നായകസമ്മര്‍ദമാണോ അതോ ഫോമില്ലായ്മയാണോ കാരണമെന്നാണ് ചോദ്യം. റുതുരാജിന്റെ നിശബ്ദമായി തുടരുന്ന ബാറ്റ് ചെന്നൈയുടെ മുന്നേറ്റത്തിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്
സഞ്ജു സാംസണിന്റെ വിക്കറ്റ് ഏഴാം പന്തില്‍ നഷ്ടമായിരിക്കുന്നു. പ്രഫുല്‍ ഹിംഗയെ ശിക്ഷിച്ചുകൊണ്ട് ആയുഷ് മാത്രെ സമ്മർദസൂചിയെ പിന്നോടിപ്പിക്കുകയാണ്. അഞ്ച് ഇന്നിങ്സുകളുടെ ക്ഷീണം തീര്‍ക്കാൻ റുതുരാജ് ഗെയ്‌ക്വാദിന് ഹൈദരാബാദില്‍ കളം ഒരുങ്ങി. തിരിച്ചുവരാൻ, നായകന് രക്ഷകന്റെ കുപ്പായമണിയാൻ ഇതിലും മികച്ച അവസരമില്ല. പക്ഷേ, മലിംഗയുടെ ഷോര്‍ട്ട് ബോള്‍ ആ ഇന്നിങ്സ് ഒരിക്കല്‍ക്കൂടി നിഷേധിക്കുകയാണ് റുതുരാജിന്. ഇതുപോലൊരു റണ്‍വരള്‍ച്ച അയാളുടെ ഐപിഎല്‍ കരിയറില്‍ ഇതുവരെയുണ്ടായിട്ടില്ല.
നായകസമ്മര്‍ദമാണോ അതോ ഫോമില്ലായ്മയാണോ കാരണമെന്നാണ് ചോദ്യം. റുതുരാജിന്റെ നിശബ്ദമായി തുടരുന്ന ബാറ്റ് ചെന്നൈയുടെ മുന്നേറ്റത്തിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ആറ്, 28, ഏഴ്, 15, ഏഴ്, 19 എന്നിങ്ങനെയാണ് റുതുരാജിന്റെ സീസണിലെ സ്കോറുകള്‍. ഒരു തവണ പോലും സ്കോര്‍ 30 കടന്നിട്ടില്ല, ഒറ്റയ്ക്കത്തില്‍ മടങ്ങിയത് മൂന്ന് പ്രാവശ്യം. ആറ് ഇന്നിങ്സുകളില്‍ നിന്ന് 82 റണ്‍സ്. ശരാശരി 13.6, സ്ട്രൈക്ക് റേറ്റ് 112 മാത്രം. ട്വന്റി 20യുടെ ഇന്നത്തെ സഞ്ചാരത്തിനോട് ഒരിക്കലും ചേര്‍ത്തുവെക്കാൻ കഴിയാത്ത കണക്കുകള്‍.
സൂര്യകുമാര്‍ യാദവ് പറയുന്നതുപോലെ ഔട്ട് ഓഫ് ഫോം അല്ല, ഔട്ട് ഓഫ് റണ്‍സ് എന്ന പ്രയോഗം റുതുരാജിലും ഉപയോഗിക്കാനാകും. താരം സ്കോര്‍ ചെയ്യുന്ന ബൗണ്ടറികള്‍ അത് ശരിവെക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് റണ്‍സ് വരുന്നില്ല എന്നതിന് മുന്നിലുള്ള ഏക ഉത്തരം നായകസമ്മര്‍ദം തന്നെയാണ്. കഴിഞ്ഞ സീസണിലാണ് റുതുരാജ് ചെന്നൈയുടെ നായകനായി, സാക്ഷാല്‍ എം എസ് ധോണിയുടെ പിൻഗാമിയായി എത്തുന്നത്. പരുക്കുമൂലം സീസണിന്റെ പാതി വഴിയില്‍ ഡഗൗട്ടിലിരിക്കേണ്ടി വന്നെങ്കിലും അഞ്ച് മത്സരങ്ങള്‍ ചെന്നൈയെ നയിക്കാൻ താരത്തിനായി.
അഞ്ച് ഇന്നിങ്സുകളില്‍ നിന്ന് 24 ശരാശരിയില്‍ 122 റണ്‍സായിരുന്നു റുതുരാജിന്റെ നേട്ടം. ക്യാപ്റ്റനെന്ന നിലയിലും ശോഭിക്കാൻ റുതുരാജിന് കഴിഞ്ഞിട്ടില്ല. ആകെ 11 മത്സരങ്ങള്‍ ചെന്നൈയെ നയിച്ചപ്പോള്‍ റുതുരാജിന് സ്കോര്‍ ചെയ്യാൻ സാധിച്ചത് 205 റണ്‍സ് മാത്രമാണ്. രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ മാറ്റിവെച്ചാല്‍ ബാറ്റുകൊണ്ട് പൂര്‍ണമായും പരാജയപ്പെടുന്നു. ക്യാപ്റ്റനാകുന്നതിന് മുൻപ് അഞ്ച് സീസണുകളില്‍ മൂന്നിലും 580 റണ്‍സിലധികം റുതുരാജ് നേടിയിട്ടുമുണ്ട്. റുതുരാജിന്റെ സമ്മര്‍ദം ഏറ്റവും അധികം ബാധിക്കുന്നത് സഞ്ജു സാംസണിനെയാണ്.
സ്വഭാവികമായി അല്‍പ്പം പന്തുകളെടുത്ത് സാഹചര്യങ്ങളെ മനസിലാക്കി കളിക്കുന്നതാണ് സഞ്ജുവിന്റെ ശൈലി. അഗ്രസീവ് ക്രിക്കറ്റിന്റെ സ്വാധീനം സഞ്ജുവില്‍ അധികമായി കാണുന്നത് മറുവശത്തുള്ള ബാറ്റര്‍ അസാധാരണ ഫോമില്‍ തുടരുമ്പോഴാണ്. ഇവിടെ തിരിച്ചാണ് കാര്യങ്ങള്‍, റുതുരാജ് റണ്‍സ് കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുമ്പോള്‍ സഞ്ജുവിന് നേരിടുന്ന ആദ്യ പന്തുമുതല്‍ ആക്രമിച്ച് കളിക്കേണ്ടി വരുന്നു. സീസണിലെ ആറില്‍ നാല് ഇന്നിങ്സുകളിലും സഞ്ജുവിന്റെ പുറത്താകലിലേക്കും ഇത് വഴിവെക്കുകയും ചെയ്തു.
പവര്‍പ്ലേയില്‍ പോലും അതിവേഗം സ്കോര്‍ ചെയ്യാൻ റുതുരാജിന് കഴിയുന്നില്ല എന്നതാണ് മറ്റൊന്ന്. പവര്‍പ്ലേയില്‍ നാല്‍പ്പതിലധികം പന്തുകള്‍ നേരിട്ട ബാറ്റര്‍മാരുടെ പട്ടികയെടുത്താല്‍ ഏറ്റവും കുറവ് സ്ട്രൈക്ക് റേറ്റും റുതുരാജിനാണ്. 110നും താഴെയാണിത്. നിലവിലെ ഐപിഎല്ലിന്റെ ഘടന പരിശോധിക്കുമ്പോള്‍ പവര്‍പ്ലേ ആണ് ഏറ്റവും നിര്‍ണായകമായ ഘട്ടം. പവര്‍പ്ലേയില്‍ ആധിപത്യം നേടുന്ന ടീമിന് മത്സരത്തില്‍ സ്വാഭാവികമായൊരു എഡ്ജ് ലഭിക്കുകയും അത് വിജയത്തില്‍ കലാശിക്കുന്നതുമാണ് കൂടുതലായും കാണുന്ന ട്രെൻഡ്.
110 സ്ട്രൈക്ക് റേറ്റില്‍ പവര്‍പ്ലേയില്‍ ബാറ്റ് ചെയ്യുന്ന ഒരു താരത്തിന് ടീമിനെ വിജയത്തിന്റെ തട്ടിലേക്ക് എത്തിക്കാൻ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ആറ് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള ചെന്നൈയെ സംബന്ധിച്ച് ഇനി ഓരോ മത്സരവും നിര്‍ണായകവുമാണ്. നായകന്റെ ഉത്തരവാദിത്തം കണക്കിലെടുത്ത് റുതുരാജ് മൂന്നാം നമ്പറിലേക്ക് ഇറങ്ങുകയാണെങ്കില്‍ ആയുഷ് മാത്രെയ്ക്ക് ഓപ്പണിങ് സ്ഥാനത്തേക്ക് മടങ്ങിയെത്താനും ചെന്നൈക്ക് ഫോര്‍മാറ്റ് ഡിമാൻഡ് ചെയ്യുന്ന തുടക്കങ്ങള്‍ ലഭിക്കുകയും ചെയ്യും.
സീസണിലെ മാത്രെയുടെ സ്ട്രൈക്ക് റേറ്റ് 170ന് മുകളിലാണ്, പവര്‍പ്ലേയിലെ കാര്യം പറയേണ്ടതില്ലല്ലോ. മാത്രെ വരുമ്പോള്‍ സഞ്ജുവിന് തന്റെ സ്വഭാവിക ശൈലിയിലേക്ക് മടങ്ങാനും കഴിയും. റുതുരാജിനെ സംബന്ധിച്ച് താരത്തിന്റെ ഏറ്റവും മികച്ച സീസണുകള്‍ സംഭവിച്ചത് നായകൻ അല്ലാതിരുന്നപ്പോഴാണ്. അതും സ്ഥാരതയോടെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റിലും താരത്തിന് ബാറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു. ഫ്രാഞ്ചൈസിയുടെ ദീര്‍ഘകാലപദ്ധഥികളിലേക്ക് നോക്കുമ്പോള്‍ ഇതും പരിഗണിക്കേണ്ടതാണ്.
സഞ്ജു സാംസണ്‍ എന്ന ഓപ്ഷൻ മറുവശത്തുമുണ്ട്. നായകനായും അല്ലാതെയും തനിക്ക് തിളങ്ങാനാകുമെന്ന് സഞ്ജു ഐപിഎല്ലില്‍ തന്നെ എത്ര സീസണുകളില്‍ തെളിയിച്ചിരിക്കുന്നു. ഈ സീസണില്‍ റുതുരാജിന് കീഴില്‍ ചെന്നൈക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെങ്കില്‍ അത് സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.


