ഒരു ചോദ്യം മാത്രമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ആ ഐതിഹാസികമായ നീല ജഴ്സിയില്‍ അരങ്ങേറ്റത്തിന് സമയമായോ എന്ന്
12 ദിവസം മുൻപാണ് അവര്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന് മിഡില്‍ സ്റ്റമ്പ് ലൈനില്‍ തന്റെ നെഞ്ചിന് നേര്‍ക്കെത്തിയ ബാക്ക് ഓഫ് ദ ലെങ്ത് പന്തില്‍ ഒന്ന് അവൻ പതറി. ബുമ്രയ്ക്കും ഹേസല്‍വുഡിനും മുന്നില്‍ കീഴടങ്ങാത്ത ആ കുട്ടി തലകുനിച്ച് നടന്നു. ആ മടക്കം, അതായിരുന്നു പ്രഭുല്‍ ഹിംഗെ ഐപിഎല്ലില്‍ നേടിയെടുത്ത ആദ്യ വിലാസം. അധ്യായം ഒന്ന് അവിടെ അവസാനിക്കുകയാണ്.
രണ്ടാം അധ്യായം, ജയ്‌പൂര്‍. ഏറെക്കുറെ സമാനമായൊരു ഡെലിവെറി പ്രഫൂല്‍ ഹിംഗെയുടെ കൈകളില്‍ നിന്ന് കുതിച്ചെത്തി. ഇതിഹാസങ്ങളുടെ മുന്നില്‍ പോലും മറച്ചുവയ്ക്കാത്ത തന്റെ ക്രൂരവിനോദം പ്രഫൂലിന് മുന്നില്‍ തുറന്നുവിടുകയാണ് അടുത്ത നിമിഷം. നെഞ്ചിനൊപ്പം ഉയര്‍ന്ന പന്തിലൊരു ഹുക്ക് ഷോട്ട്, സവായ് മാൻസിങ് സ്റ്റേഡിയത്തിന്റെ ഫൈനല്‍ ടയറിലാണ് പന്ത് ലാൻഡ് ചെയ്യുന്നത്. പിന്നാലെ മൂന്ന് എണ്ണം പറഞ്ഞ സിക്സറുകള്‍ക്കൂടി. പ്രഫുല്‍ ഹിംഗെയും അറിയുന്നു അസാധരാണമാണ് ആ പ്രതിഭയെന്ന്.
ഒരു മണിക്കൂറിനപ്പറും 15-ാം വയസില്‍ തന്റെ രണ്ടാം ഐപിഎല്‍ സെഞ്ചുറി കുറിച്ചു. അത്ഭുതങ്ങളില്‍ സ്നാനം ചെയ്തെടുക്കുന്ന കരിയര്‍, അതിന്റെ പേര് വൈഭവ് സൂര്യവംശിയെന്നാണ്. ഒരു ചോദ്യം മാത്രമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ആ ഐതിഹാസികമായ നീല ജഴ്സിയില്‍ അരങ്ങേറ്റത്തിന് സമയമായോ എന്ന്.
ഒരുപക്ഷേ, സച്ചിൻ തെൻഡുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടീനേജ് പ്രോഡിജിയാകും വൈഭവ് സൂര്യംവശി. കൗമാരത്തില്‍ ലോകോത്തര ബൗളര്‍മാരെ ഭയമില്ലാതെ നേരിടുന്ന താരത്തിന് 25-ാം വയസില്‍ എന്ത് സാധിക്കുമെന്ന് പ്രവചനാതീതമായ കാര്യമാണ്. എന്നിരുന്നാലും അനുയോജ്യമായ സമയമാണോ അല്ലയോ എന്ന് നിശ്ചയിക്കേണ്ടത് ബിസിസിഐയും സെലക്ടര്‍മാരുമൊക്കെ തന്നെയാണ്. പക്ഷേ, അത്ര എളുപ്പത്തില്‍ വൈഭവിനെ സീനിയര്‍ ടീമിലേക്ക് പറിച്ച് നടാൻ കഴിയുമോ, ചിലത് ചൂണ്ടിക്കാണിക്കാം.
ഇന്ത്യയുടെ അടുത്ത ടി20 സീരിസ് അയര്‍ലൻഡിനെതിരെയാണ്, ജൂണില്‍ രണ്ട് മത്സരങ്ങള്‍. ശേഷം ജൂലൈയില്‍ ഇംഗ്ലണ്ടിനോട്, അഞ്ച് മത്സരങ്ങളുടെ പരമ്പര. ജൂലൈ അവസാനം സിംബാബ്‌വെയും ലോകചാമ്പ്യന്മാര്‍ക്ക് മുന്നിലെത്തും. മൂന്നും വിദേശപര്യടനങ്ങളാണ്. കുറഞ്ഞത് ഒന്നിലെങ്കിലും വൈഭവിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് നിലവില്‍ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഏറ്റവും വലിയ ആശയക്കുഴപ്പം വൈഭവ് ആര്‍ക്ക് പകരക്കാരൻ ആകുമെന്നാണ്, പ്രത്യേകിച്ചും ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍കൂടിയാണ് വൈഭവ്.
ഇന്ത്യയുടെ ടി20 ടീമിലെ ടോപ് ഓര്‍ഡറിലേക്ക് നോക്കു. ആദ്യം സഞ്ജു സാംസണ്‍. ഒരു താരത്തെ സംബന്ധിച്ച് അയാളുടെ കരിയറിലെ ഏറ്റവും പീക്ക് മൊമന്റ് എന്ന് നിര്‍വചിക്കാൻ കഴിയുന്നത് ലോകകിരീടം നേടുമ്പോഴാണ്. അതിനപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടോയെന്ന് ഡിബേറ്റബിള്‍ ആയുള്ള വിഷയമായിരിക്കാം. എന്നാല്‍, ആ ലോകകപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുന്നത് സഞ്ജു സാംസണ്‍ എന്ന ബാറ്ററാണ്. അതും ഏറെക്കുറെ ഒറ്റയ്ക്ക് എന്ന് തന്നെ പറയാം.
വിര്‍ച്വല്‍ നോക്കൗട്ടില്‍ വെസ്റ്റ് ഇൻഡീസിനും സെമിയില്‍ ഇംഗ്ലണ്ടിനും ഫൈനലില്‍ ന്യൂസിലൻഡിനുമെതിരെ മാച്ച് വിന്നിങ് നോക്കുകള്‍. അപൂര്‍വമെന്നോ അസാധാരണമെന്നോ പറഞ്ഞ് ചുരുക്കാൻപ്പോലും കഴിയാത്ത ഇന്നിങ്സുകളായിരുന്നു എല്ലാം. ലോകകപ്പിന്റെ താരം, ശേഷം ഐപിഎല്ലിലോ ചെന്നൈ സൂപ്പര്‍ കിങ്സ് എന്ന ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റുന്നു, ഇതിനോടകം രണ്ട് സെഞ്ചുറികള്‍. സഞ്ജു സാംസണ്‍ ഈസ് ഇറിപ്ലേസബിള്‍.
ഇനി അഭിഷേക് ശര്‍മയാണ്, ലോകകപ്പിലെ ശരാശരിക്കും താഴെ നിന്ന പ്രകടനം കൊണ്ട് മാത്രം വിലയിരുത്താൻ കഴിയുന്ന ഒരു ബാറ്ററല്ല അഭിഷേക്. ലോകകപ്പിന് മുൻപും ശേഷവുമുള്ള അഭിഷേകിന്റെ പ്രകടനങ്ങള്‍ മാത്രം മതിയാകും അത് വ്യക്തമാകാൻ. നിലവില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ഹോള്‍ഡറാണ് അഭിഷേക്, എട്ട് ഇന്നിങ്സുകളില്‍ നിന്ന് 212 സ്ട്രൈക്ക് റേറ്റില്‍ 380 റണ്‍സ്. മൂന്ന് അര്‍ദ്ധ സെഞ്ചുറിയും ഒരു ശതകവുമുണ്ട്. അവശേഷിക്കുന്ന മറ്റൊരാള്‍ ഇഷാൻ കിഷനാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിസരത്ത് നിന്ന് പോലും വിലക്കപ്പെട്ട താരമായിരുന്നു ഇഷാൻ. ടി20 ലോകകപ്പില്‍ സഞ്ജുവിന് പിന്നിലായി ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍. 317 റണ്‍സ്. അതും 193 സ്ട്രൈക്ക് റേറ്റില്‍. ഐപിഎല്ലില്‍ സംഭവിക്കുന്നതാകട്ടെ അതിന്റെ തുടര്‍ച്ച. എട്ട് കളികളില്‍ നിന്ന് ഇതിനോടകം തന്നെ 312 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 200ന് അടുത്താണ്. വൈഭവിന് വഴിയൊരുക്കാൻ ഈ മൂന്ന് താരങ്ങളെ എങ്ങനെ മാറ്റി നിര്‍ത്താനാകും. മൂവരുടേയും പ്രകടനങ്ങളോട് കണ്ണടയ്ക്കുക എന്നത് അസാധ്യമായ ഒന്നല്ലേ.
അല്ലെങ്കിലും വൈഭവ് മാത്രമാണോ, പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ്, ശ്രേയസ് അയ്യര്‍, ദേവദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍ എന്നിങ്ങനെ ഒരു നീണ്ട നിര അവശേഷിക്കുകയല്ലെ. സുഖമുള്ള തലവേദനയാണ് ബിസിസിഐക്ക്. പ്രധാന ടീമിന് പുറമെ മറ്റൊരു സംഘത്തെക്കൂടി ഒരുക്കാനുള്ള താരങ്ങളുണ്ട് ഇന്ന് ഇന്ത്യക്ക്. അയര്‍ലൻഡിനോ സിംബാബ്‍വെയ്ക്കോ എതിരായ ഒരുപരമ്പരയില്‍ ഇവര്‍ക്കെല്ലാം അവസരം ഒരുങ്ങിയേക്കാം, പക്ഷേ സഞ്ജു, അഭിഷേക്, ഇഷാൻ എന്നിവര്‍ ഫോര്‍മാറ്റില്‍ സൃഷ്ടിച്ച ഐതിഹാസികപരമായ അല്ലെങ്കില്‍ തലമുറകള്‍ ഓര്‍ത്തുവെക്കുന്ന പ്രകടനങ്ങളെ മാറ്റി നിര്‍ത്തി വൈഭവിനോ മറ്റുള്ളവര്‍ക്കൊ സീനിയര്‍ ടീമില്‍ സ്ഥിരമായൊരു ഇടം നേടുക എളുപ്പമല്ല.


