പരുക്കളില്ലാതെ പ്ലേ ഓഫ് ഉറപ്പിക്കാൻ, അതിന് സൂര്യകുമാറിന്റെ ബാറ്റ് റിഡംഷൻ കണ്ടത്തേണ്ടതുണ്ട്. അത് മുംബൈക്ക് വേണ്ടി മാത്രമല്ല, തന്റെ അന്താരാഷ്ട്ര കരിയറിലും നിർണായകമാണ്.
152.1 കിലോമീറ്റേഴ്‌സ് പെർ ഹവർ! സൂര്യകുമാർ യാദവിന്റെ ഓഫ്, മിഡില്‍ സ്റ്റമ്പുകള്‍ നിലം പതിക്കുമ്പോള്‍ ടെലിവിഷൻ സ്ക്രീനില്‍ തെളിഞ്ഞു. അതിനോട് ചേർന്നൊരു പേരും, കഗിസോ റബാഡ. ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ സിക്‌സും ഫോറും നേടി തികഞ്ഞ ആത്മവിശ്വാസത്തില്‍ തുടർന്ന സൂര്യയെ ഒറ്റ നിമിഷം കൊണ്ട് ക്ലൂലെസാക്കിയ ഡെലിവെറി. ഫുള്‍ ലെങ്ത് പന്തിലെ മൂവ്‍മെന്റ് ജഡ്‌ജ് ചെയ്യാൻ തനിക്ക് കഴിയാതെ പോയതിന്റെ അമർഷത്തില്‍ ഒരു നിമിഷം വിക്കറ്റിലേക്ക് നോക്കി നിന്നു സൂര്യ.
ഒരു ബാറ്ററെ സംബന്ധിച്ച് ഏറെക്കാലാം വേട്ടായാടാൻ കഴിയുന്ന ഒരു ഫ്രെയിമായിരുന്നു അത്. തന്റെ പ്രതിരോധത്തെ പരിഹസിച്ചുകൊണ്ട് രണ്ട് സ്റ്റമ്പുകള്‍ മൈതാനത്ത്, ആശയക്കുഴപ്പവും അമ്പരപ്പും കലർന്ന മുഖഭാവവുമായി നില്‍ക്കേണ്ടി വരുന്ന സാഹചര്യം. മറുവശത്ത് വളരെ കൂളായി ആ നേട്ടം ആഘോഷിക്കുന്ന ബൗളര്‍. സൂര്യയുടെ കരിയറിന്റെ തുടര്‍ച്ചയെ തന്നെ ചോദ്യം ചെയ്യാൻ കെല്‍പ്പുണ്ടായിരുന്നു ആ റബാഡ മൊമന്റിന്.
മുംബൈയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ അഹമ്മദാബാദില്‍ വെള്ളിവെളിച്ചം പോലെ വ്യക്തമായിരുന്നെന്ന് പറയുമ്പോഴും ക്രിക്കറ്റ് പണ്ഡിതനായ ഹര്‍ഷ ബോഗ്ലെയ്ക്ക് ഒരു ആശങ്ക ബാക്കിയുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല, സൂര്യകുമാര്‍ യാദവിന്റെ ഫോമാണ്. Like missing piece of the puzzle. അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്‍ ആറും ജയിച്ചേ മതിയാകു പരുക്കളില്ലാതെ പ്ലേ ഓഫ് ഉറപ്പിക്കാൻ, അതിന് സൂര്യകുമാറിന്റെ ബാറ്റ് റിഡംഷൻ കണ്ടത്തേണ്ടതുണ്ട്. അത് മുംബൈക്ക് വേണ്ടി മാത്രമല്ല, തന്റെ അന്താരാഷ്ട്ര കരിയറിലും നിർണായകമാണ്.
ജനുവരിയിലെ ന്യൂസിലൻഡ് പരമ്പര സൂര്യകുമാർ തന്റെ പ്രൈമിലേക്ക് മടങ്ങിയെത്തുന്നുവെന്നതിന്റെ തെളിവായിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മൂന്ന് അർദ്ധ ശതകം ഉള്‍പ്പടെ 242 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 196. ടി20 ലോകകപ്പ് ആരംഭിച്ചത് കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായി. അമേരിക്കയ്ക്ക് എതിരെ 49 പന്തില്‍ 84 റണ്‍സ്. പക്ഷേ അവശേഷിച്ച എട്ട് മത്സരങ്ങളില്‍ നിന്ന് സൂര്യക്ക് സ്കോര്‍ ചെയ്യാനായത് 138 റണ്‍സ് മാത്രമാണ്. അതില്‍ ഒരു അർദ്ധ സെഞ്ചുറി പോലുമില്ല.
ന്യൂസിലൻഡ് പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയ റണ്‍സാണ് ടി20 ലോകകപ്പിലുടനീളം സൂര്യക്ക് കണ്ടെത്താനായത്, 242 റണ്‍സ്. കിവീസിനെതിരായ സ്ട്രൈക്ക് റേറ്റ് 196 ആയിരുന്നെങ്കില്‍ ലോകകപ്പില്‍ അത് 136ലേക്ക് കൂപ്പുകുത്തി. നായകമികവുകൊണ്ട് ബാറ്റിങ്ങിലെ പോരായ്മകളെ ഒരുപരിധിവരെ മറികടക്കാൻ താരത്തിന് കഴിഞ്ഞെങ്കിലും ഭാവിയിലേക്ക് നോക്കുമ്പോള്‍ അത്ര എളുപ്പമാകില്ല എന്ന സൂചനയാണ് പോയദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോർട്ടുകളെല്ലാം. അതുകൊണ്ട് ഈ ഐപിഎല്‍ സൂര്യക്ക് കരിയറോളം വിലപ്പെട്ടതാണ്.
എന്നാല്‍ ഐപിഎല്ലില്‍ എന്താണ് സംഭവിക്കുന്നത്. മുംബൈക്കായി ആറ് തവണ ക്രീസിലെത്തിയിട്ടും തന്റെ പേരിനും പെരുമയ്ക്കും ഒത്ത് ഉയരാനായിട്ടില്ല സൂര്യക്ക്. 2025 സീസണെടുത്താല്‍, അന്താരാഷ്ട്ര ക്രിക്കറ്റിലെ തിരിച്ചടികള്‍ ഒരുതരത്തിലും അയാളെ ബാധിച്ചിരുന്നില്ല, റണ്ണൊഴുകി. ഒരുതവണപോലും രണ്ടക്കം കടക്കാതിരുന്നിട്ടില്ല, 717 റണ്‍സായിരുന്നു ആകെ നേട്ടം. ഇക്കുറി കാര്യങ്ങള്‍ മറിച്ചാണ്, അന്താരാഷ്ട്ര ക്രിക്കറ്റിലെ വീഴ്ചകള്‍ മുംബൈയുടെ നിറങ്ങളിലും ആവർത്തിക്കുന്നുണ്ട്.
ആറ് കളികളില്‍ നിന്ന് 121 റണ്‍സാണ് സൂര്യ ഇതുവരെ സ്കോര്‍ ചെയ്തത്. സ്ട്രൈക്ക് റേറ്റ് 150ന് മുകളിലാണെങ്കിലും ശരാശരി 20ലേക്ക് വീണു. ഇംപാക്റ്റ് നല്‍കുന്ന ഒരു ഇന്നിങ്സ് പോലും ഇതുവരെ ഉണ്ടായിട്ടില്ല. ഡല്‍ഹിക്കെതിരായ അര്‍ദ്ധ സെഞ്ചുറിക്ക് മുംബൈയെ രക്ഷിക്കാനും സാധിച്ചില്ല. വളരെ ആത്മവിശ്വാസത്തോടുകൂടി കളിച്ചിരുന്ന ഷോട്ടുകളിലാണ് സൂര്യ പലപ്പോഴും പുറത്താകുന്നതായി കാണുന്നത്. ഓഫ് സൈഡിനേക്കാള്‍ കൂടുതല്‍ ലെഗ് സൈഡിനെയാണ് സ്കോർ ചെയ്യാൻ തിരഞ്ഞെടുക്കുന്നതും. ഇതെല്ലാം നല്‍കുന്ന സൂചന ശുഭകരമായ ഒന്നല്ലെന്നാണ് വിലയിരുത്തലുകള്‍.
ഐപിഎല്ലിലെ മോശം പ്രകടനം തുടർന്നാല്‍ അന്താരാഷ്ട്ര തലത്തിലും അതിന്റെ പ്രതിഫലനമുണ്ടാകും. സൂര്യയുടെ പ്രായം 35 പിന്നിട്ടിരിക്കുന്നു. ലോകകപ്പ് നേടിത്തന്ന നായകനെന്ന തലക്കെട്ടുണ്ടെങ്കിലും ടി20യില്‍ ഇന്ത്യ തലമുറമാറ്റത്തിന് തയാറാകുന്നുവെന്നതിനെ ശരിവെക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അടുത്ത നായകനായി ശ്രേയസ് അയ്യരിന്റെ പേര് മറ്റ് വർഷങ്ങളിലേക്കാള്‍ ഉയര്‍ന്നും കേള്‍ക്കുന്നു. അതുകൊണ്ട് കരിയറിനെ കരകയറ്റാൻ 360 ഡിഗ്രിയിലേക്ക് തിരിച്ചെത്തേണ്ടതുണ്ട് സ്കൈക്ക്.


