അഞ്ച് വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കുമെന്ന് രോഹിതും ഹാര്‍ദിക്കും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയതാണ്. പക്ഷേ, അത് സംഭവിക്കുമെന്ന് തോന്നിക്കുന്ന പ്രകടനം കഴിഞ്ഞ നാല് മത്സരങ്ങളിലും ഉണ്ടായിട്ടില്ല
നിങ്ങള്‍ക്ക് രണ്ട് തരത്തില്‍ വിജയം കൈവരിക്കാനാകും. ഒന്ന്, ലഭിക്കാവുന്ന ഏറ്റവും മികച്ച താരങ്ങളെ ഉപയോഗിച്ച്, ഉദാഹരണം മുംബൈ ഇന്ത്യൻസ്. രണ്ട്, താരങ്ങള്‍ക്ക് തിളങ്ങാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുക, ഇവിടെ ആരാണ് താരങ്ങള്‍ എന്നതല്ല പ്രധാനം, ചെന്നൈയുടെ സമീപനം പോലെ. എനിക്ക് ഉള്‍ക്കൊള്ളാൻ കഴിയുന്നതും പ്രചോദനമാകുന്നതും ചെന്നൈയുടെ മാർഗമാണ്. ഗുജറാത്ത് ടൈറ്റൻസ് നായകനായിരിക്കെ ഹാർദിക്ക് പാണ്ഡ്യ പറഞ്ഞ വാചകങ്ങളാണിത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹാർദിക്ക് മുംബൈ ഇന്ത്യൻസ് കുപ്പായം അണിഞ്ഞു, അവരുടെ നായകനായുള്ള മൂന്നാം സീസണിലൂടെ കടന്നുപോകുന്നു.
മുംബൈ ഇന്ത്യൻസിന്റെ സ്ക്വാഡിലേക്ക് ഇന്ന് നോക്കിയാല്‍ ഹാർദിക്ക് അന്ന് പറഞ്ഞതിലുമധികം ലോകോത്തര താരങ്ങളെ കാണാൻ കഴിയും. നിലവിലുള്ള ഏത് ടി20 ലീഗിലേക്കും അല്ലെങ്കില്‍ ഏത് ദേശീയ ടീമിലേക്കും കയറിച്ചെല്ലാൻ കഴിയുന്നവർ. രോഹിത് ശർമയില്‍ ആരംഭിക്കുന്ന നിരയ്ക്ക് എളുപ്പമൊരു അവസാനം പോലുമില്ല. ഏറ്റവും മികച്ച അന്തരീക്ഷ സൃഷ്ടിച്ച് താരങ്ങളുടെ മികവ് പുറത്തെടുക്കുന്ന ഫിലോസഫിയില്‍ വിശ്വസിക്കുന്ന ഹാർദിക്ക്, അതിനൊപ്പം ലോകോത്തര താരങ്ങള്‍. ഇത് രണ്ടും ഒത്തുചേർന്നിട്ടും അഞ്ചില്‍ നാല് തുടർ തോല്‍വികളുമായി മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയുടെ അടിത്തട്ടിലാണ്.
നായകന്റെ പ്രശ്നമാണോ അതോ താരങ്ങളുടെ ഫോമില്ലായ്‌മയാണോ എന്നതാണ് ആശയക്കുഴപ്പങ്ങളിലൊന്ന്. രണ്ടും പ്രകടമാണ്. വിശ്വം കീഴടക്കിയെത്തിയ സംഘത്തിലെ നാല് പേർ മുംബൈയുടെ ഭാഗമാണ്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്ക് പാണ്ഡ്യ, ജസ്പ്രിത് ബുമ്ര, തിലക് വർമ. ലോകകപ്പ് വിജയത്തിന്റെ ആലസ്യത്തില്‍ നിന്ന് തിരിച്ചുവരാൻ നാല്‍വര്‍ സംഘത്തിനായിട്ടില്ലെ എന്ന് ചോദ്യം വന്നാല്‍ തെറ്റ് പറയാനും കഴിയില്ല. ഇഷാൻ കിഷൻ, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവര്‍ക്ക് മാത്രമാണ് ലോകകപ്പ് സംഘത്തില്‍ നിന്ന് ഈ ഐപിഎല്ലില്‍ തിളങ്ങാനുമായിട്ടുള്ളത്. സ്ഥിരതയുടെ കാര്യം മറ്റൊരു പ്രശ്നം.
ബുമ്ര വിക്കറ്റെടുക്കുന്നില്ല എന്നത് മാറ്റി നിർത്തിയാല്‍ എക്കോണമിക്കലാണ്, പ്രത്യേകിച്ചും മറ്റ് മുംബൈ ബൗളര്‍മാരുടെ പ്രകടനം കണക്കാക്കുമ്പോള്‍. എന്നാല്‍ സൂര്യയുടേയും ഹാര്‍ദിക്കിന്റേയും തിലകിന്റേയും സംഭാവനകള്‍ ഈ സീസണില്‍ കാര്യമായി മുംബൈക്ക് ലഭിച്ചിട്ടേയില്ലെന്ന് പറയേണ്ടി വരും. ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചാഹര്‍, ട്രെൻ ബോള്‍ട്ട് എന്നിവരും ഫോമിലല്ല എന്നത് ചേര്‍ത്ത് പറയാം. ആശ്വാസമായി നിന്ന രോഹിത് ശര്‍മയ്ക്ക് പരുക്കുമേറ്റിരിക്കുന്നു. കൂട്ടിവായിക്കുമ്പോള്‍ പ്ലേ ഓഫ് വരെ എത്തുക എളുപ്പമല്ലെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷേ, മുംബൈയാണ്, തിരിച്ചുവരവ് എന്നത് അവരുടെ ഡിഎൻഎയാണ്.
കഴിഞ്ഞ സീസണിലും ഇത്തരം സാഹചര്യത്തില്‍ നിന്ന് പ്ലേ ഓഫിലേക്ക് എത്താൻ ഹാര്‍ദിക്കിന്റെ സംഘത്തിന് സാധിച്ചിരുന്നു. എന്നാല്‍, ഒറ്റ വര്‍ഷം കൊണ്ട് ടി20 ക്രിക്കറ്റില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നത് പ്രകടമാണ്. പോയിന്റ് പട്ടികയുടെ തലപ്പത്ത് ഇരിക്കുന്ന ടീമുകളുടെ പ്രകടനം അവലോകനം ചെയ്താല്‍ അത് മനസിലാകുകയും ചെയ്യും. അങ്ങനെ നോക്കുമ്പോള്‍ മുംബൈക്ക് വലിയൊരു ഷിഫ്റ്റ് തന്നെ ടീം ഘടനയില്‍ തുടങ്ങി സമീപനത്തില്‍ വരെ സ്വീകരിക്കേണ്ടി വന്നേക്കാം.
ഇനി അവശേഷിക്കുന്ന മത്സരങ്ങളെല്ലാം തന്നെ പ്ലേ ഓഫിന് സമാനമാണ് മുംബൈക്ക്. ഈ പശ്ചാത്തലത്തിലാണ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ മുംബൈ അഹമ്മദാബാദില്‍ ഇറങ്ങുന്നതും. മുംബൈക്ക് നേര്‍വിപരീതമാണ് ഗുജറാത്തിന്റെ കാര്യം. മൂന്ന് തുടര്‍ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ശുഭ്‌മാൻ ഗില്ലും കൂട്ടരും. മധ്യനിരയിലെ ദൗര്‍ബല്യമുണ്ടായിട്ടും ജയിച്ചുകയറാൻ ഗുജറാത്തിന് കഴിയുന്നുണ്ട് എന്നത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ പോസിറ്റീവുകളിലോന്ന്. സായ് സുദര്‍ശനും ബട്ട്ലറും തങ്ങളുടെ മികവിലേക്ക് ഉയരാതെ തന്നെ ഇത് സാധ്യവും ആകുന്നു.
ഒരു വിന്നിങ് കോമ്പിനേഷനെ കണ്ടെത്താൻ വലിയ പോരായ്മകള്‍ക്കിടയിലും ഗുജറാത്തിന് കഴിഞ്ഞു. ഇപ്പുറത്ത് താരനിബിഡമായിട്ടും മുംബൈക്ക് അത് സാധിച്ചിട്ടില്ല. ബൗളിങ് നിരയില്‍ ഇതുവരെ മുംബൈ പരീക്ഷണം നടത്താത്ത മത്സരമില്ല, ഒന്ന് പോലും വിജയം കണ്ടതുമില്ല. ബാറ്റിങ് നിരയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും വിശ്വാസം അര്‍പ്പിച്ചിട്ടുള്ളത്. പേപ്പറില്‍ മാത്രമായി ചുരുങ്ങുന്ന കരുത്ത് എന്ന് മുംബൈയെ വിശേഷിപ്പിക്കാനാകും. 2020ലാണ് അവസാന കിരീടം, അഞ്ച് വര്‍ഷത്തെ ഇടവേള അവസാനിപ്പിക്കുമെന്ന് രോഹിതും ഹാര്‍ദിക്കും ആരാധകര്‍ക്ക് ഉറപ്പ് നല്‍കിയതാണ്. പക്ഷേ, അത് സംഭവിക്കുമെന്ന് ഉറപ്പ് നല്‍കുന്ന പ്രകടനം കഴിഞ്ഞ നാല് മത്സരങ്ങളിലും ഉണ്ടായിട്ടില്ല. മാറ്റങ്ങളും കടുത്ത തീരുമാനങ്ങളും അനിവാര്യമാണ്.
Powered By:



