാക്കിയ ഫുള്‍ ലെങ്ത് പന്ത്. ഡീപ് ബാക്ക്‌വേഡ് സ്ക്വയര്‍ ലെഗിന് മുകളിലൂടെ പന്ത് ഗ്യാലറിയിലെത്തിക്കുക എന്നതായിരുന്നു ഇടം കയ്യൻ ബാറ്ററുടെ പദ്ധതി.

പക്ഷേ, പ്രതീക്ഷിച്ച ഇലവേഷൻ ലഭിച്ചില്ല. നിതീഷ് കുമാര്‍ റെഡ്ഡി അനായാസമായൊരു ക്യാച്ചിലൂടെ പ്രിട്ടോറിയസിന്റെ മടക്കം ഉറപ്പാക്കി. ആറ് പന്തില്‍ മൂന്ന് വിക്കറ്റുകള്‍. അരങ്ങേറ്റ മത്സരത്തില്‍ ഇത്തരമൊരു കാഴ്ച ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കിയാല്‍ കാണാനാകില്ല. ആദ്യ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രാജസ്ഥാൻ സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സും മൂന്ന് വിക്കറ്റും. കടപ്പാട് പ്രഫൂല്‍ ഹിംഗെ. ബൗണ്ടറി ലൈനിലേക്ക് നടന്നെത്തിയ പ്രഫൂലിനെ ആരവത്തോടെയായിരുന്നു ഗ്യാലറി സ്വീകരിച്ചതും.

രാജസ്ഥാൻ നായകൻ റിയാൻ പരാഗ് ഉള്‍പ്പെടെ നാല് ബാറ്റര്‍മാരെ ഹിംഗെ മടക്കി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഹിംഗെയുടെ കണക്കുകള്‍ മൂന്ന് ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റുകള്‍. 13 ഡോട്ട് ബോളുകള്‍. ഐപിഎല്ലില്‍ പവര്‍പ്ലേയില്‍ മാത്രം നാല് വിക്കറ്റ് നേടാൻ ഇതുവരെ ഏഴ് താരങ്ങള്‍ മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. എട്ടാമനായി പ്രഫൂല്‍ എത്തുമ്പോള്‍ താണ്ടി വന്ന വഴികള്‍ക്ക് അര്‍ഹമായൊരു തുടക്കം ലഭിച്ചപോലെ തന്നെയാകുന്നു.

നാഗ്പൂരിലെ ആ കുടുംബത്തിലേക്ക് നോക്കിയാല്‍ എല്ലാ ദിവസവും നേരം പുലരും മുൻപ് തന്നെ പ്രഫൂലിനായി തയാറെടുപ്പുകള്‍ നടത്തുന്ന അമ്മ, മൈതാനത്തിന്റെ അരികില്‍ വരെ എത്തിക്കുന്ന അച്ഛൻ. പേസ് ബൗളറാകണമെന്ന സ്വപ്നമുണ്ടായിട്ടും അത് സാധിക്കാൻ കഴിയാതെ പോയൊരാളായിരുന്നു പ്രഫൂലിന്റെ പിതാവ്. 13-ാം വയസുമുതല്‍ പ്രഫൂല്‍ ക്രിക്കറ്റിനെ ഗൗരമാക്കിയെടുത്തതോടെ ആ സ്വപ്നം പൊടിതട്ടിയെടുക്കുകയായിരുന്നു മകനിലൂടെ അയാള്‍.

സഹപാഠികളോട് ഒരു വിദ്യാര്‍ത്ഥി എങ്ങനെയാകരുത് എന്ന ഉദാഹരണമായി അധ്യാപകര്‍ പ്രഫൂലിനെ ചൂണ്ടിക്കാണിച്ചപ്പോഴും ആ മാതാപിതാക്കള്‍ പിന്നോട്ട് പോയില്ല. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കുന്ന അധ്വാനത്തില്‍ വിക്കറ്റുകള്‍ നിരന്തരം വീണ് തുടങ്ങുന്നത് 19-ാം വയസിലാണ്. ശേഷം കോവിഡ്, പുറത്തിനേറ്റ പരുക്ക്, എംആര്‍എഫ് പേസ് അക്കാദമയിലൂടെ മുക്തി സാധ്യമായി, സാക്ഷാല്‍ ഗ്ലെൻ മഗ്രാത്തിന്റെ കയ്യൊപ്പും തിരിച്ചുവരവിലുണ്ടായി.

രഞ്ജി ട്രോഫിയില്‍ തമിഴ്നാടിനെതിരെ നേടിയ അഞ്ച് വിക്കറ്റായിരുന്നു ഹൈദരാബാദ് ബൗളിങ് പരിശീലകൻ വരുണ്‍ ആരോണിനെ പ്രഫൂലിലേക്ക് എത്തിച്ചത്. മിനി താരലേലത്തില്‍ ഹൈദരാബാദ് കൈ ഉയര്‍ത്തിയപ്പോള്‍ അത്രത്തോളം വൈകാരികമായൊരു നിമിഷം പ്രഫൂലിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല അതുവരെ. ക്രിക്കറ്റില്‍ ലെഥര്‍ ബോള്‍ എന്തെന്ന് പോലുമറിയാത്തൊരു കാലത്ത് നിന്ന് ഏറ്റവും വലിയ ലീഗില്‍ ഇതിഹാസങ്ങള്‍ക്ക് പോലും നേടിയെടുക്കാൻ സാധിക്കാത്തൊരു അരങ്ങേറ്റം.