പോയ സീസണിലെ പോരായ്‌മകള്‍ പരിഹരിക്കാൻ കഴിയുന്ന ബാറ്റിങ് നിര. ഫയര്‍പവറും പരിചയസമ്പത്തും യുവത്വം സമം ചേര്‍ന്നതാണ് കൊല്‍ക്കത്തയുടെ യൂണിറ്റ്

ഹര്‍ഷിത് റാണ റൂള്‍ഡ് ഔട്ടായിരിക്കുന്നു, മതീഷ പതിരാനയുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. മുസ്തഫിസൂര്‍ റഹ്മാനെ ഒഴിവാക്കാൻ നിര്‍ബന്ധിതമായി. ആന്ദ്രെ റസലെന്ന ടി20 അതികായകൻ വിഖ്യാതമായ ആ പര്‍പ്പിള്‍ കുപ്പായത്തില്‍ ഇക്കുറിയില്ല. സീസണ്‍ തുടങ്ങും മുൻപ് തന്നെ തിരിച്ചടികള്‍. എട്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന 2025 സീസണിന് ശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എത്തുന്നത് നാലാം കിരീടം എന്ന സ്വപ്നവുമായി. അജിങ്ക്യ രഹാനെയുടെ നായകമികവ് ചോദ്യമുനയിലാണ്, മുൻതാരങ്ങള്‍ അയാളാണ് ദുര്‍ബലകണ്ണിയെന്ന് പ്രവചിച്ചു കഴിഞ്ഞു. കൊല്‍ക്കത്ത ഇക്കുറി ശക്തരോ.

പോയ സീസണിലെ പോരായ്‌മകള്‍ പരിഹരിക്കാൻ കഴിയുന്ന ബാറ്റിങ് നിര. ഫയര്‍പവറും പരിചയസമ്പത്തും യുവത്വം സമം ചേര്‍ന്നതാണ് കൊല്‍ക്കത്തയുടെ യൂണിറ്റ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫിൻ അലൻ-ടിം സെയ്‌ഫര്‍ട്ട് സഖ്യം തന്നെയാണ്. ന്യൂസിലൻഡിനായി ടി20 ലോകകപ്പില്‍ അസാധാരണ തുടക്കങ്ങള്‍ നല്‍കിയ ഓപ്പണിങ് കൂട്ടുകെട്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സെമി ഫൈനല്‍ ഓര്‍മയില്ലെ, 33 പന്തിലായിരുന്നു ഫിൻ അലൻ തന്റെ ശതകം കുറിച്ചത്, അതും കൊല്‍ക്കത്തയുടെ ഹോം മൈതാനമായ ഈഡൻ ഗാര്‍ഡൻസില്‍, ടൂര്‍ണമെന്റില്‍ ഏറ്റവും സ്ട്രൈക്ക് റേറ്റുള്ള ബാറ്ററും ഫിൻ തന്നെയായിരുന്നു.

സെയ്‌ഫര്‍ട്ടാകട്ടെ ലോകകപ്പിലെ രണ്ടാമത്തെ ടോപ് സ്കോറര്‍. 166 സ്ട്രൈക്ക് റേറ്റ് 326 റണ്‍സ്. പുതിയൊരു സഖ്യത്തെ തേടി കൊല്‍ക്കത്തയ്ക്ക് അലയേണ്ടി വരില്ല എന്ന് ചുരുക്കം. പവര്‍പ്ലേയില്‍ തന്നെ കളി വരുതിയിലാക്കാൻ കഴിയുന്നവരാണ് രണ്ട് പേരുമെന്നത് കൊല്‍ക്കത്തയ്ക്ക് മുൻതൂക്കം നല്‍കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.

ഇതിന് പുറമെയാണ് റസലിന്റെ പകരക്കാരാനായി കാമറൂണ്‍ ഗ്രീൻ. ടി20 ലോകകപ്പില്‍ ഗ്രീൻ മോശം ഫോമിലായിരുന്നെങ്കിലും വെസ്റ്റേണ്‍ ഓസ്ട്രേലിയക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ചുറി നേടിയാണ് ഐപിഎല്ലിലേക്ക് എത്തുന്നത്. റസലിന്റെ പോരായ്മ നികത്തുക എന്ന സമ്മര്‍ദം ഉറപ്പായും ഗ്രീനിന് മുകളിലുണ്ടാകും, അത് അത്ര എളുപ്പമുള്ള ഒന്നല്ലതാനും. അജിങ്ക്യ രഹാനെ, അഗ്രിഷ് രഘുവംശി, മനീഷ് പാണ്ഡെ, രചിൻ രവീന്ദ്ര, രാഹുല്‍ ത്രിപാതി എന്നിവര്‍ മധ്യനിരയെ കൂടുതല്‍ ശക്തിപ്പെടുത്താനും ഡഗൗട്ടിലുണ്ട്.

കൊല്‍ക്കത്തയുടെ ആശങ്കകളിലൊന്നായി നിലനില്‍ക്കുന്നത് റിങ്കു സിങ്ങിനപ്പുറം ഒരു ഡെസിഗ്നേറ്റഡ് ഫിനിഷറില്ല എന്നതാണ്. റോവ്മാൻ പവലിന്റെ സാന്നിധ്യം ടീമിലുണ്ടെങ്കിലും താരം അന്തിമ ഇലവനിലെത്തുമോ എന്ന കാര്യം ചോദ്യമാണ്. പ്രത്യേകിച്ചും ഫിൻ അലൻ, ടിം സെയ്‌ഫര്‍ട്ട്, കാമറൂണ്‍ ഗ്രീൻ, സുനില്‍ നരെയ്‌ൻ എന്നിവ‍ര്‍ ആദ്യ ചോയ്‌സുകളായി മുന്നില്‍ നില്‍ക്കുമ്പോള്‍. റിങ്കു സിങ്ങിന്റെ ഫോമിന്റെ കാര്യവും ചെറിയ തലവേദനയാണ്, ലോകകപ്പില്‍ കിട്ടിയ അവസരങ്ങളില്‍ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഐപിഎല്‍ റിങ്കുവിന്റെ കരിയറിലും ഏറെ നിര്‍ണായകമാകും. പ്രത്യേകിച്ചും ദേശീയ ടീമിലെ ഫിനിഷര്‍ സ്ഥാനം ഉറപ്പിക്കാൻ. ഒരു മോശം സീസണ്‍ കരിയറിനെ ബാധിക്കാനുള്ള സാധ്യതകളുമുണ്ട്.

വരുണ്‍ ചക്രവര്‍ത്തി - സുനില്‍ നരെയ്‌ൻ സ്പിൻ ദ്വയമായിരിക്കും കൊല്‍ക്കത്തയുടെ വിജയസാധ്യതകളെ നിര്‍ണയിക്കുന്ന ഒരു ഘടകം. ഇരുവരുടേയും എട്ട് ഓവറുകളെ എതിര്‍ ബാറ്റര്‍മാര്‍ നേടുന്ന വിധം മത്സരത്തെ സ്വാധീനിക്കാൻ പോന്നതാണ്. ഇവിടെ പ്രധാനപ്പെട്ട ഒന്ന് വരുണ്‍ ചക്രവര്‍ത്തിയുടെ ഫോം തന്നെയാണ്. ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം വരുണിന്റെ മിസ്റ്ററി ഹിസ്റ്ററിയാക്കി മാറ്റാൻ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. അവസാന അഞ്ച് മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് വരുണിന്റെ എക്കണോമി ഒൻപതിന് താഴെ പോയത്, നാലിലും പത്തിന് മുകളിലൊ അതിന് അടുത്തോ ആയിരുന്നു. റിങ്കുവിനെപ്പോലെ തന്നെ ഫോം വീണ്ടെടുക്കേണ്ടതുണ്ട് വരുണിനും.

ഇവയെല്ലാം ചെറിയ ആശങ്കകളായി നിലനില്‍ക്കുമ്പോള്‍ ഏറ്റവും വലുത് പേസ് നിര തന്നെയാണ്. വൈഭവ് അറോറ, ഉമ്രാൻ മാലിക്ക്, ആകാശ് ദീപ് എന്നിവരുടെ സഹായം രഹാനെയ്ക്ക ഉണ്ടെങ്കിലും ഒരു മാര്‍ക്യു ടി20 ബൗളര്‍ അനിവാര്യമാണ്. മതീഷ പതിരാന, ബ്ലെസിങ് മുസരബാനി എന്നിവരാണ് മുന്നിലുള്ള വിദേശ ഓപ്ഷനുകള്‍. പതിരാന പരുക്കിന്റെ പിടിയിലാണ്, മുസരബാനി ലോകകപ്പിലെ മിന്നും ഫോമിലും. 13 വിക്കറ്റുകള്‍ താരം നേടിയിരുന്നു. പക്ഷേ, ഇരുവരും വിദേശ താരങ്ങളായതുകൊണ്ട് തന്നെ എങ്ങനെ അന്തിമ ഇലവൻ കൊല്‍ക്കത്ത ഒരുക്കുമെന്നതാണ് ചോദ്യം. കൃത്യമായ ഇലവനെ കണ്ടെത്താൻ വേണ്ടി ഫോമിലുള്ള വിദേശതാരങ്ങളെപ്പോലും പുറത്തിരുത്തേണ്ടി വന്നേക്കാം കൊല്‍ക്കത്തയ്ക്ക്.