ഗുജറാത്ത് ടൈറ്റൻസിന്റെ പുതിയ സീസണിലെ ഫിലോസഫി അഗ്രസീവ് ക്രിക്കറ്റ് ആയിരിക്കുമെന്നതിന്റെ സൂചനകൂടിയാണ് ഹെയ്‌ഡന്റെ വരവ്
കഴിഞ്ഞ ദിവസം ലോകകപ്പ് രാത്രി സമ്മാനിച്ച അഹമ്മദാബാദിലെ മൈതാനത്ത് ഒരു കാഴ്ചകണ്ടു. യുവതാരങ്ങളായ സായ് സുദര്‍ശനും അനൂജ് റാവത്തും വളരെ ശ്രദ്ധയോടെ വിക്കറ്റിനടുത്ത് നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നു. അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് മറ്റാരുമായിരുന്നില്ല, ഒരുകാലത്ത് പന്തെടുത്ത ബൗളര്‍മാരെയെല്ലാം ഗ്യാലറികളിലേക്ക് പറഞ്ഞയച്ച, ഓസ്ട്രേലിയയെ മൈറ്റി ഓസീസ് ആക്കി മാറ്റിയതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച മാത്യു ഹെയ്‌ഡൻ. ഗുജറാത്ത് ടൈറ്റൻസിന്റെ പുതിയ സീസണിലെ ഫിലോസഫി അഗ്രസീവ് ക്രിക്കറ്റ് ആയിരിക്കുമെന്നതിന്റെ സൂചനകൂടിയാണ് ഹെയ്‌ഡന്റെ വരവ്. കിരീടം തിരിച്ചുപിടിക്കാൻ ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്തിന് കഴിയുമോ.
ശുഭ്‌മാൻ ഗില്‍ - സായ് സുദര്‍ശൻ - ജോസ് ബട്ട്‌ലര്‍. മറ്റ് ടീമുകള്‍ തങ്ങളുടെ ടോപ് ഓര്‍ഡറില്‍ ഷഫിള്‍ ചെയ്യുമ്പോള്‍ രണ്ടാമൊതൊരു ചിന്ത ഗുജറാത്തിന് ആവശ്യമില്ല. ഒരുപക്ഷേ, ഐപിഎല്ലിലെ തന്നെ ഏറ്റവും ഹെവിയെസ്റ്റ് ടോപ് ഓര്‍ഡറാണ് ഗുജറാത്തിന്റേത്. അഗ്രസീവ് ക്രിക്കറ്റിന്റെ ആവശ്യകതയില്ലാതെ തന്നെ റണ്‍സ് സ്കോറിങ് എളുപ്പമാക്കാനുള്ള മികവ് കൈവശമുണ്ട് ഗില്ലിനും സായ് സുദര്‍ശനും. 2025 സീസണ്‍ അതിന് ഉദാഹരണമായിരുന്നു.
155 സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്‍ 650 റണ്‍സ് സ്കോര്‍ ചെയ്തത്. സായ് 156 സ്ട്രൈക്ക് റേറ്റില്‍ 759 റണ്‍സും നേടി. ഇരുവരില്‍ നിന്നും വ്യത്യസ്ത ശൈലി പുലര്‍ത്തുന്ന ബട്ട്ലര്‍, 163 സ്ട്രൈക്ക് റേറ്റില്‍ 538 റണ്‍സ്. മൂന്ന് പേരും ഒരുമിച്ച് തിളങ്ങിയാല്‍ ബാറ്റിങ് നിരയിലെ മറ്റുള്ളവര്‍ക്ക് വിശ്രമിക്കാൻ കഴിയും. ശക്തി തന്നെയാണ് ഗുജറാത്തിന്റെ ദൗര്‍ബല്യം. ടോപ് ഓര്‍ഡറിനപ്പുറം ഗുജറാത്തിന്റെ ബാറ്റിങ് നിര എങ്ങനെ സമ്മര്‍ദസാഹചര്യങ്ങളെ അതിജീവിക്കുമെന്നത്. രാഹുല്‍ തേവാത്തിയ, വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാൻ, ഗ്ലെൻ ഫിലിപ്സ്, ജേസണ്‍ ഹോള്‍ഡര്‍, അനൂജ് റാവത്ത് എന്നിവരാണ് പ്രധാനികള്‍. ഗില്ലും ബട്ട്ലറും സായിയും പരാജയപ്പെടുന്ന ഘട്ടം വന്നാല്‍ ആര് ആ റോള്‍ വഹിക്കുമെന്നത് ആശങ്കയായി നിലനില്‍ക്കുന്നു.
ഷെര്‍ഫെയ്ൻ റുഥര്‍ഫോര്‍ഡിന്റെ അഭാവം സീസണില്‍ ഗുജറാത്ത് എങ്ങനെ നികത്തും എന്നതാണ് മറ്റൊരു ആകാംഷ. ഹോള്‍ഡറിനും ഫിലിപ്സിനും ഇത്തരം സാഹചര്യങ്ങള്‍ അവസരമാണെങ്കിലും ഇരുവരുടേയും അന്തിമ ഇലവനിലെ സാധ്യതകള്‍ എത്രത്തോളമാണ് എന്നതും പരിഗണിക്കേണ്ടി വരും. പ്രത്യേകിച്ചും ഇരുവരും വിദേശ താരങ്ങളായതിനാല്‍. ഹോള്‍ഡറിലൂടെ ബാറ്റിങ് ഡെപ്ത് വര്‍ധിപ്പിക്കാനും സുന്ദറിലൂടെ ടീം ബാലൻസ് മെച്ചപ്പെടുത്താനും കഴിയും ഗുജറാത്തിന്. എക്സ് ഫാക്ടറാകാനും ഹോള്‍ഡറിന് കഴിയുമെന്ന് ടി20 ലോകകപ്പ് തെളിയിച്ചു. തീര്‍ത്തും ശരാശരി മാത്രമായി ഗുജറാത്തിന്റെ ബാറ്റിങ് നിരയെ കണക്കാക്കാനും കഴിയില്ല, എന്നാല്‍ എതിരാളികളെ ഭയപ്പെടുത്താൻ പോന്നതുമല്ലെന്നും പറയേണ്ടി വരും.
സായ് കിഷോറും റാഷിദ് ഖാനും ചേരുന്ന സ്പിൻ നിരയാകും ഗുജറാത്തിന് നിര്‍ണായകമാകുക. പോയ സീസണില്‍ ഇരുവരും ചേര്‍ന്ന് 31 വിക്കറ്റുകളാണ് വീഴ്ത്തിയത്. പക്ഷേ, റാഷീദിന്റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങി നിന്നു. 12 വിക്കറ്റുകളായിരുന്നു വലം കയ്യൻ സ്പിന്നര്‍ നേടിയത്. റാഷിദിന്റെ ഭാഗത്തുനിന്ന് ഒരു എക്സ്ട്രാ ഓര്‍ഡിനറി സീസണ്‍ ഗുജറാത്തിന് അനിവാര്യമാണ്, അല്ലാത്ത പക്ഷം മധ്യ ഓവറുകളിലെ എതിരാളികളുടെ റണ്ണൊഴുക്ക് തടയുക എളുപ്പമാകില്ല. സുന്ദര്‍, രാഹുല്‍ തേവാത്തിയ, ഗ്ലെൻ ഫിലിപ്സ് എന്നിവരും സ്പിൻ ഓപ്ഷനുകളാണ്. പവര്‍പ്ലേയില്‍ വരെ എഫക്ടീവായ ബൗളറാണ് സുന്ദര്‍.
ഗുജറാത്തിന്റെ പേസ് നിര ക്വാളിറ്റിയും പരിചയസമ്പത്തും അടങ്ങിയതാണ്. കഗിസൊ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ എന്നിങ്ങനെ നീളുന്നു പ്രധാന പേരുകള്‍. സാഹചര്യങ്ങള്‍ക്കും എതിരാളികള്‍ക്കും അനുസരിച്ച് മാറ്റിമറിക്കാൻ കഴിയുന്ന പേരുകള്‍. എങ്കിലും റബാഡയും സിറാജുമായിരിക്കും ഗില്ലിന്റെ പ്രധാന അസ്ത്രങ്ങള്‍. ഇരുവരുടേയും ന്യൂബോളിലെ മികവ് തന്നെ പിന്നിലെ കാരണം. റബാഡ സമീപകാലത്ത് ട്വന്റി 20യില്‍ അത്ര മികവ് പുലര്‍ത്തുന്നില്ല എന്ന വസ്തുത മുന്നിലുണ്ട്. താരം തിരിച്ചുവരവ് കൂടി ലക്ഷ്യമിടുന്നുണ്ടാകും ഐപിഎല്ലിലൂടെ.
എല്ലാത്തിലും ഉപരിയാണ് ഗില്ലിന്റെ പ്രകടനങ്ങള്‍. അത് ബാറ്ററായി മാത്രമല്ല നായകനായും. ട്വന്റി 20 ടീമിലേക്ക് ഗില്‍ മടങ്ങിവരവ് ലക്ഷ്യമിടുന്നുണ്ടെങ്കില്‍ അസാധാരണ പ്രകടനങ്ങളുടെ നിര തന്നെ ആവശ്യമാണ്. എങ്കിലും സഞ്ജു സാംസണിനെ മറികടക്കുക എളുപ്പമല്ല. നായകമികവ് തേച്ച് മിനുക്കേണ്ടതുണ്ട്, മുന്നില്‍ 2027 ഏകദിന ലോകകപ്പെന്ന വലിയ കടമ്പയുണ്ട്. അതുകൊണ്ട് ഗുജറാത്ത് നിരയില്‍ ഈ ഐപിഎല്‍ ഗില്ലിനോളം നിര്‍ണായകമായുള്ള ഇന്ത്യൻ താരങ്ങള്‍ ചുരുക്കമാണ്.


