റണ്ണൊഴുകുന്ന ഐപിഎല്‍ മൈതാനങ്ങളില്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടിശീലിച്ച ഷമിയുടെ സംഘത്തിനോട് ഒരു ഘട്ടത്തിലും ദയയുണ്ടായില്ല ആ ബാറ്റില്‍ നിന്ന്. ഫിയര്‍ലെസ് പ്രിയാൻഷ് ആര്യ

ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ലെങ്ത് പിക്ക് ചെയ്യുന്നതിലും ടൈമിങ്ങ് കണ്ടെത്തുന്നതിലും നിരന്തരം പരാജയപ്പെടുകയായിരുന്നു കൂപ്പര്‍ കനോലിയെന്ന ഓസീസ് യുവതാരം. കനോലിയുടെ ബാറ്റിനെ അക്ഷരാര്‍ത്ഥത്തില്‍ ബന്ധിയാക്കുകയായിരുന്നു മൊഹമ്മദ് ഷമി, മൊഹ്സിൻ ഖാൻ, പ്രിൻസ് യാദവ് ത്രയം.

കഥ മാറുകയാണ്, പഞ്ചാബ് കിങ്സ് ഇന്നിങ്സിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറും ആറ് മിനുറ്റും പിന്നിടുമ്പോള്‍ കനോലി മടങ്ങി. മുലൻപൂരിലെ ചുവപ്പ് പുതച്ച ഗ്യാലറി ഒന്നടങ്കം കനോലിക്കായി ആരവം മുഴക്കിയപ്പോള്‍, കാരണം മത്സരത്തെ ഡിഫൈൻ ചെയ്യാൻ കഴിയുന്ന ഒരു ഇന്നിങ്സിനായിരുന്നു അവര്‍ സാക്ഷ്യം വഹിച്ചത്.

പക്ഷേ, അതിന് മുൻപ് തന്നെ ആ മത്സരം മറ്റൊരാളുടെ പേരില്‍ എഴുതപ്പെട്ട് കഴിഞ്ഞിരുന്നു. എട്ട് ഫോറും എഴ് സിക്സും അടക്കം 189 സ്ട്രൈക്ക് റേറ്റില്‍ 87 റണ്‍സ് നേടിയ കനോലിയുടെ ഇന്നിങ്സിനപ്പോലും നിഴലാക്കി മാറ്റിയ 37 പന്തുകള്‍. റണ്ണൊഴുകുന്ന ഐപിഎല്‍ മൈതാനങ്ങളില്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടിശീലിച്ച ഷമിയുടെ സംഘത്തിനോട് ഒരു ഘട്ടത്തിലും ദയയുണ്ടായില്ല ആ ബാറ്റില്‍ നിന്ന്. ഫിയര്‍ലെസ് പ്രിയാൻഷ് ആര്യ.

പവര്‍പ്ലേയിലെ അഞ്ചാം ഓവര്‍ പ്രിൻസ് യാദവ് എറിഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ കനോലിയുടെ സ്കോര്‍ 21 പന്തില്‍ 19 റണ്‍സായിരുന്നു. സ്ട്രൈക്ക് റേറ്റ് 90.4. മറുവശത്ത് അതേ ബൗളര്‍മാരുടെ എട്ട് പന്തുകളായിരുന്നു പ്രിയാൻഷ് അതുവരെ നേരിട്ടത്. സ്കോര്‍ ചെയ്തത് 21 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 262 റണ്‍സ്. ലഖ്നൗ ബൗളര്‍മാരെ ഡൊമിനേറ്റ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും കാര്യമായ ആ ഷിഫ്റ്റ് പ്രിയാൻഷിന്റെ ഭാഗത്തുനിന്നുണ്ടായത് ആറാം ഓവറിലാണ്.

തന്റെ ഷോട്ടുകളെ ബാക്ക് ചെയ്യാനുള്ള പ്രിയാൻഷിന്റെ ആത്മവിശ്വാസമായിരുന്നു ഓവറിലുടനീളം കണ്ടത്. നാലാം പന്തില്‍ ഡീപ്പില്‍ രണ്ട് ഫീല്‍ഡര്‍മാരുണ്ടായിരുന്നിട്ടും ഹുക്ക് ചെയ്യാൻ മടിച്ചില്ല, സിക്സ്. മിഡ് വിക്കറ്റിന് മുകളിലൂടെ മൊഹ്സിന്റെ അവസാന പന്തും ഗ്യാലറിയില്‍ നിക്ഷേപിക്കപ്പെടുമ്പോള്‍ 20 റണ്‍സാണ് ഓവറില്‍ സ്കോര്‍ബോര്‍ഡിലേക്ക് ചെര്‍ക്കപ്പെട്ടത്. അതില്‍ 19 റണ്‍സും പ്രിയാൻഷിന്റെ ബാറ്റില്‍ നിന്നായിരുന്നു.

പവര്‍പ്ലേയില്‍ പ്രിയാൻഷിന്റെ സമ്പാദ്യം 13 പന്തില്‍ 40 റണ്‍സായിരുന്നു. മുന്നൂറിന് മുകളിലാണ് പ്രഹരശേഷി. പവര്‍പ്ലേയില്‍ പ്രിയാൻഷിന്റെ ബ്രൂട്ടല്‍ ഹിറ്റിങ്ങിനാണ് റിഷഭ് പന്തിന്റെ സംഘം സാക്ഷിയായത്. ശേഷം ഫീല്‍ഡിനെ എക്സ്പ്ലോയിറ്റ് ചെയ്തുള്ള ഷോട്ട് മേക്കിങ്ങിനും. ഒൻപതാം ഓവറിലെ നാലാം പന്തില്‍ സിദ്ധാര്‍ത്ഥിനെതിരെ നേടിയ ഹാഫ് സ്കൂപ്പ് ബൗണ്ടറിയും ആവേശ് ഖാന്റെ വൈഡ് യോര്‍ക്കര്‍ ശ്രമത്തെ പൂര്‍ണമായും നിര്‍വീര്യമാക്കിയ ഷോട്ടുമെല്ലാം ഉദാഹരണങ്ങളായിരുന്നു.

ഓഫ് സ്പിൻ ട്രാപ്പിലൂടെ പ്രിയാൻഷിനേയും കനോലിയേയും മടക്കാമെന്ന പന്തിന്റെ തന്ത്രം തിരിച്ചടിച്ച ഓവറായിരുന്നു എയ്‌ഡൻ മാര്‍ക്രത്തിന്റേത്. അഞ്ച് സിക്‌സടക്കം 32 റണ്‍സ്. അതില്‍ രണ്ടെണ്ണം പ്രിയാൻഷിന്റെ സംഭാവന. 15-ാം ഓവറില്‍ സിദ്ധാര്‍ത്ഥിന് മുന്നില്‍ കീഴടങ്ങുമ്പോള്‍ സെഞ്ചുറിയിലേക്കുള്ള ദൂരം കേവലം ഏഴ് റണ്‍സ് മാത്രമായിരുന്നു. അഞ്ച് ഓവര്‍ ഇനിയും ബാക്കിയുണ്ടായിരുന്നു, പഞ്ചാബിന്റെ സ്കോറാകട്ടെ 200ന് തൊട്ടടുത്തും എത്തിയിരുന്നു, അനായാസം മൂന്നക്കം തൊടാമായിരുന്നിട്ടും ടീമിന് പ്രധാന്യം നല്‍കിയായിരുന്നു കൂറ്റനടിക്ക് പ്രിയാൻഷ് ശ്രമിച്ചത്. നാല് ഫോറും ഒൻപത് സിക്‌സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. സ്ട്രൈക്ക് റേറ്റ് 251.

കനോലിയുമൊത്ത് 182 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു പ്രിയാൻഷ് പടുത്തുയര്‍ത്തത്. അതും 13.6 എന്ന പടുകൂറ്റൻ റണ്‍റേറ്റില്‍.

ലഖ്നൗ ബൗളിങ് നിരയിലെ എല്ലാവരുടേയും പത്തും കടന്ന് 32 വരെ എത്തി നിന്നപ്പോള്‍ പ്രിൻസ് യാദവ് മാത്രം വ്യത്യസ്തനായിരുന്നു. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ്. പക്ഷേ, ആ പ്രിൻസിനും പ്രിയാൻഷിന്റെ ബാറ്റില്‍ നിന്ന് പ്രഹരമേല്‍ക്കേണ്ടി വന്നു. ടോട്ടല്‍ ഡൊമിനേഷൻ എന്ന് തന്നെ വിശേഷിപ്പിക്കാനാകും കേവലം 37 പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്സിനെ. ശ്രേയസ് അയ്യര്‍ മത്സരശേഷം എന്തുകൊണ്ട് പ്രിയാൻഷിന്റെ ഇന്നിങ്സിനെക്കുറിച്ച് വാചാലനായി എന്നതിനും ഉത്തരം അത് തന്നെയാണ്.